26 February Wednesday

അങ്കം ജയിച്ച അച്യുതൻ; മാമാങ്കത്തിലെ ചന്ദ്രോത്ത്‌ ചന്തുണ്ണി

ഡി കെ അഭിജിത്ത്‌ abhijithdkumar51@gmail.comUpdated: Sunday Jan 5, 2020

മാമാങ്കം സിനിമയിലെ യഥാർഥ ഹീറോ പതിനൊന്ന്‌ വയസ്സുള്ള കോട്ടയംകാരനാണെന്ന്‌ പറഞ്ഞത്‌ സാക്ഷാൽ മമ്മൂട്ടിയാണ്‌. സിനിമയിൽ ചന്ദ്രോത്ത് ചന്തുണ്ണിയായി തിളങ്ങുന്നത് കോട്ടയം പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥി അച്യുതൻ. മമ്മൂട്ടി അവതരിപ്പിക്കുന്ന ചന്ദ്രോത്ത് വലിയ പണിക്കർ എന്ന കഥാപാത്രത്തിന്റെ കുടുംബത്തിലെ ഇളമുറക്കാരൻ.  മാമാങ്കത്തിന്റെ കഥ സിനിമയായപ്പോൾ മലയാളത്തിന്‌ മറ്റൊരു പ്രതിഭയെക്കൂടി കിട്ടിയെന്ന്‌ നിസ്സംശയം പറയാം.

കളരിയിൽനിന്ന്‌ സിനിമയിലേക്ക്‌

അഞ്ചു വയസ്സ് മുതൽ കളരി പരിശീലിക്കുന്നുണ്ട് അച്യുതൻ. ആദ്യ ഇഷ്‌ടം കളരിയോടുതന്നെ.  ഇരവിനല്ലൂരിലെ തടിക്കൽ കളരിയിലെ ബൈജു വർഗീസ് ഗുരുക്കളുടെ കീഴിലാണു പരിശീലനം.  തടിക്കൽ കളരിയിലെ ഓഡീഷനിലൂടെയാണ് മാമാങ്കത്തിലേക്ക്‌ അവസരം  ലഭിക്കുന്നത്. 500 പേരുടെ ഓഡീഷനിൽനിന്ന്‌ എട്ടുപേരെ തെരഞ്ഞെടുത്തു.  ചന്ദ്രോത്ത് ചന്തുണ്ണിയാകാൻ തീരുമാനിച്ചതിനു പിന്നാലെ കോഴിക്കോട് സിവിഎൻ കളരിയിൽ കഠിനപരിശീലനം. സിനിമയിൽ  അവസരം ലഭിച്ചതിനു ശേഷം രണ്ടു വർഷത്തോളം പരീക്ഷയ്‌ക്കു  മാത്രമാണ് സ്‌കൂളിൽ പോയത്. സ്‌കൂളിൽ നിന്ന് പ്രത്യേക അനുമതി നേടിയിരുന്നു.  പാഠഭാഗങ്ങൾ പഠിക്കാനും  അധ്യാപകരും സഹപാഠികളും സഹായിച്ചു.  അച്ഛൻ ബാലഗോപാലാണ്‌ അച്യുതനെ കളരിയിൽ എത്തിച്ചത്‌. കളരിയുമായി പെട്ടെന്ന്‌ ഇണങ്ങി. കളരിത്തറ അച്യുതന്റെ ഇഷ്ടയിടമായി.
 
ഷൂട്ടിങ് തുടങ്ങിയപ്പോൾ വളർന്നുതുടങ്ങിയ മുടി തോളിലെത്തി. അഭ്യാസത്തിനൊപ്പം മുടിയും എല്ലാവർക്കും ഇഷ്‌ടപ്പെട്ടു. ഒറ്റക്ലാസിൽ പോലും കയറാതെ നാലാം ക്ലാസുകാരൻ ആറിലെത്തി.    ‘രണ്ടുവർഷം വീട്ടിൽനിന്ന് മാറിനിൽക്കേണ്ടി വന്നു. ആദ്യദിനങ്ങളിൽ തിരിച്ച്‌ പോരാൻ തോന്നി. വൈകാതെ സാഹചര്യവുമായി പൊരുത്തപ്പെട്ടു. സിനിമയ്‌ക്കായി കോഴിക്കോട് താമസിച്ചാണ് കളരി കൂടുതൽ പഠിച്ചത്.  യോഗ ശീലമാക്കി.   സർപ്രൈസ് കഥാപാത്രമായതിനാൽ ആരോടും ഒന്നും പറഞ്ഞില്ല. സ്‌കൂൾ മാറിപ്പോയെന്നാണ‌് കൂട്ടുകാരോട് പറഞ്ഞത്. പോസ്റ്റർ ഇറങ്ങിയപ്പോഴാണ് പലരും അറിഞ്ഞത്.  ബന്ധുകൂടിയായ സിനിമയിലെ അസിസ്റ്റന്റ് ഡയറക്ടർ രോഹിത് ആയിരുന്നു സെറ്റിൽ രക്ഷാകർത്താവ്.
 

