17 May Tuesday

ഇ എം എസിനെ അഭിനയിപ്പിച്ച സേതുമാധവൻ; മമ്മൂട്ടിയുടെ മുഖം വെള്ളിത്തിരയിലെത്തിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Dec 24, 2021

കടപ്പാട് : സന്തോഷ്‌ സേതുമാധവന്‍

കൊച്ചി > മലയാള സിനിമയ്‌ക്ക്‌ ദേശീയതലത്തിൽത്തന്നെ കൃത്യമായ സ്ഥാനം ഉണ്ടാക്കിക്കൊടുത്ത സംവിധായകനായിരുന്നു കെ എസ്‌ സേതുമാധവൻ. ഇന്ന്‌ കാണുന്ന നിലവാരത്തിലേക്ക്‌ സിനിമയെ തിരിച്ചുവിടുന്നതിൽ അദ്ദേഹം തുടക്കക്കാരനായിരുന്നു എന്നതാണ്‌ ശരി. മുൻ മുഖ്യമന്ത്രി ഇ എം എസിനെ സേതുമാധവന്‍ അഭിനയിപ്പിച്ചിട്ടുണ്ട്. രണ്ടാം തവണ മുഖ്യമന്ത്രി ആയ കാലത്ത് ‘ഒള്ളതുമതി’ (1967) എന്ന ചിത്രത്തില്‍ മുഖ്യമന്ത്രിയായി തന്നെയാണ് ഇ എം എസ് അഭിനയിച്ചത്. ഇ എം എസിന്‍റെ പ്രഭാഷണം അദ്ദേഹത്തിന്‍റെ ഔദ്യോഗിക മുറിയില്‍ വെച്ചു തന്നെയാണ് ചിത്രീകരിച്ചത്.


 
മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടിയുടെ മുഖം വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടത് ‘അനുഭവങ്ങള്‍ പാളിച്ചകളി’ലൂടെയാണ് എന്നതാണ് കൌതുകകരമായ മറ്റൊരു ഒരു കാര്യം. ചെല്ലപ്പനെ സഹായിച്ചു  എന്നാരോപിച്ച് ബഹദൂര്‍ അവതരിപ്പിക്കുന്ന ഹംസയുടെ പെട്ടിക്കട മുതലാളിയുടെ ഗുണ്ടകള്‍ തല്ലിതകര്‍ക്കുന്നു. അതറിഞ്ഞു ബഹദൂറിന്‍റെ കൂടെ ഓടിവരുന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി പ്രത്യക്ഷപ്പെട്ടത്.

സത്യനും കെ എസ് സേതുമാധവനും. ചിത്രം കടപ്പാട് : സന്തോഷ്‌ സേതുമാധവന്‍

സത്യനും കെ എസ് സേതുമാധവനും. ചിത്രം കടപ്പാട് : സന്തോഷ്‌ സേതുമാധവന്‍കെ എസ് സേതുമാധവന്‍ സിനിമയില്‍ തുടക്കം കുറിച്ചതിന്‍റെ 60 വര്‍ഷവും ‘അനുഭവങ്ങള്‍ പാളിച്ചകളു'ടെ 50 വര്‍ഷവും കടന്നു പോകുമ്പോളാണ്‌ അദ്ദേഹത്തിന്റെയും വിയോഗം. മലയാള സിനിമയുടെ ആ സുവര്‍ണ്ണകാലത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം നടത്തുന്നത് മലയാളത്തിലെ പുതുനിര ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും പ്രേക്ഷകര്‍ക്കും ഒരു തിരിച്ചറിവു കൂടിയായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

"മലയാള സാഹിത്യത്തിന്‍റെ അസ്തിവാരത്തിലാണ് കെ. എസ്. സേതുമാധവന്‍ ചലചിത്ര ഗോപുരങ്ങള്‍ പണിതുയര്‍ത്തിരിക്കുന്നത്." കെ. എസ്. സേതുമാധവന്‍-സിനിമ: കലയും ജീവിതവും എന്ന പുസ്തകത്തില്‍ മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ പി. കെ. ശ്രീനിവാസന്‍ എഴുതിയത് അക്ഷരംപ്രതി ശരിയാണ്. ഇത്രയേറെ മലയാള സാഹിത്യകൃതികള്‍ക്ക് സിനിമാ ഭാഷ്യം നല്കിയ മറ്റൊരു സംവിധായകന്‍ ഉണ്ടാകില്ല. സേതുമാധവന്‍ മലയാളത്തില്‍ സംവിധാനം ചെയ്തിട്ടുള്ള 56 ചിത്രങ്ങളില്‍ 37 എണ്ണവും സാഹിത്യ കൃതികളെ ഉപജീവിച്ച് ചെയ്‌തിട്ടുള്ളതാണ്.  

