11 September Wednesday
'ചുവന്ന' സിനിമകളിലൂടെ തുടരുന്നു

ധീര പരീക്ഷണമായി ‘കബനീനദി ചുവന്നപ്പോള്‍’

സാജു ഗംഗാധരന്‍Updated: Saturday Jul 17, 2021

കബനീനദി ചുവന്നപ്പോള്‍ എന്ന ചിത്രം തീയറ്ററിലെത്തിയിട്ട് ജൂലൈ 16നു 45 വര്‍ഷം തികഞ്ഞു. അടിയന്തരാവസ്ഥയുടെ നടുവിലാണ് പി എ ബക്കര്‍ ചിത്രം ഒരുക്കിയത്. ഒട്ടേറെ വെട്ടും കുത്തും ഏറ്റുവാങ്ങിയാണ് കബനിനദി സെന്‍സറുടെ മേശ കടന്നത്. എന്നിട്ടും അതൊരു ത്രസിപ്പിക്കുന്ന ചലച്ചിത്രാനുഭവമായി. ആഖ്യാന രീതികൊണ്ടും പ്രമേയം കൊണ്ടും ചിത്രം ഞെട്ടിച്ചു. ചിത്രത്തിന്റെ പിറവിദിനങ്ങളിലൂടെ ഒരു യാത്ര.

സാജു ഗംഗാധരന്‍ എഴുതുന്നു

"ഇപ്പോ ഏത് മരമോന്തയ്ക്കും സിനിമയില്‍ അഭിനയിക്കാമെന്നായി"

മങ്കമ്മയുടെ ചായക്കടയ്ക്ക് മുന്‍പില്‍ സിനിമാ പോസ്റ്ററൊട്ടിക്കുന്ന വേലപ്പന്‍ എന്ന കഥാപാത്രം പോസ്റ്ററിലെ നായകനെ നോക്കി പറയുന്ന ഡയലോഗ് ആണിത്. പി. എ. ബക്കര്‍ സംവിധാനം ചെയ്ത 'കബനീനദി ചുവന്നപ്പോള്‍' എന്ന സിനിമയുടെ പോസ്റ്ററാണ് ഒട്ടിക്കുന്നത്. ‘മരമോന്ത’ നായകന്‍ ടി. വി. ചന്ദ്രനും.

ടി. വി. ചന്ദ്രന്‍ സംവിധാനം ചെയ്തു 1997ല്‍ പുറത്തിറങ്ങിയ ‘മങ്കമ്മ’യില്‍ നിന്നുള്ളതാണ് മേല്‍ വിവരിച്ച സന്ദര്‍ഭം. ‘മങ്കമ്മ’യില്‍ അടിയന്തരാവസ്ഥ കാലം അടയാളപ്പെടുത്തുന്നത് കബനീനദിയിലൂടെയും കൂടിയാണ്. കബനീനദി തിയറ്ററില്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു രംഗം ‘മങ്കമ്മ’യില്‍ ഉണ്ട്.  സിനിമ കാണുന്ന കാണികളുടെ കൂട്ടത്തില്‍ അതിലെ നായകനായ ടി. വി. ചന്ദ്രനെയും കാണാം. അപ്പോള്‍ സ്ക്രീനില്‍ തെളിയുന്ന ദൃശ്യത്തില്‍ ടി. വി. ചന്ദ്രന്‍ തന്നെ അവതരിപ്പിക്കുന്ന ഗോപി എന്ന വിപ്ലവകാരി ഉരുവിടുന്നത് "മനുഷ്യന്‍ അപരന്‍റെ വാക്കുകള്‍ സംഗീതം പോലെ ആസ്വദിക്കുന്ന കാലം വരും" എന്ന പ്രസിദ്ധമായ ഉദ്ധരണിയാണ്.

പി എ ബക്കര്‍

പി എ ബക്കര്‍

രാമു കാര്യാട്ടും പി ഭാസ്ക്കരനും ചേര്‍ന്ന് ടി. കെ. പരീക്കുട്ടിയുടെ ചന്ദ്രതാരയ്ക്കുവേണ്ടി ‘നീലക്കുയില്‍’ സംവിധാനം ചെയ്യുന്ന കാലത്ത് കാര്യാട്ടിന്റെ സൌഹൃദ സംഘത്തിലെ ഒരാള്‍ എന്ന നിലയില്‍ തുടങ്ങി ‘മിന്നാമിനുങ്ങി’ന്റെ അസിസ്റ്റന്‍റ് ഡയറക്ടര്‍, ‘മുടിയനായ പുത്ര’ന്റെ പ്രൊഡക്ഷന്‍ മാനേജര്‍, ‘ചെമ്മീനി’ന്റെ പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ്ജ്, ‘ഓളവും തീരവും’ എന്ന സിനിമയുടെ നിര്‍മ്മാതാവ്, ഒടുവില്‍ ‘കബനീനദി ചുവന്നപ്പോളി’ന്‍റെ സംവിധായകന്‍ എന്ന നിലയിലേക്ക് വളര്‍ന്ന പി. എ. ബക്കര്‍ മലയാളത്തിലെ രാഷ്ട്രീയ സിനിമകളുടെ ശക്തനായ പ്രായോക്താവായിരുന്നു.  

