27 January Monday

കെഞ്ചിര അസ്വസ്ഥപ്പെടുത്തുന്ന വയനാടൻ കാഴ്‌ചകൾ

സി പ്രജോഷ്‌കുമാർ prajoshdbi@gmail.comUpdated: Sunday Dec 15, 2019
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിരണ്ട്‌ സംവത്സരം പിന്നിട്ടിട്ടും ആദിവാസി ജീവിതം നമുക്ക് കാഴ്‌ചയുടെ അപൂർവതയോ അറിവിലെ അജ്ഞതയോ ആണ്‌. അവരുടെ ജീവിതം പ്രമേയമാക്കി നിരവധി സിനിമകൾ ഉണ്ടായിട്ടുണ്ടെങ്കിലും മനോജ് കാനയുടെ ‘കെഞ്ചിര’ വേറിട്ടുനിൽക്കുന്നത് അത് പുലർത്തുന്ന സത്യസന്ധത കൊണ്ടാണ്. ഇവിടെ ആരും രക്ഷകനല്ല,  വേദന പകുത്തുനൽകി  സഹതാപം തേടുന്നില്ല. ഇതാ ഇവരിവിടെയുണ്ടെന്ന് പറഞ്ഞുവയ്‌ക്കുകയാണ്. നിങ്ങൾക്കു വേണമെങ്കിൽ അവർക്കൊപ്പം ചേരാം. ചേരാതിരിക്കാം. പക്ഷേ, അവരെയോർത്ത് അസ്വസ്ഥപ്പെടാതിരിക്കാനാകില്ല. കാരണം, നിങ്ങൾകൂടി ഉൾപ്പെട്ട സമൂഹമാണ് ഇവരോട് നിരന്തരം അനീതി കാട്ടുന്നതെന്ന് സിനിമ വിളിച്ചുപറയുന്നു. തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയിൽ നിറഞ്ഞ കൈയടിയോടെ സിനിമ സ്വീകരിക്കപ്പെട്ടതിനും കാരണം മറ്റൊന്നല്ല.  അഭിനേതാക്കളായും അണിയറ പ്രവർത്തകരായും പ്രവർത്തിച്ച വയനാട്ടിലെ ആദിവാസി സമൂഹം ആദ്യ പ്രദർശനം കാണാനെത്തിയിരുന്നു. തുടി കൊട്ടിയും താളം തുള്ളിയും പാട്ടുപാടിയും അവർ സിനിമയുടെ ആദ്യ കാഴ്‌ചയെ സമ്പന്നമാക്കി.
 
മനോജ് കാന

മനോജ് കാന

സിനിമയല്ല, ജീവിതം തന്നെയാണ് പങ്കുവയ്‌ക്കുന്നത് എന്ന സംവിധായകന്റെ ആമുഖക്കുറിപ്പ് അതിശയോക്തിയല്ല. വയനാട്ടിലെ ആദിവാസികൾ അവരുടെ ജീവിതം പകർത്തി എഴുതുകയാണ്.  നിങ്ങൾ കണ്ട കാഴ്‌ചകൾ എത്ര നിസ്സാരമെന്ന് പരിഹസിക്കുന്നു. ആദിവാസികൾക്കൊപ്പമുള്ള ദീർഘകാല സഹവാസം  മനോജ്‌ കാനയെ അവരിലൊരാളാക്കി മാറ്റിയിരിക്കുന്നു. അതിനാൽ സിനിമ ഇവിടെ അപരന്റെ ഏറ്റുപറച്ചിലല്ല, സ്വയം സാക്ഷ്യപ്പെടുത്തലുകളാണ്. ഏച്ചുകെട്ടലുകളില്ലാത്ത ആ ജീവിതങ്ങൾ നമ്മെ പൊള്ളിക്കുന്നു,  അസ്വസ്ഥപ്പെടുത്തുന്നു.
 
