03 June Saturday

മനസ്സ്‌ നിറയെ സന്തോഷം നൽകുന്ന "ജോ ആൻഡ്‌ ജോ'

കെ എ നിധിൻ നാഥ്‌Updated: Wednesday May 18, 2022

തമാശകൾ നിറഞ്ഞ പ്രേക്ഷകർക്ക്‌ മനസ്സ്‌ നിറയെ സന്തോഷം നൽകുന്ന സിനിമകൾ മലയാളത്തിൽ എല്ലാ കാലവും കാഴ്‌ചക്കാരുള്ള ശ്രേണിയാണ്‌. വലിയ പിരിമുറുക്കമില്ലാതെ ഒറ്റക്കാഴ്‌ചയിലെ സന്തോഷം നല്‍കുന്ന ഫീല്‍ ഗുഡ് സിനിമകളാണ്‌ ഒരു കാലത്ത്‌ തിയറ്ററുകൾ കീഴടക്കിയിരുന്നത്‌. എന്നാൽ മലയാള സിനിമയുടെ മാറിയ പരിസരത്തിലും നവ നിരയുടെ മുന്നേറ്റത്തില്‍ ഇത്തരം സിനിമകള്‍ കുറഞ്ഞ് വന്നു. എത്തിയ പല സിനിമകളും പ്രേക്ഷകരുടെ ആസ്വാദനത്തെ ചോദ്യം ചെയ്‌തും സ്വീകാര്യത കുറച്ചു. എന്നാല്‍, ഇപ്പോള്‍ ഈ ശ്രേണിയില്‍ വീണ്ടും സിനിമകള്‍ വരുകയാണ്‌. ഗിരീഷ്‌ എ ഡി ഒരുക്കിയ തണ്ണീർമത്തൻ ദിനങ്ങൾ ഇത്തരം സിനിമകളുടെ പുതിയ സാധ്യത തുറന്നിട്ടു. ചെറിയ ഒരു വിഷയത്തെ മുൻനിർത്തി ഒരുക്കുന്ന ചിത്രങ്ങൾക്ക്‌ വലിയ സ്വീകാര്യതയുമുണ്ടായി. ഈ വർഷം തന്നെ ചിദംബരത്തിന്റെ ജാന്‍ എ മന്‍, ഗിരീഷ് എ ഡിയുടെ സൂപ്പര്‍ ശരണ്യ, അഖില്‍ അനില്‍കുമാര്‍ ഒരുക്കിയ അര്‍ച്ച 31 നോട്ട് ഔട്ട് തുടങ്ങി നിരവധി സിനിമകളെത്തി. ഇതിലേക്കുള്ള ഏറ്റവും പുതിയ കൂട്ടിചേർക്കലാണ്‌ അരുൺ ഡി ജോസിന്റെ ജോ ആൻഡ്‌ ജോ.

ഒരുകാലത്ത്  മലയാളത്തിൽ വലിയ ഹിറ്റുകളായ തമാശ സിനിമകളും അതൊരുക്കിയ സംവിധായകരും പതിയെ നിറം മങ്ങി പോയി. വലിയ വിജയങ്ങള്‍ നേടിയപ്പോഴും ഈ സിനിമകളില്‍ പലതിന്റെയും ഉള്ളടക്കത്തില്‍ സ്‌ത്രീ വിരുദ്ധതയും വംശീയ–- ജാതി അധിക്ഷേപങ്ങളും കുത്തിനിറച്ചിരുന്നു. എന്നാലും കാഴ്‌ചക്കാർ ഉണ്ടായിരുന്നു എന്നതുകൊണ്ട്‌ അവ വീണ്ടും നിർമിച്ചുകൊണ്ടിരുന്നു. എന്നാല്‍ ഈ സ്‌ത്രീ-സമൂഹ വിരുദ്ധ സിനിമകള്‍ തങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചതാണെന്ന് പ്രേക്ഷകര്‍ പ്രഖ്യാപിച്ചത് കാലക്രമേണ  ഇതിന് ബദലായ സിനിമകള്‍ക്ക് കൈയ്യടിച്ചാണ്. അതിന്റെ തുടര്‍ച്ചയാണ് സിനിമയിലുണ്ടായ രാഷ്‌ട്രീയ ബോധ്യങ്ങള്‍ പ്രേക്ഷകന്റേത് കൂടിയായതും ഇത്തരം സ്ത്രീ വിരുദ്ധതയും ജാതി അധിക്ഷേപങ്ങളും നിറഞ്ഞ സൃഷ്ടികള്‍ കാലാനന്തരം തഴയപ്പെട്ടതും. ഈ വിമര്‍ശനവും തിരസ്‌കരണവും പ്രേക്ഷകന്‍ ഒരുപരിധി വരെ ആര്‍ജ്ജിച്ച സിനിമ കാഴ്‌ച‌‌യിലെ രാഷ്ട്രീയ ബോധ്യത്തിന്റെ ഗുണഫലമാണ്.

