24 January Thursday

കടല്‍ കടന്ന് ഒഴുകട്ടെ 'മായാനദി'- Review

അഭിജിത്ത് ഡി കെUpdated: Sunday Dec 24, 2017

സിനിമയ്ക്കും പ്രേക്ഷകനുമിടയിലെ മാജിക്കല്‍ സ്പേസിലാണ് മാത്തന്‍റേയും അപ്പുവിന്‍റേയും മായാനദി ഒഴുകിയെത്തുന്നത്.ലയാള സിനിമയില്‍ യുക്തിപൂര്‍വ്വം പ്രണയിക്കുന്ന കമിതാക്കളുടെ മുന്‍നിരയിലേക്കാണ് മാത്തനും അപ്പുവും എത്തുന്നത്.

ജീവിതസാഹചര്യം കൊണ്ടെത്തിച്ച പ്രശ്നങ്ങളില്‍ തങ്ങിനില്‍ക്കാതെ അത്യാവശ്യം തട്ടിപ്പൊക്കെയായി ജീവിക്കുന്ന നല്ല അസ്സല്‍ കാമുകനായ പെരുമ്പാവൂര്കാരന്‍  മാത്തനാണ് മായാനദിയുടെ ഒഴുക്ക് തുടങ്ങി വയ്ക്കുന്നത്. ജീവിക്കാന്‍ വേണ്ടി തട്ടിപ്പുകള്‍ കാണിക്കാന്‍ മടിയില്ലാത്ത മാത്തന്‍റെ മനസ്സില്‍ ആകെ ജെനുവിനായി നിലനില്‍ക്കുന്നത് അപ്പു എന്ന അപര്‍ണയോടുള്ള തടയില്ലാത്ത പച്ച പ്രേമമാണ്.

ആ പ്രേമമാണ് തമിഴ്നാട്ടില്‍ കിടന്ന മാത്തനെ കൊച്ചിയിലെത്തിക്കുന്നത്. അവിടെ കാണുന്ന തന്‍റെ പഴയ കാമുകിയുമായി അടുക്കാനുള്ള ശ്രമവും ഇനി പ്രണയത്തിലേക്കില്ല എന്ന അപര്‍ണയുടെ തീരുമാനവുമാണ് പ്രേക്ഷകനെ ഇരുവരുടേയും പ്രണയത്തെപ്പറ്റി അറിയാന്‍ പ്രേരിപ്പിക്കുന്നത്.

അപ്പു ഒരു സാധാരണ പ്രണയനായികയല്ല. 'സെക്സ് ഈസ് നോട്ട് എ പ്രോമിസ്' എന്ന് സമൂഹത്തോട് മുഖത്ത്നോക്കി പറയുന്ന ഒരു പെണ്ണാണ്. വൈകാരികമായി കീഴ്പ്പെടുത്താവുന്ന ഒന്നല്ല പെണ്ണ് എന്ന് ഒറ്റ ഡയലോഗിലൂടെ മനോഹരമായി പറയുകയാണ് അപ്പു. നായകന്‍റെ തണലില്‍ നില്‍ക്കാത്ത വ്യക്തിത്വവും സ്വത്രന്ത്യ നിലപാടുകളും ഈ നായികയ്ക്ക് നല്‍കിയതിന്റെ ശക്തി സ്ക്രീനില്‍ പ്രകടമാണ്.

നദിക്ക് ഏറ്റവും സുന്ദരമായി ഒഴുകാന്‍ സാധിക്കുന്നത് രാത്രിയാണ്. ആ രാത്രിതന്നെയാണ് മായാനദിയുടേയും സൗന്ദര്യം. ജീവിതാനുഭവങ്ങളില്‍ നിന്ന് രൂപപ്പെട്ട കഥാപാത്രമാണ് അപര്‍ണയുടേത്. അതിന്‍റെ ബോള്‍ഡ്നെസ്സ് ആണ് അപര്‍ണയുടെ സംഭാഷണങ്ങളില്‍ പ്രതിഫലിക്കുന്നതും.

ടൊവിനോ തോമസ് എന്ന നടന്‍ ഒരോ സിനിമ കഴിയുന്തോറും ഡവലപ് ചെയ്യുന്നതും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാകുന്നതും മായാനദിയിലൂടെ മനസ്സിലാകും. അതിവൈകാരികതയോ നാടകീയതയോ ഫീല്‍ ചെയ്യാമായിരുന്ന സന്ദര്‍ഭങ്ങളൊക്കെ സിംപിള്‍ ആയി ഈ ന്യൂജെന്‍ നായകന്‍ അവതരിപ്പിച്ചു. എെശ്വര്യ ലക്ഷ്മി എന്ന നായികനടിയും തെല്ലും പരിഭ്രമിക്കാതെ കഥാപാത്രമായിമാറി. തന്‍റെ ക്യാരക്ടറിന്‍റെ ആഴം മനസ്സിലാക്കിയതാണ് എെശ്വര്യയെ പ്രിയപ്പെട്ടവളാകുന്നത്.

ടിപ്പിക്കല്‍ നായിക നായക സങ്കല്‍പങ്ങളില്‍നിന്ന് മാറി ഒരു ഫ്രഷ്ഫീല്‍ സിനിമയ്ക്ക് നല്‍കിയത് ആഷിക്ക് അബു, ശ്യം പുഷ്ക്കരന്‍, ദിലീഷ് നായര്‍ കെമിസ്ട്രിയാണ്. വിരസമായിപ്പോകുമായിരുന്ന സന്ദര്‍ഭങ്ങളില്‍ ഫീല്‍ നഷ്ടപ്പെടാതെ സംഭാഷണവും ഷോട്ടുകളും ഉള്‍പ്പെടുത്തിയതിന് മൂവരും അഭിനന്ദനമര്‍ഹിക്കുന്നു. നട്ടെല്ലുള്ള നായികയെ ഇവിടെ ഉണ്ടാക്കിയെടുത്തു എന്നതാണ് ഇതില്‍ ഏറ്റവും പ്രധാനം.
ജയേഷ് മോഹന്‍റെ ക്യാമറയില്‍ പിറന്ന,മികച്ച ഷോട്ടുകളും മായാനദിയുടെ ഒഴുക്കിന് ഫീല്‍ കൂട്ടി. മനോഹരമായ ചിത്രങ്ങളിലൂടെ സിനമയിലേക്ക് നമ്മളെ ആകര്‍ഷിച്ച സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ വിവി ചാര്‍ളിയേയും പരാമര്‍ശിക്കാതെ വയ്യ.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top