15 October Tuesday

​ഗ്ലാമർ മടുത്തു; മാറണം...

വെബ് ഡെസ്‌ക്‌Updated: Friday May 31, 2019

ബോളിവുഡിലെ വമ്പൻ സംവിധായകർ സ്ത്രീകേന്ദ്രീകൃത സിനിമകളൊരുക്കാൻ താൽപ്പര്യം പ്രകടിപ്പിക്കേണ്ടതുണ്ടെന്ന് ബോളിവുഡ് താരറാണി കത്രീന കൈഫ്. വിജയ സിനിമകളുടെ സ്ഥിരം ചേരുവയായി മാറിയ ​ഗ്ലാമർ കഥാപാത്രങ്ങൾ മാത്രം തന്നെ തേടിവരുന്ന സാഹചര്യം തനിക്ക് നേരിടേണ്ടിവന്നിട്ടുണ്ടെന്നും അവർ പറഞ്ഞു. അഭിനേത്രി എന്ന നിലയിൽ വെല്ലുവിളി ഉയർത്തുന്ന കഥാപാത്രങ്ങൾ തേടിവരാത്ത സാഹചര്യം ഉണ്ടായിരുന്നു. ​ഗ്ലാമറിനും സ്റ്റൈലിനും മാത്രമായി കുറെ വേഷം ചെയ്തു. മടുത്തപ്പോൾ മാറ്റത്തിനുവേണ്ടി ആ​ഗ്രഹിച്ചു. വ്യത്യസ്തമായ വേഷങ്ങൾ മാത്രമേ സ്വീകരിക്കു എന്ന നിലപാടെടുത്തു. ചില സംവിധായകർ മാത്രമാണ് അതിനോട് അനുകൂലമായി പ്രതികരിച്ച് വെല്ലുവിളി ഉയർത്തുന്ന വേഷങ്ങൾ എനിക്ക് സമ്മാനിച്ചത്-. കച്ചവടപ്രാധാന്യമുളള ചിത്രങ്ങൾക്ക് ഒപ്പം അഭിനയപ്രാധാന്യമുള്ള സിനിമകളും ഒരുപോലെ ചെയ്യാനാണ് താൽപ്പര്യം. രാജ്നീതി പോലുള്ള ചിത്രവും തീസ് മാർഖാൻ പോലുള്ള തട്ടുപൊളിപ്പൻ കച്ചവട സിനിമയും ഒരേ വർഷത്തിലാണ് ഇറങ്ങിയത്.- പിടിഐയ‌്ക്ക് അനുവദിച്ച അഭിമുഖത്തിൽ കത്രീന കൈഫ് പറഞ്ഞു. 

മുപ്പത്തഞ്ചുകാരിയായ താരം 16 വർഷമായി ബോളിവുഡിന്റെ ഭാ​ഗമാണ്. കൂടുതൽ സ്ത്രീകൾ ബോളിവുഡിലെ മുഖ്യധാരയുടെ ഭാ​ഗമായാൽ മാത്രമേ സ്ത്രീകേന്ദ്രീകൃതമായ മികച്ച സിനിമകൾ സൃഷ്ടിക്കപ്പെടുകയുള്ളൂ എന്നാണ് കത്രീനയുടെ പക്ഷം. അലി അബ്ബാസ് സഫർ സംവിധാനം ചെയ്ത് സൽമാൻ പ്രധാനവേഷത്തിൽ എത്തുന്ന ഭാരത് ആണ് ഉടൻ കത്രീനയുടേതായി റിലീസ് ചെയ്യുന്നചിത്രം. ഭാരതിലേക്ക് ആദ്യം പ്രിയങ്ക ചോപ്രയെയാണ് തെരഞ്ഞെടുത്തിരുന്നത്. ഹോളിവുഡ് സിനിമ തിരക്കുകൾ കാരണം പ്രിയങ്ക ഭാരതിൽനിന്ന് അവസാന നിമിഷം പിൻവാങ്ങുകയായിരുന്നു.

പൗരാണികപശ്ചാത്തലത്തിൽ ഒരുക്കിയ ബ്രഹ്മാണ്ഡചിത്രത്തിലേക്ക് ഷൂട്ടിങ് ആരംഭിക്കുന്നതിന് ദിവസങ്ങൾ മുമ്പ് മാത്രമാണ് ഞാൻ എത്തിയത‌്. അഭിനേതാവ് എന്ന നിലയിൽ എനിക്ക് വളരെയേറെ കാര്യങ്ങൾ ചെയ്യാനുള്ള കഥാപാത്രമായിരുന്നു ചിത്രത്തിലേത്. ഒരു വെല്ലുവിളിപോലെയാണ് കഥാപാത്രത്തെ ഏറ്റെടുത്തത് ‐ കത്രീന പറഞ്ഞു.

അച്ഛൻ കശ്മീരിവംശജനാണെങ്കിലും കത്രീന പഠിച്ചതും വളർന്നതും ബ്രിട്ടണിലാണ്. ബ്രിട്ടീഷ് പൗരത്വമുള്ള നടി, ഫാഷൻ രം​ഗത്തുനിന്നാണ് സിനിമയിലെത്തുന്നത്. മൈനേ പ്യാർ ക്യോം കിയ, നമസ്തേ ലണ്ടൻ തുടങ്ങിയ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ന്യൂയോർക്ക്, സിന്ധ​ഗി നാ മിലേ​ഗി ദൊബാര, രാജ്നീതി, മേരെ ബ്രദർ കി ദുൽഹൻ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു.


പ്രധാന വാർത്തകൾ
 Top