'ഓളവും തീരവും' എന്ന സിനിമയ്ക്കു ശേഷം സക്കറിയയുടെ കഥയെ അടിസ്ഥാനമാക്കി ജോണ്‍ എബ്രഹാമുമായി ചേര്‍ന്ന് 'ജോസഫ് ഒരു പുരോഹിതന്‍' നിര്‍മ്മിക്കാനുള്ള ശ്രമത്തിലായിരുന്നു പി. എ. ബക്കര്‍. എന്നാല്‍ ജോണുമായി ഒത്തുപോകാനാകാതെ ആ സിനിമാപദ്ധതിയില്‍ നിന്നും ബക്കര്‍ക്ക് പിന്‍വാങ്ങേണ്ടി വരുന്നു. ഇനിയെന്ത് എന്ന ആലോചന അവസാനിച്ചത് 'മാന്‍പേട' എന്ന സിനിമയിലായിരുന്നു. ‘ഓളവും തീരവും’ പോലുള്ള കലാമൂല്യമുള്ള സിനിമ നിര്‍മ്മിച്ച ഒരാള്‍ കച്ചവട സിനിമ എടുത്തു എന്ന വിമര്‍ശനത്തില്‍ നിന്നും രക്ഷപ്പെടാന്‍ നിര്‍മ്മാതാവിന്റെ സ്ഥാനത്ത് മറ്റൊരാളുടെ പേര് വെച്ചു. ജേസിയും ജയഭാരതിയും നായകനും നായികയുമായി. എന്നാല്‍ തിയറ്ററില്‍ ‘മാന്‍പേട’ തകര്‍ന്നടിഞ്ഞു.

വര്‍ഗീസ്‌

വര്‍ഗീസ്‌

ആ കാലത്താണ് നക്സലൈറ്റ് വര്‍ഗ്ഗീസിന്‍റെ കൊലപാതകത്തെ കുറിച്ചുള്ള ഫീച്ചര്‍ ബക്കര്‍ വായിക്കുന്നത്. "വര്‍ഗ്ഗീസിനെ കഥാപാത്രമാക്കി എന്തുകൊണ്ടൊരു കഥയുണ്ടാക്കിക്കൂട എന്നു ഞാന്‍ ചിന്തിച്ചു. ഈ ചിന്തയില്‍ നിന്നും രൂപപ്പെട്ടതാണ് എന്‍റെ ‘കബനീനദി ചുവന്നപ്പോള്‍’ എന്ന ചിത്രം." ‘പി. എ. ബക്കര്‍ ഏകാകിയുടെ സംഘഗാനം’ എന്ന പുസ്തകത്തിലെ ‘കാലത്തിന്റെ വീഥി’യിലൂടെ എന്ന ആത്മകഥയില്‍ ബക്കര്‍ എഴുതുന്നു.

‘കബനീനദി ചുവന്നപ്പോള്‍’ 16 എം എം സിനിമയായി ചെയ്യാനുള്ള ആലോചനയുമായി നടക്കുമ്പോഴാണ് സംവിധായകന്‍ പവിത്രന്‍ ബക്കറിന്റെ കൂടെ കൂടുന്നത്. ഒരു ദിവസം ബക്കറിനെയും കൂട്ടി പവിത്രന്‍ ടി. വി. ചന്ദ്രന്‍ താമസിക്കുന്ന പ്രശസ്ത സാഹിത്യകാരന്‍ എം. ഗോവിന്ദന്‍റെ മദ്രാസിലെ വീട്ടിലെത്തി. വന്നയുടന്‍ പവിത്രന്‍ പറഞ്ഞു, "എടാ നമ്മുടെ ജീവിതസാക്ഷാത്കാരം നടക്കാന്‍ പോവുകയാണ്. ബക്കര്‍ജിയുടെ കയ്യില്‍ ഒരു സ്ക്രിപ്റ്റ് ഉണ്ട്. നമ്മള്‍ അത് സിനിമയാക്കാന്‍ പോകുന്നു. ഞാന്‍ പ്രൊഡ്യൂസ് ചെയ്യും." (ടി. വി. ചന്ദ്രന്‍: സിനിമ, ജീവിതം, ദര്‍ശനം-എഡിറ്റര്‍ മധു ജനാര്‍ദ്ദനന്‍). "പവിത്രനും എനിക്കും സിനിമ പഠിക്കാനാണ് കബനി നദി നിര്‍മ്മിച്ചത്" ചിത്രത്തിലെ നായകനായി അഭിനയിച്ച സംവിധായകന്‍ ടി. വി. ചന്ദ്രന്‍ ഒരു അഭിമുഖത്തില്‍ അതിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്.

