23 January Wednesday

അഭിനയം തന്നു, അറിവും തിരിച്ചറിവും

ഷംസുദ്ദീൻ കുട്ടോത്ത്‌Updated: Sunday Jan 6, 2019

നാടകത്തിന്റെ ചൂടും ചൂരുമുള്ള മണ്ണിൽ നിന്നാണ് ഹരീഷ് പേരടി എന്ന നടൻ വരുന്നത്. ജയപ്രകാശ് കൂളൂരിന്റെ "അപ്പുണ്ണി നാടകങ്ങളിലൂടെ' കലാരംഗത്തെത്തിയ ഹരീഷ് സീരിയലിലും സിനിമയിലും സ്വന്തം ഇടം അടയാളപ്പെടുത്തിക്കഴിഞ്ഞു. 55 മലയാളം സിനിമയിലും ഇരുപത്തഞ്ചോളം തമിഴ് സിനിമകളിലും ഒരു തെലുങ്കു ചിത്രത്തിലും വേഷമിട്ട ഹരീഷ് നായകനായ ‘ജനാധിപൻ' 10ന് തിയറ്ററുകളിലെത്തുന്നു. പുതിയകാലത്ത് ഏറെ പ്രസക്തമായ ചില വിഷയങ്ങൾ കൈകാര്യംചെയ്യുന്ന ജനാധിപനെക്കുറിച്ചും കലാജീവിതത്തെക്കുറിച്ചും കാഴ്‌‌ചപ്പാടിനെക്കുറിച്ചും ഹരീഷ് പേരടി സംസാരിക്കുന്നു.

ജനാധിപൻ

ദേവി എന്റർടെയ്‌നറിന്റെ ബാനറിൽ ബാലാജി വെങ്കിടേശാണ് ചിത്രം നിർമിക്കുന്നത്. തിരക്കഥയും സംവിധാനവും തൻസീർ എം എ. കണ്ണൂർ വിശ്വൻ എന്നാണ് കഥാപാത്രത്തിന്റെ പേര്. കണ്ണൂരിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് സാധാരണക്കാർക്കിടയിൽ പ്രവർത്തിച്ച് കേരളത്തിന്റെ മുഖ്യമന്ത്രിയായി മാറുന്ന കമ്യൂണിസ്റ്റുകാരനാണ് വിശ്വൻ. സംഭാഷണങ്ങൾക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന സിനിമ. ‘‘ഓരോരുത്തർക്ക് ജീവിതം വച്ചുനീട്ടുന്നത് ഓരോന്നാണ്. എന്റെ മുന്നിലേക്ക് വച്ചുനീട്ടിയത് ഈ ചെങ്കൊടിയാണ്. ഈ കൊടിയുടെ നൂലിഴകളിലെ സുതാര്യതകളിലൂടെ ഞാൻ കണ്ടതാണ് എന്റെ ലോകം. ആ കാഴ്‌ചകളാണ് എന്റെ സത്യം. ഈ കൊടിക്ക് പിന്നിൽ നിൽക്കുമ്പോഴാണ് ഞാൻ പോലും ശരിയാകുന്നത്. അല്ലാത്ത ഞാൻ അപ്രസക്തനാണ്.'' ഈ ഡയലോഗിലുണ്ട്  കണ്ണൂർ വിശ്വന്റെ സ്വത്വം. ഏറെ തെറ്റിദ്ധരിക്കപ്പെടുന്ന കണ്ണൂർ വിശ്വന്റെ വ്യക്തിജീവിതത്തിലേക്കും രാഷ്ട്രീയജീവിതത്തിലേക്കുമുള്ള യാത്രകൂടിയാണ് ജനാധിപൻ. കമ്യൂണിസ്റ്റുകാർ കുടുംബബന്ധങ്ങൾക്ക് കൊടുക്കുന്ന പ്രാധാന്യത്തെ  ശക്തമായി ഈ സിനിമ ആവിഷ്‌കരിക്കുന്നുണ്ട്. കേരളത്തിന്റെ സമകാല രാഷ്ട്രീയാന്തരീക്ഷത്തിൽ ഈ സിനിമയ‌്ക്ക് ഏറെ പ്രസക്തിയുണ്ട്.  മാസ് പൊളിറ്റിക്കൽ ത്രില്ലർ വിഭാഗത്തിൽപ്പെടുന്നു ഈ സിനിമ.

