28 May Thursday

പഴയ ചാപ്ലിൻസ്‌ പറയുന്നു; ‘കാര്യത്തിൽ ചില കളികൾ’

എം ശ്രീനേഷ്‌Updated: Tuesday Apr 7, 2020

പാലക്കാട്‌ > കോവിഡ്‌കാലത്തെ നേരംപോക്കിനായി കണ്ണൂർ ചാപ്ലിൻസ് ഇന്ത്യയിലെ മിമിക്രി കലാകാരന്മാർ ഒരുക്കിയ സ്‌കിറ്റ്‌ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ദുബായിലും ഷാർജയിലും കോഴിക്കോടും കണ്ണൂർ ജില്ലയിലെ പലസ്ഥലത്തുമായി വീടുകളിൽ കഴിയുന്ന കലാകാരൻമാരുടെ ചർച്ചയിൽ നിന്നുണ്ടായ സ്‌കിറ്റ്‌ കൊറോണ വൈറസ്‌ വ്യാപനത്തിനെതിരായ കരുതൽ കൂടിയാണ്‌. ‘കാര്യത്തിൽ ചില കളികൾ’ എന്ന പേരിലാണ്‌ നർമത്തിന്റെ മേമ്പൊടി ചാലിച്ച്‌ ഗൗരവമേറിയ വിഷയം അവതരിപ്പിച്ചത്‌.

1989 മുതൽ 2005വരെ സജീവമായിരുന്ന മിമിക്രി ട്രൂപ്പാണ്‌ ചാപ്ലിൻസ്‌ ഇന്ത്യ. പിന്നീട്‌ പലവഴിക്കായെങ്കിലും റിയൽ ചാപ്ലിൻസ്‌ എന്ന വാട്‌സാപ്‌ ഗ്രൂപ്പിൽ സജീവമാണ്‌ 10പേരും. ലോക്‌ഡൗൺ തുടങ്ങിയതോടെ തിരക്കുകൾ ഒഴിഞ്ഞ ഇവർ ഗ്രൂപ്പിലെ ചർച്ചയ്‌ക്കിടെയാണ്‌ കോഴിക്കോടുള്ള നൗഫൽ റഹ്‌മാൻ ആശയം അവതരിപ്പിച്ചത്‌. ഇരിട്ടി ഊവ്വാപ്പള്ളിയിലെ വീട്ടിലിരുന്ന്‌ ജോയ്‌ തോമസ്‌ തിരക്കഥയെഴുതി ഗ്രൂപ്പിലിട്ടു. ഓരോരുത്തരും എന്തുചെയ്യണമെന്ന നിർദേശവും നൽകി. മുതിർന്നവരുടെ നിർദേശങ്ങൾക്കനുസരിച്ച്‌ മൊബൈൽക്യാമറയിൽ രംഗങ്ങൾ പകർത്തിയത്‌ ഓരോരുത്തരുടെയും പത്തും പന്ത്രണ്ടും വയസുള്ള  മക്കളാണ്‌. സിനിമ നടൻ ശിവദാസ്‌ മട്ടന്നൂർ മട്ടന്നൂരിലെ വീട്ടിലും ഷാർജയിൽ നിന്ന്‌ കണ്ണൂർ മുണ്ടേരിമൊട്ട സ്വദേശി ഷൈജുവും ദുബായിൽ നിന്ന്‌ രാജീവ്‌ നമ്പ്യാരും ശശിധരൻ മട്ടന്നൂർ, ശാർങ്‌ധരൻ കൂത്തുപറമ്പ്‌, ബാബു വള്ളിത്തോട്‌, ജോയ്‌ തോമസ്‌ ഇരിട്ടി, ശ്രീജേഷ്‌ കണ്ണൂർ, നവീൻ പനങ്കാവ് എന്നിവർ വീട്ടിൽ നിന്നും റെക്കോർഡ്‌ ചെയ്‌ത വീഡിയോ വാട്‌സാപിൽ നൽകി.  നൗഫൽ റഹ്‌മാനാണ്‌ ഫോണിലെ ആപ് ഉപയോഗിച്ച്‌ ദൃശ്യങ്ങൾ ചേർത്തൊരുക്കി യുട്യൂബിലും ഫേസ്‌ബുക്കിലും പോസ്‌റ്റ്‌ ചെയ്‌തത്‌. സീറോ ബജറ്റിലും കാലികപ്രധാന്യമുള്ള ഹ്രസ്വചിത്രങ്ങൾ ഒരുക്കാമെന്ന്‌ തെളിയിക്കുകയാണ്‌ ഈ കലാസംഘം.

ഇങ്ങനെയൊരു പരീക്ഷണം ലോകത്തിൽ തന്നെ ആദ്യമാണെന്ന്‌ സംഘാംഗങ്ങൾ പറഞ്ഞു. രണ്ടാഴ്‌ച മുമ്പാണ്‌ ആദ്യഎപ്പിസോഡ്‌ പുറത്തിറങ്ങിയത്‌. മികച്ച പ്രതികരണം ലഭിച്ചതോടെ രണ്ടുദിവസം മുമ്പ്‌ രണ്ടാം എപ്പിസോഡും ഇറങ്ങി. നാടക–-ഹ്രസ്വചിത്രസംവിധായകനും സിനിമ കഥ രചയിതാവും കവിയും കൂടിയാണ്‌ ജോയ്‌ തോമസ്‌. സംഗതി കലാസ്വാദകർ ഏറ്റെടുത്തതോടെ ഈ പരമ്പര തുടരാനാണ് സംഘത്തിന്റെ തീരുമാനം. https://youtu.be/yt_J99LNhs8 എന്ന ലിങ്കിൽ കയറിയാൽ ചിത്രം കാണാം.


പ്രധാന വാർത്തകൾ
 Top