20 August Saturday

സിനിമ, അസാധ്യമായതിന്റെ കലയാണ്... കെ പി കുമാരനുമായി ഐ ഷൺമുഖദാസ് നടത്തുന്ന സംഭാഷണം

കെ പി കുമാരൻ/ ഐ ഷണ്മുഖദാസ്Updated: Wednesday Jul 6, 2022

ഐ ഷണ്മുഖദാസ്‌, കെ പി കുമാരൻ

ഒരു സിനിമയിൽ നിന്നോ ഒരു ചലച്ചിത്രകാരനിൽ നിന്നോ പൂർണമായ സൃഷ്ടികൾ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നത് തെറ്റാണ്. മനുഷ്യൻ സമ്പൂർണനല്ല; അതുപോലെ ഒരു സൃഷ്ടിയും സമ്പൂർണമല്ല.

 കുമാരനാശാൻ

കുമാരനാശാൻ

മഹാകവി കുമാരനാശാന്റെ നൂറ്റി അമ്പതാം ജന്മവാർഷിക വേളയിൽ അദ്ദേഹത്തിന്റെ ‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ എന്ന കവിതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആശാന്റെ ജീവിതവും മുഴുവൻ കവിതകളും ഉൾക്കൊണ്ട്‌  കെ പി കുമാരൻ അദ്ദേഹത്തിന്റെ എൺപത്തിനാലാം വയസ്സിൽ ‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ എന്ന സിനിമയുമായി മലയാളികളുടെ മുന്നിൽ എത്തിയിരിക്കുകയാണ്. ഈ സിനിമയെ മുൻനിർത്തി, അതിഥി, ലക്ഷ്മിവിജയം, രുക്മിണി, ആകാശഗോപുരം, തുടങ്ങിയ സിനിമകളുടെയും നിരവധി ഡോക്യുമെന്ററി ചിത്രങ്ങളുടെയും സംവിധായകനായ കെ പി കുമാരനുമായി ഐ ഷൺമുഖദാസ് നടത്തിയ സംഭാഷണം. ആശിഷ്‌ മേനോന്റെ സഹകരണത്തോടെ തയ്യാറാക്കിയത്‌.

കെ പി കുമാരൻ: ഇത്രയും സന്തോഷകരമായ ഒരു കാലം എന്റെ സിനിമാ ജീവിതത്തിൽ ഉണ്ടെന്നു തോന്നുന്നില്ല. അമ്പതു കൊല്ലമായിട്ടു പല രീതിയിലും സിനിമയുമായി മൽപ്പിടുത്തത്തിലാണ്, പല രീതിയിലും. ഒന്നാമത്തെ കാര്യം എനിക്ക് പറയാനുള്ളത് ഈ സിനിമയെ ഇഷ്ടപ്പെട്ട അനേകം സഹൃദയരായ ആൾക്കാരോട് നന്ദി പറയുന്നു. എനിയ്ക്ക്‌ ഒരു തരത്തിലും ബന്ധമില്ലാത്ത, കേട്ടിട്ടില്ലാത്ത, പലരും ഫെയ്‌സ്ബുക്ക്‌ മാധ്യമത്തിലൂടെ പ്രതികരണങ്ങൾ അറിയിക്കുന്നുണ്ട്. ചില വിമർശനങ്ങളും ഉണ്ട്. വിമർശകരോട് എനിക്ക് വിരോധം ഒന്നുമില്ല. വിമർശനം സ്വാഭാവികമായിരിക്കണം. മുൻധാരണയോടു കൂടിയുള്ള വിമർശനം ഇത്തിരി പെയിൻഫുൾ ആണ് എന്റെ പ്രായത്തിൽ.

ത്രൂഫോ

ത്രൂഫോ

ആദ്യമായിട്ട് ഒരു കാര്യം പറയാം, ഒരു സിനിമയെ ആസ്വദിക്കുകയോ വിമർശിക്കുകയോ ചെയ്യുന്നത് സിനിമയ്ക്ക് അകത്തു നിന്നുകൊണ്ടായിരിക്കണം. സിനിമയ്ക്ക് പുറത്തു നിന്നുകൊണ്ട് വിമർശിച്ചാൽ ഇങ്ങനെ ആകണമായിരുന്നു സിനിമ എന്ന് പറഞ്ഞിട്ട് കാര്യമില്ല. ഇതാണ് ആ സിനിമ. ഇഷ്ടപ്പെടാം, ഇഷ്ടപ്പെടാതിരിക്കാം. ഒരു സിനിമയും, ഒരു കലാസൃഷ്ടിയും സമ്പൂർണമാണ് എന്ന് ഞാൻ വിചാരിക്കുന്നില്ല. ഷേക്‌സ്‌പിയർ ആണെങ്കിലും സോഫോക്ലിസ് ആണെങ്കിലും ദസ്‌തയോവ്‌സ്‌കി ആണെങ്കിലും മാർക്വേസ് ആണെങ്കിലും ആരുടെ വർക്കുകളിലും നമുക്ക് കുറ്റം കണ്ടെത്താൻ കഴിയും. നല്ല ഉദാഹരണം പറയുകയാണെങ്കിൽ നമ്മുടെയെല്ലാം മാസ്റ്റർപീസ് ആയ ‘പഥേർ പാഞ്ചാലി' കാനിൽ കാണിച്ചപ്പോൾ ത്രൂഫോ എന്ന മഹാനായ ഫ്രഞ്ച് സംവിധായകൻ ഇറങ്ങിപ്പോവുകയുണ്ടായി. terribly boring എന്ന് പറഞ്ഞുകൊണ്ട്...

ഒരു സിനിമയിൽ നിന്നോ ഒരു ചലച്ചിത്രകാരനിൽ നിന്നോ പൂർണമായ സൃഷ്ടികൾ ഉണ്ടാകുമെന്നു പ്രതീക്ഷിയ്ക്കുന്നത് തെറ്റാണ്. മനുഷ്യൻ സമ്പൂർണനല്ല; അതുപോലെ ഒരു സൃഷ്ടിയും സമ്പൂർണമല്ല. പിന്നെ രണ്ടാമത്തെ കാര്യം, ഒരു സൃഷ്ടിയെ നമ്മൾ ഉൾക്കൊള്ളുന്നത് രണ്ടു വഴിക്കായിരിക്കണം. സൃഷ്ടിയും നമ്മളും തമ്മിൽ ഒരു distance  ഉണ്ട്. ആ distance  അടുക്കാൻ രണ്ടുപേരും പരസ്പരം നീങ്ങിയാലേ പറ്റുള്ളൂ. താനിരിക്കുന്ന സ്ഥലത്തേ നിൽക്കുള്ളു, സൃഷ്ടി എന്റെ അടുത്ത് വന്ന് എന്നെ സന്തോഷിപ്പിക്കണം, എന്ന് വിചാരിച്ചാൽ, അതൊരു കടും കൈയാണ്. എനിക്ക് പറയാനുള്ളത് ഇതാണ്.

ഞാന്‍ ഈ അമ്പതിലധികം വർഷങ്ങളായിട്ട് ഒരു ജീവന്മരണ പോരാട്ടം നടത്തുന്ന ഒരാളാണ്. എനിക്ക് കൃത്യമായ ഒരു ആരോപണം മുന്നോട്ട് വെയ്ക്കാനുണ്ട്. മലയാള സിനിമയും സിനിമാ നിരൂപകന്മാരും അവാർഡ് കമ്മിറ്റികളും അധികാര സ്ഥാനങ്ങളും പലപ്പോഴും മാധ്യമ പ്രവർത്തകരും എന്റെയടുത്ത് ഫെയർ ആയിരുന്നില്ല. ‘അതിഥി' എന്ന ഒരു സിനിമ മലയാളത്തിലെ ഏറ്റവും മഹത്തായ ചിത്രങ്ങളിൽ ഒന്നാണെന്ന് അനേകം പേര് അഭിപ്രായപ്പെടുന്നുണ്ട്. ആ തലമുറയിലെ ചെറുപ്പക്കാർ, രണ്ടു തലമുറയിലെ ചെറുപ്പക്കാർ, ആ സിനിമയെ വാരിപ്പുണർന്നിരുന്നു. പക്ഷേ ആ സിനിമ, കേന്ദ്ര  അവാർഡ് കമ്മിറ്റിയോ സംസ്ഥാന അവാർഡ് കമ്മിറ്റിയോ... അന്ന് ഇന്ത്യൻ പനോരമയും ഒന്നും ഇല്ലാത്ത കാലമാണ്, 75 ലാണ്. 74 ലാണ് പടം തീർത്തത്.

ആദ്യമായിട്ട് ഒരു സിനിമയുമായി വരുന്നൊരാള്, ഇതുപോലൊരു സിനിമ... അതിസങ്കീർണമായ ഒരു ജീവിതാവസ്ഥയുടെ ഒരു ആവിഷ്കരണമാണ് അത്. അത്ഭുതകരമായി വാർന്നു വീണ ഒരു സിനിമയാണ് അത്. നാടക രൂപത്തിൽ ഒരിക്കൽ എഴുതി അവതരിപ്പിക്കുകയും സമ്മാനം നേടുകയും ചെയ്തിരുന്നു. രണ്ടു കൊല്ലം കഴിഞ്ഞിട്ടാണ് സിനിമയാക്കുന്നത്. ആ സിനിമയിൽ ഏറ്റവും വലിയ സംഗതി, അതിനകത്തെ പ്രഗത്ഭരായ നടന്മാരുടെ അസാധാരണമായ അഭിനയ ആവിഷ്കരണമാണ്. പി ജെ ആന്റണി, കൊട്ടാരക്കര ശ്രീധരൻ നായർ, ഷീല എന്നൊക്കെ പറഞ്ഞു കഴിഞ്ഞാൽ മലയാള സിനിമയുടെ വരദാനങ്ങൾ തന്നെയാണ്.

