19 August Monday

നൂറടിച്ച്‌ കുമ്പളങ്ങി നൈറ്റ്‌സ്‌; ആഘോഷമാക്കി താരങ്ങൾ

വെബ് ഡെസ്‌ക്‌Updated: Saturday May 18, 2019

കൊച്ചി > അച്ചടി ഭാഷ സംസാരിക്കാത്തവർക്കും ഫ്യൂഡൽ ചിഹ്നങ്ങളും സവർണ്ണ മുഖങ്ങളും ഇല്ലാത്തവർക്കും ജീവിതവും കഥയും ഉണ്ടെന്ന് കാണിച്ച് തന്ന കുമ്പളങ്ങി നൈറ്റ്സ് നൂറ്‌ ദിവസം പിന്നിട്ടു. വർണ്ണങ്ങൾ ഹൃദയത്തിലേക്ക് ഒലിച്ചിറങ്ങുന്ന മായികത അവശേഷിപ്പിക്കുന്ന ദൃശ്യ ഭംഗിയുമായി തീയറ്ററുകളിൽ കുമ്പളങ്ങി ഓടാൻ തുടങ്ങിയിട്ട്‌ വെള്ളിയാഴ്‌ചയാണ്‌ 100 ദിവസം പിന്നിട്ടത്‌. കൊച്ചി ഐഎംഎ ഹാളിലായിരുന്നു നൂറാംദിനാഘോഷം.

മികച്ച ടെക്‌നീഷ്യൻമാരെയും അഭിനേതാക്കളേയും ലഭിച്ചതാണ്‌ സിനിമയുടെ വിജയത്തിന്‌ പിന്നിലെന്ന്‌ സംവിധായകൻ മധു സി നാരായണൻ പറഞ്ഞു. ഇനിയും നല്ല സിനിമകൾ സംഘത്തിൽനിന്ന്‌ ഉണ്ടാകും. ദിലീഷ്‌ പോത്തൻ, ആഷിഖ്‌ അബു, ശ്യം പുഷ്‌ക്കരൻ എന്നിവരുടെ പിന്തുണയും ഈ നേട്ടത്തിന്‌ പിന്നിലുണ്ട്‌ ‐ മധു പറഞ്ഞു.

ഫഹദ് ഫാസില്‍, ഷൈയ്ന്‍ നിഗം, ശ്യാം പുഷ്‌ക്കരൻ, അന്ന ബെൻ, സൗബിന്‍ ഷാഹിര്‍, ഗ്രേയ്‌സ്‌ ആന്റണി, റിമ കല്ലിങ്കൽ, ആഷിക്‌ അബു, ഉണ്ണിമായ, നസ്രിയ നസിം, സുഷിന്‍ ശ്യാം തുടങ്ങിയവർ പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top