25 February Thursday

ഇടവേള കഴിഞ്ഞു... പുത്തൻ കുതിപ്പിന് മലയാള സിനിമ; മാർച്ച്‌ വരെ 20 സിനിമകൾ റിലീസിന്‌

വെബ് ഡെസ്‌ക്‌Updated: Friday Jan 15, 2021

സിനിമാ പ്രേമികൾക്ക്‌ പുതുശ്വാസം നൽകിയാണ്‌ വിജയ്‌ ചിത്രം"മാസ്‌റ്റർ' റിലീസിന്‌ എത്തിയത്‌. കോവിഡ് തളർത്തിയ സിനിമാവ്യവസായം തിരിച്ചുവരികയാണെന്ന്‌ ആദ്യ ദിനങ്ങളിലെ കളക്ഷനും, കാണികളുടെ തള്ളിക്കയറ്റവും വ്യക്തമാക്കുന്നു.

കോവിഡ്‌ ഭീതിയുള്ളപ്പോഴും തീയറ്ററിലേക്കെത്തുന്ന നിലയ്‌ക്കാത്ത പ്രേക്ഷകപ്രവാഹം ആശങ്കയിലായിരുന്ന മലയാള സിനിമയ്‌ക്ക്‌ വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. തുടർന്ന്‌ കോവിഡ്‌ ഇടവേളയ്‌ക്ക്‌ ശേഷം ആദ്യ മലയാള സിനിമ റിലീസും പ്രഖ്യാപിച്ചു. ജയസൂര്യ നായകനായ 'വെള്ളം' 22ന് റിലീസ് ചെയ്യും. മാർച്ച് 22വരെ ഇരുപത് സിനിമകൾ റിലീസ് ചെയ്യാനാണ് തീരുമാനം.

മമ്മൂട്ടിയും മഞ്ജു വാരിയറും ആദ്യമായി ഒന്നിക്കുന്ന 'പ്രീസ്റ്റ്' ഫെബ്രുവരി നാലിനാണ് തിയറ്ററുകളിലെത്തുക. ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്‌ത ചിത്രത്തിന്റെ ടീസർ പ്രേക്ഷകരിലേക്ക് എത്തിക്കഴിഞ്ഞു. പ്രജേഷ് സെൻ  ജയസൂര്യയെ നായകനാക്കി ഒരുക്കിയ 'വെള്ളം' ഈ മാസം 22ന്  തിയറ്ററുകളിലെത്തും.

തൊട്ടുപിന്നാലെ 29ന് രണ്ട് ചിത്രങ്ങളാണ് റിലീസ് ചെയ്യുക. ആഷിക് ഉസ്മാൻ നിർമിച്ച് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്‌ത 'ലൗ', ആർ ഉണ്ണിയുടെ എഴുത്തിൽ കാവ്യ പ്രകാശ് ഒരുക്കുന്ന 'വാങ്ക്' എന്നിവയാണത്. ഫെബ്രുവരി നാലിന് എത്തുന്ന പ്രീസ്റ്റിന് പിന്നാലെ കുഞ്ചാക്കോ ബോബന്റെ മോഹൻകുമാർ ഫാൻസ് എത്തും. ഫെബ്രുവരി 12ന് മൂന്ന് സിനിമകൾ റിലീസ് ചെയ്യും. അജു വർഗീസ് നായകനായ സാജൻ ബേക്കറി, വിനായകനും ബാലുവർഗീസും അഭിനയിക്കുന്ന 'ഓപ്പറേഷൻ ജാവ', അമിത് ചക്കാലയ്ക്കൽ നായകനായ 'യുവം' എന്നിവയാണ്.

മരട് ഫ്ളാറ്റ് പൊളിക്കൽ പ്രമേയമാക്കിയ 'മരട് 357', വെളുത്ത മധുരം, വർത്തമാനം എന്നീ സിനിമകൾ ഫെബ്രുവരി 19ന് എത്തും. ഫെബ്രുവരി 26ന് നാല് സിനിമ കൂടി  തിയറ്ററിലെത്തും. 'സഹ്യാദ്രിയിലെ ചുവന്ന പൂക്കൾ', 'അജഗജാന്തരം', ജയസൂര്യ നായകനായ 'സണ്ണി', 'ടോൾ ഫ്രി 1600 - 600 - 60 'എന്നിവയുടേതാണ് റിലീസ്.

കാത്തിരുന്ന ‘മരയ്ക്കാർ’

മലയാള സിനിമയിലെ വലിയ പ്രഖ്യാപനമായ പ്രിയദർശൻ മോഹൻലാൽ ടീമിന്റെ 'മരയ്ക്കാർ അറബിക്കടലിന്റെ സിംഹം' മാർച്ച് 26ന് തിയറ്ററുകളിൽ എത്തുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെ മാർച്ചിൽ അഞ്ച് സിനിമ കൂടി തിയറ്ററിലെത്തും. മാർച്ച് നാലിന് പൃഥ്വിരാജ് നായകനായ 'കോൾഡ് കേസ്', കുഞ്ചാക്കോ ബോബനും നയൻ താരയും ഒന്നിക്കുന്ന 'നിഴൽ' എന്നിവയാണ് റിലീസ് ചെയ്യുക. മാർച്ച് 12ന് 'മൈ ഡിയർ മച്ചാൻസ്', 'ഈവ' , മാർച്ച് 21ന് 'സുനാമി' എന്നിവയും തിയറ്ററിലെത്തും.

നിലവിലെ സാഹചര്യത്തിൽ  തീയതി കുറിച്ച് സിനിമകൾ ഓരോന്നും തിയറ്ററിലേക്ക് എത്തുമ്പോൾ അപ്രതീക്ഷിത കട്ട് പറഞ്ഞ് ഒരിക്കൽ നിലച്ചുപോയ വ്യവസായത്തിന് പ്രേക്ഷകന്റെ പിന്തുണ ഇന്ന് ഏറെ ആവശ്യവുമാണ്. സുരക്ഷിതമായ സാമൂഹിക അകലവും മാസ്കും സാനിറ്റൈസറുമൊക്കെ കൊട്ടകയിലെ കാഴ്ചയ്ക്ക് കരുതൽ മാനദണ്ഡങ്ങളാകുമ്പോൾ ആസ്വാദനം ആവേശത്തിന് വഴിമാറാതെയിരിക്കേണ്ടത് പ്രേക്ഷകന്റെയും ധർമമാണ്. സിനിമയിൽ മാത്രം കണ്ടു പരിചയിച്ച അങ്ങേയറ്റത്തെ അപ്രതീക്ഷിത ട്വിസ്റ്റിന് ഒടുവിലും നാം കാഴ്ചക്കാർ മാത്രമാണെന്നതാണ് കാലം നൽകുന്ന ബോധ്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top