22 October Tuesday

അവാർഡ‌് കിട്ടിയവർ ജിന്നിൽ

വെബ് ഡെസ്‌ക്‌Updated: Monday May 6, 2019

രണ്ട‌് സംസ്ഥാന അവാർഡ‌് ജേതാക്കൾ വെള്ളിത്തിരയിൽ ഒരുമിക്കുന്നു. സിദ്ധാർഥ‌് ഭരതൻ സംവിധാനംചെയ്യുന്ന "ജിന്ന്' എന്ന ചിത്രത്തിലാണ‌് 2018 ലെ മികച്ച നടനും നടിക്കുമുള്ള സംസ്ഥാന അവാർഡ‌് നേടിയ സൗബിൻ ഷാഹിറും നിമിഷാ സജയനും പ്രധാന കഥാപാത്രങ്ങളായെത്തുന്നത‌്. 

നിദ്ര, ചന്ദ്രേട്ടൻ എവിടെയാ, വർണ്യത്തിൽ ആശങ്ക എന്നീ സിനിമകൾക്ക‌ുശേഷം സിദ്ധാർഥ‌് ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രമാണ‌് ജിന്ന‌്. മുഴുനീ‌ള ഹാസ്യ പശ്ചാത്തലമുള്ള ചിത്രമായിരിക്കുമെന്ന‌് സിനിമയുടെ തിരക്കഥാകൃത്ത‌് രാജേഷ് ഗോപിനാഥ‌് ഒരു ഓൺലൈൻ മാധ്യമത്തോട‌് പറഞ്ഞു.  സമീർ താഹിർ സംവിധാനംചെയ്ത "കലി' എന്ന സിനിമയാണ‌് രാജേഷ് ഗോപിനാഥ‌് തിരക്കഥ രചിച്ച മറ്റൊരു ചിത്രം.  രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖമാണ‌് നിമിഷയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ.   

ജോൺപോൾ ജോർജിന്റെ ‌"അമ്പിളി' എന്ന ചിത്രത്തിന്റെ ചിത്ര‌ീകരണത്തിരക്കിലാണ‌് സൗബിൻ.  ഒക്ടോബറോട‌ുകൂടി ജിന്നിന്റെ  ചിത്രീകരണം ആരംഭിക്കും.  ഗിരീഷ് ഗംഗാധരനാണ് ക്യാമറ.

പ്രശാന്ത് പിള്ള സംഗീതവും ഭവൻ ശ്രീകുമാർ എഡിറ്റിങ്ങും നിർവഹിക്കുന്ന ചിത്രം നിർമിക്കുന്നത‌് ഡി ഫോർട്ടീൻ എന്റർടെയിൻമെന്റാണ്. "ഒരു കുപ്രസിദ്ധ പയ്യൻ, ചോല' എന്നീ സിനിമകളിലെ അഭിനയത്തിനാണ‌് നിമിഷയെ 2018 ലെ മികച്ച നടിക്ക‌് അർഹയാക്കിയത‌്. "തൊണ്ടി മുതലും ദൃക‌്സാക്ഷിയി'ലൂടെയാണ‌് നിമിഷ വെള്ളിത്തിരയിലെത്തുന്നത‌്.  വൈറസും ട്രാൻസുമാണ‌് സൗബിന്റെ ഇനി പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രം.

മധു സി നാരായണൻ സംവിധാനവും ശ്യാം പുഷ‌്കരൻ തിരക്കഥയും നിർവഹിച്ച "കുമ്പളങ്ങി നൈറ്റ‌്സി'ലെ  സൗബിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുകയാണ‌്.  സൗബിൻ സംവിധാനം ചെയ‌്ത "പറവ' എന്ന സിനിമയും നിരവധി  അവാർഡുകൾ കരസ്ഥമാക്കിയിരുന്നു.


പ്രധാന വാർത്തകൾ
 Top