20 September Friday

പകുതിവർഷം 93 മലയാള സിനിമകൾ; താരഭാരമില്ലാതെ വിജയങ്ങൾ

ഡി കെ അഭിജിത്ത്‌Updated: Thursday Jun 27, 2019

പ്രതീക്ഷിച്ച ചിലത്‌ തകർന്നടിയും, അപ്രതീക്ഷിതമായി ചിലത്‌ ജയിച്ചുകയറും.. സിനിമ എപ്പോഴും അങ്ങനെയാണ്‌. 2019 ആറ്‌ മാസം പിന്നിടുമ്പോൾ മലയാള സിനിമയ്‌ക്ക്‌ ഇത്‌ പ്രതീക്ഷകൾക്കപ്പുറത്തെ മുന്നേറ്റം നേടാൻ കഴിഞ്ഞ വർഷമാണ്‌. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇക്കൊല്ലം മികച്ച ക്രാഫ്‌റ്റ്‌ ഉള്ള സിനിമകളുടെ എണ്ണത്തില്‍ വലിയ ഉണർവാണ്‌ വന്നിരിക്കുന്നത്. ആറ് മാസത്തിനിടയ്‌ക്ക്‌ തിയറ്ററുകളിലേക്ക് എത്തിയ ചിത്രങ്ങൾ പലതും ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചത്. ബിഗ്‌ ബജറ്റ്‌ സൂപ്പർ താര പരിവേഷങ്ങളില്ലാതെ മനുഷ്യരിലേക്ക്‌ നോക്കുന്ന മലയാള സിനിമയെ ആണ്‌ പ്രേക്ഷകർ നെഞ്ചേറ്റിയത്‌.

93 സിനിമകളാണ്‌ ഈ വർഷം ജൂൺ വരെ പുറത്തിറങ്ങിയത്‌. ലൂസിഫർ, മധുരരാജ, കുമ്പളങ്ങി നൈറ്റ്‌സ്‌, ഒരു യമണ്ടൻ പ്രേമകഥ, വൈറസ്‌, ഉണ്ട, ഉയരെ, കോടതി സമക്ഷം ബാലൻ വക്കീൽ, വിജയ്‌ സൂപ്പറും പൗർണമിയും, അതിരൻ എന്നീ സിനിമകളാണ്‌ കളക്ഷനിൽ മുന്നിലുള്ളത്‌. വെള്ളിയാഴ്‌ച ലൂക്കയും കക്ഷി അമ്മിണിപ്പിള്ളയും റിലീസ് ചെയ്യും.(imdb).

ജനുവരി ആദ്യവാരം ഇറങ്ങിയ തൻസീർ മുഹമ്മദിന്റെ ജനാധിപനും, രാജീവ്‌ നടുവിനാടിന്റെ 1948 കാലം പറഞ്ഞതും ആണ്‌ 2019 ലെ ഓപ്പണിങ്‌ സിനിമകൾ. രണ്ടും കാര്യമായ തീയറ്റർ വിജയം നേടാനാകാതെയാണ്‌ പോയത്‌. ജനുവരി 11 ന്‌ റിലീസ്‌ ചെയ്‌ത ജിസ്‌ ജോയ്‌ സംവിധാനം ചെയ്‌ത വിജയ്‌ സൂപ്പറും പൗർണമിയും ആണ്‌ ഈ വർഷത്തെ ആദ്യ ഹിറ്റ്‌. ആസിഫ്‌ അലിയും ഐശ്വര്യ ലക്ഷ്‌മിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം മികച്ച പ്രതികരണങ്ങാേടെ വിജയം കൊയ്‌തു. സൺഡേ ഹോളിഡേയ്‌ക്ക്‌ ശേഷം ഫീൽ ഗുഡ്‌ സിനിമയുമായി എത്തിയ ജിസ്‌ ജോയ്‌ ചിത്രം ഈ വർഷത്തെ ഇതുവരെയുള്ള മികച്ച കളക്ഷൻ നേടിയ സിനിമകളിലൊന്നായി മാറി. പ്രമുഖ താരങ്ങളുടെ അധികം സിനിമകൾ ആ സമയത്ത്‌ തീയറ്ററിൽ ഇല്ലാതിരുന്നതും സിനിമയ്‌ക്ക്‌ ഗുണമായി.

പിന്നാലെ ഹനീഫ്‌ അദേനിയുടെ നിവിൻ പോളി ചിത്രം മിഖായേലും, അരുൺഗോപിയുടെ ഇരുപത്തിയൊന്നാം നൂറ്റാണ്ടും ആദ്യ ദിവസങ്ങളിൽ തീയേറ്ററിൽ ചലനമുണ്ടാക്കിയെങ്കിലും പിന്നീട്‌ പുറകോട്ടുപോയി. പ്രണവ്‌ മോഹൻലാലിന്‌ ബ്രേക്ക്‌ നൽകുമെന്ന പ്രതീതി ഉണ്ടാക്കിയ ഇരുപത്തിയൊന്നാം നൂറ്റാണ്ട്‌ കാലം മാറിയതറിയാത്ത ട്രീറ്റ്‌മെന്റുകൊണ്ട്‌ പ്രതീക്ഷിച്ച ശ്രദ്ധ നേടിയതുമില്ല.

