19 February Tuesday

രംഗരസ്യയ്ക്ക് കോടതി വിലക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Nov 5, 2014

മാവേലിക്കര: മഹാനായ ചിത്രകാരന്‍ രാജാരവിവര്‍മയുടെ യഥാര്‍ഥ ജീവചരിത്രമെന്ന (ദിസ് ഈസ് ദി ട്രൂ സ്റ്റോറി ഓഫ് രാജാരവിവര്‍മ) പേരില്‍ വെള്ളിയാഴ്ച റിലീസ് ചെയ്യുന്ന "രംഗരസ്യ' എന്ന ഹിന്ദി ചിത്രത്തിന്റെ പ്രദര്‍ശനം തടഞ്ഞ് മാവേലിക്കര മുന്‍സിഫ് മജിസ്ട്രേറ്റ് പ്രസൂണ്‍ മോഹനന്‍ ഉത്തരവിട്ടു.ഹിന്ദി സംവിധായകന്‍ ഹേതന്‍ മേത്തയാണ് ചിത്രത്തിന്റെ സംവിധാനം.

രവിവര്‍മയുടെ അവസാനകാലത്തിന് തൊട്ടുമുമ്പുള്ള നാലരവര്‍ഷക്കാലം മഹാരാഷ്ട്രാ പാലസില്‍ അദ്ദേഹം ചിത്രങ്ങള്‍ വരയ്ക്കാന്‍ പോയിരുന്നു. അവിടെവച്ച് ഒരു ദേവദാസിയെ മോഡലാക്കി ഭാരതത്തിന്റെ ദേവീസങ്കല്‍പ്പത്തിന് മുഖം കൊടുത്തുവെന്നും പിന്നീട് ഈ ദേവദാസിയുമായി അസാന്മാര്‍ഗീക ബന്ധം പുലര്‍ത്തുകയും വിവാദമായപ്പോള്‍ തിരികെ നാട്ടിലേക്ക് മടങ്ങിയെന്നും മറ്റുമുള്ള വാസ്തവവിരുദ്ധമായ ചിത്രീകരണങ്ങളും പരാമര്‍ശങ്ങളും നടത്തിയെന്നാണ് ആക്ഷേപം. രാജാരവിവര്‍മയെയും രാജകുടുംബത്തെയും അപകീര്‍ത്തിപ്പെടുത്താന്‍ ചിത്രത്തില്‍ ശ്രമിക്കുന്നുവെന്ന് കാണിച്ച് ചെറുമകള്‍ മാവേലിക്കര രവി വിലാസം (ഉത്സവമഠം) ഇന്ദിരാഭായി കുഞ്ഞമ്മയാണ് അഡ്വ. അമൃതകുമാര്‍ മുഖേന മായാ മൂവീസിനും സംവിധായകന്‍ ഹേതന്‍ മേത്തയ്ക്കും ഇദ്ദേഹത്തിന്റെ ഭാര്യയും നിര്‍മാതാവുമായ ദീപാസാഹിക്കും സഹനിര്‍മാതാവായ ആനന്ദ് മഹേന്ദ്രുവിനുമെതിരെ നോട്ടീസയച്ചത്.

ശനിയാഴ്ച്ച ഫയല്‍ ചെയ്ത ഹര്‍ജിയില്‍ വാദംകേട്ട കോടതി ചൊവ്വാഴ്ച്ച പകല്‍ 12ന് വിധി പറയുകയായിരുന്നു. വാദിഭാഗത്തിനുവേണ്ടി അഡ്വ. ഭാസ്കരന്‍നായരും, അഡ്വ. എസ് സീമയും ഹാജരായി.ഏഴു വര്‍ഷംമുമ്പ് സിനിമയുടെ ചിത്രീകരണം കേരളത്തിലും നടന്നതാണ്. വിവാദപരവും പ്രകോപനപരവുമായ പരാമര്‍ശങ്ങളും രംഗങ്ങളും ഉണ്ടായിരുന്നതിനാല്‍ സെന്‍സര്‍ബോര്‍ഡിന്റെ വിലക്കുണ്ടായിരുന്നു. ഇപ്പോഴാണ് പ്രദര്‍ശനാനുമതി ലഭിച്ചത്. ഹിന്ദുവിലും ടൈംസ് ഓഫ് ഇന്ത്യയിലും മറ്റും സംവിധായകന്‍ ഹേതന്‍ മേത്തയുമായി ചിത്രത്തെ സംബന്ധിച്ചുള്ള അഭിമുഖങ്ങള്‍ വന്നിരുന്നു.

യൂ ട്യൂബില്‍ ചിത്രത്തിന്റെ ട്രെയ്ലര്‍ പ്രചരിക്കുന്നുണ്ട്. ഈ ട്രെയ്ലര്‍ ഡൗണ്‍ലോഡ് ചെയ്ത സിഡിയുടെ കോപ്പി കോടതി പ്രധാന തെളിവായി സ്വീകരിച്ചു. അപൂര്‍വം കേസുകളില്‍ മാത്രമാണ് സിഡി കോടതി തെളിവായി സ്വീകരിക്കാറുള്ളു.

പ്രധാന വാർത്തകൾ
 Top