16 July Tuesday

'കോട്ടയം കുഞ്ഞച്ചൻ 2' വരും; മിഥുൻ മാനുവൽ ചതിച്ചില്ലാശാനേ...

വെബ് ഡെസ്‌ക്‌Updated: Tuesday Feb 19, 2019

കാല്‍നൂറ്റാണ്ടിനു മുമ്പ്‌ ക്ലാസും മാസും ഒരുപോലെ കൂട്ടിയിണക്കി തരംഗമായ കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന്‌ ഉറപ്പുനൽകി സംവിധായകൻ മിഥുൻ മാനുവൽ തോമസ്‌. ആട്, ആട്‌ 2, ആൻമരിയ കലിപ്പിലാണ്‌, അലമാര എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഏറക്കുറേ പൂര്‍ത്തിയായിട്ടുണ്ട്. ആടിന്റെ മൂന്നാം ഭാഗം പ്രഖ്യാപിച്ചതിനൊപ്പം മമ്മൂക്കയുടെ കോട്ടയം കുഞ്ഞച്ചന് രണ്ടാം ഭാഗം വരുമെന്നും സംവിധായകന്‍ അറിയിച്ചിരുന്നു.

ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടുകൊണ്ടായിരുന്നു മിഥുന്‍ ഇക്കാര്യം അറിയിച്ചിരുന്നത്. എന്നാല്‍ സിനിമയെക്കുറിച്ചുളള വിവരങ്ങളൊന്നും അധികമായി സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നില്ല. അടുത്തിടെ നടന്ന സിപിസി ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ കോട്ടയം കുഞ്ഞച്ചനെക്കുറിച്ച് ചോദിച്ച ആരാധകരോട്‌ സിനിമ ഉണ്ടാകുമെന്ന്‌ മിഥുൻ ഉറപ്പുനൽകി.

മമ്മൂട്ടിയെ നായകനാക്കി ടിഎസ് സുരേഷ് ബാബു സംവിധാനം ചെയ്ത സിനിമയായിരുന്നു കോട്ടയം കുഞ്ഞച്ചന്‍. 1990കളില്‍ പുറത്തിറങ്ങിയ സിനിമ തിയ്യേറ്ററുകളില്‍ വലിയ ഹിറ്റായി മാറുകയും ചെയ്തിരുന്നു, കോട്ടയം കുഞ്ഞച്ചനായുളള മമ്മൂട്ടിയുടെ പ്രകടനം എല്ലാവരും നെഞ്ചിലേറ്റിയിരുന്നു. ഇപ്പോഴും ടെലിവിഷന്‍ ചാനലുകളില്‍ വന്നാല്‍ മികച്ച സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിക്കാറുളളത്. മുട്ടത്തുവര്‍ക്കിയുടെ കഥയില്‍ ഡെനീസ് ജോസഫായിരുന്നു സിനിമയ്ക്ക് തിരക്കഥയൊരുക്കിയിരുന്നത്.

ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മിക്കുന്ന ചിത്രം 2019 അവസാനത്തോടെ മാത്രമേ ഷൂട്ടിംഗ് ആരംഭിക്കുകയുള്ളൂ.
 


പ്രധാന വാർത്തകൾ
 Top