സമീപത്ത് മലയാള സിനിമയിലുണ്ടായ നവീകരണത്തിന്റെ കൂടി ഭാഗമായി മുന്‍ കാലത്തെ പുഴുക്കുത്തുകള്‍ മാറ്റി നിര്‍ത്തി പുതിയ കാലത്തെ ഫീല്‍ ഗുഡ് സിനിമയിലധികവും എത്തുന്നത് എന്നത് വലിയ പ്രതീക്ഷയാണ്. ഇതെല്ലാം ഒരുക്കുന്നത് പുതിയ മേക്കേഴ്‌സാണെന്നത്‌ മലയാള സിനിമയുടെ വരാനിരിക്കുന്ന കാലത്തിന്റെ സൂചികയാണ്‌.

കോവിഡ്‌ ലോക്‌ഡൗണിന്റെ പശ്ചാത്തലത്തിൽ മലയാളത്തിൽ പല സിനിമകളും വന്നു. അതിലെ വീട്ടികങ്ങളിലേക്ക്‌ ലോകം ചുരുങ്ങിയതിന്റെ സിനിമാ കാഴ്‌ചയുടെ ഏറ്റവും കളർഫുൾ വേർഷനാണ്‌ ജോ ആൻഡ്‌ ജോ.  വളരെ ചെറിയ സംഭവത്തെ കഴിയാവുന്നത്ര രസകരമായി പറഞ്ഞുവെന്നത്‌ തന്നെയാണ്‌ സിനിമയുടെ മികവ്‌. ആദ്യ രംഗം മുതൽ അവസാനം വരെ തമാശ നിറഞ്ഞ്‌ നിൽക്കുന്ന പടം. ഇത്തരം സിനിമകളിലെ പ്രധാന വെല്ലുവിളി സിനിമയുടെ രസച്ചരട്‌ പൊട്ടാതെ കൊണ്ട്‌ പോകുകയെന്നതാണ്‌. അതിൽ നവാഗതനായ അരുൺ ഡി ജോസ്‌ വിജയിച്ചിട്ടുണ്ട്‌. സിനിമയുടെ എഴുത്തിൽ കൂടി പങ്കാളിയായ അരുൺ സിനിമയുടെ താളവും ഒഴുക്കും സംഭാഷങ്ങളിലൂടെ കൃത്യമായി നിലനിർത്തിയതാണ്‌ സിനിമയെ ഇത്രമേൽ ആസ്വാദ്യകരമാക്കിയത്‌. എഴുത്തിലും അത്‌ സിനിമയാക്കിയപ്പോഴും പുലർത്തിയ സമീപനം തിയറ്ററിൽ മുഴുവൻ സമയ ആഘോഷ ആസ്വാദനം സിനിമ ഉറപ്പാക്കുന്നുണ്ട്‌.  കഥയും നല്ല തിരക്കഥയും പിൻബലമാക്കി നിർത്തി ഒരുക്കിയതാണ്‌ മറ്റു പല ‘തമാശ’ സിനിമകളിൽ നിന്ന്‌ ജോ ആൻഡ്‌ ജോയെ വ്യത്യസ്ഥമാക്കുന്നത്‌. ഒരു രംഗത്തിൽ നിന്ന്‌ അടുത്തതിലേക്ക്‌ കൃത്യമായി ഇഴുകി ഇറങ്ങി പോകുന്ന പരിചരണമാണ്‌ സിനിമയുടെ ഒഴുക്ക്‌. നന്നായി പ്രസന്റ്‌ ചെയ്യുകയും ആ പ്രസന്റേഷന്‌ കുടൂതൽ കരുത്ത്‌ നൽകുന്ന  അഭിനേതാക്കളുടെ പ്രകടനവും സിനിമയ്‌ക്ക്‌ മുതൽക്കൂട്ടാകുന്നുണ്ട്‌.