 

രാഷ്ട്രീയം

ഒരു കലാകാരൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും കൃത്യമായ രാഷ്ട്രീയധാരണ പുലർത്തുകയും പ്രകടിപ്പിക്കുകയും ചെയ്യാറുണ്ട്. ഫെയ‌്സ്ബുക്കിൽ എന്റെ നിലപാടുകൾ അപ്പപ്പോൾ പോസ്റ്റ് ചെയ്യാറുണ്ട്. ശബരിമല വിഷയം നമ്മെ പഠിപ്പിച്ച ചില വലിയ പാഠങ്ങളുണ്ട്. കേരളം സാംസ്‌കാരികരംഗത്ത് ഏറെ മുന്നോട്ടുപോയി എന്നാണ് നമ്മൾ ധരിച്ചുവച്ചിരുന്നത്. എന്നാൽ, ശബരിമല വിഷയം വന്നപ്പോഴാണ് നമ്മൾ ചുറ്റുപാടുകളെ സസൂക്ഷ്‌മം നിരീക്ഷിക്കാൻ തുടങ്ങിയത്.  സൗഹൃദവലയത്തിലും കുടുംബബന്ധങ്ങളിലുമൊക്കെ കടന്നുകൂടിയ വർഗീയ വിഷവിത്തുകളെ തിരിച്ചറിഞ്ഞുതുടങ്ങിയത് ഈ സംഭവത്തിനുശേഷമാണ്. തൊട്ടടുത്തിരുന്ന സുഹൃത്തുവരെ ചിന്തിക്കുന്നത് വളരെ അപകടകരമായാണെന്ന് തിരിച്ചറിയാൻ ഈ വിഷയം നമ്മെ സഹായിച്ചു.  കാര്യങ്ങളെ വരികളിലൂടെ മാത്രമല്ല വരികൾക്കിടയിലൂടെ കൂടി വായിക്കണം എന്ന് ശബരിമല പോലുള്ള സംഗതികൾ  ഓർമിപ്പിക്കുന്നു. വർഗീയവാദികളെ അകറ്റിനിർത്താനുള്ള തിരിച്ചറിവും ഇപ്പോൾ നമുക്ക് കിട്ടി എന്നതാണ് സത്യം.

 

നാടകം, കോഴിക്കോട്

എന്നിലെ കലാകാരനെ വളർത്തിയെടുക്കുന്നതിൽ കോഴിക്കോടിന് വലിയ പങ്കുണ്ട്‌.  അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് നാടകത്തിൽ അഭിനയിച്ചുതുടങ്ങിയത്. സാമൂതിരി സ്‌കൂളിലായിരുന്നു പഠിച്ചത്. അവിടെ നാടകത്തിന് വലിയ പ്രാധാന്യം കൊടുത്തിരുന്നു. 38 ഡിവിഷനിലായി 38 നാടകമുണ്ടായിരുന്നു. ഓരോ ക്ലാസിന്റെയും മുന്നിൽ ബ്ലാക്ക് ബോർഡിൽ നാടകത്തിന്റെ പേര് ഞങ്ങൾ കുട്ടികൾ തന്നെ എഴുതിവയ‌്ക്കുമായിരുന്നു. അഭിനേതാക്കളുടെയും സംവിധായകരുടെയും പേര് പലനിറത്തിലുള്ള ചോക്കുകൊണ്ടെഴുതും. ചോക്ക് കൊണ്ടെഴുതുന്ന ആളായിരുന്നു ആർട്ട് ഡയറക്ടർ. ഈ ബ്ലാക്ക് ബോർഡ് കാഴ്‌ചയാണ് എന്നെയൊക്കെ നാടകത്തോട് അടുപ്പിച്ചത്. താജുദ്ദീൻ എന്ന സുഹൃത്താണ് അക്കാലത്ത് എന്നെ ഏറെ സ്വാധീനിച്ചത്. സെപ്തംബറിലായിരുന്നു ഫെസ്റ്റിവൽ തുടങ്ങുക. എന്നാൽ, ജൂൺ ഒന്നിനുതന്നെ സ്‌ക്രിപ്റ്റുമായിവരും. അന്നുമുതൽ റിഹേഴ്സൽ തുടങ്ങും. താജുദ്ദീൻ തന്നെയായിരുന്നു നടീനടൻമാരെ തെരഞ്ഞെടുത്തിരുന്നത്. അതൊക്കെ നാടകം രക്തത്തിൽ കലരുന്നതിന് കാരണമായി.

