28 September Monday

അസ്തമിയ്ക്കാത്ത മീനമാസ സൂര്യന്‍...ലെനിൻ രാജേന്ദ്രൻ ഓർമയായിട്ട്‌ നാളെ ഒരു വർഷം

എസ് ശ്രീലക്ഷ്മി Updated: Monday Jan 13, 2020

ലെനിൻ രാജേന്ദ്രന്റെ ഭാര്യ ഡോ. രമണിയും മക്കളായ ഗൗതമനും ഡോ.പാർവതിയും മകൾ ജാനകിയും

തിരുവനന്തപുരം>  പഴയൊരു സിനിമയുടെ ചിത്രീകരണം. ക്യാമറ വച്ചിരിക്കുന്ന വലിയ സ്റ്റാൻഡിൽ പിടിച്ച്‌ അതിനടുത്തിരുന്ന്‌ നിർദേശങ്ങൾ നൽകുകയാണ്‌ മലയാള സിനിമയുടെ മീനമാസസൂര്യൻ, ഒരിക്കലും അസ്തമയമില്ലെന്ന്‌ ഓർമിപ്പിച്ച്‌. ജീവസ്സുറ്റ ആ ചിത്രമാണ്‌ മലയാളത്തിലെ അതുല്യനായ സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ വീട്ടിലേക്ക്‌ കയറുമ്പോൾ ആദ്യം കാണുക. ലെനിൻ രാജേന്ദ്രന്റെ വേർപാടിന്‌ ഒരു വർഷം തികയുമ്പോൾ അദ്ദേഹത്തിന്റെ ജീവിതമുഹൂർത്തങ്ങൾ ഒന്നിച്ചുചേർത്ത ആ ചിത്രങ്ങൾക്കരികിലിരുന്ന്‌ ഭാര്യ ഡോ. രമണി പറഞ്ഞുതുടങ്ങി. ചലച്ചിത്രലോകത്തുനിന്ന്‌ ഒരിക്കലും അടർന്നുപോകാൻ ആഗ്രഹിക്കാത്ത ആ കലാകാരനെക്കുറിച്ച്‌.

"സിനിമയായിരുന്നു എല്ലാം. എപ്പോഴും പുതിയതായി എന്തുചെയ്യാൻ കഴിയുമെന്നതിനെക്കുറിച്ചായിരുന്നു സംസാരം. ചെയ്യാൻ പോകുന്ന സിനിമയെക്കുറിച്ചും കഥയെക്കുറിച്ചുമെല്ലാം വീട്ടിൽ സംസാരിക്കും. എല്ലാവരോടും അഭിപ്രായങ്ങൾ ചോദിക്കും. എല്ലാത്തിൽ നിന്നും പുതിയതായി എന്തെങ്കിലും ലഭിക്കുമെന്ന് അദ്ദേഹം പറയും. ധാരാളം വായിക്കും. ഞാനെല്ലാം പെട്ടെന്ന് വായിച്ചു തീർക്കുന്നയാളാണ്. എന്നാൽ അദ്ദേഹത്തിന്റേത് ആഴത്തിലുള്ള വായനയാണ്. ചെയ്തിരിക്കുന്ന ചിത്രങ്ങളിൽ കൂടുതലും വായിച്ച പുസ്തകങ്ങൾ തന്നെയാണല്ലോ... പെരുമ്പടവം ശ്രീധരന്റെ ഒരു സങ്കീർത്തനം പോലെ സിനിമയാക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു.

അതിനെക്കുറിച്ച് ധാരാളം സംസാരിച്ചിട്ടുണ്ട്. അതുപോലെ മലയാള സിനിമയിലെ ആദ്യ നായിക പി കെ റോസിയെക്കുറിച്ചും സിനിമയെടുക്കണമെന്ന്‌ ആഗ്രഹിച്ചിരുന്നു. അതുരണ്ടും നടക്കാതെ പോയി. അദ്ദേഹം എഴുതിയതും വായിക്കാൻ തരാറുണ്ട്‌. അവസാനം എൽപ്പിച്ചുപോയത്‌ ഇപ്പോഴും സൂക്ഷിച്ചുവച്ചിട്ടുണ്ട്‌.

