കൊച്ചി > കടം കൊണ്ട് ജീവിതം വഴിമുട്ടിയ രണ്ട് യുവാക്കളുടെ കഥ പറയുന്ന 'കടംകഥ' യുടെ ട്രെയ്ലറും പാട്ടും ശ്രദ്ധേയമാകുന്നു. സെന്തില്‍ രാജന് സംവിധാനം ചെയ്ത ചിത്രം 28ന് തിയേറ്ററില്‍ എത്തും. ഒട്ടേറെ പുതുമകളുള്ള ഈ കൊച്ചു ചിത്രം ഇതിനകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കഴിഞ്ഞു.
കടംകൊണ്ട് ജീവിതം വഴിമുട്ടിയ രണ്ട് കഥാപാത്രങ്ങളായി വിനയ് ഫോര്‍ട്ട്, ജോജു മാള എന്നിവര്‍ അഭിനയിക്കുന്നു. ഹാസ്യത്തിലൂടെ ജീവിതയാഥാര്‍ത്ഥ്യം പച്ചയായി ആവിഷ്കരിക്കുന്ന കടംകഥ ഏതാനും പുതുമുഖ പ്രതിഭകളെ മലയാള സിനിമയ്ക്കു സമ്മാനിക്കും. കൊച്ചിയുടെ പശ്ചാത്തലത്തില്‍ കഥപറയുന്ന ചിത്രത്തില്‍ സംഗീതത്തിനും പ്രാധാന്യമുണ്ട്.
"ചെറിയ സിനിമയാണെങ്കിലും ഞങ്ങള്‍ നന്നായി ആസ്വദിച്ച് ചെയ്ത ചിത്രമാണ് കടംകഥ. ചെറിയ ചെറിയ കാര്യങ്ങള്‍ കോര്‍ത്തിണക്കി വലിയ കാര്യം പറയുന്നു ഈ ചിത്രം. കുടുംബങ്ങള്‍ക്ക് തീര്‍ച്ചയായും തിയേറ്ററില്‍ പോയിരുന്ന് ആസ്വദിക്കാവുന്ന ചിത്രം കൂടിയാണ്. സംഗീതവും സംഘര്‍ഷവുമെല്ലാം ചേര്‍ന്ന് ഒരുക്കിയ നല്ല സിനിമ''. വിനയ് ഫോര്‍ട്ട് ദേശാഭിമാനിയോട് പറഞ്ഞു.
രണ്‍ജി പണിക്കര്‍, സൈജു കുറുപ്പ്, റോഷന് മാത്യു, നന്ദു, ഹരീഷ് കണാരന്, മണികണ്ഠന് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ഫിലിപ് സിജിയാണ് തിരക്കഥ. നിര്‍മ്മാണം സാദിഖ് അലി. ക്യാമറ ഫൈസല്‍ അലി. എഡിറ്റര്‍ ഇ എസ് സൂരജ്. കൈതപ്രം, സന്തോഷ് വര്‍മ, മനു മന്‍ജിത്ത് എന്നിവരുടെ വരികള്‍ക്ക് കൈതപ്രം ദീപാങ്കുരന് സംഗീതം പകരുന്നു.