20 August Tuesday

ക്ലാസ്സ്‌ മാസ്സ്‌ "ലൂസിഫർ"; നാർക്കോട്ടിക്‌സ്‌ ഈസ്‌ എ ഡേർട്ടി ബിസിനസ്സ്‌

ഡി കെ അഭിജിത്ത്‌Updated: Thursday Mar 28, 2019

"പേട്ട' എന്ന രജ്‌നി സിനിമ അനൗൺസ്‌ ചെയ്‌തപ്പോൾ സംവിധായകൻ കാർത്തിക്‌ സുബ്ബരാജ്‌ പറഞ്ഞിരുന്നു. രജ്‌നിയെ ഒരു ആരാധകന്‌ എങ്ങനെ കാണണമെന്നാണോ ആഗ്രഹിക്കുന്നത്‌ അതായിരിക്കും പേട്ട എന്ന്‌. "ലൂസിഫർ' അനൗൺസ്‌ ചെയ്‌തതിന്റെയൊപ്പം പൃഥ്വിരാജും ആദ്യമേ പറഞ്ഞു "The way, i want to see him". മോഹൻലാലിനെ എങ്ങനെ കാണാനാണോ ആരാധകർ ആഗ്രഹിക്കുന്നത്‌ അതുതന്നെയാണ്‌ 'ലൂസിഫർ'. അത്‌ ആറ്റിറ്റ്യൂഡ്‌ വിട്ടൊരു കളിയും ഇല്ലാത്ത പ്രിഥ്വിരാജിന്റെ കയ്യൊപ്പുകൂടി പതിഞ്ഞപ്പോൾ ലൂസിഫർ മലയാള സിനിമ ഇതുവരെ കാണാത്ത സ്ട്ടിൽ മാസ്‌ അനുഭവമായി.

പൃഥ്വിരാജ്‌ സുകുമാരൻ സംവിധായകനാകുന്നു എന്ന്‌ അറിഞ്ഞപ്പോൾ മുതൽ സിനിമ ആസ്വാദകർ ആവേശത്തിലായിരുന്നു. ആദ്യസിനിമയിൽ മോഹൻലാൽ നായകനാകുന്നു എന്നറിഞ്ഞതോടെ അത്‌ കൂടി. മോഹൻലാലിനേക്കാൾ പൃഥ്വിരാജ്‌ തന്നെയായിരുന്നു ശ്രദ്ധാകേന്ദ്രം. പലതരത്തിലുള്ള പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും വിധേയനായി, പിന്നീട്‌ അവരേക്കൊണ്ടുതന്നെ കയ്യടിപ്പിച്ച വ്യക്തിയാണ്‌ പൃഥ്വി. സ്‌ക്രിപ്‌റ്റ്‌ ഒരുക്കുന്നതാകട്ടെ മുരളീ ഗോപിയും. ഒടിയൻ മാസ്‌ ഹൈപ്പ്‌ കൊടുത്ത്‌ നിരാശപ്പെടുത്തിയ ചിത്രമായിരുന്നെങ്കിൽ, അമിത വാഗ്‌ദാനങ്ങളൊന്നും അണിയറപ്രവർത്തകരുടെ ഭാഗത്തുനിന്നും ഇല്ലാതിരുന്ന ചിത്രമായിരുന്നു ലുസിഫർ. മസാല മാസ്സ്‌ പ്രതീക്ഷിച്ചുപോകുന്ന പ്രേക്ഷകന്‌ ക്ലാസ്സ്‌ മാസ്‌ എന്ത്‌ എന്ന്‌ കാണിച്ചുതരികയാണ്‌ "ലൂസിഫർ". കാത്തിരുന്നത്‌ വെറുതെയായില്ല. ലാലേട്ടൻ ഫാൻസിന്‌ ആവേശത്തിന്റെ പൂരംതന്നെയാണ്‌ തീയേറ്ററിൽ.