കെഞ്ചിര എന്ന ആദിവാസി ബാലിക ആദിവാസി സ്‌ത്രീ അടയാളമാണ്. അന്നവും അറിവും നിഷേധിക്കപ്പെടുന്ന അവൾ അനാഥമായ ഗർഭത്താൽ പൂരിപ്പിക്കപ്പെടുന്നു. ഗൗഡരുടെ തോട്ടത്തിൽ പത്രോസ് മുതലാളി അവളിൽ കാമം നിറയ്‌ക്കുമ്പോൾ അമ്മ നിസ്സഹായയായി മറഞ്ഞിരിക്കുന്നു. നിങ്ങൾ എന്തുകൊണ്ട് പ്രതിഷേധിച്ചില്ല എന്ന കോടതിമുറിയിൽ ഉയർന്നേക്കാവുന്ന ചോദ്യത്താൽ അവൾ ഉത്തേജിക്കപ്പെടുന്നില്ല. ‘നീയും കൂട്ടുനിന്നോ’ എന്ന ഭർത്താവ് തോലന്റെ കുറ്റപ്പെടുത്തലിനും അവൾക്ക് ഉത്തരമില്ല. അനുഭവത്തിന്റെ ഇരുട്ട് അവളുടെ പ്രതിഷേധങ്ങൾക്കുമുകളിൽ  പെരുകുന്നു.  
കോളനിയിലെ പുതിയ തലമുറയിൽ പ്രതിഷേധത്തിന്റെ അഗ്നിയുണ്ട്. അത് പത്രോസ് മുതലാളിയെ കോടതി കയറ്റുന്നു. എന്നാൽ, അയാൾക്ക് രക്ഷയ്‌ക്കുള്ള ഉത്തരവും നമ്മുടെ ജനാധിപത്യ സംവിധാനങ്ങൾ  ഒരുക്കിക്കൊടുക്കുന്നു. അവിഹിത ഗർഭത്തിന്റെ പാപഭാരം പേറുന്ന  (സത്യത്തിൽ അവളിൽ അങ്ങനെയൊരു പാപഭാരം സംവിധായകൻ അടിച്ചേൽപ്പിക്കുന്നില്ല. സ്വാഭാവികമായും ലാഘവത്തോടെയുമാണ് കോളനി അവളെ ഏറ്റെടുക്കുന്നത്. തന്തയാര് എന്ന ചോദ്യത്തിൽ മാത്രമാണ് അവൾ ചൂളിപ്പോകുന്നത് ) കണ്ണനെ ബാലവിവാഹത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യുന്നു. ഒടുവിൽ കണ്ണനെ മോചിപ്പിക്കാൻ പത്രോസ് മുതലാളിയെത്തന്നെ അഭയം തേടേണ്ടിവരുന്നു. 
 
ഭൂമി ആരുടേത് എന്ന അടിസ്ഥാന പ്രശ്നംതന്നെയാണ് സിനിമ ഉയർത്തുന്ന പ്രധാന ചോദ്യം. റിസോർട്ട് മുതലാളിത്തം അവരെ മണ്ണിൽനിന്ന്‌ അവരുടെ ദൈവത്തെക്കൊണ്ടുതന്നെ കുടിയിറക്കുന്നു. അതിന്‌ ജന്മിക്ക് ഒരു കുപ്പി മദ്യമേ വേണ്ടിവന്നുള്ളൂ. കൂരകൾക്ക് തീകൊളുത്തി കാട്ടിൽ പുതിയ ആവാസവ്യവസ്ഥ രൂപപ്പെടുത്താനുള്ള ശ്രമങ്ങൾ തകർക്കപ്പെടുന്നു. ഒടുവിൽ കെഞ്ചിരയും മകനും കണ്ണനും പുതിയ ഭൂമി തേടി യാത്രപുറപ്പെടുന്നു. അന്നം കിട്ടുന്ന, അറിവിന്റെ വെളിച്ചം നിറയുന്ന ആ മണ്ണ് തേടി. ഇനിയും പിറക്കാത്ത ആ വാഗ്ദത്ത ഭൂമി അവരുടെ സ്വപ്‌നം മാത്രമായി അവശേഷിക്കുന്നിടത്തോളം കെഞ്ചിരയുടെ ചരിത്രം ആവർത്തിക്കപ്പെടുന്നു. ഊരും പേരും മാറി അത് കലാതിവർത്തിയാകുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top