05 July Sunday

ആകാശം ഇരുളാത്ത കുമ്പളങ്ങി; പ്രകാശം പരത്തുന്ന ദ്വീപ്: റിവ്യൂ

ഡി കെ അഭിജിത്ത്‌Updated: Friday Feb 8, 2019

കുമ്പളങ്ങി എന്ന സ്ഥലത്തിന് ഒരുപാട് പ്രത്യേകതകളുണ്ട്. ചെമ്മീന്‍കെട്ടുകളും മീന്‍പിടിത്തവുമൊക്കെയായി കൊച്ചിയില്‍ രാത്രികളിലും തെളിഞ്ഞുനില്‍ക്കുന്ന ദ്വീപ്. തെക്ക് - ആലപ്പുഴ ജില്ലയിലെ എഴുപുന്ന, അരൂര്‍ പഞ്ചായത്തുകള്‍, വടക്ക് - കൊച്ചി പെരുമ്പടപ്പ് പടിഞ്ഞാറ്  തീരദേശ ഗ്രാമമായ ചെല്ലാനം... കുമ്പളങ്ങിക്ക് അതിരുകളില്ല. അത് ഈ ലോകത്തേക്ക് തുറന്നിട്ടിരിക്കുകയാണ്..ഭാഷയോ, വേഷമോ ഒന്നും പരിഗണനയിലില്ലാത്ത ഗ്രാമം.അതുകൊണ്ടുകൂടിയാണ് കേരളത്തിലെ ആദ്യ മാതൃകാ ടൂറിസം ഗ്രാമമായി കുമ്പളങ്ങി അറിയപ്പെടുന്നത്. ആരേയും സ്വാഗതം ചെയ്യുന്ന അവിടേക്ക് തുറന്നിട്ടിരിക്കുന്ന ചീനവലകള്‍ക്കിടയിലൂടെ കയറിച്ചെന്ന് ആസ്വദിക്കേണ്ടതാണ് കുമ്പളങ്ങിയിലെ രാത്രികള്‍ അല്ലെങ്കില്‍ 'കുമ്പളങ്ങി നൈറ്റ്‌സ്'.പ്രകൃതിയുടെ മായകാഴ്ചകളില്‍ നിന്ന് നിത്യജീവിതത്തിന്റെ നേര്‍ക്കാഴ്ചകളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കുമ്പളങ്ങിയിലേക്ക് ക്ഷണിക്കുന്നത് സജിയുടെ (സൗബിന്‍)യും സഹോദരന്‍മാരുടെയും ജീവിതമാണ്.

ശ്യാം പുഷ്‌ക്കരന്‍, ദിലീഷ് പോത്തന്‍, ആഷിക് അബു എന്നിവരടങ്ങിയ സിനിമ കുടുംബത്തില്‍ നിന്ന് വരുന്ന ഓരോ സിനിമയ്ക്കും മനസിലൊരു പ്രതീക്ഷയുണ്ട്. നമുക്കിടയില്‍ സംഭവിക്കുന്നതോ അല്ലെങ്കില്‍ നമുക്ക് ചുറ്റുമുള്ള ആരുടെയോ ജീവിതങ്ങള്‍ നിറഞ്ഞൊരു സിനിമയായിരിക്കുമെന്ന്. വളരെ പരിചിതമായതും എന്നാല്‍ സൂക്ഷ്മമായി ശ്രദ്ധിക്കാത്ത സംഭവങ്ങളോ ആയിരിക്കും ശ്യാം പുഷ്‌ക്കരന്‍ എന്ന എഴുത്തുകാരന്‍ നമുക്ക് മുന്നില്‍ കൊണ്ടുവരിക. അവരുടെ കൂട്ടത്തില്‍ നിന്നും ഒരു സംവിധായകന്‍ കൂടി ഉദിക്കുമ്പോള്‍ ആ പ്രതീക്ഷകള്‍ക്ക് നിറം കൂടുകയാണ്. ആഷിക് അബുവിനും ദിലീഷ് പോത്തനുമെല്ലാം ഒപ്പം 10 വര്‍ഷത്തോളം സിനിമയില്‍ അണിയറയിലുണ്ടായിരുന്ന മധു സി നാരായണന്‍ ഒറ്റ വര്‍ക്കുകൊണ്ട് അവര്‍ക്കൊപ്പം ഇനി സിനിമ ആസ്വാദകരുടെ ഓര്‍മ്മയില്‍വരും.