ഡയലോഗ്‌ പഠിത്തവും മമ്മൂട്ടിയും

 
പഠനത്തിനൊപ്പം സിനിമയിലെ ഡയലോഗുകൾ പഠിക്കുന്നതും അച്യുതന് ഇടവേളകളിൽ വലിയ ജോലിയായിരുന്നു. കഥയും മറ്റും മുന്നേ പഠിച്ചിരുന്നില്ല. ഓരോ സീനിൽ അഭിനയിക്കുമ്പോഴും ആവശ്യമുള്ളത്‌ മനസ്സിലാക്കിയെടുക്കും. മുതിർന്ന താരങ്ങളോളം പോന്ന ഡയലോഗുകളും അച്യുതന് സിനിമയിലുണ്ട്. ഏറ്റവും കൂടുതൽ പിന്തുണ നൽകിയത്‌ മമ്മൂട്ടി ആയിരുന്നു എന്ന്‌ അച്യുതൻ പറയുന്നു. കായികമായ അധ്വാനം ഒരുപാട്‌ ഉണ്ടായിരുന്നതുകൊണ്ട്‌ മമ്മൂട്ടി ദിവസവും അതിനുവേണ്ട ഉപദേശങ്ങൾ നൽകും. ആരോഗ്യകാര്യങ്ങളിൽ എല്ലാവരേക്കാളും ശ്രദ്ധയും അദ്ദേഹത്തിനാണ്‌. 
 

അഭ്യാസവും അഭിനയവും

 
കളരി പഠിച്ചതുകൊണ്ട്‌ അധികം ഷോട്ടുകൾ ആവർത്തിക്കേണ്ടി വന്നിട്ടില്ലെന്ന്‌ അച്യുതൻ പറയുന്നു. സംവിധായകൻ എം പത്മകുമാറിനും ചന്തുണ്ണിയുടെ റോൾ അച്യുതനെ ഏൽപ്പിച്ചതിലൂടെ ആശങ്കകൾ കുറഞ്ഞു. ഇപ്പോൾ സിനിമകൾ കാണാനും അറിയാനും താൽപ്പര്യം കൂടി. കിട്ടുന്നകഥയും കഥാപാത്രവും നോക്കി ചെയ്യാനാണ്‌ താൽപ്പര്യം.  അടുത്ത സിനിമ ചെയ്യുന്നതിനെപ്പറ്റി തീരുമാനം ആയിട്ടില്ല. പഠനംകൂടി നോക്കിയശേഷമേ തീരുമാനിക്കൂ.
 

മാമാങ്കവും ചന്തുണ്ണിയും

 
മാമാങ്കത്തിലെ പ്രധാന ആകർഷണം ആക്‌ഷൻ രംഗങ്ങൾതന്നെ. ചന്ദ്രോത്ത് ഇളയ പണിക്കരും ചന്തുണ്ണിയും ചാവേറുകളാകാൻ ഇറങ്ങുന്നതിന്റെ കാരണവും തുടർന്നുള്ള സംഭവങ്ങളുമാണ്‌ പ്രേക്ഷകരെ പിടിച്ചിരുത്തുന്നത്‌. സിനിമയെ പലപ്പോഴും ഒറ്റയ്‌ക്കു മുന്നോട്ടു കൊണ്ടുപോകാൻ മാത്രം പ്രാപ്‌തനായ കഥാപാത്രമാണ് അച്യുതന്റെ ചന്തുണ്ണി. വാൾപ്പയറ്റ്, പന്തീരാംവടി  തുടങ്ങി നാടൻ ആയോധനമുറകളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. ചന്തുണ്ണിയുടെ ആയോധനമുറകൾ ചർച്ചയാകുന്നതിൽ സന്തോഷമുണ്ടെന്ന് അച്യുതൻ പറയുന്നു. ചരിത്രത്തിലെ അവസാനത്തെ ചാവേർ എന്നാണ് ചന്തുണ്ണിയെ  വിശേഷിപ്പിക്കുന്നത്. മലപ്പുറത്തിനു സമീപം പാങ്ങ് എന്ന ഗ്രാമത്തിൽ ചന്ദ്രോത്ത് ചന്തുണ്ണി സ്‌മാരകവുമുണ്ട്.
പുതുപ്പള്ളി ഇരവിനല്ലൂർ ഗോകുലത്തിൽ  ശോഭയാണ്‌ അമ്മ. മൂന്നു വയസ്സുള്ള അരുന്ധതി സഹോദരിയും.

 

പ്രധാന വാർത്തകൾ
 Top