യാത്രകളെയും അത്രയധികം ഇഷ്ടപ്പെട്ടിരുന്നയാളാണ്‌ അദ്ദേഹം. ഒരിക്കൽ ഇടവപ്പാതിയുടെ ഷൂട്ടിങ് നടക്കുന്ന സമയം ഹംപിയിൽ വച്ച് സുഖമില്ലാതായി. അവിടെയങ്ങനെ ചികിത്സാ സൗകര്യങ്ങളൊന്നും അധികമില്ല. വയ്യെന്നറിഞ്ഞപ്പോൾ തന്നെ ഞാൻ ഇവിടെ നിന്നും ചെന്നു. കൂടെ നിന്നു. പിന്നീട്‌ മണാലിയിലും പോയാണ്‌ ഷൂട്ടിങ് പൂർത്തിയാക്കിയത്‌. സിനിമയ്‌ക്കുമുന്നിൽ സുഖമില്ലായ്‌മയ്‌ക്കൊന്നും സ്ഥാനമില്ല–-ഡോ. രമണി പറഞ്ഞു.

പെട്ടെന്നൊരു ദിവസമാണ്‌ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം അറിഞ്ഞത്. സുഹൃത്തുക്കൾ വീട്ടിലെത്തി കാര്യം പറഞ്ഞു. അവർ എന്നോട്‌ ഇക്കാര്യം പറഞ്ഞപ്പോഴും അദ്ദേഹം പുഞ്ചിരിയോടെ അടുത്തിരിക്കുക മാത്രം ചെയ്തു. എനിക്ക് ചെറിയൊരു എതിർപ്പുണ്ടായിരുന്നു. എന്നാൽ, അദ്ദേഹത്തിന്റേത് ഉറച്ച തീരുമാനമായിരുന്നു. അതുപോലെ കെഎസ്‌എഫ്‌ഡിസിയുടെ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. ഇന്നിപ്പോഴുള്ള "ലെനിൻ സിനിമാസ്‌' തുടങ്ങണമെന്നത്‌ വലിയ ആഗ്രഹമായിരുന്നു. പി കെ റോസിയുടെ പേരുനൽകണമെന്ന്‌ അദ്ദേഹം പറഞ്ഞിരുന്നതായും ഡോ.രമണി പറഞ്ഞു. ചിത്രാഞ്ജലി സ്റ്റുഡിയോയുടെ നവീകരണവും വലിയൊരു ലക്ഷ്യമായിരുന്നു.

സിനിമാ ചിത്രീകരണവേളയിലാണ്‌ അച്ഛനുമായി കൂടുതൽ സമയം ചെലവഴിക്കാൻ കഴിഞ്ഞതെന്നായിരുന്നു മകൻ ഗൗതമൻ പറഞ്ഞത്‌.
നമ്മൾ ഒരു സീൻ കേട്ട്‌ ഒരു ഫ്രെയിം വച്ച ശേഷം അച്ഛൻ വന്ന്‌ നോക്കും. നമ്മൾ വച്ചതിനേക്കാൾ മികച്ചതായിരിക്കും അച്ഛൻ പറയുന്നത്‌. എന്തുകൊണ്ട്‌ നമുക്കങ്ങനെ ഒരു ഫ്രെയിമിനെക്കുറിച്ച്‌ ആലോചിക്കാൻ പോലും പറ്റിയില്ലെന്നായിരിക്കും ആദ്യം ചിന്തിക്കുക. മകരമഞ്ഞ്‌, ഇടവപ്പാതി തുടങ്ങിയ ചിത്രങ്ങളിലും ഹ്രസ്വചിത്രങ്ങളിലും അച്ഛനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്‌ ഛായാഗ്രാഹകനായ ഗൗതമൻ.     

അച്ഛൻ നൽകിയ പോസിറ്റീവിറ്റിയാണ്‌ മകൾ ഡോ. പാർവതിയുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നത്‌. അച്ഛനോട്‌ സംസാരിക്കുമ്പോൾ നമുക്കും അതേ ഊർജമാണ്‌ ലഭിക്കുന്നത്‌. പെട്ടെന്ന്‌ ദേഷ്യം വരും. അതുപോലെ തണുക്കുകയും ചെയ്യും. ഒന്നും മനസ്സിൽ വയ്‌ക്കില്ല–- പാർവതി  പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top