ഇന്റർവല്ലിന്‌ തൊട്ട്‌ മുമ്പ്‌ ഒരു പൊളിറ്റിക്കൽ ത്രില്ലർ ഗെയിം തുടങ്ങി നോർമൽ ക്ലൈമാക്‌സും അതും കൂടാതെ എക്‌സ്‌ട്രാ മാസും സമ്മാനിച്ചാണ്‌ പഥ്വി പടം അവസാനിപ്പിക്കുന്നത്‌. അതുവരെ കണ്ടതും കാണിച്ചതും ഒന്നുമല്ല ലൂസിഫർ എന്നുതന്നെ.

മോഹൻലാൽ എന്ന സൂപ്പർസ്‌റ്റാറിനെയല്ല സംവിധായകൻ ഉപയോഗിച്ചിട്ടുള്ളത്‌. പകരം സ്‌റ്റാർ വാല്യൂ കൃത്യമായി മാർക്കറ്റ്‌ ചെയ്‌ത്‌, കഥാപാത്രങ്ങൾക്ക്‌ പ്രാധാന്യം നൽകിയാണ്‌ ഓരോ സന്ദർഭവും. അതിന്‌ ഉദാഹരണമാണ്‌ മോഹൻലാലിനെപ്പോലെതന്നെ വിവേക്‌ ഒറബ്‌റോയ്‌, മഞ്‌ജു വാര്യർ, ടൊവിനോ, സ്‌യ്‌കുമാർ എന്നിവർക്ക്‌ നൽകിയിട്ടുള്ള സ്‌ക്രീൻ സ്‌പേസ്‌. എവിടെയാണോ സ്‌റ്റീഫൻ വരേണ്ടത്‌ അവിടെ മാത്രമേ അയാളെ ഫ്രെയിമിൽ എത്തിക്കുന്നുള്ളൂ. അതുകൊണ്ടാണ്‌ പൂർണമായി സംവിധായകന്റെ സിനിമയാണ്‌ ലൂസിഫറെന്ന്‌ കോൺഫഡൻസോടെ പറയാൻ കഴിയുന്നത്‌.

സത്യസന്ധമായി ഇതൊരു ഫാൻബോയ്‌ പടമാണ്‌ എന്ന്‌ പറഞ്ഞതാണ്‌ എല്ലാത്തരം പ്രേക്ഷരെയും ആദ്യദിനംതന്നെ തീയറ്ററിൽ എത്തിക്കാൻ കഴിഞ്ഞതിന്റെ കാരണം. ഫാൻ അല്ലാത്തവർക്കുവരെ മാസ്‌ മൂഡിലേക്ക്‌ പോകാൻ കഴിയുന്നത്‌ ഇതേ ഴോണറിലുള്ള എല്ലാ പടങ്ങൾക്കും അവകാശപ്പെടാൻ കഴിയാത്ത കാര്യമാണ്‌

താരങ്ങളെ കൃത്യമായി ഉപയോഗപ്പെടുത്തുന്ന സ്‌ക്രിപ്‌റ്റാണ്‌ ലൂസിഫറിന്റേത്‌. ലെഫ്‌റ്റ്‌ റൈറ്റ്‌ ലെഫ്‌റ്റ്‌, കമ്മാരസംഭവം പോലുള്ള സിനിമ എഴുതിയ മുരളി ഗോപിയെ മറന്നുവേണം ഇവിടെയെത്താൻ. മോഹൻലാൽ എന്ന നടൻ ചെയ്‌താൽ ഏറ്റവും ഭംഗി തോന്നുന്ന ആറ്റിറ്റ്യൂഡുകളും മാനറിസങ്ങളും ഏതൊക്കെയാണെന്ന്‌ നന്നായി സ്‌റ്റഡി ചെയ്‌താണ്‌ പൃഥ്വിരാജും മുരളി ഗോപിയും ലാലേട്ടനെ സ്‌റ്റീഫൻ നെടുമ്പിള്ളിയിൽ മികച്ചതാക്കിയത്‌. മുൻകാല മാസ്‌ ചിത്രങ്ങളിൽ വഴങ്ങുന്നതെല്ലാം ചെയ്യിപ്പിച്ച്‌ മസാല പരുവം ആക്കാനും മുതിർന്നിട്ടില്ല.