കൊട്ടാരക്കര ശ്രീധരൻ നായർ

കൊട്ടാരക്കര ശ്രീധരൻ നായർ

കൊട്ടാരക്കരയെ പോലെ ഒരു നടനെയൊക്കെ നമുക്ക് സങ്കല്പിക്കുവാൻ ഇന്ന് കഴിയില്ല. അവരുടെ അഭിനയ ചാതുര്യം പോലും അംഗീകരിക്കാത്ത നിരൂപണങ്ങൾ ഉണ്ടായിരുന്നു. ഒരു പ്രമുഖ നിരൂപകൻ അന്ന് തിരുവനന്തപുരത്തെ ഏറ്റവും പ്രചാരമുള്ള ദിനപത്രത്തിൽ സിനിമ ഓടിക്കൊണ്ടിരിക്കുന്ന അന്ന്, തിങ്കളാഴ്ച, കടുത്ത ഒരു നിരൂപണം എഴുതി. പിൽക്കാലത്ത് സിനിമാ നിർമാതാവ് ആവുകയൊക്കെ ചെയ്ത വളരെ പ്രശസ്തനായ ഒരാളാണ്... ആളുടെ പേര് പറയുന്നില്ല, അദ്ദേഹം പറഞ്ഞത് രണ്ടു പേരുടെ ഭാവനാശൂന്യത കൊണ്ട് ഈ സിനിമ, ‘ഉത്തരായനം' എന്ന സിനിമയ്ക്കും ‘പിക്നിക്' എന്ന സിനിമയ്ക്കും ഇടയിലെവിടെയോ കൊണ്ടു ചെന്നെത്തിച്ചിരിയ്ക്കുന്നു എന്നാണ്. ‘ഉത്തരായനം' അതേകാലത്ത് ഇറങ്ങിയ സിനിമയാണ്. ‘അതിഥി'യേക്കാൾ രണ്ടോ മൂന്നോ മാസം മുമ്പാണ് അത് റിലീസ് ചെയ്യപ്പെട്ടത്.

പതിമൂന്നു അവാർഡുകൾ കേരള സർക്കാരിന്റെ

ബാലൻ കെ നായർ

ബാലൻ കെ നായർ

അവാർഡ് കമ്മിറ്റി അതിനു ചാർത്തിക്കൊടുത്തപ്പോള്‍, എന്റെ സിനിമയിൽ, ബാലൻ കെ നായർ അന്ന് ഏതാണ്ടൊരു പുതുമുഖ നടനായിരുന്നു, ബാലൻ കെ നായർക്ക് ഒരു സപ്പോർട്ടിങ് ആക്ടർ അവാർഡ് മാത്രമാണ് നൽകിയത്. എന്റെ സിനിമയുടെ തുടക്കത്തിന് ശേഷം അന്ന് മുതൽ ഇന്ന് വരെയും നിരൂപകന്മാരോ ജേർണലിസ്റ്റുകളോ സിനിമയെ കുറിച്ച് പഠിക്കുന്ന, എഴുതുന്ന, ആൾക്കാരോ അധികാരസ്ഥാനങ്ങളോ, അവാർഡ് കമ്മിറ്റികളോ, പൊതുവെ ഉള്ള കാഴ്ചക്കാരോ, വേണ്ടത് പോലെ എന്റെ സിനിമയെ കണ്ടെത്താൻ ശ്രമിച്ചിട്ടില്ല.

ഇത്രയും വർഷങ്ങൾ എന്തെല്ലാം തടസ്സങ്ങൾ ഉണ്ടായിട്ടും, വാശിയോടുകൂടി മുന്നോട്ടു പോവുന്നൊരു മനുഷ്യനെ കണ്ടെത്താൻ ആരും ഇന്നുവരെ ശ്രമിച്ചിട്ടില്ല. എന്റെ സിനിമകളെ ആസ്വദിച്ച് സിനിമയ്ക്ക് അനുകൂലമായി എഴുതിയ ധാരാളം പേരുണ്ട്. പേരുകൾ ഞാൻ പറയുന്നില്ല. അന്നും ഇന്നും ഉണ്ട്. പക്ഷെ കൃത്യമായിട്ട് കെ പി കുമാരൻ ആരാണ്, as a filmmaker  എന്ന് assess  ചെയ്യാനുള്ള ഒരു ശ്രമവും ഉണ്ടായിട്ടില്ല. അനേകം ഗവേഷണം നടക്കുന്ന കാലത്ത് ഒരു ആൺകുട്ടിയോ പെൺകുട്ടിയോ അതിനുവേണ്ടി തയ്യാറായിട്ടില്ല. ചില നിരൂപണങ്ങളിൽ മാധവിക്കുട്ടിയുടെ അദ്ഭുതകരമായ പ്രതിഭയെപ്പറ്റി പറയുന്നിടത്ത്, സിനിമ അത് അവരുടെ ഒരു കഥ ഞാൻ എടുത്ത് നശിപ്പിച്ചു കളഞ്ഞു എന്ന് എഴുതിയ ആൾക്കാര് വരെ ഉണ്ട്. ‘രുഗ്‌മിണി' മലയാളത്തിൽ അസാധാരണമായ സൃഷ്ടിയാണ്.  Impossible creation ആണ്.

മാധവിക്കുട്ടി

മാധവിക്കുട്ടി

കാരണം, മാധവിക്കുട്ടിയെ പോലെ ഒരു വനിത, ബോംബെയില് റെഡ് സ്ട്രീറ്റിലെ ജീവിതം അവരുടെ ശൈലിയിൽ പകർത്തിയ ഒരു കഥയാണ്. അത് അവരുടെ മഹത്തായ സൃഷ്ടി എന്നൊന്നും പറയാൻ പറ്റില്ല. ഞാൻ പറഞ്ഞു വരുന്നത്, ഈ സിനിമയുടെ കാര്യത്തിൽ പറയുകയാണ്... ഞങ്ങൾ രണ്ടുപേരും, ഞാനും എന്റെ സഹധർമ്മിണിയും ചേർന്ന് ഒരു സാഹസത്തിന് തയ്യാറായി. ഈ സാഹസമെന്നു പറയുന്നത് ഇപ്പൊ ഒരു സിനിമ എടുക്കുക എന്നതാണ്. കോവിഡിന്റെ തൊട്ടു മുൻപിലെ കാലത്ത് ഒരു സമാന്തരമെന്നു പറയുന്ന അല്ലെങ്കിൽ ആർട് സിനിമ എന്നൊക്കെ പറയുന്ന ഒരു... വ്യത്യസ്തമായ സിനിമകളുടെ ധാര മിക്കവാറും വളരെ ബുദ്ധിമുട്ടായിരിക്കുന്ന ഒരു കാലത്ത്, കാര്യമായ സൃഷ്‌ടികളൊന്നും ആ രംഗത്ത് വരാത്ത ഒരു കാലത്ത്, രണ്ടും കൽപ്പിച്ചു സിനിമ എടുക്കാൻ തയ്യാറാവുക... ഞങ്ങൾക്ക് പരിമിതമായ ബജറ്റിൽ സിനിമ ചെയ്യണം.

ഞാനാണെങ്കിൽ  മുമ്പ്‌ സ്വന്തമായിട്ട് പ്രോഡ്യൂസ് ചെയ്ത പടം തിയേറ്ററിൽ വന്നിട്ട് പത്തിരുപത് കൊല്ലമായി. ‘തോറ്റം' എന്ന് പറഞ്ഞ സിനിമ. അന്നത്തെ ബജറ്റ് വെച്ചിട്ടാണ് ഞാനിത് calculate ചെയ്തത്. പക്ഷേ, ഇന്ന് കാലം മാറിക്കഴിഞ്ഞിരിക്കുന്നു, ബജറ്റ് മാറുന്നു, സെറ്റ് ഉണ്ടാക്കാനായിട്ട് കണ്ടമാനം പൈസയാവുന്നു. അങ്ങനെ വളരെ പ്രയാസപ്പെട്ട് ഈ സിനിമ ഉണ്ടാക്കി. കാരണം, ഇതിനകത്ത് ഒരേ ഒരു സംഗതിയാ ഉള്ളത്  . അത് കുമാരനാശാൻ എന്ന് പറഞ്ഞ അസാധാരണ മനുഷ്യനോടുള്ള  devotion  ആണ്. കുമാരനാശാൻ എന്ന് പറഞ്ഞാൽ, മഹാകവികളിൽ ഒരാളാണ്, അദ്ദേഹം സാമൂഹ്യ പ്രവർത്തകനാണ്, അങ്ങനെ പലതും പറയാം.

‘രുഗ്മിണി’ എന്ന ചിത്രത്തിൽ നിന്ന്‌

‘രുഗ്മിണി’ എന്ന ചിത്രത്തിൽ നിന്ന്‌

പക്ഷേ കുമാരനാശാൻ,  an impossibleഎന്നുള്ള  ഒരു സംഗതി,possible ആക്കിയ ഒരു വ്യക്തിത്വമാണ്. കുമാരനാശാന്റെ പശ്ചാത്തലം, കുമാരനാശാന്റെ ജീവിതത്തിലെ തുടക്കം... കുമാരനാശാന്റെ ഒരു കാര്യം എന്താണെന്നുവെച്ചാൽ, നാലാം ക്ലാസ്‌ വരെ പഠിച്ചു കഴിഞ്ഞിട്ട്, രണ്ടു വർഷം ഒരു പലചരക്ക് കടയിൽ കണക്കെഴുതുകയായിരുന്നു. പിന്നീട്, അധ്യാപകനായി. വീണ്ടും സംസ്‌കൃതം പഠിച്ചു. അതിനു ശേഷമാണ് സ്വാമി നാരായണ ഗുരുവിന്റെ അടുത്ത് എത്തുന്നത്. നാരായണഗുരു 1888 ൽ ചരിത്രപ്രസിദ്ധമായ അരുവിപ്പുറം പ്രതിഷ്‌ഠ നടത്തിക്കഴിഞ്ഞു മൂന്ന് കൊല്ലം കഴിഞ്ഞപ്പോള്‍, പതിനേഴോ പതിനെട്ടോ വയസ്സുള്ള കുമാരൻ എന്ന യുവാവ് അവിടെ ചെല്ലുന്നു.

