27 May Wednesday

ഹോളിവുഡിന്റെ സ്പാര്‍ട്ടക്കസ് പടിയിറങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Feb 7, 2020

ഹോളിവുഡിന്റെ സുവര്‍ണകാലഘട്ടത്തിന്റെ പ്രതിനിധിയായി അവശേഷിച്ച ഏകതാരവും പടിയിറങ്ങി. അമ്പതുകളിലും അറുപതുകളിലും ഹോളിവുഡിനെ അടക്കിഭരിച്ച താരം കിര്‍ക് ഡഗ്ലസ് 103–--ാംവയസ്സില്‍ വിടവാങ്ങി. ബലിഷ്ഠഭാവം പ്രസരിക്കുന്ന ഉടലും പരുക്കന്‍ സൗന്ദര്യവും ക്രിക് ഡഗ്ലസിനെ അമേരിക്കന്‍ പുരുഷകാമനകളുടെ പ്രതീകമായി മാറ്റി. ലസ്റ്റ് ഓഫ് ലൈഫ്(1956), സ്പാര്‍ട്ടക്കസ്(1960), പാത്സ് ഓഫ് ഗ്ലോറി(1957) എന്നീ ഹോളിവുഡ് ഇതിഹാസഗാഥകള്‍ ക്രിക്കിനെ നൂറ്റാണ്ടിന്റെ താരമാക്കി. ഏഴുപതുവര്‍ഷം നീണ്ട കരിയറില്‍ നൂറോളം കഥാപാത്രങ്ങള്‍. യുദ്ധവീരന്മാരായ കഥാപാത്രങ്ങളായാണ് കരിയറിന്റെ ആദ്യഘട്ടത്തില്‍ അമേരിക്കന്‍ ഹൃദയങ്ങളില്‍ ഇടംപിടിച്ചത്. എന്നാല്‍, എൺപതുകളോടെ കുടുംബചിത്രങ്ങളിലെ നായകനായി. മൂന്നു തവണ ഓസ്‌കര്‍ നാമനിര്‍ദേശം ലഭിച്ചെങ്കിലും ഒറ്റത്തവണപോലും മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചില്ല. 1996ല്‍ സമഗ്രസംഭാവനയ്ക്കുള്ള ഓസ്‌കര്‍ നല്‍കി ആദരിച്ചു.

റഷ്യന്‍ ജൂത കുടിയേറ്റ കുടുംബാംഗമായ ക്രിക്, നാടകങ്ങളിലൂടെയാണ് ചലച്ചിത്രത്തിലേക്ക് ചുവടുവച്ചത്. രണ്ടാംലോകയുദ്ധകാലത്ത് അമേരിക്കന്‍ സേനയില്‍ സേവനം അനുഷ്ഠിച്ചു. യുദ്ധശേഷം അഭിനയരംഗത്ത് സജീവമായി. ബോക്‌സിങ് ചിത്രമായ ചാംപ്യന്‍(1949) സൂപ്പര്‍താരപദവിയിലേക്ക് ഉയര്‍ത്തി. പിന്നാലെ ചലച്ചിത്രനിര്‍മാണത്തിലേക്കും കടന്നു. ഹോളിവുഡ് സ്റ്റുഡിയോകളെ വെല്ലുവിളിച്ച് സ്വന്തം കരിയര്‍ സ്വന്തം നിര്‍മാണകമ്പനിയിലൂടെ മുന്നോട്ടുകൊണ്ടുപോയ താരം സ്റ്റാന്‍ലി ക്രുബ്രികിന്റെ ആദ്യകാല ചിത്രങ്ങളിലെ സജീവസാന്നിധ്യമായി. 1996ല്‍ പക്ഷാഘാതത്തെ അതിജീവിച്ചശേഷവും സിനിമയില്‍ തുടര്‍ന്നു. 2004ല്‍ പുറത്തിറങ്ങിയ ഇല്യൂഷന്‍ ആണ് അവസാനം അഭിനയിച്ച ചിത്രം. പതിനൊന്ന് പുസ്തകങ്ങളുടെ രചയിതാവാണ്.

മകനും ഓസ്‌കര്‍ ജേതാവും നടനുമായ മൈക്കല്‍ ഡഗ്ലസാണ് ഫെയ്‌സ്ബുക്കിലൂടെ മരണവിവരം പുറത്തുവിട്ടത്. പിന്നാലെ ഹോളിവുഡിലെ പ്രമുഖരുടെ അനുശോചന പ്രവാഹമുണ്ടായി. മൈക്കല്‍ ഡഗ്ലസിന്റെ മുന്‍ഭാര്യയും സൂപ്പര്‍താരവുമായ കാതറിന്‍ സ്വീറ്റ ജോണ്‍ ആദരാഞ്ജലി അര്‍പ്പിച്ചു. നിത്യജീവിതത്തിലും താരപരിവേഷം നിലനിര്‍ത്തിയാണ് അദ്ദേഹം മടങ്ങിയതെന്ന് വിഖ്യാതസംവിധായകന്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗ് കുറിച്ചു.


പ്രധാന വാർത്തകൾ
 Top