കബനീനദിയുടെ കഥ

കബനിനദിയില്‍ ടി വി ചന്ദ്രന്‍

കബനിനദിയില്‍ ടി വി ചന്ദ്രന്‍

പോലീസിനാല്‍ വേട്ടയാടപ്പെട്ട് യുവവിപ്ലവകാരിയായ ഗോപി നഗരത്തിലെ പൂര്‍വ്വ കാമുകിയുടെ അടുക്കലെത്തുന്നു. പിന്നീട് പൊലീസിനെ ഭയന്ന് കാമുകിയുടെ വീട്ടിൽനിന്നും രക്ഷപ്പെട്ട് സുഹൃത്തായ തൊഴിലാളി സഖാവിന്റെ അടുക്കല്‍ ഗോപി അഭയം പ്രാപിക്കുന്നു.  ഒടുവില്‍ പൊലീസിന്റെ വെടിയേറ്റു ഗോപി മരിക്കുന്നു. ഗോപിയും കാമുകിയും നടത്തുന്ന സംഭാഷണങ്ങളിലൂടെയാണ് വിപ്ലവ ചിന്തകളും പ്രണയവും ഒക്കെ സിനിമയില്‍ അനാവരണം ചെയ്യപ്പെടുന്നത്.

ചിത്രീകരണം ബാംഗ്ലൂരില്‍

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ജൂണ്‍ 25നു ബാംഗ്ലൂരില്‍ വേണമെങ്കില്‍ ഒരു അണ്ടര്‍ഗ്രൌണ്ട് ഫിലിം മെയ്ക്കിംഗ് എന്നു വിളിക്കാവുന്ന രീതിയില്‍ സാഹസികമായി ചിത്രീകരിച്ച കബനീനദി ചുവന്നപ്പോള്‍ കേരളത്തിന്റെ സിനിമാ-രാഷ്ട്രീയ ചരിത്രത്തിലെ ഉജ്വലമായ ഏടുകളില്‍ ഒന്നാണ്.

പി എ ബക്കര്‍,ടി വി ചന്ദ്രന്‍

പി എ ബക്കര്‍,ടി വി ചന്ദ്രന്‍

ദേവരാജ് അര്‍സ് മന്ത്രിസഭയിലെ മന്ത്രിയായിരുന്ന ഗുണ്ടുറാവുമായുള്ള ബന്ധമാണ് സിനിമാ ചിത്രീകരണം ബംഗ്ലൂരില്‍ എത്താന്‍ കാരണം. അന്ന് കര്‍ണ്ണാടകയില്‍ ചിത്രീകരിക്കുന്ന സിനിമയ്ക്കു സബ്‌സിഡി കിട്ടുമായിരുന്നു. അതാണ് ഏത് നഗരത്തില്‍ വെച്ചും ചിത്രീകരിക്കാവുന്ന സിനിമയുടെ ചിത്രീകരണം ബാംഗ്ലൂരില്‍ വെച്ചു നടത്താനുള്ള തീരുമാനത്തിന് പിന്നിലെന്ന് ടി. വി. ചന്ദ്രന്‍ പറഞ്ഞു. "50,000 രൂപയായിരുന്നു സബ്സിഡി. മലയാള സിനിമ ഒരു ലക്ഷം രൂപയ്ക്ക് ചെയ്യുന്ന കാലമാണത്. ആ സബ്‌സിഡി വാങ്ങിച്ചെടുക്കാന്‍ പവിത്രന്‍ നടത്തിയ യാത്രകള്‍ ഒരു എപിക് ആണ്"

"എന്തോ ഒരു ഗൂഢ പ്രവര്‍ത്തനത്തിന് പോകുന്നത് പോലെയാണ് ഷൂട്ടിംഗിന് പുറപ്പെട്ടിരുന്നത്. എവിടെ ഒരു പോലീസ് വണ്ടി കണ്ടാലും അത് തങ്ങളെ അന്വേഷിച്ചു വരുന്നതാണ് എന്നാണ് കരുതിയിരുന്നത്. ഒരു റെസിസ്റ്റന്‍സ് മൂവ്മെന്‍റ് പോലെയാണ് ചിത്രീകരണം നടത്തിയിരുന്നത്. ഒരു ദിവസം ബംഗ്ലൂരിലുള്ള ഒരു സബ് ഇന്‍സ്പെക്ടര്‍ ഞങ്ങളെ അന്വേഷിച്ചു വരികയുണ്ടായി.  അദ്ദേഹം ഒരു ദളിത് വിഭാഗക്കാരനായിരുന്നു. അദ്ദേഹത്തോട് നമ്മള്‍ സിനിമയുടെ കഥയൊക്കെ  പറഞ്ഞപ്പോള്‍ പുള്ളിക്കാരന്‍ ഞങ്ങളുടെ വലിയ ഫാനായി മാറി. പിന്നീട് എല്ലാ സഹായവും അദ്ദേഹത്തിന്റെ വകയായിരുന്നു. അവിടെ എയര്‍ ഫോഴ്സിന്റെ വലിയ എരിയയിലൊക്കെയായിരുന്നു ഷൂട്ടിംഗ്. പെര്‍മിഷന്‍ വാങ്ങിക്കുന്ന പരിപാടി ഒന്നും ഇല്ല. ക്യാമറയായിട്ട് പോകും. ഷൂട്ട് ചെയ്യും. എയര്‍ഫോഴ്സിന്റെ ആളുകള്‍ വരുന്നതുകണ്ടാല്‍ ഓടിക്കോടാ എന്നു പറഞ്ഞു ക്യാമറ എടുത്തോടും." അന്നത്തെ ചിത്രീകരണ ഓര്‍മ്മകള്‍ ടി. വി. ചന്ദ്രന്‍ പങ്കുവെച്ചു.