ശ്രീനാരായണഗുരു

ശ്രീനാരായണഗുരു

പിന്നീട് അദ്ദേഹം ജീവിതകാലം മുഴുവൻ നാരായണഗുരുവിന്റടുത്ത് പ്രതിബദ്ധത കാണിച്ചാണ് ജീവിച്ചത്. നാരായണഗുരു അദ്ദേഹത്തെ കണ്ടെത്തുകയും അദ്ദേഹത്തിനെ  ഉന്നത വിദ്യാഭ്യാസത്തിന് ബംഗളൂരുവിലും കൽക്കട്ടയിലും അയയ്ക്കുകയും ചെയ്തു, ഡോക്ടർ പൽപ്പുവിന്റെ സഹായത്തോടുകൂടി. ഇത് കുമാരനാശാന്റെ ജീവിതത്തിൽ വലിയ ഒരു മാറ്റമായിരുന്നു. അന്നത്തെ വിദേശവാസം...  അന്ന് തിരുവിതാംകൂർ രാജ്യമായിരുന്നു, മൈസൂർ രാജ്യം വിദേശമായിരുന്നു, ബംഗാൾ വിദേശമായിരുന്നു. വിദേശത്തു പോയി പഠിച്ച്‌ അഞ്ച് കൊല്ലം കഴിഞ്ഞു വന്ന കുമാരനാശാൻ എന്റെ ധാരണയിൽ, എന്റെ പഠനത്തിൽ നിന്ന് ഞാൻ മനസ്സിലാക്കുന്നത്, അന്ന്, ഒരു പക്ഷേ, രവിവർമ്മയെ പോലൊരാളെ ഒഴിച്ചാൽ, മറ്റൊരു മലയാളിക്കും പറ്റാത്ത തരത്തിൽ കുറേക്കൂടി വിപുലമായ ലോകം കാണുകയും അനുഭവിക്കുകയും പഠിക്കുകയും ചെയ്തിട്ട് തിരിച്ചുവന്ന കുമാരനാശാൻ, മറ്റേതു മലയാളിയെക്കാളും ഉന്നതമായ, അറിവിന്റെ ഒരു കേദാരമായെന്ന് ഞാൻ വിശ്വസിക്കുന്നു.

ഡോക്ടർ പൽപ്പു

ഡോക്ടർ പൽപ്പു

പിൽക്കാലത്ത് കുമാരനാശാന്റെ ജീവിതത്തിലെ ഓരോ സന്ധികളും, അത് ശ്രീനാരായണഗുരുവുമായി ചേർന്നുള്ള ശ്രീനാരായണ ധർമപരിപാലനയോഗത്തിന്റെ സംഘാടനം തൊട്ട്, അതിന്റെ വളർച്ച തൊട്ട്  , അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട്... പക്ഷേ ഈ മനുഷ്യൻ, ഒരു മലയാളിയ്ക്ക് സങ്കൽപ്പിയ്ക്കാൻ പറ്റാത്ത ലോക സാഹിത്യത്തിലെ ഉന്നതന്മാരുമായിട്ടു താരതമ്യപ്പെടുത്താവുന്ന സൃഷ്ടികൾ ചെയ്ത ഒരാളാണ്. പക്ഷേ, കുമാരനാശാനെ മലയാളികള്‍ പൂർണമായും അവഗണിച്ചിരിക്കുന്നു എന്ന് തന്നെയാണ് എന്റെ സിനിമയുടെ പിന്നിലെ പ്രേരണ. കുമാരനാശാനോടുള്ള അവഗണനയോടുള്ള എന്റെ പ്രതികരണമാണ് ഈ സിനിമ. ഈ അവഗണന എന്നത് ഒരുപാട് കാര്യങ്ങളിലുണ്ട്. അത് മുഴുവൻ വിശദീകരിക്കുന്നില്ല.

മലയാളി സമൂഹമിന്നും ജീർണമാണെന്നും രോഗഗ്രസ്തമാണെന്നുമുള്ള എന്റെ ബോധമാണ് ഞാനീ പറയുന്നതിന്റെ പിന്നിലുള്ളത്. രോഗഗ്രസ്തമായ ഒരു സമൂഹത്തിന് മാത്രമേ കുമാരനാശാനെപ്പോലെ ഇത്രയധികം സിദ്ധികളും ഇത്രയധികം സൃഷ്ടികളും ഉണ്ടാക്കിയിട്ടുള്ള ഒരു മനുഷ്യനെ, ഇത്രയും സ്വാധീനിച്ചിട്ടുള്ള ഒരു മനുഷ്യനെ, ചിന്തയും സർഗപരതയും എല്ലാംകൂടെ ചേർന്ന ഒരസാധാരണ മനുഷ്യനെ‐ അയാളോട് താരതമ്യപ്പെടുത്താൻ ആരെങ്കിലും ആധുനിക കാലത്ത്  കേരളത്തിലുണ്ടായിട്ടുണ്ടെന്ന് ഞാൻ വിചാരിക്കുന്നില്ല. ഇതാണാ സിനിമയ്ക്കടിസ്ഥാനം. അതുകൊണ്ട് ഈ സിനിമ നന്നായോ വിമർശനം ഉണ്ടോ ആൾക്കാർ സന്തോഷിക്കുന്നുണ്ടോ ഇതൊന്നും എന്റെ വിഷയമല്ല.

എന്റെ വിഷയം... കുമാരനാശാനെ എന്റെ മാധ്യമത്തിൽ ആവിഷ്കരിക്കാൻ കഴിഞ്ഞു എന്നുള്ള അദ്ഭുതകരമായ അനുഭൂതിയാണ് ഞാനിപ്പോള്‍ അനുഭവിക്കുന്നത്. ഇതു പക്ഷേ, രണ്ടു കൊല്ലം കോവിഡ് കാരണം പെട്ടിയിൽ അടച്ചിടപ്പെട്ടു. ഇരുട്ടിലായി. പിന്നീട് വീണ്ടും ഞങ്ങൾ രണ്ടുപേരും ചേർന്ന് ഇത് റിലീസ് ചെയ്യാനൊരുങ്ങി. ഒരു വൃദ്ധ ദമ്പതികൾ ഇതിനു തയ്യാറാവുകയും തിയേറ്ററിൽ പോവുകയുംചെയ്തു.

ഷണ്മുഖദാസും ഞാനും സുഹൃത്തുക്കള്‍ ഒന്നും ആയിരുന്നില്ലല്ലോ... അരുന്ധതി റോയിയുടെ ‘ഗോഡ് ഓഫ് സ്മാൾ തിങ്‌സ്‌' ആണ് ഞങ്ങളെ അടുപ്പിച്ച ഒരു ഘടകം. ‘ഗോഡ് ഓഫ് സ്മാൾ തിങ്ങ്സി'നോട് വലിയ വിമർശനം കേരളത്തിൽ നടന്നു വന്നിരുന്ന ഒരു കാലം. മലയാളികളിൽ ചിലർ അവർക്കെതിരെ വാളെടുത്തിരുന്ന കാലം. എന്നെ അസാമാന്യമായ രീതിയിൽ  influence  ചെയ്ത ഒരു സൃഷ്ടിയാണത്. ഒരു മലയാളി പെൺകുട്ടിയ്ക്ക് ഇങ്ങനെ ഒരു നോവൽ എഴുതാൻ കേരളത്തിൽ ജനിച്ചു വളർന്നിട്ടില്ല എങ്കിലും മലയാളി ആയ പെൺകുട്ടിക്ക് എങ്ങനെ ചെയ്യാൻ പറ്റി എന്നത്, എനിക്കത്ഭുതമായിരുന്നു. അവരുടെ ജീവിതകഥ ഒക്കെ അറിയാൻ കഴിഞ്ഞപ്പോൾ അതിശയം തോന്നിയില്ല.

പിൽക്കാലത്ത് അവരുടെ പൊളിറ്റിക്കൽ സ്റ്റാൻഡ് എന്ന് പറയുന്നത്, അസാമാന്യമായ ധീരതയും വിപ്ലവപരതയും ഉള്ളതായിരുന്നു.

അരുന്ധതി റോയി

അരുന്ധതി റോയി

ഈ നോവലിനെ കുറിച്ചുള്ള ഞങ്ങളുടെ രണ്ടു പേരുടെയും appreciation അസാമാന്യമായ commitment ... അദ്ദേഹം ഗംഭീരമായ ഒരു പഠനം publish ചെയ്യുകയും സാക്ഷാൽ അരുന്ധതി റോയി തന്നെ വന്നു നടന്ന ഒരു inaugural  ഫങ്‌ഷന് എനിക്ക് കൂടി പങ്കെടുക്കാൻ കഴിഞ്ഞു എന്ന ഒരു ഭാഗ്യം ഉണ്ടായി. എനിയ്ക്കു ആദ്യമായും അവസാനമായും അവരെ അന്ന് കാണാൻ കഴിഞ്ഞു.

ഷൺമുഖദാസിനെ പിൽക്കാലത്ത് കൂടുതൽ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും... അദ്ദേഹം ഇതൊരു കമ്മിറ്റ്മെന്റ് ആയി എടുത്തിട്ട്, ഇതിനു വേണ്ടി ആളുകളോട് സംസാരിച്ചിട്ട്, ഇതൊരു മഹത്തായ സംഭവമാണെന്ന് അവരെ ബോധ്യപ്പെടുത്തുകയും...മറ്റൊരു സ്ഥലത്തും നടക്കാത്ത കുറെയധികം ആൾക്കാര്‌, കവികൾ, പ്രൊഫസർമാർ, പണ്ഡിതന്മാർ  ആയ ആളുകൾ കാണുകയും... പെൺകുട്ടികളും ഫേസ്‌ബുക്കില്‌  ഇഷ്ടം പോലെ പോസ്റ്റ്‌ ഇടുകയോ ഒക്കെ ചെയ്ത അങ്ങനെ ഒരു അനുഭവം എന്റെ ജീവിതത്തിൽ  ഒരു appreciation. ഞാൻ ചെയ്ത വർക്കുകൾ പിൽക്കാലത്ത് അംഗീകരിക്കുകയൊക്കെ ചെയ്തിട്ടുണ്ടെങ്കിൽ പോലും നേരിട്ട് ആസ്വാദനത്തിന്റെ സുഖം ഒരു സ്രഷ്ടാവിന് കിട്ടുന്നതിന്റെ സുഖം ആദ്യമായിട്ട് അറിയുന്നത് ഈ സിനിമയിലാണ്. അതിന് ആദ്യമായിട്ട് നന്ദി പറയുന്നത് ഷണ്മുഖദാസിനോടാണ്.

രണ്ടാമതായി തൃശൂരിലെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിന്റെ സാംസ്‌കാരികതയോട്‌ വന്ദിക്കുകയാണ്‌.

സാറ ജോസഫ്

സാറ ജോസഫ്


ഐ ഷൺമുഖദാസ്‌  : അരുന്ധതി റോയിയുടെ ‘ഗോഡ് ഓഫ് സ്മാൾ തിങ്‌സി'ന്‌ ഞാൻ എഴുതിയ പഠനം ‘ശരീരം നദി നക്ഷത്രം', തൃശ്ശൂരിലെ സാഹിത്യ അക്കാദമി ഹാളില്‍ വെച്ച് പ്രകാശനം ചെയ്തത്, എന്റെ സഹപ്രവർത്തകയായിരുന്ന, മലയാളം നോവൽ സാഹിത്യത്തിലെ പ്രധാനപ്പെട്ട നോവലായി ഞാൻ കരുതുന്ന ‘അലാഹയുടെ പെണ്മക്കൾ' എഴുതിയ സാറ ജോസഫ് എന്ന എഴുത്തുകാരിയാണ്.