ഇഷ്ടികവച്ച് പണിത,തേക്കാത്ത, സാരികൊണ്ട് മച്ചും ജനാലകളും തീര്‍ത്ത, വാതിലുകളില്ലാത്ത വീട്ടില്‍ കഴിയുന്ന ബോബി (ഷെയ്ന്‍ ), സജി (സൗബിന്‍ ), ബോണി (ശ്രീനാഥ് ), ഫ്രാങ്കി (മാത്യൂ തോമസ്)  എന്നീ നാല് സഹോദരന്മാരുടെ ജീവിതത്തിലൂടെയാണ് കുമ്പളങ്ങി നൈറ്റ്‌സ് കഥ പറഞ്ഞു പോകുന്നത്. എന്താണ് 'കുമ്പളങ്ങി നൈറ്റ്‌സ്' എന്ന് അവരുടെ വീട് കണ്ടാല്‍ അറിയാം. തടസ്സമില്ലാതെ കെട്ടിടത്തില്‍ വളരുന്ന ചെടികള്‍, പൂച്ചയ്ക്കും പൂക്കള്‍ക്കും സ്വാതന്ത്ര്യമുള്ള വീട്.

ബോബിയുടെ പ്രണയം അവരുടെ ജീവിതത്തിലെ പ്രധാനപ്പെട്ട വിഷയമായി മാറുന്നതോടെയാണ് 'കുമ്പളങ്ങി നൈറ്റ്‌സ്' അതിന്റെ ആഴത്തിലേക്ക് എത്തുന്നത്. അതിരുകളും വാതിലുകളും തടസമാകാത്ത കുമ്പളങ്ങിയില്‍ ബോബിയുടെ കാമുകി ബേബിയുടെ (അന്ന ബെന്‍) സഹോദരിയുടെ ഭര്‍ത്താവ് ഷിമ്മിയും (ഫഹദും) കഥയുടെ കൂടെക്കൂടുന്നതോടെ പ്രണയത്തിന് വെല്ലുവിളി ആകുകയാണ്.അധികാരം സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്ന സൈക്കോയായും, അപരിചിതമായ ഭാവങ്ങളിലൂടെയും ഫഹദ് ദുരൂഹതനിറഞ്ഞ സ്വഭാവം പ്രകടിപ്പിക്കും. ഒരുതരം സാഡിസ്‌റ്റാണെന്നൊക്കെ തോന്നിപ്പിക്കും. ആര്‍ക്കും പിടിതരാത്ത വെറുപ്പിക്കുന്ന ഷമ്മി ഒടുവില്‍ ബോബിയുടെയും ബേബിയുടെയും പ്രണയത്തിന് എല്ലാവിധത്തിലും എതിരാകുന്നതോടെ കുമ്പളങ്ങിയിലെ രാത്രികള്‍ മാറിത്തുടങ്ങുകയാണ്. ആണധികാരം ഉറപ്പിക്കാൻ ഭാര്യവീട്ടിൽ തീൻമേശയിലെ പ്രധാന ഇരിപ്പിടംവരെ കയ്യടക്കുന്ന ഷമ്മി ജീവിതത്തിൽ കണ്ടുപരിചയമുള്ള പലരേയും ഓർമ്മപ്പെടുത്തും.

ആണും പെണ്ണും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ബോബിയുടെ ധാരണകള്‍ തിരുത്തുന്നത് സ്‌കൂളില്‍ വച്ച് പ്രേമലേഖനം തരാനെത്തിയ ബേബിയുമായി വീണ്ടും അടുക്കുമ്പോഴാണ്. ഇരുവരുടെയും പ്രണയം എങ്ങനെ കുമ്പളങ്ങിക്കാരുടെ രീതിയില്‍ 'സീന്‍ ഡാര്‍ക്ക്' ആകാതെ സോള്‍വാക്കുന്നു എന്നതാണ് ആ രാത്രിയെ പ്രകാശമുള്ളതാക്കുന്നത്‌. സ്‌നേഹം ഉള്ളിലുള്ള ബന്ധങ്ങള്‍ക്ക് യാതൊന്നും ഒരു വെല്ലുവിളിയല്ല എന്ന സന്ദേശവും സിനിമ നല്‍കുന്നുണ്ട്. മനോഹരമായ സിനിമ എന്നതിനൊപ്പം കൃത്യമായ രാഷ്‌ട്രീയവും കുമ്പളങ്ങി മുന്നോട്ടുവയ്‌ക്കുന്നുണ്ട്‌.  ലോകത്തെവിടെയും ബന്ധങ്ങൾക്ക്‌ അതിരുകളില്ല എന്നതുതന്നെ. തമിഴ്‌നാട്ടുകാരന്റെ വിധവയെ സ്വന്തം വീട്ടിലെ അംഗമായി കാണാനും, വിദേശിയായ വനിതയെ പ്രണയിക്കാൻ ബോണിക്കും, ഇഷ്‌ടമുള്ള വിശ്വാസത്തിന്റെ പുറത്ത്‌ ജീവിക്കുന്ന അമ്മയെ സ്‌നേഹത്തോടെ കാണാനും കുമ്പളങ്ങി ബ്രദേഴ്‌സിന്‌ കഴിയന്നത്‌ അതുകൊണ്ടാണ്‌.