സെന്‍സര്‍ കത്രികയ്ക്ക് മുന്‍പില്‍

കബനീനദി സെന്‍സര്‍ ബോര്‍ഡിന്‍റെ ദായാദാക്ഷിണ്യം കാത്തു ഏറെക്കാലം പെട്ടിയില്‍ കിടന്നു. അതിനെ കുറിച്ച് ബക്കര്‍ എഴുതുന്നത് ഇങ്ങനെയാണ്; അടിയന്തരാവസ്ഥയ്ക്കെതിരെ ശക്തമായ കാര്‍ട്ടൂണ്‍ വരച്ച "കാര്‍ട്ടൂണിസ്റ്റ് ആര്‍. കെ. ലക്ഷ്മണിന്‍റെ സഹോദരന്‍ ആര്‍. കെ. രാമചന്ദ്രനായിരുന്നു സെന്‍സര്‍. ചിത്രം കണ്ടുകഴിഞ്ഞ അദ്ദേഹം യാതൊരു കാരണവശാലും ചിത്രം സെന്‍സര്‍ ചെയ്യാനൊക്കില്ലെന്ന് തറപ്പിച്ചു പറഞ്ഞു. ചിത്രം അദ്ദേഹത്തിന് ഇഷ്ടപ്പെടാത്തതുകൊണ്ടായിരുന്നില്ല. ചിത്രത്തോട് വല്ലാത്തൊരു ഇഷ്ടം തോന്നുന്നതായി അദ്ദേഹം പറഞ്ഞു. എങ്കിലും അടിയന്തരാവസ്ഥ നിലനില്‍ക്കുന്ന സമയത്ത് നക്സലൈറ്റ് കഥ അംഗീകരിച്ച് സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല" (പി. എ. ബക്കര്‍-ഏകാകിയുടെ സംഘഗാനം)

'കബനിനദി'യില്‍ ശാലിനി

'കബനിനദി'യില്‍ ശാലിനി


ഒടുവില്‍ ഫിലിം അവാര്‍ഡിന് സര്‍ക്കാരിന്റെ നോട്ടിഫിക്കേഷന്‍ വന്നതോടെ ഗത്യന്തരമില്ലാതെ സെന്‍സറുടെ നിര്‍ദേശങ്ങളോടെ ചിത്രത്തില്‍ ഭേദഗതി വരുത്തിക്കൊടുത്ത് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നേടുകയായിരുന്നു.

‘കബനീനദി ചുവന്നപ്പോളി’ന്റെ നിര്‍മ്മാണനുഭവങ്ങള്‍ അടിസ്ഥാനമാക്കി എഴുതപ്പെട്ടിട്ടുള്ള എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ ബാബു ഭരദ്വാജിന്‍റെ ‘കബനീനദി ചുവന്നത്...’ എന്ന നോവലില്‍ അടിയന്തരാവസ്ഥ കാലത്തെ സെന്‍സറുടെ കത്രികയെ എങ്ങനെ മറികടക്കും എന്ന ഭീതിയെ തങ്ങള്‍ എങ്ങനെയാണ് നേരിട്ടത് എന്നു വിവരിക്കുന്നുണ്ട്.   

"സെന്‍സര്‍ ബോര്‍ഡിനെ മറികടക്കണം. സിനിമ അവര്‍ക്ക് മനസിലാകില്ല എന്നതുകൊണ്ട് പോറലേല്‍ക്കാതെ ചിലപ്പോള്‍ രക്ഷപ്പെട്ടേക്കാം. പക്ഷേ അടിയന്തരാവസ്ഥയാണ്. മനസിലാകാത്തതെല്ലാം അധികാര സ്വരൂപത്തിന് എതിരെന്നു വ്യാഖ്യാനിക്കപ്പെടുന്ന കാലം. രുചിക്കാത്തതെല്ലാം വെട്ടിമാറ്റുന്ന കാലം.

