16 September Monday

കമാലി ഓസ‌്കറിലേക്ക‌്

വെബ് ഡെസ്‌ക്‌Updated: Sunday May 12, 2019

 

മഹാബലിപുരത്തെ സ്‌കേറ്റിങ‌് റാംപില്‍ വെള്ള ഫ്രോക്ക് ധരിച്ച‌് പരിശീലിക്കുന്ന‌ കമാലി മൂർത്തിയെന്ന ഒമ്പത‌് വയസ്സുകാരി ഓസ‌്കറിലേക്ക‌്. പൊള്ളുന്ന ചൂടിനെ വകവയ‌്ക്കാതെ സ്‌കേറ്റിങ‌്‌ ബോർഡ‌് പരിശീലനം നടത്തുന്ന കമാലിയുടെ വീഡിയോയും വാർത്തയും കഴിഞ്ഞവർഷം വലിയ മാധ്യമശ്രദ്ധ നേടിയിരുന്നു. കമാലിയെയും അവളുടെ അമ്മയെയും മുത്തശ്ശിയെയും കഥാപാത്രമാക്കിയെടുത്ത  ഹ്രസ്വചിത്രമാണ‌് ഇപ്പോൾ വീണ്ടും വാർത്തയിൽ ഇടം നേടിയിരിക്കുന്നത‌്.

പുരുഷകേന്ദ്രീകൃതമായ സാമൂഹ്യവ്യവസ്ഥിതിയിൽനിന്ന‌്  കമാലിയെ രക്ഷപ്പെടുത്താനുള്ള അമ്മ സുഗന്ധിയുടെ പോരാട്ടമാണ‌് ചിത്രം. സമീപത്തെ ക്ഷേത്രങ്ങളില്‍ കുപ്പിവെള്ളം വിറ്റാണ‌് സുഗന്ധി ജീവിതച്ചെലവ് കണ്ടെത്തുന്നത‌്.

‘മൂന്നാമത്തെ വയസ്സ് മുതല്‍ കമാലി പതിവായി സ്‌കേറ്റിങ‌് പരിശീലിക്കുന്നുണ്ട്. ബംഗളൂരു ആസ്ഥാനമായ ഹോളിസ്‌റ്റോക്ഡ് നിര്‍മിച്ച, വീടിന് എതിർവശത്തെ  സ്‌കേറ്റിങ‌് പാര്‍ക്കിലായിരുന്നു പരിശീലനം. അന്ന് അവള്‍ക്കും സ്‌കേറ്റിങ‌്‌ ബോര്‍ഡിനും ഏതാണ്ട് ഒരേ ഉയരമായിരുന്നു’ ഓസ‌്കറിലേക്ക‌് നാമനിർദേശം കിട്ടിയ സന്തോഷത്തിൽ പഴയ ഓർമകൾ ഓർത്തെടുക്കുകയായിരുന്നു സുഗന്ധി.

എന്റെ ജീവിതത്തിൽ മകൾക്ക‌് ശേഷം  ലഭിച്ച ഏറ്റവും വലിയ നേട്ടമാ‌ണ‌് നാമനിർദേശമെന്നും സുഗന്ധി പറയുന്നു. ന്യൂസിലൻഡുകാരിയായ സാഷ റെയിൻബോയാണ‌് കമാലിയെന്ന‌് പേരിട്ട 24 മിനിറ്റ‌് ദൈർഘ്യമുള്ള ചിത്രത്തിന്റെ സംവിധായിക. ന്യൂസിലൻഡിൽനിന്ന‌് മഹാബലിപുരത്തെത്തി ആറ‌് ആഴ‌്ചകൊണ്ടാണ‌് ഹ്രസ്വചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത‌്.

തുടർന്ന‌് മുംബൈ അന്താരാഷ‌്ട്ര ചലച്ചിത്രോത്സവത്തിന് അയച്ചുകൊടുക്കുകയും ചെയ‌്തു. മുംബൈയിൽ മികച്ച സംവിധായകനുള്ള പുരസ‌്കാരം കരസ്ഥമാക്കിയ ചിത്രം അറ്റ‌്‌ലാന്റ ചലച്ചിത്രോത്സവത്തിൽ മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്കാരവും കരസ്ഥമാക്കി. തുടർന്നാണ‌് ഓസ‌്കര്‍ അവാര്‍ഡിന‌് കമാലി നാമനിർദേശം ചെയ്യപ്പെടുന്നത‌്. വൈല്‍ഡ് ബീസ്റ്റ്‌സിന്റെ ആല്‍ബമായ ആല്‍ഫ ഫീമെയ്‌ലിലും കമാലി അഭിനയിച്ചിട്ടുണ്ട‌്.

 

 


പ്രധാന വാർത്തകൾ
 Top