‘ഗോഡ് ഓഫ് സ്മാൾ തിങ്സ്‌ ' എങ്ങനെ പ്രധാനപ്പെട്ട ഒരു നോവലായിരിക്കുന്നു, അതുപോലെ, ഭാഷയ്‌ക്കും ജീവിതത്തിനും പ്രാധാന്യമുള്ള നോവല്‍ (‘അലാഹയുടെ പെണ്മക്ക'ളെപ്പറ്റി ഒരു ലേഖനം എഴുതണം എന്ന് വിചാരിച്ചിരുന്നെങ്കിലും അത് നടന്നില്ല. പോയിന്റുകൾ ഒക്കെ എടുത്ത് വെച്ചു  ശീർഷകവും ആയി  ‐ ‘അക്ഷരത്തിന്റെ, അപ്പത്തിന്റെയും, പുസ്തകം'‐  അതെഴുതാൻ പറ്റിയിട്ടില്ല ). സാറ ടീച്ചറാണ് പുസ്തകം പ്രകാശനം ചെയ്തത്.

(അരുന്ധതി റോയിയുടെ നോവല്‍, മലയാളം എന്ന ഭാഷയെ ലോകത്തിന് പരിചയപ്പെടുത്തുന്ന പുസ്തകമാണ്. അതിൽ ഒരു വരിയുണ്ട്. മിസ് മിറ്റണ്‍ എന്ന ഒരു സ്ത്രീ ഇരട്ടകൾക്ക്‌ ഒരു പുസ്തകം സമ്മാനിക്കുന്നുണ്ട്.

ആ സന്ദർഭത്തിൽ അവർ ആ കുട്ടികളോട് ചോദിക്കുന്നു,  ‘‘ നിങ്ങളുടെ ഭാഷ കേരളീസ് അല്ലെ'' എന്ന്. ചൈനീസ്, ബൈസണീസ്, എലിഫന്റിറ്റീസ് എന്നൊക്കെ പറയുന്നതുപോലെ  . ഞങ്ങളുടെ ഭാഷ, കേരളീസ് അല്ല, ഞങ്ങളുടെ ഭാഷ അവർ പറയുന്നു  . ‘‘ Madam, I am Adam'' എന്ന് പറയുന്നത് പോലെ ഉള്ള ഒരു ഭാഷയാണ്. Malayalam ആ ഭാഷയെ ലോകത്തിന് പരിചയപ്പെടുത്തിയ പുസ്തകമാണ് അരുന്ധതിയുടെ നോവൽ. ‘അലാഹയുടെ പെൺമക്കളി'ൽ ആനി എന്ന കഥാപാത്രം കുട്ടിയായിരിക്കുമ്പോൾ, ടീച്ചർ ആയിട്ട് അഭിനയിക്കുന്ന ഒരു ഭാഗം ഉണ്ട്. എന്നിട്ട്, ഓരോ അക്ഷരങ്ങളെ പഠിപ്പിക്കുകയാണ്. ആ കുട്ടി ആണ് സാറ ജോസഫ് എന്ന എഴുത്തുകാരി ആയി മാറിയത് എന്നത് ഉറപ്പാണ്. കുട്ടിക്കാലത്ത് ടീച്ചർ ആയി കളിച്ചിട്ടുള്ള ആ സാറാ ടീച്ചർ ആണ് പുസ്തകം പ്രകാശനം ചെയ്തത്.

വിവർത്തനം ചെയ്ത പ്രിയ എ എസ് ആണ്, അന്ന് വന്ന ഒരാൾ.

 പ്രിയ എ എസ്

പ്രിയ എ എസ്

മറ്റൊരാള്‍, കഥകളിയെയും കൂടിയാട്ടത്തെയും സ്നേഹിക്കുന്ന, എഡ്‌വേഡ്‌ ബോണ്ടിനെ കുറിച്ച് എക്സിറ്റർ യൂണിവേഴ്സിറ്റിയിൽ നിന്ന് പിഎച്ച്ഡി എടുത്തിട്ടുള്ള സുഹൃത്ത്, എം വി നാരായണൻ. പിന്നെ, ഒരാളെ ഞാൻ വിളിച്ചത്, ഞാൻ സിനിമയെ സ്നേഹിക്കുന്ന ഒരാളാണ് എന്നതുകൊണ്ട്, സംവിധായകനായ കെ പി കുമാരനെ ആണ്. അരുന്ധതി റോയിയുടെ നോവലിന്റെ ഒരു സവിശേഷത പുസ്തകങ്ങളുടെ ഒരു celebration ആ നോവൽ. തുല്യ പ്രാധാന്യത്തോട് കൂടി സിനിമയും നോവലിൽ ആഘോഷിക്കപ്പെടുന്നുണ്ട്.

കെ പി കുമാരൻ: രണ്ടു കാര്യങ്ങളാണ് വിമർശനം വന്നത്. ഒന്ന്, കവിതയിൽ ആണ് ഊന്നിയിരിക്കുന്നത്. കവി എന്നുള്ള നിലയിൽ ഊന്നിയിരിക്കുന്നു. കുടുംബജീവിതം, പ്രേമം, അതിനു അസാമാന്യമായിട്ടുള്ള പ്രാധാന്യം കൊടുക്കുന്നു. പിന്നെ, അദ്ദേഹത്തിന്റെ സാമൂഹ്യ വിപ്ലവം. സാമൂഹ്യ പരിവർത്തനത്തിനെ കുറിച്ചൊന്നും വേണ്ടത്ര പറയുന്നില്ല എന്ന വിമര്‍ശനം. എനിയ്ക്ക് ഒരു കാര്യം മാത്രേ പറയാനുള്ളു. ഞാൻ കുമാരനാശാന്റെ കൃതികൾ കുറച്ചൊക്കെ പഠിച്ചിട്ടുള്ള ആളാണ്. അദ്ദേഹത്തിന്റെ കൃതികളുടെ പ്രത്യേകത എന്താണെന്ന് ചോദിച്ചുകഴിഞ്ഞാൽ ഓരോ കവിതയും തുടങ്ങുന്ന സംഗതി, ‘ചിന്താവിഷ്ടയായ സീത' തന്നെ എടുക്കുക.

സുതര്‍ മാമുനിയോടയോധ്യയില്‍
ഗതരായോരളവന്നൊരന്തിയില്‍
അതിചിന്ത വഹിച്ചു സീത പോയ്
സ്ഥിതി ചെയ്താളുടജാന്തവാടിയില്‍.

മക്കളെയും കൊണ്ട് വാല്‌മീകി ശ്രീരാമന്റെ അടുത്തേക്ക് പോയപ്പോ, അവരുടെ ജീവിതത്തിലെ വലിയ ഒരു മുഹൂർത്തമാണ്, സന്ധ്യ നേരത്ത്‌ ആ ആശ്രമത്തിന്റെ ഉദ്യാനവാടിയിൽ അവർ  പോയി ഇരുന്നു. അതിനെക്കുറിച്ച് പിന്നീട് കുറെ വിവരങ്ങൾ ഉണ്ട്. അത് തുടക്കമാണ്. അത് അവസാനിപ്പിക്കുന്നതാണ് അതിലെ ഏറ്റവും രസം.

മക്കളെയും കൊണ്ട് വാല്‌മീകി ശ്രീരാമന്റെ അടുത്തേക്ക് പോയപ്പോ, അവരുടെ ജീവിതത്തിലെ വലിയ ഒരു മുഹൂർത്തമാണ്, സന്ധ്യ നേരത്ത്‌ ആ ആശ്രമത്തിന്റെ ഉദ്യാനവാടിയിൽ അവർ  പോയി ഇരുന്നു. അതിനെക്കുറിച്ച് പിന്നീട് കുറെ വിവരങ്ങൾ ഉണ്ട്. അത് തുടക്കമാണ്. അത് അവസാനിപ്പിക്കുന്നതാണ് അതിലെ ഏറ്റവും രസം. ഒരുപാട് കാര്യങ്ങൾ പറഞ്ഞു കഴിഞ്ഞിട്ട്, ശ്രീരാമന് അനുകൂലമായിട്ടും എതിരായിട്ടും ശ്രീരാമനിലെ പ്രേമവും അവർ ജീവിച്ച ജീവിതത്തെ പറ്റിയുമൊക്കെ പറഞ്ഞു കഴിഞ്ഞിട്ട്, അവസാനം എട്ടു വരിയുള്ള ഒരു ശ്ലോകത്തിൽ ഈ മനുഷ്യൻ, കുമാരനാശാൻ എന്ന അത്ഭുതമനുഷ്യൻ, ഒറ്റ ശ്ലോകത്തിൽ ഒതുക്കുന്നത്  ...

വേണ്ടാ ഖേദമെടോ സുതേ,
വരികയെന്നോതും മുനീ
ന്ദ്രന്റെ കാൽതണ്ടാർ നോക്കി നടന്ന
ധോവദനയായ് ചെന്നു  
സഭാവേദിയിൽ മിണ്ടാതന്തികമെത്തി
ഒന്നനുശയക്ലാന്താസ്യനാം കാന്തനെ
കണ്ടാൾ പൗരസമക്ഷമന്നില
യിലീ ലോകം വെടിഞ്ഞാൾ

ഇതിനോട് compare  ചെയ്യാവുന്ന ഒരു കാവ്യഭാഗമോ നോവൽ ഭാഗമോ ആരെങ്കിലും എവിടെയെങ്കിലും കാണിച്ചു തന്നാൽ ഞാൻ അവരെ നമസ്കരിക്കാം, ഞാൻ എന്റെ വാക്ക് തിരുത്താം.