പവിത്രന്റെയും ബക്കറിന്റെയും വിശ്വാസം അവരെ രക്ഷിച്ചില്ല. മുറിച്ച് ഒട്ടിച്ചുവെച്ചതെല്ലാം സെന്‍സര്‍ ബോര്‍ഡ് തറച്ചു മാറ്റിയിരുന്നു. എല്ലാ സീനുകളില്‍ നിന്നും, എല്ലാ സീക്വന്‍സുകളില്‍ നിന്നും വെട്ടിമാറ്റി അലങ്കോലപ്പെട്ട ഒരു ചലച്ചിത്ര ശരീരം. തീവണ്ടി തട്ടി ചതഞ്ഞരഞ്ഞ ഒരു ശവശരീരം പോസ്റ്റുമോര്‍ട്ടം കഴിഞ്ഞു തിരിച്ചുകിട്ടിയാല്‍പ്പോലും ഇതിനേക്കാള്‍ രൂപം അതിനു കാണും."

ചിത്രം റിലീസ് ആയപ്പോള്‍ തിയറ്ററിലെ പ്രൊജക്ടര്‍ റൂമില്‍ കയറി വന്നു പോലീസ് കത്രിക വെച്ചു എന്നത് മലയാളത്തില്‍, ചിലപ്പോള്‍ ഇന്ത്യന്‍ സിനിമയില്‍ തന്നെ ആദ്യത്തെ അനുഭവമായിരിക്കാം. തിരുവനന്തപുരത്തെ തിയറ്ററില്‍ വെച്ചായിരുന്നു അത് നടന്നത്. തുടര്‍ന്ന് പവിത്രന്‍ പ്രതിഷേധിക്കുകയും പ്രിന്‍റ് തിയറ്ററില്‍ നിന്നും തിരിച്ചെടുക്കുകയുമൊക്കെ ഉണ്ടായി. "തിരുവനന്തപുരത്ത് നടത്തിയ കബനീനദിയുടെ പ്രിവ്യുവിന് ചീഫ് ഗസ്റ്റായി പങ്കെടുത്ത കെ. കരുണാകരന്റെ കീഴിലെ പോലീസ് തന്നെയാണ് ഇത് ചെയ്തത് എന്നതാണ് കൌതുകകരം." ടി. വി. ചന്ദ്രന്‍ പറഞ്ഞു.

കേരളത്തില്‍ നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ദിരാ ഗാന്ധിയുടെ പ്രത്യേക നിര്‍ദേശ പ്രകാരം ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രിയിലെ രണ്ട് ഉദ്യോഗസ്ഥര്‍ കബനീനദി കാണാന്‍ വരികയുണ്ടായി. മദ്രാസില്‍ വെച്ചാണ് അവര്‍ സിനിമ കണ്ടത്. താനും പവിത്രനും തിയറ്ററിന് പുറത്തു ടെന്‍ഷന്‍ അടിച്ചു നിന്ന കാര്യം ടി. വി. ചന്ദ്രന്‍ ഓര്‍മിച്ചു. സിനിമ കണ്ടതിന് ശേഷം “വെരി വെല്‍ മെയ്ഡ് മൂവി” എന്നു പറഞ്ഞാണ് അവര്‍ പോയത്.  

സിനിമാ അവാര്‍ഡും കെ. കരുണാകരനും

ഇന്ദിരാഗാന്ധി,കെ കരുണാകരന്‍

ഇന്ദിരാഗാന്ധി,കെ കരുണാകരന്‍

1975ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച സംവിധായകനും മികച്ച രണ്ടാമത്തെ ചലച്ചിത്രത്തിനും ഉള്ള പുരസ്കാരം ‘കബനീനദി ചുവന്നപ്പോള്‍’ നേടി. ഒരു നക്സലൈറ്റ് കഥയ്ക്ക് എന്തുകൊണ്ട് അവാര്‍ഡ് കൊടുത്തു എന്നു സാംസ്കാരിക വകുപ്പിന്റെ ചുമതല വഹിക്കുന്ന കെ. കരുണാകരനോട് പത്രക്കാര്‍ ചോദിച്ചപ്പോള്‍ കരുണാകരന്‍ പറഞ്ഞത് "ഒരുവന്‍ നക്സലൈറ്റായാല്‍ അവനെ വെടിവെച്ചുകൊല്ലും എന്ന ഗുണപാഠം ഈ ചിത്രത്തിലുണ്ട്" എന്നായിരുന്നു!

കബനീനദിക്കു അവാര്‍ഡ് നല്‍കിയത് മലയാളത്തിലെ കച്ചവട സിനിമാക്കാര്‍ക്ക് രസിച്ചില്ല. കച്ചവട സിനിമയിലെ പ്രാധാന താരമായിരുന്ന പ്രേംനസീറില്‍ നിന്നാണ് ആദ്യ പ്രതികരണം ഉണ്ടായത് എന്നു പി. എ. ബക്കര്‍ തന്റെ ആത്മകഥയില്‍ എഴുതുന്നു. "കക്ഷത്തിലെ പൂട കാട്ടുന്നവര്‍ക്കും ബീഡി വലിക്കുന്നവര്‍ക്കും അവാര്‍ഡോ?" എന്നാണ് പ്രേംനസീര്‍ ചോദിച്ചത്.
പ്രേംനസീര്‍

പ്രേംനസീര്‍

"ജനറേഷന്‍ ഗ്യാപ്പ് ആണ് പ്രശ്നം. ഞങ്ങള്‍ ഉണ്ടാക്കുന്ന സിനിമയെക്കുറിച്ച് വേണ്ടത്ര വിവരമില്ലാത്തതുകൊണ്ടാണ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത്" എന്നു പി. എ. ബക്കര്‍ തിരിച്ചടിക്കുകയും ചെയ്തു.

