14 November Thursday

ധനുഷിനെ എതിരിടാൻ കോസ്‌മോ

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2019

കാര്‍ത്തിക് സുബ്ബരാജ്-–- ധനുഷ് ടീമിന്റെ പുതിയ ചിത്രത്തില്‍ വില്ലനായി ഹോളിവുഡ് താരം. ഗെയിം ഓഫ് ത്രോണ്‍സിലെ "ലോര്‍ഡ് കമാന്‍ഡര്‍ മോര്‍മണ്ടാ'യി എത്തിയ    ജെയിംസ് കോസ്‌മോയാണ് ധനുഷിന്റെ എതിരാളി. വിഖ്യാത ഹോളിവുഡ് ചിത്രമായ ​ഗോഡ് ഫാദറില്‍ അഭിനയിച്ച ആരെങ്കിലും വേണമെന്നായിരുന്നു കാര്‍ത്തിക്കിന്റെ ആ​ഗ്രഹം. അല്‍ പാച്ചിനോ അല്ലെങ്കിൽ റോബര്‍ട്ട് ഡി നീറോ എന്നിവരെയാണ് ആദ്യം പരി​ഗണിച്ചത്. ഇവരുട‌െ ഡേറ്റിനായി ശ്രമിച്ചുവെങ്കിലും സാധ്യമായില്ല. ഇവരെ സമീപിക്കാനായി ഇം​ഗ്ലീഷ് തിരക്കഥപോലും തയ്യാറാക്കിയിരുന്നു. തുടര്‍ന്നാണ് ‘ട്രോയ്’, ‘ബ്രേവ്ഹാര്‍ട്ട്’, ദ് ക്രോണിക്കള്‍സ് ഓഫ് നര്‍നിയ; ദ് ലയണ്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കോസ്‌മോയെ നിശ്ചയിച്ചത്.

നിലവില്‍ ലണ്ടനില്‍ ഷൂട്ടിങ് പുരോ​ഗമിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തില്‍ ജെയിംസ് കോസ്‌മോ സിനിമയുടെ ഭാ​ഗമായത് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ലണ്ടനിലും ന്യൂയോര്‍ക്കിലുമായി നടക്കുന്ന ​ഗാംങ്സറ്റര്‍ ചിത്രമായതിനാല്‍ ഹോളിവുഡ് നടന്മാര്‍തന്നെ വേണമെന്ന് കാര്‍ത്തിക് നേരത്തെ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇവര്‍ക്കായുള്ള ശ്രമത്തിനിടയിലാണ് പേട്ട, മെര്‍ക്കുറി എന്നീ ചിത്രങ്ങള്‍ കാര്‍ത്തിക് സംവിധാനം ചെയ്തത്.

രജനികാന്ത് ചിത്രം പേട്ടയ്ക്കുശേഷം കാര്‍ത്തിക് ഒരുക്കുന്ന ചിത്രത്തില്‍ ധനുഷിന്റെ നായികയായി എത്തുന്നത് മലയാളി താരം ഐശ്വര്യ ലക്ഷ്മിയാണ്. ഐശ്വര്യയുടെ തമിഴ് അരങ്ങേറ്റം കൂടിയാണിത്‌. ഐശ്വര്യ നായികയായി തിയറ്ററിലെത്തിയ പ്രിഥ്വിരാജ് ചിത്രം ബ്രദേഴ്സ് ഡേയില്‍ ധനുഷ് പാടിയ ഗാനമുണ്ട്‌.  നടന്‍ ജോജു ജോര്‍ജും സിനിമയിലുണ്ടെന്ന് വാര്‍ത്തകളുണ്ട്.

ധനുഷ് നായകനായ ​ഗൗതം വാസുദേവ് മേനോന്‍ ചിത്രം എന്നെ നോക്കി പായും തോട്ട, വടചെന്നൈക്കുശേഷം വെട്രിമാരനൊപ്പമുള്ള  അസുരന്‍ എന്നിവയും തിയറ്ററിലെത്താനുണ്ട്. അസുരനില്‍ മഞ്ജു വാര്യരാണ് നായിക.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top