1960 ല്‍ ‘വീരവിജയ’ എന്ന സിംഹള സിനിമയില്‍ തുടങ്ങിയ പ്രയാണം 1995ല്‍ പുറത്തിറങ്ങിയ ‘സ്ത്രീ’ എന്ന തെലുങ്കു സിനിമ വരെ തുടര്‍ന്നു. 1961ല്‍ പുറത്തിറങ്ങിയ ‘ജ്ഞാനസുന്ദരി’യാണ് ആദ്യ മലയാള സിനിമ. വിവിധ ഭാഷകളിലായി ആകെ 69 ചിത്രങ്ങളാണ് മൂന്നര പതിറ്റാണ്ട് കാലത്തെ ചലച്ചിത്ര ജീവിതത്തിനിടയില്‍ സേതുമാധവന്‍ സംവിധാനം ചെയ്തത്. ‘ഓടയില്‍ നിന്ന്’ (1965), ‘യക്ഷി’ (1968), ‘കടല്‍പ്പാലം’ (1969), ‘അടിമകള്‍’ (1969), ‘വാഴ്വേമായം’ (1970), ‘മിണ്ടാപ്പെണ്ണ്’ (1970), ‘അരനാഴികനേരം’ (1970), ‘കരകാണാക്കടല്‍’ (1971) ‘ഒരു പെണ്ണിന്‍റെ കഥ’ (1971), ‘പണിതീരാത്ത വീട്’ (1972), ‘കന്യാകുമാരി’ (1974), ‘ചട്ടക്കാരി’ (1974) ‘ഓപ്പോള്‍’ (1980) തുടങ്ങി മലയാള സിനിമാ ചരിത്രത്തില്‍ ഇടം പിടിച്ച സൃഷ്‌ടികളാണ് ഒട്ടുമിക്ക സേതുമാധവന്‍ സിനിമകളും.

1991ല്‍ എംടിയുടെ തിരക്കഥയില്‍ സംവിധാനം ചെയ്‌ത ‘വേനല്‍ക്കിനാവു’കളാണ് അവസാന മലയാള ചിത്രം. 1970 ലും 1971ലും അഞ്ച് മലയാള സിനിമകള്‍ വീതമാണ് സേതുമാധവന്‍ സംവിധാനം ചെയ്‌തത് എന്നത് വിസ്മയത്തോടുകൂടിയേ ഓര്‍ക്കാന്‍ കഴിയുകയുള്ളൂ.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ആരംഭിച്ച 1969ല്‍ മികച്ച രണ്ടാമത്തെ ചിത്രം (അടിമകള്‍), 1970ല്‍ മികച്ച സംവിധായകന്‍, മികച്ച മൂന്നാമത്തെ ചിത്രം (അരനാഴിക നേരം), 1971ല്‍ മികച്ച സംവിധായകന്‍, മികച്ച മൂന്നാമത്തെ ചിത്രം (കരകാണാക്കടല്‍), 1972ല്‍ മികച്ച ചിത്രം, സംവിധായകന്‍ (പണിതീരാത്ത വീട്), 1974ല്‍ മികച്ച രണ്ടാമത്തെ ചിത്രം (ചട്ടക്കാരി) 1980ല്‍ മികച്ച ചിത്രം, സംവിധായകന്‍ (ഓപ്പോള്‍) എന്നീ അംഗീകാരങ്ങള്‍ മാത്രം മതി മലയാള സിനിമാ ചരിത്രത്തില്‍ കെ. എസ്. സേതുമാധവന്‍റെ സ്ഥാനം എന്തെന്ന് മനസിലാക്കാന്‍. അടിമകള്‍, കരകാണാക്കടല്‍, പണിതീരാത്ത വീട് എന്നീ ചിത്രങ്ങള്‍ക്ക് മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും ഓപ്പോളിന് രജതകമലവും സേതുമാധവന്‍ കരസ്ഥമാക്കി.

സാജു ഗംഗാധരൻ "ദേശാഭിമാനി' ഓൺലൈനിൽ എഴുതിയ ലേഖനത്തിൽ നിന്ന്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top