23 May Thursday

ഉയരെ ഉയരെ ബോബി‐ സഞ്ജയ‌്

വെബ് ഡെസ്‌ക്‌Updated: Saturday Apr 13, 2019

 
മലയാളത്തിലെ ഹിറ്റ‌് തിരക്കഥാ കൃത്തുക്കളായ ബോബി–-സഞ്ജയ‌് മെഗാസ‌്റ്റാർ മമ്മൂട്ടിക്കായി തിരക്കഥയൊരുക്കുന്നു.  കഴിഞ്ഞ വർഷത്തെ സൂപ്പർ ഹിറ്റ‌് ചിത്രമായ കായംകുളം കൊച്ചുണ്ണിക്ക്‌ ശേഷം ഇരുവരും ചേർന്ന‌് തിരക്കഥയൊരുക്കിയ ‘ഉയരെ’ യുടെ ചിത്രീകരണം പുരോഗമിക്കുകയാണ‌്. ആസിഡ‌് ആക്രമണത്തെ അതിജീവിച്ച  യുവതിയുടെ കഥ പറയുന്ന ഉയരെയിൽ പാർവതിയാണ‌് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത‌്. ആസി‌ഫ‌് അലിയും ടൊവീനോ തോമസും പ്രധാന വേഷങ്ങളിലെത്തും. ‘ഉയരെ’ യ‌്ക്ക‌് ശേഷം റോഷൻ ആൻഡ്രൂസ‌് ചിത്രത്തിനും ചിറകൊടിഞ്ഞ കിനാവുകളുടെ സംവിധായകൻ സന്തോഷ‌് വിശ്വനാഥിന്റെ ചിത്രത്തിനും തിരക്കഥയൊരുക്കിയ ശേഷമാണ‌് മമ്മൂട്ടി ചിത്രത്തിന്റെ പണിപ്പുരയിലേക്ക‌് ഇരുവരും പ്രവേശിക്കുക.

മമ്മൂട്ടി ചിത്രത്തിന‌് തിരക്കഥയൊരുക്കുമെന്ന‌് അടുത്തിടെ സഞ്ജയ‌് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി വേഷമിടുന്ന ചിത്രം പൊളിറ്റിക്കൽ ത്രില്ലറായിരിക്കുമെന്നും സഞ്ജയ‌് വ്യക്തമാക്കിയിരുന്നു. വിഷ‌്ണു ഉണ്ണികൃഷ‌്ണൻ, രഞ്ജി പണിക്കർ, ശ്രീനിവാസൻ എന്നിവരും മുഖ്യവേഷത്തിലെത്തുമെന്ന‌് സഞ്ജയ‌് പറഞ്ഞെങ്കിലും ഇതു സംബന്ധിച്ച‌് ഔദ്യോഗിക പ്രഖ്യാപനമൊന്നും വന്നിട്ടില്ല.

രണ്ട‌് വർഷം മുമ്പേ ചിത്രത്തെക്കുറിച്ചുള്ള ആലോചനകൾ നടന്നെങ്കിലും മമ്മൂട്ടിയുടെ തിരക്ക‌് കാരണം നീണ്ടുപോകുകയായിരുന്നു. നിലവിൽ എം പത്മകുമാർ സംവിധാനം ചെയ്യുന്ന മാമാങ്കത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ‌് മമ്മൂട്ടി. മാമാങ്കത്തിന‌് ശേഷം രമേഷ‌് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധർവനിലാണ‌് മമ്മൂട്ടി അഭിനയിക്കുന്നത‌്. അമൽ നീരദിന്റെ ബിലാൽ, വിനോദ‌് വിജയൻ സംവിധാനം ചെയ്യുന്ന അമീർ എന്നീ ചിത്രങ്ങൾക്ക‌് ശേഷമായിരിക്കും ബോബി–-സഞ്ജയ‌് തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിൽ മമ്മൂട്ടി അഭിനയിക്കുകയെന്നാണ‌് വിവരം. 


പ്രധാന വാർത്തകൾ
 Top