18 September Wednesday

സംഗീതസംവിധായകൻ മുഹമ്മദ്‌ സഹൂർ ഖയ്യാം വിടവാങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2019

മുംബൈ
പ്രശസ്‌ത ബോളിവുഡ്‌ സംഗീതസംവിധായകൻ മുഹമ്മദ്‌ സഹൂർ ഖയ്യാം അന്തരിച്ചു. 92 വയസ്സായിരുന്നു. ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന്‌ ചികിത്സയിലിരിക്കെ ഹൃദയാഘാതംമൂലം മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്‌ച രാത്രി 9.30ഓടെയായിരുന്നു അന്ത്യം. പത്മഭൂഷണും (2011) മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്‌കാരവും (1982) സംഗീത നാടക അക്കാദമി പുരസ്‌കാരവും (2007)ഉൾപ്പെടെ നിരവധി പുരസ്‌കാരം നേടിയിട്ടുണ്ട്‌.
ആറു പതിറ്റാണ്ടു നീണ്ട സംഗീതജീവിതത്തിൽ നിരവധി പ്രശസ്‌ത ഗാനങ്ങൾക്ക്‌ ഖയ്യാം ഈണമിട്ടു. കഭീ... കഭീ...(ചിത്രം: കഭീ... കഭീ...), ദിൽ ചീസ്‌ ക്യാഹെ.., ഇൻ ആംഖോം കീ മസ്‌തീ... (ഉംറാവുജാൻ) മൊഹബ്ബത്ത്‌ ബഡേ കാം കീ(തൃശൂൽ) തുടങ്ങി എക്കാലത്തെയും ഹിറ്റ്‌ ഗാനങ്ങൾ ഇദ്ദേഹത്തിന്റെ സംഭാവനയാണ്‌. സഹീർ ലുധിയാൻവി എഴുതിയ കഭീ... കഭീ... ഇന്നും ഇന്ത്യക്കാരുടെ ചുണ്ടുകളിൽ നിലനിൽക്കുന്ന ഗാനമാണ്‌. ഹിന്ദുസ്ഥാനി സംഗീതത്തിൽ പാട്ടുകളൊരുക്കുമ്പോഴും ഗസലിന്റെ സ്‌പർശമുള്ളവയായിരുന്നു ഖയ്യാമിന്റെ മിക്ക പാട്ടും.
കിഷോർകുമാർ, ആശ ഭോസ്‌ലെ, ലത മങ്കേഷ്‌കർ, യേശുദാസ്‌ തുടങ്ങി ഒട്ടേറെപ്പേർ ഖയ്യാമിന്റെ സംഗീത സംവിധാനത്തിനു കീഴിൽ ഗാനങ്ങൾ ആലപിച്ചു.
17‐ാം വയസ്സിൽ ബാബാ ചിഷ്‌തിയുടെ സഹായിയായാണ്‌ സംഗീതസംവിധാനരംഗത്തേക്ക്‌  ഖയാം ചുവടുവച്ചത്‌. 1927ൽ പഞ്ചാബിൽ റാഹോണിലാണ്‌ ഖയ്യാം ജനിച്ചത്‌. പണ്ഡിറ്റ്‌ അമർനാഥിനു കീഴിലാണ്‌ സംഗീതം അഭ്യസിച്ചത്‌. നടനാകാൻ ആഗ്രഹിച്ച അദ്ദേഹം പിന്നീട്‌ സംഗീതത്തിലേക്ക്‌ തിരിയുകയായിരുന്നു. രണ്ടാംലോക മഹായുദ്ധകാലത്ത്‌ സൈനികസേവനവും അനുഷ്‌ഠിച്ചു. രാജ്യത്ത്‌ ഉയർന്നുവരുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിന്‌ ഖയ്യാം ജഗജീത്‌ കൗർ കെപിജി ചാരിറ്റബിൾ ട്രസ്‌റ്റ്‌ രൂപീകരിച്ച്‌ തന്റെ മുഴുവൻ സ്വത്തും കൈമാറാൻ ഇദ്ദേഹം തീരുമാനിച്ചിരുന്നു.
ഗായികയായിരുന്ന പരേതയായ ജഗജിത്‌ കൗറാണ്‌ ഭാര്യ. പരേതനായ നടൻ  പ്രദീപ്‌ ഖയ്യാമാണ്‌ മകൻ.


പ്രധാന വാർത്തകൾ
 Top