കെ പി കുമാരൻ      ഫോട്ടോ: ജി പ്രമോദ്‌

കെ പി കുമാരൻ ഫോട്ടോ: ജി പ്രമോദ്‌


പക്ഷേ, ഒരു കാര്യം പറയുന്നത് വാല്‌മീകി തിരിച്ചു വരികയാണ്.  അതിന്റെ യുക്തി ഒന്നും ചോദിക്കരുത്. വാല്‌മീകി അയോധ്യയിൽ നിന്നും ആശ്രമത്തിലേക്ക് എങ്ങനെ വന്നു എന്ന് ചോദിച്ചാൽ എനിക്ക് മറുപടി ഇല്ല, ആശാനും മറുപടി കാണില്ല. അപ്പം വാല്‌മീകി തിരിച്ചു വന്നിട്ട് ഈ കുട്ടികൾ മക്കൾ രണ്ടുപേരും രാമായണം വായിച്ച് കേൾപ്പിച്ച് രാമനും എല്ലാ ആൾക്കാരും ഇങ്ങനെ വികാരഭരിതരായി വളരെ വിഷമത്തിൽ സങ്കടപ്പെട്ട് ഇങ്ങനെ ഇരിക്കുന്ന സമയത്ത്, വാല്‌മീകി ആശ്രമത്തിൽ വന്നിട്ട് സീതയെ വിളിച്ച് പറയും. ‘വേണ്ടാ ഖേദമെടോ, സുതേ'. വാല്‌മീകി വിചാരിക്കുന്നത്, സീത വീണ്ടും പോയി പട്ടമഹിഷി ആവാൻ പോവുന്നു. മഹാറാണി ആയി വാഴാൻ പോവുന്നു... വാല്‌മീകിയുടെ ജീവിതം സാർഥകമായി. കാരണം, സീതയ്ക്കിങ്ങനെ ആശ്രയം കൊടുത്തു, കുട്ടികളെ വളർത്താനുള്ള എല്ലാ സൗകര്യവും കൊടുത്തു, മകളെ പോലെ വളർത്തി, അങ്ങനെ സീത വീണ്ടും പോയിട്ട് രാമന്റെ പത്നി ആയി ജീവിക്കാൻ പോവുന്നു എന്നുള്ള സന്തോഷത്തിൽ പറയാണ്

വേണ്ടാ ഖേദമെടോ സുതേ,
വരികയെന്നോതും
മുനീന്ദ്രന്റെ കാൽതണ്ടാർ നോക്കി നടന്ന്
അധോവദനയായ്  ...

അതൊരു ഭയങ്കര വിഷ്വൽ ഇമേജ് ആണ്. മഹർഷിയുടെ കാലിന്റെ പിറകുവശത്തെ തണ്ടെല്ല് നോക്കിക്കൊണ്ട് നടക്കുവാണ്, കുനിഞ്ഞു നടക്കുവാണ് സീത  . ‘അധോവദനയായ് ചെന്ന് സഭാവേദിയിൽ/ മിണ്ടാതന്തികമെത്തി /ഒന്നനുശയ ക്ലാന്താസ്യനാം... regret  കൊണ്ട്, പശ്ചാത്താപം കൊണ്ട് തളർന്ന, അനുശയ ക്ലാന്താസ്യൻ ക്ഷീണിച്ച രാമന്റെ മുഖത്തു ഒന്ന് നോക്കി. ഇനി അടുത്ത വാക്യമാണ് ആശാൻ ഏറ്റവും സൂക്ഷ്മതയോടെ എഴുതിയത്. ഞാനിപ്പോ ആശാന് certificate  ഒന്നും കൊടുക്കേണ്ടെന്ന് എനിയ്ക്കറിയാം  . ക്ലാന്താസ്യനാം കാന്തനെ കണ്ടാൾ പൗരസമക്ഷം. അവിടെയാണ് ആശാൻ പറഞ്ഞെ, പൗരസമക്ഷമാണിതെല്ലാം ചെയ്തത്  സീതയെ കുറിച്ച് അപവാദം പറഞ്ഞ പൗരന്മാരാണ്.

ഐ ഷണ്മുഖദാസ്‌

ഐ ഷണ്മുഖദാസ്‌

‘‘പൗരസമക്ഷമന്നിലയി/ലീ ലോകം വെടിഞ്ഞാൾ''. ഭൂമി പിളർന്ന് പോയി എന്നൊന്നും ആശാൻ പറഞ്ഞില്ല. ഒരു തുണി താഴോട്ടിട്ട പോലെ, വീണു, ജീവൻ വെടിഞ്ഞു. ആ സീതയുടെ ഒരു ആക്‌ഷൻ രാമായണത്തിലും ഉത്തര രാമായണത്തിലും ഉള്ള ഒരു സംഗതി ആണ്. പക്ഷേ ഈ കവിത  കാണുമ്പോ സീത പുരുഷവർഗത്തിനെ മുഴുവൻ ഒരൊറ്റ വരികൊണ്ട് തകർത്ത് കളഞ്ഞതായിട്ട് എനിയ്ക്കു തോന്നുന്നു.
അത് സൃഷ്ടിക്കാൻ കഴിയുന്ന ഒരു മനുഷ്യനെ കുറിച്ചാണ് ഞാൻ സിനിമ എടുക്കുന്നത്‌.

ഞാൻ വായിച്ച കുമാരനാശാൻ, ഞാൻ അറിഞ്ഞ കുമാരനാശാൻ... എനിയ്ക്ക്‌ എഴുത്തച്ഛന്റെ രാമായണം തൊട്ടുള്ള കവിതകളിൽ ഏറ്റവും ഇഷ്ടം, എന്നെ ഏറ്റവും സ്വാധീനിച്ചിട്ടുള്ള, വിവശനാക്കിയിട്ടുള്ള  ,ഒരു എഴുത്തുകാരനാണ്, കവിയാണ്, നാടകകൃത്താണ് ഉണ്ണായി വാരിയർ. ഉണ്ണായി വാരിയരുടെ ‘നളചരിതം' എന്ന് പറഞ്ഞാൽ, എല്ലാ കാലത്തും ബൈബിൾ പോലെ ഞാൻ വായിക്കുന്നതാണ്. സിനിമയാക്കാൻ  ആഗ്രഹിച്ചിട്ടള്ളതാണ്. പിന്നെ നടക്കില്ല എന്ന ബോധ്യം  ... ഞാൻ പറഞ്ഞു വരുന്നത് മലയാളത്തിൽ കവികൾ, എഴുത്തുകാർ ഒക്കെ, അതായത് അമ്പതുകളുടെ അവസാനം, അറുപതുകളുടെ തുടക്കത്തിൽ,ഞങ്ങൾ വളർന്നു വന്നിരുന്ന കാലത്ത്, മാതൃഭൂമി ആഴ്ചപ്പതിപ്പായിരുന്നു അന്നത്തെ ഒരു ബൈബിൾ.

ജി ശങ്കരക്കുറുപ്പിന്റെ, വൈലോപ്പിള്ളിയുടെ, ഇടശ്ശേരിയുടെ...ഒക്കെ recite ചെയ്യാൻ പറ്റും. അതെന്റെ ഒരു പ്രത്യേകത ഒന്നുമല്ല. അക്കാലത്ത് സാഹിത്യ താൽപ്പര്യമുള്ള എല്ലാവർക്കും പറ്റുമായിരുന്നു. ഇന്നത്തെ കുട്ടികൾക്ക് പറ്റാത്തത് ഇംഗ്ലീഷ് മീഡിയത്തിന്റെ കുഴപ്പം കൊണ്ടാണോ, ഇന്നത്തെ ജീവിതരീതി കൊണ്ടാണോ, എനിക്ക് അറിയാൻ വയ്യ. എന്റെ മക്കൾക്കും മലയാളം വേണ്ടത്ര അറിയില്ല എന്ന ദുഃഖം എനിയ്ക്കുണ്ട്. ഞാൻ പറഞ്ഞുവരുന്നത് അനേകം issues കൊണ്ട് വരുന്നു ഈ സിനിമ... ആശാനെ  കുറിച്ചുള്ള കാര്യങ്ങൾ കൊണ്ട് വരുന്നു, നമ്മൾ മലയാളികൾ എവിടെയാണ് നിൽക്കുന്നത് എന്നുള്ള ചോദ്യം ഉണ്ട്... കാരണം ഒരു കാര്യം വ്യക്തമാണ്.

നിത്യ മേനോൻ, കെ പി കുമാരൻ

നിത്യ മേനോൻ, കെ പി കുമാരൻ

പത്തൊമ്പതാം നൂറ്റാണ്ടിൽ... ഇതിനകത്ത് വരുന്ന, അരുവിപ്പുറത്ത് ശ്രീനാരായണഗുരു 1888 ൽ അവർണന്റെ ശിവനെ സൃഷ്ടിച്ചപ്പോ... അന്ന് പരാതി ഉണ്ടായി, ബ്രാഹ്മണർക്ക് മാത്രേ ശിവപ്രതിഷ്ഠ നടത്താൻ അവകാശമുള്ളൂ. അങ്ങനെ ഒരു കഥയുണ്ട്, കഥയാണോ ചരിത്രമാണോ എന്നെനിയ്ക്കറിയില്ല. ഞാനിതിനെയൊക്കെ വളരെ objective ആയിട്ടാണ് കാണുന്നെ.  ഒരു കഥയും ഞാൻ അതേ പോലെ വിഴുങ്ങാറില്ല. ഒന്നിനെയും ഞാൻ തള്ളിക്കളയാറില്ല.
അപ്പൊ എന്താ സംഭവിച്ചേന്ന് ചോദിച്ചു കഴിഞ്ഞാൽ, അതില്‌ ചരിത്രപ്രാധാന്യം, നമ്മള് സിനിമയിൽ തുടങ്ങുന്നു. അത്രയും വിപ്ലവകരമാണ് എന്ന് പറയാൻ പറ്റില്ലെങ്കിൽ പോലും, അടുത്ത വർഷമാണ് ‘ഇന്ദുലേഖ' എന്ന് പറയുന്ന നോവൽ, ഒരു ന്യായാധിപൻ തന്റെ ഭാര്യക്ക് വായിച്ചു രസിക്കാൻ വേണ്ടി ഉണ്ടാക്കിയ നോവൽ പുസ്തകം എന്നാണ് അദ്ദേഹം മുഖവുരയിൽ പറയുന്നത്.

