27 September Sunday

മുടക്കുമുതല്‍ തിരിച്ചു പിടിച്ചത് 23 ചിത്രങ്ങള്‍, തീയറ്റര്‍ ഹിറ്റുകള്‍ 7; 2019ലെ മലയാള സിനിമ ഇങ്ങനെ

വെബ് ഡെസ്‌ക്‌Updated: Thursday Dec 26, 2019

മലയാള സിനിമയ്‌‌ക്ക്‌ 2019 നഷ്‌ടങ്ങളും ലാഭങ്ങളും കലർന്ന വർഷമാണ്‌. വാണിജ്യപരമായും കലാമൂല്യം കൊണ്ടും നേട്ടങ്ങളും കോട്ടങ്ങളും ധാരാളം ഉണ്ടായ വർഷം. ക്രാഫ്‌റ്റ്‌ തെളിയിച്ച്‌ നിരവധി പുതുമുഖ സംവിധായകർ വരവറിയിച്ചപ്പോൾ പഴയ വീഞ്ഞ്‌ പഴയ കുപ്പിയിൽത്തന്നെ ആക്കിയുള്ള സിനിമകൾക്കും കുറവ്‌ ഉണ്ടായിരുന്നില്ല. സൂപ്പർതാര പരിവേഷങ്ങളും വൻ മുതൽമുടക്കും സിനിമകളെ പ്രേക്ഷകർ ഏറ്റെടുക്കുന്നതിൽ ഘടകമല്ല എന്ന്‌ മറ്റ്‌ വർഷങ്ങൾപോലെ ഈ വർഷവും ബോധ്യപ്പെട്ടു.

മുടക്കുമുതൽ തിരിച്ചുകിട്ടിയ 23 പടങ്ങളിൽ 7 എണ്ണം മാത്രമാണ് തിയറ്ററിലെ കളക്‌ഷൻകൊണ്ടു തന്നെ അതു നേടിയത്. ബാക്കിയുള്ളവ സാറ്റലൈറ്റ്, ഡിജിറ്റൽ അവകാശങ്ങളില്‍ നിന്നെല്ലാമുള്ള വരുമാനം കൊണ്ടാണ് രക്ഷപെട്ടത്. 197 പടങ്ങളിൽ 10 കോടിയിലേറെ മുതൽമുടക്ക് 12 എണ്ണത്തിനാണ്. മാമാങ്കത്തിനും (56 കോടി) ലൂസിഫറിനും (36 കോടി) ജാക്ക് ഡാനിയേലിനും (16 കോടി) കൂടി മാത്രം 100 കോടിയിലേറെ മുതൽ മുടക്കുണ്ട്. ശരാശരി 5 കോടി മുതൽമുടക്കുള്ള 40 പടങ്ങളുണ്ട്. ശരാശരി 2 കോടി മുടക്കുള്ള പടങ്ങൾ 80 എണ്ണമെങ്കിലുമുണ്ട്.

കഴി‍ഞ്ഞ വർഷത്തെ ആദ്യ തിയറ്റർ ബോക്‌സ് ഓഫിസ് ഹിറ്റ് വിജയ് സൂപ്പറും പൗർണമിയുമായിരുന്നു. കെട്യോളാണെന്റെ മാലാഖ അവസാനം ഹിറ്റായി. ലാഭത്തിൽ മുന്നിൽ തണ്ണീർമത്തൻ ദിനങ്ങളാണ്. 2 കോടിയിൽ താഴെ മുതൽമുടക്കിൽ 15 കോടി കലക്‌ഷൻ നേടി.
 
തിയറ്ററിൽ ഹിറ്റായ പടങ്ങൾ:
 
1. വിജയ് സൂപ്പറും പൗർണമിയും. 2. കുമ്പളങ്ങി നൈറ്റ്സ്. 3. ലൂസിഫർ. 4. ഉയരെ. 5. തണ്ണീർമത്തൻ ദിനങ്ങൾ. 6.ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ. 7.കെട്ട്യോളാണെന്റെ മാലാഖ
 
സാറ്റലൈറ്റ്,ഡിജിറ്റൽ റൈറ്റ്‌സിലൂടെ മുടക്കുമുതൽ തിരിച്ചു പിടിച്ചവ.
 
