26 June Wednesday

ഭദ്രന്റെ 'ജൂതൻ' വരുന്നു; സൗബിനും റിമ കല്ലിങ്കലും പ്രധാനവേഷത്തിൽ

വെബ് ഡെസ്‌ക്‌Updated: Friday Mar 15, 2019

കൊച്ചി > നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ഭദ്രന്‍ തിരിച്ചുവരവിനൊരുങ്ങുന്നു. ജൂതന്‍ എന്ന ചിത്രത്തിലൂടെയാണ്‌ മാസ്‌ പടങ്ങൾക്ക്‌ പകരം വക്കാനില്ലാത്ത സംവിധായകനായ ഭദ്രൻ തിരിച്ചെത്തുന്നത്‌. സൗബിൻ ഷാഹിർ നായകനാകുന്ന ചിത്രത്തിന്റെ ഫസ്‌റ്റ്‌ ലുക്ക്‌ മോഷൻ പോസ്‌റ്റർ നടൻ മോഹൻലാൽ റിലീസ് ചെയ്‌തു. റിമ കല്ലിങ്കല്ലാണ് നായിക. ജോജു ജോർജ് മറ്റൊരു പ്രധാനവേഷത്തിലെത്തുന്നു. 

റൂബി ഫിലിംസിന്റെ ബാനറിൽ തോമസ് ജോസഫ് പട്ടത്താനം,ജയന്ത് മാമൻ , എസ്. സുരേഷ് ബാബു എന്നിവർ ചേർന്നാണ് നിർമാണം. എസ്. സുരേഷ് ബാബു തിരക്കഥ എഴുതുന്നു. ലോകനാഥൻ എസ്. ഛായാഗ്രഹണം. സുഷിൻ ശ്യാം സംഗീതം, ബംഗ്ലാൻ കലാസംവിധാനം, സമീറ സനീഷ് വസ്ത്രാലങ്കാരം.
 
മലയാളത്തിൽ മികച്ച സിനിമകൾ സംഭാവനചെയ്‌ത, മലയാളം കണ്ട മികച്ച സംവിധായകരിൽ മുൻപന്തിയിലുള്ള ഒരു സംവിധായകനാണ് ഭദ്രൻ. പതിനാല് വർഷങ്ങൾക്കു േശഷമാണ് ഭദ്രൻ വീണ്ടും സംവിധാനത്തിനൊരുങ്ങുന്നത്. 2005ൽ റിലീസ് ചെയ്ത മോഹൻലാൽ ചിത്രം ഉടയോനാണ് അവസാനമായി റിലീസിനെത്തിയത്. യുവതാരമായ സൗബിനൊപ്പം ഭദ്രനെത്തുമ്പോൾ ആരാധകരും ആവേശത്തിലാണ്.
 
കൊച്ചുകുട്ടിയെപ്പോലെ നിഷ്കളങ്കവും പക്ഷേ ബുദ്ധിവൈഭവവും ഉള്ള ജൂത കഥാപാത്രമായാണ് സൗബിൻ ജൂതനിൽ എത്തുന്നത്. ഒരു നിഗൂഢമായ ഫാമിലി ത്രില്ലർ ഹിസ്റ്റോറിക്കൽ കഥ പറയുന്ന ചിത്രത്തിന് ലോകനാഥൻ ശ്രീനിവാസനാണ് ഛായാഗ്രഹകൻ. ഇന്ദ്രൻസ്, ജോയിമാത്യു തുടങ്ങി നിരവധി താരങ്ങളാണ് കഥാപാത്രങ്ങളായി ചിത്രത്തിൽ അണിനിരക്കുന്നത്.
 
സൗബിന്റെ കരിയറിലെ ശക്തമായ കഥാപാത്രമായിരിക്കും ഈ ചിത്രത്തിലേത്. അടുത്തിടെ സുഡാനി ഫ്രം നൈജീരിയയിലൂടെ മികച്ച നടനുളള സംസ്ഥാന പുരസ്‌കാരം സൗബിന്‍ സ്വന്തമാക്കിയിരുന്നു. തുടര്‍ന്ന് കൈനിറയെ അവസരങ്ങളാണ് നടനെ തേടിയെത്തിയിരിക്കുന്നത്.
 
 
 

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top