മധു സി നാരായണന്റെ കുമ്പളങ്ങി നൈറ്റ്‌സ്‌, വിവേകിന്റെ അതിരൻ, മനു അശോകന്റെ ഉയരെ, അനുരാജ്‌ മനോഹർ സംവിധാനം ചെയ്‌ത ഇഷ്‌ക്‌, ഷാനവാസ്‌ കെ ബാവക്കുട്ടിയുടെ തൊട്ടപ്പൻ, അഷ്‌റഫ്‌ ഹംസയുടെ തമാശ, ആഷിക്‌ അബുവിന്റെ വൈറസ്‌, ഖാലിദ്‌ റഹ്‌മാന്റെ ഉണ്ട എന്നീ ചിത്രങ്ങളാണ്‌ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടിയ വിജയചിത്രങ്ങൾ. പൃഥ്വിരാജിന്റെ ലൂസിഫർ, വൈശാഖിന്റെ മധുരരാജ എന്നീ ചിത്രങ്ങൾ കളക്ഷൻ റെക്കോർഡുകൾ തകർത്തു. ശ്യാം പുഷ്‌ക്കരൻ തിരക്കഥയെഴുതിയ മധു സി നാരായണൻ ചിത്രം കുമ്പളങ്ങി നൈറ്റ്‌സ്‌ പ്രമേയം കൊണ്ടും അവതരണംകൊണ്ടും മലയാള സിനിമക്ക്‌ പുതിയ അനുഭവമായിരുന്നു. തീയറ്റർ കളക്ഷനിലും, പ്രേക്ഷക പ്രതികരണത്തിലും അടുത്ത കാലത്തൊന്നും മറ്റൊരു സിനിമക്കും കിട്ടാത്ത പ്രശംസയാണ്‌ കുമ്പളങ്ങിക്ക്‌ ലഭിച്ചത്‌. മഹരാജാസ്‌ കോളേജിൽ കൊല്ലപ്പെട്ട എസ്‌എഫ്‌ഐ നേതാവ്‌ അഭിമന്യുവിന്റെ ജീവിതം പ്രമേയമാക്കിയ സജി പാലമേലിന്റെ നാൻ പെറ്റ മകനും ശ്രദ്ധനേടി.

പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളൊന്നും നിരാശപ്പെടുത്താതെയാണ്‌ 2019 പകുതി കടന്നുപോകുന്നത്‌. ഇതുവരെ ഇറങ്ങിയ ചിത്രങ്ങളിൽ ടൊവിനോ തോമസിന്റെ വേഷങ്ങളാണ്‌ ഈ വർഷം മറക്കനാകാത്തത്‌. കൂടുതൽ സിനിമകളിൽ അഭിനയിച്ച നായകനടൻ ടൊവിനോയാണ്‌. ലൂസിഫർ, ഉയരെ, വൈറസ്‌, ആൻഡ്‌ സ ഓസ്‌കാർ ഗോസ്‌ ടു എന്നീ ചിത്രങ്ങളിലാണ്‌ ടൊവിനോ തിളങ്ങിയത്‌. 28 ന്‌ റിലീസ്‌ ചെയ്‌ത ലൂക്കയും വലിയ പ്രതീക്ഷ നൽകുന്ന സിനിമയാണ്‌.

ഉയരെ, വൈറസ്‌ ചിത്രങ്ങളിലൂടെ പാർവ്വതിയാണ്‌ ശ്രദ്ധനേടിയ അഭിനേത്രി. നായികാകേന്ദ്രീകൃതമായ ഉയരെ പാർവ്വതിയുടെ കരിയറിലെത്തന്നെ മികച്ച സിനിമകളിലൊന്നാണ്. നായകപ്രാധാന്യമുള്ള സിനിമകളുടെ ഒപ്പംതന്നെ കളക്ഷനിലും ഉയരെ മുന്നിട്ട്‌ നിൽക്കുന്നത്‌ പ്രേക്ഷകർ അത്തരത്തിലുള്ള സിനിമകളോടും മുഖം തിരിക്കുന്നില്ല എന്നതിന്‌ ഉദാഹരണമാണ്‌.

പ്രതീക്ഷകൾ കെടുത്താതെയാണ്‌ 2019 പകുതി കടന്നുപോകുന്നത്‌. ബാക്കി പകുതിയിലും പ്രതീക്ഷയോടെ കാത്തിരിക്കേണ്ടുന്ന നിരവധി ചിത്രങ്ങളാണ്‌ വരാനുള്ളതും.


പ്രധാന വാർത്തകൾ
 Top