സംസ്ഥാന പുരസ്കാരം പ്രഖ്യാപിച്ചതിന് ശേഷം 1976 ജൂലൈ 16നാണ് ‘കബനീനദി ചുവന്നപ്പോള്‍’ തിയറ്ററില്‍ റിലീസ് ചെയ്തത്.

പി ജിഎഴുതി; 'കബനി: ധീര പരീക്ഷണം, അഭിമാനകരമായ വിജയം'

റിലീസിന് മുന്‍പായി തിരുവനന്തപുരത്ത് വെച്ചു നടത്തിയ പ്രിവ്യൂവിന് ശേഷം മാര്‍ക്സിസ്റ്റ് ചിന്തകനും എഴുത്തുകാരനുമായ പി. ഗോവിന്ദപ്പിള്ള ദേശാഭിമാനിയില്‍ എഴുതിയ നിരൂപണത്തിന്റെ തലക്കെട്ട് "കബനി: ധീര പരീക്ഷണം, അഭിമാനകരമായ വിജയം" എന്നായിരുന്നു. "മലയാള സിനിമയില്‍ ഇതുവരെ ആരും ധൈര്യപ്പെടാത്ത തരത്തിലൊരു പരീക്ഷണം നടത്താന്‍ ബക്കര്‍ മുതിര്‍ന്നു" എന്ന ഗോവിന്ദപ്പിള്ളയുടെ വാക്കുകളില്‍  മലയാള സിനിമയിലെ നവതരംഗത്തിന്റെ മുഖ്യകര്‍തൃത്വം ആര്‍ക്കെന്ന ചോദ്യം തന്നെയാണ് അലയടിക്കുന്നത്.  

പി ഗോവിന്ദപ്പിള്ള

പി ഗോവിന്ദപ്പിള്ള

"എങ്ങനെയാണ് സിനിമയില്‍ കഥ പറയേണ്ടത് എന്നു ചോദിക്കുന്നവരോട് പറയുക: കബനീനദി കാണുക. എങ്ങനെയാണ് സിനിമയില്‍ സംഗീതം പ്രയോഗിക്കേണ്ടത് എന്നു ചോദിക്കുന്നവരോട് പറയുക: കബനീനദി കാണുക. എങ്ങനെയാണ് അശ്ലീലം ഇല്ലാതെ പ്രണയം ചിത്രീകരിക്കുക എന്നു ചോദിക്കുന്നരോട് പറയുക: കബനീനദി കാണുക". മലയാള ചലചിത്ര ചരിത്രത്തില്‍ കബനീ നദിയെ ഈ രീതിയില്‍ അടയാളപ്പെടുത്തിക്കൊണ്ടാണ് പിജിയുടെ കുറിപ്പ് അവസാനിക്കുന്നത്.

ബക്കറിന്‍റെ സിനിമാ യാത്രകള്‍

തൃശൂരിലെ കാണിപ്പയ്യൂരില്‍ ജനിച്ച പി. എ. ബക്കര്‍ ശോഭാനാ പരമേശ്വരന്‍ നായരുടെ ശോഭനാ സ്റ്റുഡിയോയില്‍ നടക്കാറുള്ള സാഹിത്യ സിനിമാ ചര്‍ച്ചകളിലൂടെയാണ് രാമു കാര്യാട്ടിന്റെ സൌഹൃദ വലയത്തില്‍ എത്തുന്നത്. അതേകാലത്ത് തന്നെയാണ് ബക്കറിന്റെ സുഹൃത്തായ പി. രാംദാസ് ‘ന്യൂസ്പേപ്പര്‍ ബോയ്’ സംവിധാനം ചെയ്യുന്നത്. രാംദാസിന്റെ ക്ഷണപ്രകാരം മെരിലാന്‍റ് സ്റ്റുഡിയോയില്‍ എത്തിയ ബക്കര്‍ ആദ്യമായി ഷൂട്ടിംഗ് കാണുന്നതും ക്യാമറക്കണ്ണിലൂടെ ഒരു ദൃശ്യത്തിലേക്ക് നോക്കിയത് അവിടെവെച്ചാണ്. ‘നീലക്കുയിലി’ന് ശേഷം രാമു കാര്യാട്ട് സംവിധാനം ചെയ്ത ‘മിന്നാമിനുങ്ങി’ന്റെ അസിസ്റ്റന്‍റ് ഡയറക്ടര്‍ ആയാണ് പി. എ. ബക്കറിന്റെ സിനിമാ ജീവിതം തുടങ്ങുന്നത്. കാര്യാട്ടിന്റെ അടുത്ത സിനിമയായ ‘മുടിയനായ പുത്ര’ന്റെ പ്രൊഡക്ഷന്‍ മാനേജറായാണ് ബക്കര്‍ പിന്നീട് പ്രവര്‍ത്തിച്ചത്. രാമു കാര്യാട്ടിന് പിന്നാലെ ടി. കെ. പരീക്കുട്ടിയുടെ ചന്ദ്രതാര വിട്ട ബക്കര്‍ പിന്നീട് ‘ചെമ്മീനി’ന്‍റെ പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ്ജായി. അതിനു ശേഷമാണ് മലയാള സിനിമയെ ഔട്ട് ഡോറിലേക്ക് നയിച്ച ‘ഓളവും തീര’ത്തിന്റെ നിര്‍മ്മാതാവായി ബക്കര്‍ രംഗ പ്രവേശം ചെയ്യുന്നത്. എം. ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ പി. എന്‍. മേനോന്‍ സംവിധാനം ചെയ്ത ‘ഓളവും തീരവും’ മലയാള സിനിമയുടെ ചരിത്രം തിരുത്തി എഴുതിയ സിനിമയായി.

