30 May Saturday

"ജീവിതകാലം മുഴുവൻ ഞാൻ ഒരു അപഹാസ്യനായിരുന്നു, സ്വാർത്ഥനായിരുന്നു, ക്രൂരനായിരുന്നു; ഇത്‌ നിങ്ങൾ നൽകിയ രണ്ടാമത്തെ അവസരമാണ്‌': ജോക്വിന്‍ ഫിനിക്സിന്റെ വികാര തീവ്രമായ പ്രസംഗം

വെബ് ഡെസ്‌ക്‌Updated: Monday Feb 10, 2020

മികച്ച നടനുള്ള ഓസ്കാര്‍ പുരസ്കാരം നേടിയ ജോക്കര്‍ നായകന്‍ ജോക്വിന്‍ ഫിനിക്സിന്റെ വികാര തീവ്രമായ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം;

ഒരുപാട് നന്ദി. ഓസ്കാറിന് എന്നോടൊപ്പം നാമനിര്‍ദേശം ചെയ്യപ്പെട്ട മറ്റുള്ളവരെക്കാളോ, ഈ റൂമില്‍ കൂടിയിരിക്കുന്ന ആളുകളേക്കാളോ കേമനാണ് ഞാന്‍ എന്ന് എനിക്ക് തോന്നുന്നില്ല. കാരണം നമ്മള്‍ ഒരേ സ്നേഹം പങ്കിടുന്നവരാണ് – സിനിമയോടുള്ള സ്നേഹം. സിനിമയാണ് എനിക്കീ അസാധാരണമായ ജീവിതം സമ്മാനിച്ചത്. ഇത് കൂടാതെ മറ്റെന്താകുമെന്ന് എനിക്കറിയില്ല. 

പക്ഷേ, ശബ്‌ദമില്ലാത്തവർക്കായി ശബ്ദിക്കുവാനുള്ള അവസരമാണ് ഈ വ്യവസായം എനിക്കു നല്‍കിയ ഏറ്റവും വലിയ സമ്മാനം. നാമെല്ലാം അഭിമുഖീകരിക്കുന്ന ചില ദുരവസ്ഥകളെക്കുറിച്ച് ഞാൻ ചിന്തിക്കുകയായിരുന്നു. ലിംഗപരമായ അസമത്വം, വർഗ്ഗീയത, ഭിന്നലിംഗക്കാരുടെ അവകാശം, തദ്ദേശീയ സമൂഹങ്ങളുടെ അവകാശം, മൃഗങ്ങളുടെ അവകാശം തുടങ്ങിയ വിഷയങ്ങളെ കുറിച്ചെല്ലാം നാം സംസാരിക്കുന്നുണ്ട്. അനീതിക്കെതിരായ പോരാട്ടത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. ഒരു രാഷ്ട്രം, ഒരു ജനത, ഒരു വംശം, ഒരു ലിംഗഭേദം, ഒരൊറ്റ സമൂഹം തുടങ്ങിയവയ്ക്ക് മറ്റുള്ളതിന് മേല്‍ ആധിപത്യം ചെലുത്താമെന്ന വിശ്വാസത്തിനെതിരെയാണ് നാം സംസാരിക്കുന്നത്.

പ്രകൃതിയില്‍ നിന്നും നമ്മള്‍ വല്ലാണ്ട് വിച്ഛേദിക്കപ്പെട്ടുവെന്ന് ഞാൻ കരുതുന്നു. നമ്മളാണ് ഈ പ്രപഞ്ചത്തിന്റെ കേന്ദ്രമെന്ന അഹന്തയാണ് നമുക്ക്. പ്രകൃതി വിഭവങ്ങൾ കൊള്ളയടിക്കുകയാണ് നാം. പശുക്കളില്‍ ബീജസങ്കലനം നടത്തിയും അവയുടെ കുഞ്ഞുങ്ങളെ മോഷ്ടിച്ചും നമ്മള്‍ നമ്മുടെ അഹന്ത പകടിപ്പിക്കുന്നു. കിടാവുകള്‍ക്ക് കുടിക്കാനുള്ള പാല്‍ നമ്മള്‍ എടുത്ത് കോഫിയിലും ധാന്യത്തിലുമിട്ട് കഴിക്കുന്നു.

എന്നാൽ, ക്രിയാത്മകമായും കണ്ടുപിടുത്തപരമായും നാം മനുഷ്യര്‍ ഏറെ മുന്നിലാണ്. എല്ലാ ജീവജാലങ്ങള്‍ക്കും പരിസ്ഥിതിക്കും പ്രയോജനകരമായ സംവിധാനങ്ങൾ സൃഷ്ടിക്കാനും വികസിപ്പിക്കാനും നടപ്പിലാക്കാനും നമുക്ക് കഴിയും.

എന്റെ ജീവിതകാലം മുഴുവൻ ഞാൻ ഒരു അപഹാസ്യനായിരുന്നു, സ്വാർത്ഥനായിരുന്നു. ചില സമയങ്ങളിൽ ക്രൂരനായിരുന്നു. ഈ മുറിയില്‍ തടിച്ചുകൂടിയ നിങ്ങളില്‍ പലരും എനിക്ക് രണ്ടാമതൊരു അവസരം നല്‍കിയവരാണ്. അതിന് ഞാന്‍ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. പരസ്പരം പിന്തുണയ്ക്കുമ്പോൾ മാത്രമാണ് നമ്മള്‍ നമ്മുടെ ഏറ്റവും മികച്ച അവസ്ഥയില്‍ എത്തുന്നതെന്ന് ഞാന്‍ കരുതുന്നു. നമ്മുടെ മുൻകാല തെറ്റുകൾക്ക് പരസ്പരം റദ്ദാക്കുമ്പോഴല്ല, മറിച്ച് പരസ്പരം വളരാൻ സഹായിക്കുമ്പോഴാണ് നാം മികച്ചവരാകുന്നത്.

എന്റെ സഹോദരന് 17 വയസ്സുള്ള സമയത്ത് അവനെഴുതിയ വരിയാണിത്; 'രക്ഷയ്‌ക്കായി സ്നേഹത്തോടെ ഓടുക, സമാധാനം നിങ്ങളെ പിന്തുടരും'.

 


പ്രധാന വാർത്തകൾ
 Top