20 November Wednesday

മാമിയിലെ പെണ്ണുങ്ങൾ

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2019

21–-ാമത്‌ മാമി ( മുംബൈ അക്കാദമി ഓഫ്‌ മൂവിങ്‌ ഇമേജ്‌) ചലച്ചിത്രോത്സവത്തിന്‌  ഞായറാഴ്‌ച മുംബൈയിൽ തുടക്കമായി. സ്ത്രീപ്രാതിനിധ്യമാണ്‌ ഇത്തവണത്തെ മേളയെ വ്യത്യസ്തമാക്കുന്നത്‌. മൊത്തം 198 സിനിമകളുള്ള മേളയിൽ പെൺസംവിധായകരുടെ 58 ചിത്രങ്ങളുണ്ട്‌.

സ്‌ത്രീപ്രാതിനിധ്യം കൂടിയെന്ന്‌ പറയുമ്പോഴും ഇത് ആകെയുള്ളതിന്റെ മൂന്നിലൊന്ന് പോലുമില്ലെന്നതാണ്‌ സത്യം. 2016ൽ നിന്ന്‌ വ്യത്യസ്തമായി സ്‌ത്രീപങ്കാളിത്തത്തിൽ നാല് ശതമാനം വർധനയുണ്ട്‌ ഈ വർഷം. 2016‌ൽ 43 വനിതാസംവിധായകരാണ്‌ പങ്കെടുത്തത്‌. സിനിമയിൽ വർധിച്ചുവരുന്ന സ്‌ത്രീപങ്കാളിത്തത്തെ ആഘോഷിച്ച്‌ മാമി വുമൺ ഇൻ ഫിലിം ഇനിഷ്യേറ്റീവിന്റെ നേതൃത്വത്തിൽ പ്രത്യേക പരിപാടിയും സംഘടിപ്പിച്ചു. ഷബാന അസ്‌മി, സൊനാലി ബേന്ദ്ര, സ്വര ഭാസ്കർ, സുനിത ഗൗരിക്കർ, സോന മൊഹപത്ര, ഷൊനാലി ബോസ്‌, മിതില പാൽക്കർ, സപ്‌ന ഭവാനി, താഹിറ കശ്യപ്‌ തുടങ്ങി സിനിമാമേഖലയിലെ പ്രമുഖർ പങ്കെടുത്തു. 

ഷൊനാലി ബോസിന്റെ ദ സ്കൈ ഈസ്‌ പിങ്ക്‌, ഗീതാഞ്‌ജലി റാവുവിന്റെ ബോംബെ റോസ്‌, സീമ പഹ്‌വയുടെ രാം പ്രസാദ്‌ കി തെഹ്‌രവി, ആരതി കടാവിന്റെ കാർഗോ, സപ്‌ന ഭവാനിയുടെ സിന്ധുസ്ഥാൻ, തനിഷ്‌ത ചാറ്റർജിയുടെ റൊം റോം മേം തുടങ്ങിയവയാണ്‌ മാമിയിൽ പ്രദർശിപ്പിക്കുന്ന പ്രധാന വനിതാ സംവിധായകരുടെ ചിത്രങ്ങൾ. നിമിഷ സജയന്‌ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ്‌ നേടിക്കൊടുത്ത ചോലയും ലിജോ ജോസ്‌ പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ടും പ്രദർശനത്തിനെത്തും.

ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലെ മികച്ച പ്രകടനത്തിന്‌ ശേഷം ഗീതു മോഹൻദാസ്‌ സംവിധാനംചെയ്ത്‌ നിവിൻ പോളി നായകനായ "മൂത്തോൻ' ഉദ്‌ഘാടനചിത്രമായി മാമിയിൽ വലിയ കൈയടി നേടി. ചലച്ചിത്രമേളകളിലെ പ്രദര്‍ശനത്തിന് ശേഷം ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. നിരൂപക പ്രശംസ നേടിയ ‘ലയേഴ്‌സ് ഡയസ്’ എന്ന ചിത്രത്തിനുശേഷം ഗീതു മോഹന്‍ദാസ് സംവിധായികയാകുന്ന ചിത്രമാണ് മൂത്തോന്‍. 24 വരെയാണ്‌ മേള. 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top