1.അള്ള് രാമചന്ദ്രൻ. 2.അഡാറ് ലൗ. 3.ജൂൺ. 4.കോടതി സമക്ഷം ബാലൻ വക്കീൽ. 5.മേരാ നാം ഷാജി. 6.അതിരൻ. 7.ഒരു യമണ്ടൻ പ്രണയകഥ. 8.ഇഷ്ക്ക്. 9.വൈറസ്. 10.ഉണ്ട. 11. പതിനെട്ടാംപടി. 12.പൊറിഞ്ചു മറിയം ജോസ്. 13.ലൗ ആക്‌ഷൻ ഡ്രാമ. 14.ഇട്ടിമാണി. 15.ബ്രദേഴ്സ് ഡേ.16.ഹെലൻ
 
ജനുവരി ആദ്യവാരം ഇറങ്ങിയ തൻസീർ മുഹമ്മദിന്റെ ജനാധിപനും, രാജീവ്‌ നടുവിനാടിന്റെ 1948 കാലം പറഞ്ഞതും ആണ്‌ 2019 ലെ ഓപ്പണിങ്‌ സിനിമകൾ. രണ്ടും കാര്യമായ തീയറ്റർ വിജയം നേടാനാകാതെയാണ്‌ പോയത്‌. ജനുവരി 11 ന്‌ റിലീസ്‌ ചെയ്‌ത ജിസ്‌ ജോയ്‌ സംവിധാനം ചെയ്‌ത വിജയ്‌ സൂപ്പറും പൗർണമിയും ആണ്‌ ഈ വർഷത്തെ ആദ്യ ഹിറ്റ്‌. ആസിഫ്‌ അലിയും ഐശ്വര്യ ലക്ഷ്‌‌മിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം മികച്ച പ്രതികരണങ്ങാേടെ വിജയം കൊയ്‌തു. സൺഡേ ഹോളിഡേയ്‌‌ക്ക്‌ ശേഷം ഫീൽ ഗുഡ്‌ സിനിമയുമായി എത്തിയ ജിസ്‌ ജോയ്‌ ചിത്രം ഈ വർഷത്തെ ഇതുവരെയുള്ള മികച്ച കളക്ഷൻ നേടിയ സിനിമകളിലൊന്നായി മാറി. പ്രമുഖ താരങ്ങളുടെ അധികം സിനിമകൾ ആ സമയത്ത്‌ തീയറ്ററിൽ ഇല്ലാതിരുന്നതും സിനിമയ്‌‌ക്ക്‌ ഗുണമായി.


പിന്നാലെ ഹനീഫ്‌ അദേനിയുടെ നിവിൻ പോളി ചിത്രം മിഖായേലും, അരുൺഗോപിയുടെ ഇരുപത്തിയൊന്നാം നൂറ്റാണ്ടും ആദ്യ ദിവസങ്ങളിൽ തീയേറ്ററിൽ ചലനമുണ്ടാക്കിയെങ്കിലും പിന്നീട്‌ പുറകോട്ടുപോയി. പ്രണവ്‌ മോഹൻലാലിന്‌ ബ്രേക്ക്‌ നൽകുമെന്ന പ്രതീതി ഉണ്ടാക്കിയ ഇരുപത്തിയൊന്നാം നൂറ്റാണ്ട്‌ കാലം മാറിയതറിയാത്ത ട്രീറ്റ്‌മെന്റുകൊണ്ട്‌ പ്രതീക്ഷിച്ച ശ്രദ്ധ നേടിയതുമില്ല.

