21 March Thursday

കങ്കണയുടെ സിനിമ; സംവിധാനം കങ്കണ

വെബ് ഡെസ്‌ക്‌Updated: Saturday Feb 16, 2019


ബോളിവുഡ‌് നടി കങ്കണ റണാവത്തിന്റെ ജീവചരിത്രം സിനിമയാകുന്നു. കങ്കണതന്നെയാണ‌് ചിത്രം സംവിധാനം ചെയ്യുന്നത‌്. ബാഹുബലിയുടെ തിരക്കഥാകൃത്തും പ്രശസ‌്ത സംവിധായകൻ രാജമൗലിയുടെ അച്ഛനുമായ ജി വി രാജേന്ദ്രപ്രസാദാണ‌് തിരക്കഥ. "സിനിമയുമായി ബന്ധമില്ലാതെ ഒരു കുടുംബത്തിൽനിന്നാണ‌് ഞാൻ വന്നത‌്. വിജയങ്ങളുടെ കൊടുമുടികൾ കീഴടക്കിയ ഒരു പെണ്‍കുട്ടിയുടെ കഥയായിരിക്കും അത്. എനിക്ക് ഗോഡ് ഫാദറില്ല.

എന്റെ ജീവിതത്തിന്റെ പച്ചയായ അവതരണമായിരിക്കും ചിത്രം'–- കങ്കണ പറഞ്ഞു. വിവാദങ്ങൾ സൃഷ്ടിക്കാനല്ല തന്റെ ചിത്രമെന്നും കങ്കണ പറഞ്ഞു. കങ്കണ ആദ്യമായി സംവിധാനം ചെയ‌്ത "മണികർണിക ദി ക്യൂൻ ഓഫ‌് ഝാൻസി കുറച്ച‌് ദിവസംമുമ്പ‌് പുറത്തിറങ്ങിയിരുന്നു. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് തിയറ്ററുകളില്‍നിന്ന‌് ലഭിച്ചത്. കങ്കണ തന്നെയാണ‌് മണികർണികയിലെ നായികയായി അഭിനയിച്ചത‌്. ചിത്രം ആദ്യം സംവിധാനം ചെയ‌്‌ത സംവിധായകൻ കങ്കണയോടുള്ള അഭിപ്രായ വ്യത്യാസത്തെതുടർന്ന‌് പിന്മാറിയപ്പോഴാണ‌് അവർ സംവിധാനം ഏറ്റെടുത്തത‌്. മണികര്‍ണിക ഇറങ്ങിയ സമയത്ത് തനിക്ക് ആരും പിന്തുണ നല്‍കിയില്ലെന്ന കങ്കണയുടെ പ്രസ‌്താവന വലിയ വിവാദവുമായിരുന്നു. രാജ്യംമുഴുവൻ ചർച്ച ചെയ്യുന്ന ഒരു സിനിമയെ സംബന്ധിച്ച് ബോളിവുഡ് മൗനം പാലിച്ചുവെന്നും അവർ ആരോപിച്ചു.

സിനിമാ സെറ്റുകളിൽ വച്ച് നിരവധി തവണ താൻ അധിക്ഷേപിക്കപ്പെട്ടു. എന്നാല്‍ അവ ലൈംഗികാതിക്രമം അല്ലാത്തതിനാല്‍ മീ ടൂവില്‍ വരില്ലെന്നും അവർ പറഞ്ഞു. കങ്കണയുടെ ഇത്തരം വാദങ്ങൾക്കെതിതെ രൂക്ഷ വിമര്‍ശവുമായി സംവിധായകയും തിരക്കഥാകൃത്തുമായ സോയ അക്തര്‍ രംഗത്തെത്തി.


പ്രധാന വാർത്തകൾ
 Top