കഥാപാത്രങ്ങളുടെ സ്വഭാവം നരേഷനിലൂടെയോ ആക്ടിവിറ്റീസിലൂടെയോ അല്ലാതെ അഭിനയത്തിലൂടെ പ്രതിഫലിപ്പിക്കുന്ന മലയാള സിനിമകള്‍ അപൂര്‍വ്വമാണ്. സൂക്ഷ്മമായ അഭിനയത്തിന് പ്രാധാന്യം നല്‍കിയപ്പോള്‍ പ്രേക്ഷകന് സിനിമയിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലാനുള്ള സ്വാതന്ത്ര്യം കിട്ടുകയാണ്. ഒരാളുടെ മാത്രം അഭിനയത്തെപ്പറ്റി പറഞ്ഞുപോകാവുന്നതല്ല കുമ്പളങ്ങി. റിയലിസ്‌റ്റിക്‌ സിനിമകൾ പരിചയമുള്ള, വഴക്കമുള്ള ഫഹദ്‌ മുതൽ പുതുമുഖങ്ങൾവരെ ആര്‌ ആരേക്കാൾ സുക്ഷ്‌മമായി അഭിനയിക്കുന്നു എന്ന സംശയമാണ്‌ ഇപ്പോഴും.

വിനോദസഞ്ചാരിയായി വരുന്ന വിദേശ വനിതയ്ക്കും, മെയില്‍ ഷാവുനിസ്റ്റായ ഭര്‍ത്താവിനെ പരമാവധി അഡ്ജസ്റ്റ് ചെയ്യുന്ന ഭാര്യക്കും, ആവശ്യത്തിലധികം ബഹുമാനം കൊടുത്തിട്ടും ആണധികാരം പ്രകടിപ്പിക്കാന്‍ വരുന്ന സഹോദരി ഭര്‍ത്താവ് ഷിമ്മിയോട് കലഹിക്കുന്ന ബേബിക്കും അടക്കം സ്ത്രീ കഥാപാത്രങ്ങളെ ശക്തരായി അവതരിപ്പിച്ച ശ്യാം പുഷ്‌ക്കരന് പ്രത്യേകം കയ്യടി. 'കിസ്സടിക്കാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ലടാ, എനിക്ക് വിറവല്‌ വരും', 'ക്രിസ്ത്യനി ആണെങ്കിലെന്താ യേശു നമുക്ക് അറിയാത്ത ആളൊന്നുമല്ലല്ലോ', 'എടീ പോടീന്നൊന്നും വിളിക്കരുത്', 'ഏത്‌ ടെപ്പ്‌ ഏട്ടനാണെങ്കിലും മാന്യമായിട്ട്‌ സംസാരിക്കണം'.. അങ്ങനെ കുമ്പളങ്ങി സ്ലാങ്ങില്‍ ബേബി പറയുന്ന ചില ഡയലോഗുകളുണ്ട്. വ്യക്തിത്വമുള്ള മനുഷ്യന്മാര്‍ പറയുന്നത് മനസില്‍ തങ്ങിനില്‍ക്കും.മത്സ്യബന്ധനം പ്രധാന വരുമാന മാര്‍ഗമായിരുന്ന കുമ്പളങ്ങി നിവാസികള്‍ക്ക് ഇന്ന് ടൂറിസവും ഒരു പ്രധാന വരുമാന സ്രോതസ്സാണ്. ഹോം സ്റ്റേ എന്ന ആശയം കേരളത്തില്‍ ആദ്യം വ്യാപകമായി നടപ്പാക്കപ്പെട്ട സ്ഥലമാണ് കുമ്പളങ്ങി. കഥയ്ക്ക് ഒരു ബാക്ക്ഗ്രൗണ്ടായി മാത്രം ആ ദ്വീപിനെ ചേര്‍ത്തതാണെങ്കിലും റിയലിസ്റ്റിക്കായി അവിടത്തെ ജീവിതം കഥാപാത്രങ്ങളുടെ സ്വഭാവത്തിലേക്ക് അതുപോലെ പകര്‍ത്തിയിട്ടുണ്ട് ശ്യം പുഷ്‌ക്കരന്‍.

പച്ച തുരുത്തുകളും, രാത്രിയില്‍ ഓളം വെട്ടുന്ന കായലും, വള്ളങ്ങളുമെല്ലാം അപാര ദൃശ്യഭംഗിയില്‍ പകര്‍ത്തിയിട്ടുണ്ട് ഛായാഗ്രഹകന്‍ ഷൈജു ഖാലിദ്. സൈജു ശ്രീധരന്റെ എഡിറ്റിങ്ങ് കായലിന്റെ ഓളംപോലെ ഒഴുകുന്നു. സുഷിന്‍ ശ്യാമിന്റെ സംഗീതം സിനിമയെ കൂടുതല്‍ ഇമ്പമുള്ളതാക്കുന്നു.

പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച കുമ്പളങ്ങിയിലെ പ്രഭാതങ്ങളും സായന്തന ദൃശ്യങ്ങളുമൊക്കെ സജിയുടെ വാതിലില്ലാത്ത വീടിന്റെ ഉമ്മറത്തിരുന്ന്തന്നെ കാണണം... കുമ്പളങ്ങിയിലെ ഒരു രാത്രിയെങ്കിലും.....

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top