മധു സി നാരായണന്റെ കുമ്പളങ്ങി നൈറ്റ്‌‌സ്‌, വിവേകിന്റെ അതിരൻ, മനു അശോകന്റെ ഉയരെ, അനുരാജ്‌ മനോഹർ സംവിധാനം ചെയ്‌ത ഇഷ്‌‌ക്‌, ഷാനവാസ്‌ കെ ബാവക്കുട്ടിയുടെ തൊട്ടപ്പൻ, അഷ്‌റഫ്‌ ഹംസയുടെ തമാശ, ആഷിക്‌ അബുവിന്റെ വൈറസ്‌, ഖാലിദ്‌ റഹ്‌മാന്റെ ഉണ്ട, നിസാം മുഹമ്മദിന്റെ കെട്ട്യോളാണ്‌ എന്റെ മാലാഖ, വിധു വിൻസന്റിന്റെ സ്‌റ്റാൻഡ്‌ അപ്‌, എ ഡി ഗീരിഷിന്റെ തണ്ണീർമത്തൻ ദിനങ്ങൾ എന്നീ ചിത്രങ്ങളാണ്‌ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടിയ വിജയചിത്രങ്ങൾ. പൃഥ്വിരാജിന്റെ ലൂസിഫർ, വൈശാഖിന്റെ മധുരരാജ എന്നീ ചിത്രങ്ങൾ കളക്ഷൻ റെക്കോർഡുകൾ തകർത്തു. ശ്യാം പുഷ്‌ക്കരൻ തിരക്കഥയെഴുതിയ മധു സി നാരായണൻ ചിത്രം കുമ്പളങ്ങി നൈറ്റ്‌സ്‌ പ്രമേയം കൊണ്ടും അവതരണംകൊണ്ടും മലയാള സിനിമക്ക്‌ പുതിയ അനുഭവമായിരുന്നു. തീയറ്റർ കളക്ഷനിലും, പ്രേക്ഷക പ്രതികരണത്തിലും അടുത്ത കാലത്തൊന്നും മറ്റൊരു സിനിമക്കും കിട്ടാത്ത പ്രശംസയാണ്‌ കുമ്പളങ്ങിക്ക്‌ ലഭിച്ചത്‌. മഹാരാജാസ്‌ കോളേജിൽ കൊല്ലപ്പെട്ട എസ്‌എഫ്‌ഐ നേതാവ്‌ അഭിമന്യുവിന്റെ ജീവിതം പ്രമേയമാക്കിയ സജി പാലമേലിന്റെ നാൻ പെറ്റ മകനും ശ്രദ്ധനേടി.

ഉണ്ട, മൂത്തോന്‍,  ജല്ലിക്കട്ട്, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ തുടങ്ങിയ സിനിമകളും പ്രേക്ഷക പ്രശംസ നേടി.

നടിമാർ മികവ്‌ തെളിയിച്ച വർഷംകൂടിയാണ്‌ കടന്നുപോകുന്നത്‌. പർവതിയുടെ ഗംഭീരമായ രണ്ടാം വരവിനായിരുന്നു ഈ വർഷം മലയാള സിനിമ ലോകം സാക്ഷ്യം വഹിച്ചത്. ഉയരെ എന്ന ഒറ്റ ചിത്രം താരത്തിന്റെ ജാതകം തന്നെ മറ്റി മറിക്കുകയായിരുന്നു. ആസിഡ് ആക്രമണത്തിന് ഇരയായ പല്ലവി രവീന്ദ്രൻ എന്ന കഥാപാത്രം പാർവതിയുടെ കരിയറിൽ വൻ ബ്രേക്ക് നൽകുകയായിരുന്നു. വൈറസിലെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ആസിഫ് അലി തുടങ്ങി വച്ച ഹിറ്റുകള്‍ക്ക് ആസിഫ് അലി തന്നെ അവസാനമിടുന്നതാണ് 2019 കണ്ടത്. ദാമ്പത്യ ബന്ധത്തേയും മാരിറ്റല്‍ റേപ്പിനേയും കുറിച്ച് സംസാരിച്ച ചിത്രം വിഷയത്തിന്‍റെ പ്രസക്തി കൊണ്ടും താരങ്ങളുടെ പ്രകടനം കൊണ്ടും ഒരു പോലെ ശ്രദ്ധ നേടി. വ്യത്യസ്ത വിഷയമായിരുന്നിട്ടും ചിത്രം കുടുംബപ്രേക്ഷകരടക്കം ഏറ്റെടുക്കുകയുണ്ടായി. നിസാം ബഷീറാണ് ചിത്രത്തിന്‍റെ സംവിധായകന്‍.

സിനിമാ പ്രേമികള്‍ക്ക് സന്തോഷിക്കാന്‍ കുറേയൊക്കെ നല്‍കിയാണ് 2019 കടന്നു പോകുന്നത്. വീണ്ടും കണ്ടന്‍റാണ് വലുതെന്ന് മലയാള സിനിമ അടിവരയിട്ട് പറഞ്ഞ വര്‍ഷം. ഇതുവരെ പറയാത്ത പല വിഷയങ്ങളും, ഇതുവരെ പറഞ്ഞ രീതിയില്‍ നിന്നും മാറി അവതരിപ്പിച്ച വിഷയങ്ങളും കൊണ്ട് സമ്പന്നമായ വര്‍ഷം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top