വിവേക്‌ ഒബ്‌റോയ്‌, മഞ്‌ജു വാര്യർ, ടൊവിനോ, സായ്‌കുമാർ, സാനിയ എന്നിവർക്കും പ്രധാന്യമുള്ള വേഷങ്ങളാണ്‌ ഉള്ളത്‌.എല്ലാ ഭാഷയിലും പോയി വില്ലൻ വേഷം ചെയ്‌ത്‌ നടക്കുന്നുവെന്ന്‌ പൊതുവേ വിവേകിനൊരു വിമർശനമുണ്ട്‌. തമിഴിലെ സൂപ്പർ നായകനെപ്പറ്റി പൊക്കിപ്പറയുന്ന ഒന്നോ രണ്ടോ സിനിമ കണ്ട്‌ തെറ്റിധരിച്ചതാണ്‌ ആ അഭിപ്രായത്തിന്‌ കാരണമെന്ന്‌ വിവേക്‌ തെളിയിക്കുന്നു. നല്ല ക്ലീൻ നെഗറ്റീവ്‌ റോൾ.

സുജിത്ത്‌ വാസുദേവിന്റെ ക്യാമറയാണ്‌ എടുത്തുപറയേണ്ട മറ്റൊന്ന്‌. ഒരു ഡൗൺ ടോണിൽ ത്രില്ലർ, ഗ്യാങ്‌സ്‌റ്റർ മൂഡിലേക്കെല്ലാം ക്യാമറകൊണ്ട്‌ മാത്രം പ്രേക്ഷകന്‌ എത്താൻ കഴിയുന്നുണ്ട്‌. ദീപക്‌ ദേവിന്റെ സംഗീതവും മികച്ചതായി.

 

സിനിമ തുടങ്ങി അരമണിക്കൂർ കഴിഞ്ഞാണ്‌ സംവിധായകന്റെ പേര്‌ എഴുതിവന്നത്‌. പൃഥ്വിരാജ്‌ സുകുമാരൻ എന്ന്‌ കാണ്ടപ്പോൾ തുടങ്ങിയ കയ്യടി മിനിട്ടുകൾക്ക്‌ ശേഷമാണ്‌ അവസാനിച്ചത്‌... ഇതുവരെ തീയറ്ററിലെ മാസ്‌ എക്‌സ്‌പീരിയൻസ്‌ ഏതാണെന്ന്‌ ചോദിച്ചാൽ ബാഷയും, പടയപ്പയുമമെല്ലാം പറയുന്നവരുണ്ട്‌. തിയറ്റിൽ അതാണ്‌ അവസ്ഥ. എ ഫിലിം ബൈ പൃഥ്വിരാജ്‌ സുകുമാരൻ എന്ന്‌ പറയുമ്പോഴേക്കും കയ്യടിയുടെ ശബ്‌ദംകൂടി.

വാനപ്രസ്ഥം മൂഡ്‌ പ്രതീക്ഷിച്ച്‌ ലൂസിഫറിന്‌ പോകുന്നവർക്ക്‌ മുന്നറിയിപ്പുണ്ട്‌. ഇത്‌ തീയറ്ററിൽ വിസിലടിക്കാനും, അടിച്ചുപൊളിക്കാനുമൊക്കെയുള്ള പാക്കേജ്‌ ആണ്‌.മൂന്ന്‌ മണിക്കൂർ നേരം സ്‌റ്റീഫൻ നെടുമ്പിള്ളി എന്ന നായകനേയും അയാളുടെ കളികളും കണ്ട്‌ ഒരു ബോളിവുഡ്‌ പൊളിറ്റിക്കൽ/ ത്രില്ലർ പടം കാണുന്ന ഫീലിൽ മുഴുകിയിരിക്കാൻ പ്രത്യേക രസമാണ്‌.

ഒറ്റക്കാര്യം കൂടി. ലൂസിഫറിൽ പുതിയതായി ഒന്നുമില്ല. ഉള്ളതൊരു പഴയ മോഹൻലാലാണ്‌. മാസ്‌ ലാലേട്ടൻ മൂവി...

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top