കായംകുളം കൊച്ചുണ്ണിയെക്കുറിച്ച് ഒരു രഹസ്യമുണ്ട് അത് കേരളം അറിയേണ്ടതാണ്. ഐതിഹ്യമാലയിലെ കൊച്ചുണ്ണി വീണ്ടും സിനിമയാക്കാനുള്ള പ്രേരണയും അതുതന്നെയാണ്‐ പറയുന്നത് സംവിധായകൻ റോഷൻ ആൻഡ്രൂസ്. കൊച്ചുണ്ണിയെക്കുറിച്ചുള്ള ആ രഹസ്യം അറിയാൻ ഓണക്കാലംവരെ കാത്തിരിക്കാം. നിവിൻ പോളിയെ നായകനാക്കി ഗോകുലം ഗോപാലൻ നിർമിക്കുന്ന ബ്രഹ്മാണ്ഡചിത്രം കായംകുളം കൊച്ചുണ്ണി ഓണത്തിന് റിലീസ് ചെയ്യും. ചിത്രത്തിനായി 45 കോടിയിലേറെ ചെലവിട്ടെന്നാണ് റിപ്പോർട്ട്. 1800കളിലെ കേരളീയപശ്ചാത്തലത്തിൽ കൂറ്റൻ സെറ്റുകൾ ഒരുക്കി 161 ദിവസങ്ങളിലായി ചിത്രീകരിച്ച സിനിമയിൽ പതിനായിരത്തിലേറെ ജൂനിയർ ആർട്ടിസ്റ്റുകൾ പങ്കാളികളായി.
ധനികരെ കൊള്ളയടിച്ച് പാവങ്ങൾക്ക് നൽകുന്ന നല്ലവനായ കള്ളൻ കൊച്ചുണ്ണിയെക്കുറിച്ച് കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ വിവരണങ്ങളെ അടിസ്ഥാനമാക്കി ദീർഘമായ ഗവേഷണത്തിന്റെ പിൻബബലത്തിൽ ബോബിയും സഞ്ജയും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. നിവിൻ പോളിയും മറ്റ് അഭിനേതാക്കളും മാസങ്ങളോളം കളരിപ്പയറ്റ് പരിശീലിച്ചു. അമല പോളിനെയാണ് നായികയായി നിശ്ചയിച്ചതെങ്കിലും തിരക്കുമൂലം ഒഴിവായി. എസ്രയിലൂടെ മലയാളത്തിൽ അരങ്ങേറിയ പ്രിയ ആനന്ദ് ജാനകി എന്ന നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇത്തിക്കര പക്കി എന്ന കഥാപാത്രമായി അതിഥിവേഷത്തിൽ മോഹൻലാൽ എത്തുന്നു. ബാബു ആന്റണി, സണ്ണി വെയ്ൻ, സുധീർ കരമന, മണികണ്ഠൻ തുടങ്ങിയ താരനിരയ്ക്ക് ഒപ്പം വിദേശതാരങ്ങളും വേഷമിടുന്നു. കായംകുളം കൊച്ചുണ്ണിയായി സത്യൻ വേഷമിട്ട ചിത്രം 1966ൽ റിലീസ് ചെയ്തിരുന്നു. കൊച്ചുണ്ണി കേന്ദ്രകഥാപാത്രമായി നിരവധി സീരിയലുകളും ഇറങ്ങിയിട്ടുണ്ട്.