18 August Sunday

കാന്തൻ: നിറമില്ലാത്ത ജീവിതങ്ങൾ

ജസ‌്ന ജയരാജ‌്Updated: Thursday Feb 28, 2019


കാടും പുഴയും നെഞ്ച‌് പിളർന്ന‌്  മരിക്കുമ്പോൾ ഉള്ളുരുകിത്തീരുന്ന ഒരുപറ്റം മനുഷ്യർ. അരികുജീവിതങ്ങളിൽ നിറം നഷ്ടപ്പെടുന്നവർ. ‘കാന്തൻ ദി ലവർ ഓഫ‌് കളർ’ എന്ന സിനിമ പറഞ്ഞുവയ‌്ക്കുന്നതിതാണ‌്.  സംസ്ഥാന സർക്കാർ പുരസ‌്കാരം കാന്തൻ സ്വന്തമാക്കുമ്പോൾ ജീവിതഗന്ധിയായ സിനിമയ‌്ക്കുള്ള അംഗീകാരം കൂടിയാണിത‌്. തളിപ്പറമ്പ‌് കൂവേരി സ്വദേശിയായ ഷെരീഫ‌് ഈസയാണ‌്  സംവിധാനവും നിർമാണവും.

പൂർണമായും ഗോത്രവർഗഭാഷയായ റാവുളയിലാണ‌്  ചിത്രത്തിന്റെ  സംഭാഷണം. തിരുനെല്ലി നെങ്ങറ കോളനിയിലെ അടിയവിഭാഗത്തിൽപെട്ട മനുഷ്യരുടെ ജീവിതവും നിലനിൽപിനായുള്ള പോരാട്ടവുമാണ‌്  പ്രമേയം. കർഷകരായ അച്ഛനും അമ്മയും ആത്മഹത്യ ചെയ്യുന്നതോടെ അനാഥമാവുന്ന കാന്തൻ എന്ന ബാലനും   അവനെ എടുത്തുവളർത്തുന്ന ഇറ്റ്യാമ എന്ന മുത്തശ്ശിയുമാണ‌് കേന്ദ്രകഥാപാത്രങ്ങൾ.

പ്രകൃതിയൊരുക്കിയ വർണലോകത്തിന്റെ സൗന്ദര്യം മുഴുവൻ ഉള്ളിൽ പേറുന്ന കുഞ്ഞുമനസിൽ പ്രകൃതി നാശങ്ങൾ ഏൽപിക്കുന്ന ആഘാതങ്ങളും ആശങ്കകളുമാണ‌് ചിത്രം പറയുന്നത‌്.  ഇറ്റ്യാമയുടെ  കരുതലിൽ കാന്തൻ ആർജവമുള്ള ഒരു യുവാവായിട്ടും എന്നെന്നേക്കുമായി ഇല്ലാതായിപ്പോവുന്ന പ്രകൃതിയുടെ സ‌്ഫുരണങ്ങൾ അവന്റെ ഉള്ളുരുക്കമാവുകയാണ‌്.  ഗോത്രവർഗസംഗീതവും  അടിയ വിഭാഗത്തിന്റെ ആചാര അനുഷ‌്ഠാനങ്ങളും ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട‌്. 

കാന്തനായി  തളിപ്പറമ്പ‌്  നെല്ലിപ്പറമ്പ‌് കോ‌ളനിയിലെ  പ്രജിത്താണ‌് വേഷമിട്ടത്‌.   ഇറ്റ്യാമയായി ദയാബായിയും എത്തുന്നു. നെങ്ങറകോളനി  നിവാസികളും കഥാപാത്രങ്ങളായി സിനിമയിലുണ്ട‌്. സാങ്കേതികവും സാമ്പത്തികവുമായ പരിമിതികൾക്കുള്ളിൽനിന്ന‌് സാധാരണ മനുഷ്യർ മുന്നോട്ടു വയ‌്ക്കുന്ന ഹരിത രാഷ്ട്രീയമാണ‌് പറയാൻ ശ്രമിച്ചതെന്ന‌് സംവിധായകൻ ഷെരീഫ‌് ഈസ പറഞ്ഞു.  തിരക്കഥയും സംഭാഷണവും ഒരുക്കിയത‌് പ്രമോദ‌് കൂവേരിയാണ‌്.  റോളിങ‌്പിക‌്സ‌് എന്റെർടെയ‌്ൻമെന്റിന്റെ ബാനറിൽ  ഒരുക്കിയ ചിത്രത്തിന്റെ ചായാഗ്രാഹകൻ പ്രിയൻ. എഡിറ്റിങ‌്: പ്രശോഭ‌്, കലാസംവിധാനം: ഷെബി ഫിലിപ്പ‌്.


പ്രധാന വാർത്തകൾ
 Top