കോളേജൊക്കെ കഴിഞ്ഞ് ജയപ്രകാശ് കൂളൂരിനൊപ്പം കൂടി. ഗുരുകുല രീതിയിലായിരുന്നു പഠനം. രാത്രി ഉറങ്ങാൻമാത്രം വീട്ടിൽപോകും. ബാക്കി മുഴുവൻ സമയവും സാറിന്റെ കൂടെ. അദ്ദേഹത്തെ പരിചയപ്പെട്ടപ്പോഴാണ് മനസ്സിലായത് അതുവരെ കളിച്ചതൊന്നും നാടകമല്ലെന്നും ഇനി കളിക്കാനിരിക്കുന്നതാണ് നാടകമെന്നും. അങ്ങനെയാണ് "അപ്പുണ്ണി നാടകങ്ങൾ' കളിക്കുന്നത്. ഞാനും അപ്പുണ്ണി ശശിയും ചേർന്ന് 3500ൽ അധികം വേദികളിൽ അപ്പുണ്ണി സീരീസ് അവതരിപ്പിച്ചിട്ടുണ്ട്. അപ്പുണ്ണികളുടെ റേഡിയോ, അപ്പുണ്ണികളുടെ നാളെ തുടങ്ങി നിരവധി നാടകങ്ങൾ. ഒരു വർഷത്തെ പണിപ്പുരയ‌്ക്കുശേഷമാണ് ഓരോ നാടകവും അവതരിപ്പിച്ചിരുന്നത്.

സിനിമ

സിബി മലയിൽ‐ടി എ റസാഖ് ടീമിന്റെ ‘ആയിരത്തിലൊരുവനി’ൽ ചെറിയൊരു വേഷം ചെയ്‌തുകൊണ്ടാണ് സിനിമാ പ്രവേശം. തുടർന്ന് കായംകുളം കൊച്ചുണ്ണി സീരിയലിൽ കാക്ക ശങ്കരൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ആ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന്, കുറേ സീരിയലുകളിൽ അഭിനയിച്ചു. മോഹൻലാലിനൊപ്പം റെഡ് ചില്ലീസിൽ അഭിനയിച്ചു.  പിന്നീട് തുടർച്ചയായി ഒരുപാട് സിനിമകൾ.

 തമിഴ്

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ‌് എന്ന സിനിമ കാരണമാണ് തമിഴിൽ അവസരം കിട്ടിയത്. കാക്കമുട്ടൈ സംവിധായകൻ മണികണ്ഠൻ "ആണ്ടവൻ കട്ട്ലെ  എന്ന വിജയ് സേതുപതി ചിത്രത്തിലേക്ക് വിളിച്ചു. അതെനിക്ക് തമിഴിൽ വലിയ ശ്രദ്ധ നേടിത്തന്നു. തുടർന്ന്, വിക്രം വേദ, വിജയ് നായകനായ മെർസൽ, വിക്രമിനൊപ്പം സ്‌കെച്ച്, വിശാലിനൊപ്പം സണ്ടക്കോഴി, നയൻതാരയോടൊപ്പം കോലമാവ് കോകില തുടങ്ങി ഷൂട്ട് നടക്കുന്നതും ഇറങ്ങാനിരിക്കുന്നതുമായ ഇരുപത്തഞ്ചോളം സിനിമകളിൽ അഭിനയിച്ചു. പ്രിയദർശൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ പടം മരയ്‌ക്കാറിലാണ് അടുത്തതായി അഭിനയിക്കുന്നത്. അതിൽ പ്രധാനപ്പെട്ട കഥാപാത്രമാണ്. എ ആർ മുരുകദോസിന്റെ മഹേഷ്ബാബു നായകനായ ‘സ്‌പൈഡർ' എന്ന തെലുഗു ചിത്രത്തിലും അഭിനയിച്ചു.വിജയ് സേതുപതി

വിജയ് സേതുപതിയുമായി നല്ല ബന്ധമാണ്‌. "ജനാധിപൻ' സിനിമയുടെ ടീസർ പുറത്തിറക്കിയത് അദ്ദേഹമാണ്. പോസ്റ്റർ മമ്മൂട്ടിയും. ഒരുപാട് ബുദ്ധിമുട്ടി വന്നതുകൊണ്ടുതന്നെ വിജയ് സേതുപതി എല്ലാ മനുഷ്യരോടും നല്ല ബന്ധമാണ് പുലർത്തുന്നത്. വളരെ ഡൗൺ ടു എർത്തായിട്ടുള്ള മനുഷ്യൻ. എത്ര ഉയരത്തിലെത്തുമ്പോഴും വിനയവും മാനവികമൂല്യങ്ങളുമൊക്കെ മുറുകെപ്പിടിക്കാൻ അദ്ദേഹത്തിന്  കഴിയുന്നുണ്ട്.

Shamsudheenkuttoth@gmail.com

 ജനാധിപന്റെ ട്രെയ്‌ലർ കാണാം: 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top