‘ഇന്ദുലേഖ' വലിയ ചരിത്രമായി സാഹിത്യത്തില്‍... ‘ഇന്ദുലേഖ' ഉണ്ടാക്കിയ ഒരു സോഷ്യൽ റവല്യൂഷൻ ഉണ്ട്. അന്നത്തെ നമ്പൂതിരിസംബന്ധം എന്ന സംഗതിയെ expose ചെയ്ത്, കളിയാക്കി, ഒരു സൂരി നമ്പൂതിരിയെ സൃഷ്ടിച്ച് വലിയ shock treatment  കൊടുത്തു സമുദായത്തിൽ. അത് അദ്ദേഹം ബോധപൂർവം ചെയ്തതാണോ എന്നെനിക്കറിയില്ല. പി കെ ബാലകൃഷ്ണൻ പറഞ്ഞിട്ടുള്ളത്, മലയാളികൾ ഇംഗ്ലീഷ് പഠിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച്  , അതിനു വേണ്ടിയാണ് ചന്തു മേനോൻ എഴുതിയത് എന്നാണ്. എനിക്ക് തോന്നുന്നത്, അതിനേക്കാളൊക്കെ ആഴത്തിൽ സമൂഹത്തിൽ രസകരമായി ഒരു വിപ്ലവം നടത്തി  ...  അതുപോലെ ഒരുപാട് കാര്യങ്ങൾ ഉണ്ട്. മലയാളി ഇങ്ങനെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം തൊട്ട്‌ ഒരുപാട് മാറ്റങ്ങളും വലിയ അത്ഭുതങ്ങളും, twenties thirties fortie ഒക്കെ ആയപ്പോഴേക്കും, മലയാളികളുടെ പൊതുസമൂഹം ഉണ്ടായി, സാംസ്കാരികത വളർന്നു.

പല മേഖലകളിലും പുതിയ പുതിയ ആൾക്കാര് വന്നു. അതിന്റെയൊക്കെ സൃഷ്ടികളാണ് ഞങ്ങളൊക്കെ. സിനിമ വരുന്നത് ... നൂലേൽ നിന്ന് ഇറങ്ങി വന്നതൊന്നുമല്ല. കേരളത്തിലെ സാംസ്കാരിക വികസനത്തിന്റെ, അതിന്റ ചരിത്രത്തിന്റെ ഭാഗമായിട്ടായാണ്, മലയാളത്തിലെ സമാന്തര സിനിമ വരുന്നത്. അത് പിടിച്ചു നിന്നില്ല എന്നതിന്റെ കുഴപ്പം സിനിമാക്കാരുടെ മാത്രമല്ല. സമൂഹത്തിന്റെയാണ്  , അധികാര സ്ഥാനങ്ങളുടെയാണ്, വിദ്യാഭ്യാസ വിചക്ഷണന്മാരുടെയാണ്, പണ്ഡിതന്മാരുടെയാണ്. ഒരുപാട് പേര് ചേർന്നിട്ടാണ് അതിനെ വളർത്തി എടുക്കേണ്ടത്.

കെ പി കുമാരൻ      ഫോട്ടോ: ജി പ്രമോദ്‌

കെ പി കുമാരൻ ഫോട്ടോ: ജി പ്രമോദ്‌

സിനിമ മറ്റൊരു മേഖല പോലെ, നോവൽ പോലെ, കവിത പോലെ, ഉണ്ടാകുന്ന സംഗതി അല്ല എന്നതുകൊണ്ട് അത് കൂമ്പടഞ്ഞു പോയി എന്ന് തന്നെയാണ് ഞാൻ വിചാരിക്കുന്നത്.
ഗ്രാമവൃക്ഷത്തിലെ കുയിലിലേക്ക് വന്നാൽ, അത് ഷൺമുഖദാസ് പോയന്റെ്‌  ഔട്ട് ചെയ്തത് തന്നെയാണ്, വിജയൻ മാഷ് പറഞ്ഞത് പോലെ (ഒരു കൃതിയെ അതിനകത്ത് വെച്ച് പഠിക്കണം..) ഒരു സിനിമ ഉണ്ടായിക്കഴിഞ്ഞു, അത് ഏതോ ഒരു mould ൽ രൂപപ്പെട്ടു കഴിഞ്ഞു. അതിനെ ഇഷ്ടപ്പെടാതിരിക്കാം, കുറ്റം പറയാം. പക്ഷേ, അത് അങ്ങനെ അല്ല വേണ്ടത്, ഇങ്ങനെയാണ് എന്ന് പറയുന്നതിൽ, ഒരു ശരികേടുണ്ട്. ഇന്നത് വേണമായിരുന്നു... ഇത് കെട്ടുകഥയല്ല ചരിത്രമാണ്... പഴയകാലത്തെ വടക്കന്പാട്ടു തുടങ്ങി ഏറ്റവും ഒടുവിൽ മരയ്‌ക്കാർ വരെയുള്ള ചരിത്രം അങ്ങനെയാണെന്ന് നമുക്കറിയാം.

സൂക്ഷ്മമായി, സത്യസന്ധമായി, എത്ര ചരിത്ര സിനിമകൾ ഉണ്ടായിട്ടുണ്ട്, മലയാളത്തിൽ  ? എന്തുകൊണ്ട് ഉണ്ടായില്ല  ? എത്ര അർഥപൂർണമായ ബയോപിക്കുകള്‍ ഉണ്ടായിട്ടുണ്ട്? കുമാരനാശാന്റെ quotation തന്നെയാണ് എന്നെ എപ്പോഴും നയിച്ചിട്ടുള്ളത്. ആശാന്റെ കാവ്യങ്ങളുടെ ഘടന പോലെ തന്നെ ആണ് ആ quotation ' കാവ്യം രസപ്രധാനമാണ്, സംഭവപ്രധാനമല്ല’.കവിത കുറച്ച് കുറയ്ക്കാമായിരുന്നു, പിന്നെ  , ആത്മഭാഷണം കുറച്ച് കുറയ്ക്കായിരുന്നു  ... ഈ കഥയാണ് ഈ സിനിമ. എത്ര നീളമുണ്ടോ, ആ നീളം തന്നെയാണ്  , ഈ സിനിമ.

ഷൺമുഖദാസ്‌  : ഒരു സംശയവുമില്ല. ഈ കവിതകളും അന്തർഗതങ്ങളുമാണ് ഈ സിനിമ.

കെ പി കുമാരന്‍  : സാമൂഹ്യ വിപ്ലവംന്ന് പറഞ്ഞാൽ, കുമാരനാശാൻ ജാഥ നടത്തിയോ, വിപ്ലവപ്രസംഗം നടത്തിയോ  ? അദ്ദേഹം വലിയ പ്രാസംഗികനൊന്നും ആയിരുന്നില്ല. പ്രജാസഭയിൽ കാര്യകാരണസഹിതം അദ്ദേഹം കാര്യങ്ങൾ അവതരിപ്പിച്ചിരുന്നു. ഒരു പ്രസംഗം  മതിയല്ലോ.... ശ്രീമാൻ അയ്യങ്കാളിയും ഞാനും കൂടി നടത്തിയ നിവേദനത്തിന് ഫലം ഉണ്ടായി എന്ന് തോന്നുന്നു എന്നു പറയുന്നുണ്ട്  . പിന്നെ, വളരെ പ്രധാനപ്പെട്ട ഒരു രേഖയാണ്, ആശാന്റെ ‘മതപരിവർത്തനരസവാദം'. ‘മതപരിവർത്തന രസവാദം' എന്നത് ഒരു കത്താണ്. ആ കത്ത് പിന്നീട് ഒരു pamphlet പോലെ വന്നിട്ടുണ്ട്  . അതായത്  , ഈഴവരെല്ലാം ബുദ്ധമതത്തിൽ ചേരണമെന്ന് ഒരു movement  ഉണ്ടായി, ഈഴവ സമുദായത്തിൽ. മിതവാദി കൃഷ്ണൻ എന്നൊക്കെ പറയുന്ന പ്രശസ്തരായ കുറേ ആർക്കാർ നേതൃത്വം കൊടുത്തുകൊണ്ട്. 

കാരണം നാരായണഗുരുസ്വാമിക്ക് പോലും അമ്പലത്തിൽ പ്രവേശനമില്ല. പിന്നെ നമ്മൾ എന്തിനാണ് ഇതിന്റെ കൂടെ നിൽക്കുന്നത്  ? ബുദ്ധമതത്തിൽ ചേർന്ന് കഴിഞ്ഞാൽ നമുക്ക് കുറച്ചു കൂടി ഫ്രീ ആയിട്ട് നടക്കാം  ... ആശാന്റെ അതിനോടുള്ള response , ആശാൻ അതിനുള്ള മറുപടി പറഞ്ഞത്... എസ്എന്‍ഡിപി യോഗം വിട്ടു കഴിഞ്ഞിട്ട് മൂന്ന് നാല് കൊല്ലം കഴിഞ്ഞ്, ഈ പട്ടും വളയും കിട്ടിക്കഴിഞ്ഞിട്ട് എനിക്ക് ഒരു പ്രാമുഖ്യം വന്നിരിക്കുന്നു, എന്നെ അവർ പ്രസിഡന്റ് ആയി വിളിച്ചിരിക്കുന്നു... കൊല്ലത്തു നടന്ന  എസ്എന്‍ഡിപി  വാർഷികയോഗത്തിൽ അദ്ദേഹം പ്രസംഗിച്ചു.

കെ പി കുമാരൻ ഒരു ചിത്രീകരണവേളയിൽ

കെ പി കുമാരൻ ഒരു ചിത്രീകരണവേളയിൽ

ബുദ്ധമതത്തിൽ ചേരുന്നത് ശരിയല്ല. ഒരു മതംമാറ്റവും ശരിയല്ല. മതമാറ്റം കൊണ്ട് കാര്യങ്ങൾ മാറുന്നില്ല. പല അനുഭവങ്ങളുടെ ചരിത്രമുണ്ട്  ... വേറൊരു രസം എന്താന്നു ചോദിച്ചു കഴിഞ്ഞാൽ, ബുദ്ധമതത്തെ കുറിച്ച് മൂന്നു പ്രമുഖ കൃതികൾ ചെയ്ത മനുഷ്യനാണ്. ഒരു പക്ഷേ  , ബുദ്ധമതത്തെ കുറിച്ച് മലയാളിയെ ആദ്യം പഠിപ്പിച്ച് കൊടുത്തത്  , നാലപ്പാട്ട് നാരായണമേനോന്റെ ‘പൗരസ്ത്യ ദീപവും' ആശാന്റെ ‘ബുദ്ധചരിത'വും ആണ്. എഡ്വിൻ അർണോൾഡിന്റെ കവിതയുടെ തർജ്ജമയാണ്. പിന്നീട് വേറെയും തർജ്ജമ വന്നു എന്ന് പറയുന്നുണ്ട്.

ചോദ്യം  : ‘Light of Asia' അല്ലേ?

