19 March Tuesday

കാർത്തിക്കൊപ്പം ജീത്തു ; പക്ഷേ, മലയാളമല്ല തമിഴാണ‌്

വെബ് ഡെസ്‌ക്‌Updated: Friday Feb 22, 2019

സൂര്യയെപ്പോലെതന്നെ അനിയൻ കാർത്തിയും മലയാളി പ്രേക്ഷകർക്ക‌് പ്രിയങ്കരനാണ‌്. പരുത്തിവീരൻ, പയ്യാ, നാൻ മഹാൻ അല്ലൈ, മദ്രാസ‌്, കൊമ്പൻ, തോഴാ, കാട്ര‌് വെളിയിടൈ എന്നിങ്ങനെ ചിത്രങ്ങളെല്ലാം കേരളമണ്ണിലും സൂപ്പർഹിറ്റായി ഓടിയവയാണ‌്. ഒടുവിലിറങ്ങിയ തീരൻ അധികാരം ഒൻട്ര‌് എന്ന പൊലീസ‌് ചിത്രം കാർത്തിയുടെ അഭിനയജീവിതത്തിൽത്തന്നെ നാഴികക്കല്ലായി. ചിത്രത്തിൽ മികച്ച അഭിനയം കാഴ‌്ചവച്ച കാർത്തി ഫിലിംഫെയർ ക്രിട്ടിക‌്സ‌് അവാർഡടക്കം നിരവധി പുരസ‌്കാരങ്ങളും നേടി. രകുൽ പ്രീത‌് സിങ്ങിനൊപ്പം കാർത്തി അഭിനയിച്ച ദേവ‌് മികച്ച പ്രതികരണം നേടി തിയറ്ററുകളിൽ നിറഞ്ഞോടിക്കൊണ്ടിരിക്കുകയാണ‌്.

കാർത്തിയും മലയാളത്തിന്റെ സൂപ്പർ സംവിധായകൻ ജീത്തു ജോസഫും ഒന്നിക്കുന്നു എന്നതാണ‌് പുതിയ വർത്തമാനം. ഏപ്രിലിൽ ചിത്രീകരണമാരംഭിക്കുന്ന സിനിമ പക്ഷേ, മലയാളമല്ല തമിഴാണ‌്. രൺസിൽ ഡിസിൽവയും മണികണ‌്ഠനും ചേർന്നാണ‌് തിരക്കഥ.

കമൽ ഹാസനെ നായകനാക്കി ദൃശ്യത്തിന്റെ റീമേക്ക‌് പാപനാശം ഒരുക്കിയതോടെ തമിഴ‌് സിനിമാേലാകത്തിനും ജീത്തു പരിചിതനാണ‌്.  ബോള‌ിവുഡിലും അരങ്ങേറ്റം നടത്തിയിട്ടുണ്ട‌് ജീത്തു. ഇമ്രാൻ ഹാഷ‌്മിയെയും ഋഷി കപൂറിനെയും പ്രധാനകഥാപാത്രങ്ങളാക്കി ത്രില്ലർ സ്വഭാവമുള്ള ചിത്രമാണ‌് ബോളിവുഡിലും ജീത്തു ഒരുക്കിയിരിക്കുന്നത‌്. ഈവർഷമവസാനം ചിത്രം റിലീസിനെത്തും. ജീത്തുവിന്റെ ഏറ്റവും പുതിയ ചിത്രം മിസ്റ്റർ & മിസ‌് റൗഡി ഇന്ന‌് തിയറ്ററുകളിലെത്തും. കാളിദാസും അപർണ ബാലമുരളിയുമാണ‌് താരങ്ങൾ.

നിലവിൽ ഫെഫ‌്കയ‌്ക്കുവേണ്ടി രൺജിപണിക്കരുടെ തിരക്കഥയിൽ മോഹൻലാലിനെ നായകനാക്കി സിനിമ ചെയ്യാനിരിക്കുകയാണ‌് ജീത്തു. അതിനുശേഷമാണ‌് കാർത്തിയുടെ ചിത്രത്തിലേക്ക‌് കടക്കുക.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top