ലോക്‌ഡൗൺ കാലത്തെ ഒരു വീടും അവിടത്തെ ചേച്ചിയും അനിയനും, അനിയന്റെ കൂട്ടുകാരും അവർക്കിടയിൽ നടക്കുന്ന സംഭവങ്ങളുമാണ്‌ സിനിമ. നിഖില വിമൽ ആദ്യമായി ടൈറ്റിൽ റോളിൽ എത്തിയ സിനിമയാണ്‌. നടിയെന്ന നിലയിൽ നിഖിലയ്‌ക്ക്‌ പെർഫോം ചെയ്യാൻ കിട്ടിയ ഇടം അവർ നന്നായി ഉപയോഗിക്കുകയും ചെയ്‌തു.  ലോക്‌ഡൗണിൽ വീട്ടിൽ തന്നെ ഇരിക്കേണ്ടി വരുന്ന  ജോമോൾ എന്ന കഥാപാത്രത്തെ  രസകരമായി അവതരിപ്പിച്ചു. മാത്യുവിന്റെ ജോ മോൻ, നെസ്‌‌ലന്റെ മനോജ്‌ സുന്ദരൻ, മെൽവിന്റെ എബി കുരുവിള–- ഈ മൂവർ സംഘമാണ്‌ പടത്തിന്റെ കാതൽ. ഈ ത്രിമൂർത്തികൾ സൃഷ്ടിക്കുന്ന തമാശകളും കൗണ്ടറുകളുമാണ്‌ സിനിമയുടെ രസച്ചരട്‌. മാത്യൂ പാടുന്ന ഡബ്ബ്‌ പാട്ടുകൾ അടങ്ങുന്ന നിമിഷങ്ങൾ എല്ലാം രസകരമാണ്‌. ജോണി ആന്റണിയുടെ അച്ഛൻ കഥാപാത്രം ബേബി, സാഗർ സൂര്യയുടെ പരിഷ്‌കാരിയടക്കം എല്ലാ കഥാപാത്രങ്ങളും ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്‌. ടിറ്റോ തങ്കച്ചന്‍ എഴുതിയ വരികള്‍ക്ക് സംഗീതം നൽകിയത്‌  ഗോവിന്ദ് വസന്തയാണ്‌.

തമാശ പടമായി നിൽക്കുമ്പോഴും സിനിമയുടെ കഥാഗതിയിൽ കടന്ന്‌ വരുന്ന രാഷ്‌ട്രീയം കൂടി ഉറക്കെ പറഞ്ഞാണ്‌ സിനിമ മുന്നോട്ട്‌ പോകുന്നത്‌.  മലയാള സിനിമ നിർമിച്ച്‌ വച്ച സാമൂഹിക അപകടങ്ങളെ സിനിമയ്‌ക്കുള്ളിൽ വച്ചു തന്നെ തൂത്ത്‌ കളയുന്നുണ്ട്‌. നിഖില വിമലിന്റെ ജോ മോൾ പലയാവർത്തി നാം കേട്ട സ്‌ത്രീകൾക്ക്‌ മാത്രം ‘ബാധകമായ’ ഉത്തരവാദിത്വങ്ങളെ ചോദ്യം ചെയ്യുന്നുണ്ട്‌. 16 വയസ്സാകുന്നതോടെ പെൺമക്കളെ കുടുംബിനിയാക്കാൻ തയാറെടുപ്പിക്കുന്ന അമ്മമാർ എന്തുകൊണ്ട് ആൺകുട്ടികളെ നല്ല ഭർത്താക്കന്മാരാക്കാൻ ശ്രമിക്കുന്നില്ലെന്ന ജോമോളുടെ ചോദ്യം സമൂഹവും മലയാള സിനിമയും നിർമിച്ചെടുത്ത ലിംഗഅനീതിയ്‌ക്ക്‌ നേരെയുള്ള പ്രതികരണമാണ്‌. രാഷ്‌ട്രീയം പറയാനായി സിനിമയെടുത്ത്‌ പലപ്പോഴും കേവലം പൊളിറ്റിക്കൽ കമന്ററിയായി സിനിമ ചുരുങ്ങി പോകാറുണ്ട്‌. ആ ഇടത്തിലാണ്‌ സിനിമയുടെ കാഴ്‌ചാ ആസ്വാദനത്തെ ഒരു ഘട്ടത്തിലും ബാധിക്കാതെ എന്നാൽ പ്രേക്ഷകനെ ചിന്തിപ്പിക്കുന്ന തലത്തിൽ പടം രാഷ്‌ട്രീയം പറയുന്നത്‌.

താരമൂല്യം, വലിയ താരനിര ഇതെല്ലാം സൃഷ്ടിക്കുന്ന  പ്രീ പബ്ലിസിറ്റി ഹൈപ്പ്‌ തുടങ്ങിയവയാണ്‌ സിനിമയെ തിയറ്ററ്റിൽ വിജയിപ്പിക്കുക എന്ന ഒരായിരം കപട ധാരണകളുടെ പുറത്താണ്‌ ജോ ആൻഡ്‌ ജോ അടക്കമുള്ള നവാഗത സംവിധായകരുടെ പടങ്ങൾ വന്ന്‌ പ്രേക്ഷക ഹൃദയം കവരുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top