ദേശാഭിമാനിയില്‍ വന്ന പരസ്യം

ദേശാഭിമാനിയില്‍ വന്ന പരസ്യം

‘കബനീനദി ചുവന്നപ്പോളി’ലൂടെ സംവിധായകന്‍റെ കുപ്പായം അണിഞ്ഞ പി. എ. ബക്കറാണ് മലയാളത്തിലെ രാഷ്ട്രീയ സിനിമകളുടെ പിതാവ് എന്നുവേണമെങ്കില്‍ പറയാം. കബനിക്ക് ശേഷം ശക്തമായ രാഷ്ട്രീയം സംസാരിച്ച പത്തോളം സിനിമകള്‍ ബക്കര്‍ ചെയ്തു. മികച്ച ചലച്ചിത്രത്തിനുള്ള 1976ലെ സംസ്ഥാന സിനിമാ പുരസ്കാരം നേടിയ ‘മണിമുഴക്കം’,  ‘ചുവന്ന വിത്തുകള്‍’ (1976) ‘സംഘഗാനം’ (1979) ചെറുകാടിന്റെ കഥയെ ഉപജീവിച്ചു ചെയ്ത ‘മണ്ണിന്റെ മാറില്‍’ (1979),  എം സുകുമാരന്റെ കഥയെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ‘ഉണര്‍ത്തുപാട്ട്’ (1979) കബനീ നദിക്കെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ച പ്രേം നസീര്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ‘ചാരം’ (1981) ‘ചാപ്പ’ (1982) വൈക്കം മുഹമ്മദ് ബഷീറിന്റെ ‘പ്രേമലേഖനം’ (1985), ‘ശ്രീനാരായണഗുരു’ (1985), ‘ഇന്നലെയുടെ ബാക്കി’ (1987) എന്നിവയാണ് പി. എ. ബക്കര്‍ സംവിധാനം ചെയ്ത സിനിമകള്‍.
1993 നവംബര്‍ 22നു ബക്കര്‍ അന്തരിച്ചു.

പവിത്രന്‍

പവിത്രന്‍

പവിത്രന്‍

നിര്‍മ്മാതാവായി പവിത്രനും നായകനായി ടി. വി. ചന്ദ്രനും പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായ തൊഴിലാളി സഖാവിനെ അവതരിപ്പിച്ച ചിന്ത രവിയും (രവീന്ദ്രന്‍) മലയാള സിനിമയില്‍ അരങ്ങേറുന്നത് ‘കബനീനദി ചുവന്നപ്പോളി’ലൂടെയാണ്.  

പവിത്രന്‍ പ്രൊപ്രൈറ്റര്‍ ആയ സാഗ ഫിലിംസാണ് ‘കബനീനദി’ നിര്‍മ്മിച്ചത്. നാട്ടിലെ തെങ്ങിന്‍ പറമ്പ് വിറ്റ പണമാണ് പവിത്രന്‍ സിനിമാ നിര്‍മ്മാണത്തിന് ഉപയോഗിച്ചത്. പവിത്രന്റെ നീണ്ട ജുബ്ബായുടെ പോക്കറ്റ് ആയിരുന്നു സാഗാ ഫിലിംസിന്റെ ഓഫീസ്. പിന്നീട് ‘യാരോ ഒരാള്‍’, ‘ഉപ്പ്’, ‘ബലി’, ‘ഉത്തരം’, ‘കുട്ടപ്പന്‍ സാക്ഷി’ എന്നീ സിനിമകള്‍ സംവിധാനം ചെയ്ത പവിത്രന്‍  ടി. വി. ചന്ദ്രന്‍റെ ആദ്യ സിനിമയായ ‘കൃഷ്ണന്‍കുട്ടി’യുടെ സംഗീത സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്.