കെ പി കുമാരൻ: അതെ.‘Light of Asia'  തന്നെയാണ് ആശാൻ ചെയ്തത്. ആശാൻ പിന്നീട്, കുറച്ച് സ്വതന്ത്രമായി ചെയ്തു എന്നാണ് രേഖ. അത് കഴിഞ്ഞിട്ട് ആശാന്റെ ജീവിതാവസാനത്തിൽ രണ്ടു കൃതികൾ  , ആശാന്റെ ഏറ്റവും പ്രധാനപ്പെട്ട കൃതി ആണെന്ന് പലരും വിശ്വസിക്കുന്ന ‘കരുണ' അടക്കം, ‘ചണ്ഡാലഭിക്ഷുകി' അടക്കം  , ആശാൻ ഒരേ വർഷമാണ് ചെയ്തത്, 1923ൽ. ഇത് ബുദ്ധമതത്തിന്റെയും ബുദ്ധന്റെയും മഹത്വം...

ഷൺമുഖദാസ്‌: അഭിനേതാക്കളെ തെരഞ്ഞെടുത്തതിനെ കുറിച്ച്...

കെ പി കുമാരന്‍: ശ്രീവത്സൻ ജെ മേനോൻ എന്ന മനുഷ്യനെ കണ്ടെത്തിയതിനെ കുറിച്ച് പലരും കമന്റ് ചെയ്തിട്ടുണ്ട്. അതൊക്കെ ഒരു യാദൃച്ഛികതയാണ്. അതൊക്കെ സിനിമയിൽ സംഭവിച്ച് പോവുന്ന അത്ഭുതം. ഫിലിം മേക്കര്‍,

 ശ്രീവത്സൻ ജെ മേനോൻ

ശ്രീവത്സൻ ജെ മേനോൻ

ചലച്ചിത്രകാരൻ, എന്ന കക്ഷി ഒരു വനാന്തരത്തിൽ ഒറ്റയടിപ്പാതയിലൂടെ യാത്ര ചെയ്യുന്ന ആളാണ്. ചില സമയത്ത് പ്രഗത്ഭരായ കൂട്ടുകാർ കാണും. ക്യാമറാമാൻമാരും സൗണ്ട് റെക്കോർഡിസ്റ്റ്സും എല്ലാവരും കൂടെ കാണും. പക്ഷേ, അയാൾ ഒറ്റയ്‌ക്കാണ്. മറ്റുള്ളവരുടെ എല്ലാ സഹായത്തോടും കൂടിയാണ് അയാൾ യാത്ര ചെയ്യുന്നത്. എങ്കിൽ പോലും, തീരുമാനമെടുക്കേണ്ടത് അയാളാണ്. അയാൾ ഏകാകിയായ മനുഷ്യനാണ്.

അങ്ങനെയുള്ള യാത്രയിൽ ഒരുപാട് അപകടങ്ങൾ ഉണ്ടാകും. അപകടങ്ങളേ ഉണ്ടാകൂ. സിനിമയിൽ അപകടങ്ങൾ... ഈ യാത്രയിൽ അതുപോലെ അത്ഭുതങ്ങളും ഉണ്ടാകും. പ്രതീക്ഷിക്കാത്ത അത്ഭുതങ്ങൾ നടക്കും. പലതരത്തിലുള്ള അത്ഭുതങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. അത് ദൃശ്യവൽക്കരണത്തിൽ ഉണ്ടാകും, പല തീരുമാനങ്ങൾ ഉണ്ടാകും. അതിൽ ഒരു അത്ഭുതം ശ്രീവത്സൻ ജെ മേനോൻ എന്ന സംഗീതജ്ഞനാണ്‌.

എന്നെ ഏറ്റവും സന്തോഷിപ്പിച്ച രണ്ടു മുഹൂർത്തങ്ങളുണ്ട് ഈ സിനിമയിൽ. അതൊക്കെ കാഴ്ചക്കാർ കൃത്യമായിട്ട് ഏതൊക്കെയോ രീതിയിൽ വികസിപ്പിച്ചിരിക്കണം  രണ്ടു ചെറിയ കവിതകൾ  ഒന്ന്, അത് ഞാൻ സന്നിവേശിപ്പിച്ച സന്ദർഭവും രസമുള്ളതാണ്,  ‘മിന്നാമിനുങ്ങ് ' എന്നുള്ള കവിതയാണ്. അതിൽ രണ്ടു വരിയുണ്ട് .‘... ഇരുട്ട് കീറുന്നൊരു വജ്രസൂചി പോൽ..' ആ കവിത ഞാൻ ചേർത്തിരിക്കുന്ന സന്ദർഭം, ആശാനും ഭാനുമതിയും തമ്മിലുള്ള വിവാഹം തീരുമാനിച്ചു കഴിഞ്ഞിട്ട്, വിവാഹം നടത്തുന്നതിന് മുമ്പായിട്ട്, സഹോദരന്‍ വന്നു വഴക്കുണ്ടാക്കുന്നു.  ആശാൻ നേരിട്ട് പോയി ഗുരുവിനെ കണ്ട് അനുമതി ചോദിക്കുന്നില്ല. ആശാൻ വിവാഹം കഴിക്കാൻ തീരുമാനിച്ചു,

പക്ഷേ ഗുരുവിനെ കാണാൻ അദ്ദേഹം പോയില്ല. അത് വളരെ സൈക്കോളജിക്കൽ ആയ മൊമെന്റ് ആണ്. അതിനകത്ത്‌ എന്തൊക്കെയോ ഇഷ്യൂസ് ഉണ്ട്. പക്ഷേ,  ആശാൻ സംസ്കൃതത്തിൽ രണ്ടു ശ്ലോകം എഴുതുകയാണ്. അതിൽ അവസാന വരി, ‘ശിവങ്കരമായ ദാമ്പത്യത്തെ ഞാൻ ഇച്ഛിക്കുന്നു’ എന്നാണ്. ഞാൻ അത് ഉപയോഗിച്ചിട്ടുണ്ട് സിനിമയിൽ. അത് കഴിഞ്ഞിട്ട്, രാത്രി ഇരുട്ടത്ത് ഇങ്ങനെ ഇരിക്കുമ്പോൾ, മിന്നാമിനുങ്ങു വരുന്നൊരു രംഗം ഉണ്ട്. അവിടെയാണ് ഈ കവിത ഉപയോഗിച്ചിട്ടുള്ളത്. പിന്നെ ഒരു രംഗം അമ്മയെക്കുറിച്ചുള്ളതാണ്. അമ്മ മരിക്കുമ്പോൾ...

ഷൺമുഖദാസ്: കടൽത്തീരത്തുള്ള രംഗമല്ലേ?

‘ആകാശഗോപുര’ത്തിന്റെ സെറ്റിൽ മോഹൻലാലും കെ പി കുമാരനും

‘ആകാശഗോപുര’ത്തിന്റെ സെറ്റിൽ മോഹൻലാലും കെ പി കുമാരനും

കെ പി കുമാരൻ: അതെ.

ഷൺമുഖദാസ്‌:  എന്റെ മനസ്സില്‍, ആശാന് ഇപ്പോഴും ബുദ്ധചിന്തയുമായി അഗാധമായൊരു ബന്ധം ഉണ്ട് എന്നൊരു തോന്നൽ ഉണ്ട്.  ‘കരുണ'യെക്കുറിച്ച് ഒരു പ്രഭാഷണം, കുറച്ചുവർഷങ്ങൾക്ക്‌ മുമ്പ്‌ ബാലചന്ദ്രൻ ചുള്ളിക്കാട് സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ വെച്ച് നടത്തുകയുണ്ടായി. മനോഹരമായ ഒരു പ്രഭാഷണം ആയിരുന്നു അത്.

കെ പി കുമാരൻ:  ബാലചന്ദ്രൻ വളരെ ആഴത്തിൽ പഠിച്ചിട്ടുണ്ട് ആശാനെ. സി വി രാമൻപിള്ളയും ആശാനും,  ഈ രണ്ടു തൂണുകളിലാണ് ബാലചന്ദ്രൻ നിൽക്കുന്നത്.

ഷൺമുഖദാസ്‌:  അന്നത്തെ ആ പ്രഭാഷണത്തിൽ, ആശാൻ ബുദ്ധിസ്റ്റ്‌ അല്ല; ആശാൻ ഹിന്ദു ആണ് എന്നാണ് യുക്തിസഹമായി സമർഥിക്കാൻ ശ്രമിച്ചത്. ‘ചിന്താവിഷ്ടയായ സീത'യുടെ അവസാനഭാഗത്തായി ഗംഭീരമായ രണ്ടു വരികളുണ്ട്.

‘പുഴു പോലെ തുടിക്കയല്ലി ഹാ,/പഴുതേയിപ്പൊഴുമെന്നിടത്തു തോൾ’ കഴിഞ്ഞു വരുന്ന രണ്ടു വരികള്‍.
‘വിനയാർന്ന സുഖം കൊതിക്കയി
ല്ലിനിമേൽ ഞാനസുഖം വരിക്കുവാൻ'.
ഇത് ബുദ്ധചിന്തയാണ് എന്നാണ് തോന്നിയത്. ‘Light of Asia' യിൽ ഒരു വരി ഉണ്ട്  This disease called life.
.
‘അനിയന്ത്രിതമായ് ചിലപ്പൊളീ  
മനമോടാത്ത കുമാർഗമില്ലെടോ  ...’

എന്നുള്ള വരികളില്‍ കുമാർഗം കാമമായിരിക്കണം എന്നു തോന്നുന്നു. നൂറുകൊല്ലം മുമ്പ്‌ ആശാന്‍ ഈ തരത്തിൽ ചിന്തിച്ചതാണ്. ആശാന്റെ കവിതകളിലെ മൊത്തം ഒരു ഭാവം എന്റെ ഉള്ളിൽ എവിടെയോ ഉണ്ട്. അല്ലാതെ ആധികാരികമായി ആശാൻ കവിതയെ കുറിച്ച് ഒന്നുമറിയില്ല. കുറച്ചു വർഷം മുമ്പ്‌, നമ്മൾ സംസാരിക്കുമ്പോൾ ഞാനീ വരികൾ ചൊല്ലുകയുണ്ടായി. ആ കാലത്ത് ഭാനുമതിയായി അഭിനയിക്കാൻ ഉദ്ദേശിച്ചിരുന്ന നടിയെ കുറിച്ച് പറഞ്ഞിരുന്നു. ആ നടി തന്നെയാണോ..

കെ പി കുമാരൻ: ഗാർഗി തന്നെയായിരിക്കണം.

