27 January Monday

ചൈനീസ്‌ ദൃശ്യം ; ഷീപ്പ് വിത്തൗട്ട് എ ഷെപ്പേഡ് ട്രെയിലർ പുറത്തിറങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Dec 15, 2019

മോഹൻലാൽ നായകനായി ജീത്തു ജോസഫ് സംവിധാനംചെയ്‌ത ദൃശ്യം സിനിമ ആഗോള ഹിറ്റിലേക്ക്‌. ചൈനീസ്‌ റീമേക്ക്‌ 20ന്‌ റിലീസാകും.  ‘ഷീപ്പ് വിത്തൗട്ട് എ ഷെപ്പേഡ്' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ട്രെയിലർ പുറത്തിറങ്ങി. കണ്ട്‌ ലൈക്കടിച്ചത്‌ ലക്ഷങ്ങൾ.

ജിത്തു ജോസഫ് ഒരുക്കിയ സീനുകളിൽ പലതും അതുപോലെതന്നെ ചൈനീസ് ചിത്രത്തിലും പുനരാവിഷ്കരിച്ചിട്ടുണ്ട്. പൊലീസ്‌ സ്‌റ്റേഷനിലെ ദൃശ്യങ്ങളും കാർ വെള്ളത്തിൽ തള്ളുന്നതും ട്രെയിലറിൽ കാണാം. സാം ക്വായാണ്‌ സംവിധാനം. തിരക്കഥ യാങ്‌ വെവെ. സീയോ യാങ്‌, ജോൺ ചെൻ എന്നിവരാണ്‌ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.

ആദ്യമായാണ് ഒരു മലയാള ചിത്രത്തിന്‌ ചൈനീസ് പതിപ്പ് പുറത്തിറങ്ങുന്നത്. നേരത്തെ തമിഴ്, ഹിന്ദി, തെലുങ്ക്‌, സിംഹള, കന്നട  ഭാഷകളിൽ ചിത്രം റീമേക്ക്‌ ചെയ്‌തിരുന്നു. തമിഴിൽ കമൽ ഹാസനും ഹിന്ദിയിൽ അജയ്‌ ദേവ്‌ഗണുമായിരുന്നു നായകവേഷം ചെയ്‌തത്‌. മോഹൻലാൽ, മീന, കലാഭവൻ ഷാജോൺ തുടങ്ങിയവരാണ്‌ മലയാളം ദൃശ്യത്തിൽ പ്രധാന വേഷമിട്ടത്‌.

മകളെ പീഡിപ്പിക്കാൻ ശ്രമിച്ച ക്രിമിനലിനെ കൊന്നശേഷം തെളിവുകൾ ഓരോന്നായി നശിപ്പിക്കുന്നതാണ്‌ സിനിമയുടെ പ്രമേയം. തെളിവ്‌ നശിപ്പിക്കുന്ന കുറ്റകൃത്യത്തെ വാഴ്‌ത്തുന്നു  എന്ന നിലയിൽ വിമർശനവും സിനിമ നേരിട്ടു. പുറത്തിറങ്ങിയപ്പോൾ സിനിമയെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ നടന്നു. ഇപ്പോഴും ദൃശ്യം മോഡൽ കൊലപാതകം എന്ന രീതിയിൽ വാർത്തകൾ വരുന്നുണ്ട്‌. അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാൻ ഫോൺ, മറ്റൊരു വാഹനത്തിൽ ഉപേക്ഷിക്കുന്ന തന്ത്രം സിനിമയിലുണ്ട്‌. സമാനതന്ത്രം ഇപ്പോഴും നടക്കുന്നുണ്ടെന്ന്‌ പൊലീസുകാർ കുറ്റകൃത്യങ്ങൾ ചൂണ്ടിക്കാട്ടി ഉദാഹരിക്കുന്നുണ്ട്‌.


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top