"’കബനീനദി ചുവന്നപ്പോള്‍’ എന്ന സിനിമയുടെ ചിത്രീകരണ സമയത്തുതന്നെ സിനിമയുടെ എല്ലാ വശങ്ങളെയും കുറിച്ച് ഞങ്ങള്‍ പഠിക്കാന്‍ തുടങ്ങി. ക്യാമറമാന്‍ വിപിന്‍ ദാസ് ഞങ്ങള്‍ക്ക് ലൈറ്റിംഗിനെ കുറിച്ച് പഠിപ്പിച്ചു തന്നു.
ചിന്ത രവി

ചിന്ത രവി

എന്റെയൊപ്പം പവിത്രനും ഒരു വിദ്യാര്‍ത്ഥിയായിക്കൂടി. ഞങ്ങള്‍ ഓരോ നോട്ട് ബുക്കില്‍ എല്ലാ കാര്യങ്ങളും കുറിച്ചെടുത്തു." (ടി. വി. ചന്ദ്രന്‍: സിനിമ, ജീവിതം, ദര്‍ശനം) പവിത്രനും താനും സിനിമ പഠിച്ചതിനെ കുറിച്ച് ടി. വി. ചന്ദ്രന്‍ പറഞ്ഞു.

കബനിയുടെ പിന്നണിയില്‍

വിപിന്‍ ദാസ് ആയിരുന്നു കബനീനദിയുടെ ഛായാഗ്രാഹകന്‍. ജി. ദേവരാജന്‍ പശ്ചാത്തല സംഗീതം നിര്‍വഹിച്ചു. എഡിറ്റര്‍ കല്യാണ സുന്ദരം ആയിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂരിലെ ഉദ്യോഗസ്ഥയായിരുന്നു ഭാരതി മഹാജന്‍ (സിനിമയ്ക്കു വേണ്ടി ശാലിനി എന്നാക്കി) ആയിരുന്നു നായിക. അവര്‍ നാടക പ്രവര്‍ത്തക ആയിരുന്നു. നാടകകൃത്തും, നിര്‍മ്മാതാവും ഫിലിം സൊസൈറ്റി പ്രവര്‍ത്തകനുമായ സലാം കാരശ്ശേരി, കോഴിക്കോട് 'കാരാപ്പറമ്പിലെ കൌബോയ്' എന്നറിയപ്പെട്ടിരുന്ന നടന്‍ സിദ്ധിക്ക് എന്നിവര്‍ അഭിനയിച്ചു. സേനന്‍ അസോസിയേറ്റ് ഡയറക്ടറും ആദം അയൂബ് അസിസ്റ്റന്‍റ് ഡയറക്ടറുമായിരുന്നു.

"ഇതുപോലൊരു ചിത്രം ഇപ്പോള്‍ സാധ്യമല്ല"

ടി വി ചന്ദ്രന്‍

ടി വി ചന്ദ്രന്‍

"അടിയന്തരാവസ്ഥ കാലത്ത് നടത്തിയ പല കാര്യങ്ങളും ഇപ്പോള്‍ സാധ്യമല്ല. അക്കാലത്ത് ജയിലില്‍ ഇടുമായിരുന്നു, മര്‍ദ്ദനം ഉണ്ടായിരുന്നു, അതേസമയം എന്നാല്‍ കബനീനദി പോലുള്ള കാര്യങ്ങളും നടന്നിരുന്നു.  ആ കാലത്ത് പോലും കലാകാരന്‍മാരുടെ മനസിലേക്ക് ഇത്ര ശക്തമായി ഭയം കയറിപ്പോയിരുന്നില്ല. എന്നാല്‍ വരാന്‍ പോകുന്ന സിനിമാറ്റോഗ്രാഫ് നിയമം പറയുന്നത് കബനീനദിയെ പോലെ ഒരു സിനിമയെ വേണമെങ്കില്‍ ഗവണ്‍മെന്‍റിന് തിരിച്ചു വിളിച്ച് നിരോധിക്കാം എന്നാണ്." ടി. വി. ചന്ദ്രന്‍ പറഞ്ഞു.

ആഖ്യാന രീതികൊണ്ടും പ്രമേയം കൊണ്ടും മലയാള സിനിമയില്‍ വിപ്ലവം സൃഷ്ടിച്ച സിനിമയാണ് ബക്കറിന്റെ ‘കബനീനദി ചുവന്നപ്പോള്‍’. എന്നാല്‍ എന്തുകൊണ്ടോ മലയാള സിനിമയുടെ ചരിത്രത്തില്‍ അര്‍ഹിച്ച സ്ഥാനം നല്‍കാന്‍ പലരും തയ്യാറായില്ല എന്നത് അലോസരപ്പെടുത്തുന്ന ഒരു യാഥാര്‍ഥ്യമാണ്.


ആദ്യഭാഗം കുഞ്ചാക്കോയുടെ 'പുന്നപ്ര വയലാര്‍': ഇവിടെ വായിക്കാം



 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top