ഗാർഗി

ഗാർഗി

ഷൺമുഖദാസ്‌:  പൊതുവെ വന്നിട്ടുള്ള കുറേ ആരോപണങ്ങൾ... അതിൽ ഒന്ന്, അച്ചടി ഭാഷ, കൃത്രിമമായ ഭാഷ, ഉപയോഗിച്ചിരിക്കുന്നു എന്നതാണ്. ഞാൻ പറഞ്ഞത്, സാഹിത്യ ഭാഷയാണ് എന്നാണ്. അതില്‍ അസ്വാഭാവികത ഒന്നും തോന്നിയില്ല. ഒരു convention ആയി ഉപയോഗിച്ചിരിക്കുന്നു എന്നാണ് തോന്നിയത്. മറ്റൊരു ആരോപണം, ആശാൻ ഉപയോഗിക്കുന്ന പേന അക്കാലത്തുപയോഗിച്ചിരുന്നോ എന്നായിരുന്നു.  പിന്നെ, വിളക്കിന്റെ കാര്യമാണ്; ആശാന്‍ താമസിച്ചിരുന്ന വീട്ടില്‍, ചുമരിൽ ഇപ്പോഴും  പുകയുണ്ട്. ചില്ലു വെച്ചിട്ടുള്ള വിളക്കിൽ നിന്നുള്ള പാടല്ല ചുമരിൽ ഉള്ളതെന്നാണ് ആരോപണം. അത് പറഞ്ഞ സുഹൃത്ത്, മറ്റൊരു ആരോപണവും പറഞ്ഞു. അവസാനഭാഗത്തുള്ള ബോട്ടിന്റെ ശബ്ദം. ആ കാലത്തെ ബോട്ടിന്റെ ശബ്ദം അങ്ങനെയല്ല എന്നാണ്.

കെ പി കുമാരൻ: ഇതിൽ പ്രധാനമായിട്ട് ഞാൻ കാണുന്നത്, ആദ്യത്തെ ആരോപണമാണ്.  എനിക്ക് വളരെ ഇഷ്ടമുള്ള ഒരു കവിയായിട്ടുള്ള പി പി രാമചന്ദ്രൻ നല്ല അഭിപ്രായം പറഞ്ഞിട്ട്, അച്ചടിഭാഷ അരോചകമായി എന്നുപറഞ്ഞു.  രസകരമായ ഒരു തമാശ എന്താണെന്നു വെച്ചാൽ, ആശാന്റെ പത്നി ആയിരുന്ന ഭാനുമതി, പിൽക്കാലത്ത് വിവാഹം കഴിക്കുകയും ചെയ്‌തു. അതിൽ കുട്ടികൾ ഉണ്ടായിട്ടുണ്ട് ഡോ. ലളിത. അവര് തിരുവനന്തപുരത്തെ പ്രമുഖ ഡോക്ടർ ആണ്, ഗൈനോക്കോളജിസ്റ്റ് ആണ് അവർ പടം കണ്ടിട്ട് എന്നെ വിളിച്ചിരുന്നു;  പടം ഇഷ്ടപ്പെട്ടു. രണ്ടു കാര്യങ്ങളാണ് അവർ പറഞ്ഞത്. ഒന്ന് അമ്മയുടെ മുടി ചുരുണ്ടതായിരുന്നു; രണ്ടാമത്തെ കാര്യം, അമ്മ സംസ്കൃത പണ്ഡിതയായിരുന്നു, ചതുരവടിവില്‍ ആണ് സംസാരിച്ചിരുന്നത്  എന്നും പറഞ്ഞു. പല കാര്യത്തിന് വേണ്ടി കേരളത്തിലുടനീളം യാത്ര ചെയ്തിരുന്ന ആളാണ്.

എനിക്ക്‌ മിക്കവാറും എല്ലാ ഭാഗത്തെയും ആളുകളുടെ സംസാരത്തിൽ നിന്ന്, നാട് മനസ്സിലാക്കാൻ പറ്റിയിരുന്നു. ഇപ്പോള്‍ പറ്റുന്നില്ല. ഭാനുമതി തിരുവനന്തപുരത്തെ ലോക്കല്‍ ഭാഷ സംസാരിക്കുകയും, ആശാൻ സംസ്കൃതം കലർന്ന ഭാഷ സംസാരിക്കുകയും ചെയ്യുമ്പോൾ വികൃതമാകുന്ന ഒരു അവസ്ഥയുണ്ട്. സിനിമയുടെ ഭാഷ എന്നുപറഞ്ഞാൽ, ആദ്യകാലങ്ങളിൽ മുതുകുളം രാഘവൻപിള്ളയിൽ തുടങ്ങി പത്മരാജൻ വരെ വന്നുനിൽക്കുന്ന തിരക്കഥാകൃത്തുക്കൾ ഉണ്ടല്ലോ, അവരെല്ലാം ഉപയോഗിച്ചിരിക്കുന്നത് ഓണാട്ടുകര ഭാഷയാണ്.

65ൽ ഇറങ്ങിയ ഒരു സിനിമ ആ ഭാഷയിൽനിന്ന് മാറി ഒരു സംഭാഷണം ഉപയോഗിച്ചിരുന്നു‐  ആ സിനിമയുടെ പേര് ‘മുറപ്പെണ്ണ് '. വിൻസെന്റ് മാഷ് സംവിധാനം ചെയ്‌ത്‌ എം ടി വാസുദേവൻ നായർ തിരക്കഥ എഴുതുകയും ചെയ്ത സിനിമ.

എം ടി വാസുദേവൻ നായർ

എം ടി വാസുദേവൻ നായർ

ഇതിന്റെ പ്രൊഡ്യൂസർ ആയിരുന്ന ശോഭന പരമേശ്വരൻ നായർ എഴുതിയിട്ടുണ്ട്. പടമൊക്കെ തീർന്ന് ഡബിൾ പോസിറ്റീവ്  കാണിച്ചപ്പോൾ ഡിസ്ട്രിബ്യൂട്ടേഴ്‌സ്‌ മുഴുവൻ വഴക്കുണ്ടാക്കി. ഈ ഭാഷ ആണെങ്കിൽ ആര് സിനിമ കാണും? അവർക്കറിയാവുന്ന ഓണാട്ടുകര ഭാഷ തന്നെ വേണം. ഓണാട്ടുകര മധ്യതിരുവിതാംകൂറിന്റെ ഒരു ഭാഗത്തു മാത്രമുള്ള ഭാഷയാണ്... ഓരോ പതിനഞ്ചു കിലോമീറ്റർ മാറുമ്പോഴും ഭാഷ മാറിക്കൊണ്ടിരിക്കും.  ഓരോ കഥാപാത്രത്തിനും ഓരോ ഭാഷയാണ്.

എന്നെ സംബന്ധിച്ചിടത്തോളം കുമാരനാശാന്റെ ഭാഷ, ആത്മഭാഷണത്തിലൊക്കെ ഉപയോഗിച്ചിട്ടുള്ള ഭാഷയൊക്കെ ഞാൻ കുറേ ഗദ്യ കവിതകളും പ്രജാസഭ പ്രസംഗങ്ങളും വെച്ച്, പിന്നെ കവിതകളിൽ നിന്നൊക്കെ,  ഞാൻ തന്നെ ല്ീഹ്ല ചെയ്യുന്ന ഒരു ഭാഷയാണ്. എനിക്കത്, കൃത്യമായിട്ട് ഇന്നയിടത്തെ ഭാഷയാണെന്നു പറയാൻ പറ്റില്ല. കായിക്കരക്കാരൻ കുമാരനാശാനും പേട്ടയിൽ ജനിച്ചു വളർന്ന ഭാനുമതിയും ഒരേ ഭാഷയല്ല സംസാരിക്കുന്നത്. കുറെ കോമണ്‍ ആയിട്ടുളള കാര്യങ്ങളും ഉണ്ട്. ഇത് സാമുവല്‍ ജോണ്‍സണും ബെര്‍ണാഡ്‌ ഷായും ഒക്കെ പറഞ്ഞിട്ടുള്ളതാണ്. ‘പിഗ്മാലിയനി'ല്‍ ഇതുണ്ട്. ആദ്യകാലത്ത്, സംസ്കൃ തമോ ഇംഗ്ലീഷോ പഠിക്കുന്ന ആളുകൾ സംസാരിക്കുമ്പോള്‍ ഭാഷ കുറച്ചു കൃത്രിമമാക്കും.

അവരുടെ ഭാഷ, അവർ മലയാളം പറയുന്നത് സാധാരണപോലെ ആവില്ല, കുറച്ച്‌ ഇംഗ്ലീഷോ സംസ്കൃതമോ കലരും.  കുമാരനാശാൻ എന്ത് ഭാഷയാണ് സംസാരിച്ചിരുന്നത്

കൃഷ്‌ണനുണ്

കൃഷ്‌ണനുണ്

എന്നെനിക്കറിയില്ല,  റെക്കോർഡിങ് ഒന്നുമില്ല. ആശാന്റെ എഴുത്ത് ഉണ്ട്. ഞാൻ പറഞ്ഞു വരുന്നത്, എം ടി വാസുദേവൻ നായർ വള്ളുവനാടൻ ഭാഷ കൊണ്ട് ഓണാട്ടുകര ഭാഷയെ conquer  ചെയ്തപ്പോൾ   പിന്നീട് എല്ലാവരും മധ്യതിരുവിതാം കൂറിലെ തിരക്കഥാകൃത്തുക്കളും വള്ളുവനാടൻ touch ഉള്ള ഭാഷ ഉപയോഗിച്ച് തുടങ്ങി.

തിരുവനന്തപുരത്തെ എഴുത്തുകാരും കുറച്ചു വള്ളുവനാടൻ ടച്ച് കലര്‍ത്തും...  ചിത്രത്തിലെ സംഭാഷണം കേട്ട വള്ളുവനാട്ടുകാരനായ ഒരു കവിക്ക് അത്  അരോചകമായി തോന്നി. പലർക്കും അതൊരു ഇഷ്യു അല്ല. സിനിമയില് സംഭാഷണമെന്നു പറയുന്നത്, പല ഘടകങ്ങളിൽ ഒരു ഘടകം മാത്രമാണ്. പിന്നെ തോണിയുടെ ശബ്ദം. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രഗത്ഭനായ സൗണ്ട് റെക്കോർഡിസ്റ്റ്  കൃഷ്‌ണനുണ്ണിയാണ്‌ സിനിമയിൽ ശബ്ദം ചെയ്തിരിക്കുന്നത്. ഞാന്‍, അദ്ദേഹത്തിന് നമോവാകം പറയുന്നു.

ഷൺമുഖദാസ്‌:  ഈ സിനിമയുടെ ഏറ്റവും വലിയ കരുത്തുകളിൽ ഒന്ന് ശബ്ദപഥമാണ്  .


(ദേശാഭിമാനി വാരികയിൽ നിന്ന്)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top