26 May Tuesday

ജെയിംസ് ബോണ്ടിനും കൊറോണ പേടി

വെബ് ഡെസ്‌ക്‌Updated: Friday Mar 6, 2020

സൂര്യനുകീഴിലൊന്നിനെയും പേടിക്കാത്ത ഇംഗ്ലീഷ്ചാരന്‍ ജെയിംസ് ബോണ്ടിനും കൊറോണയെ പേടി. ജെയിംസ്‌ബോണ്ട് ചിത്രപരമ്പരയിലെ പുതിയചിത്രം നോ ടൈം ടു ഡൈ (മരിക്കാന്‍ സമയമില്ല) റിലീസ് ചെയ്യുന്നത് ഏഴുമാസത്തേക്ക് മാറ്റിവച്ചു. സൂപ്പര്‍താരം ഡാനിയേല്‍ ക്രേഗ് ബോണ്ടായി വേഷമിടുന്ന അഞ്ചാമത്തെയും അവസാനത്തെയും ചിത്രം ഏപ്രില്‍ ആദ്യവാരം ബ്രിട്ടനിലും വടക്കനമേരിക്കന്‍ രാജ്യങ്ങളിലും റിലീസ് ചെയ്യാനാണ് തീരുമാനിച്ചത്. 20 കോടി ഡോളര്‍ ചെലവിട്ട് നിര്‍മിച്ച ചിത്രം കൊറോണ ഭീതി പരന്നതോടെ നവംബറിലേക്ക് റിലീസ് മാറ്റി. ലോകമെങ്ങും സിനിമ റിലീസ് ചെയ്യുന്ന തീയതി പിന്നീടുമാത്രമേ പ്രഖ്യാപിക്കൂ. ചൈന, ഇറ്റലി, ദക്ഷിണകൊറിയ എന്നിവിടങ്ങളിലെ ഭൂരിപക്ഷം തിയറ്ററുകളും അടച്ചിട്ടിരിക്കുകയാണ്.

അവസാനമിറങ്ങിയ ബോണ്ട് ചിത്രം സെപ്‌ട്രെ (2015) 88 കോടി ഡോളറാണ് വാരിക്കൂട്ടിയത്. അതിന് തൊട്ടുമുമ്പിറങ്ങിയ സ്‌കൈഫാള്‍ നൂറുകോടി നേടിയിരുന്നു. ബോണ്ട് ചിത്രപരമ്പരയിലെ ഇരുപത്തഞ്ചാംചിത്രം സംവിധാനം ചെയ്യുന്നത് അമേരിക്കന്‍ സംവിധായകന്‍ കാരി ജോജി ഫുകുന്‍ഗയാണ്. ഓസ്‌കര്‍ജേതാവ് ഡാനി ബോയ്‌ലിനെയാണ് ആദ്യം സംവിധായകനായി പ്രഖ്യാപിച്ചതെങ്കിലും പിന്നീട് അദ്ദേഹം പിന്മാറുകയായിരുന്നു. പാശ്ചാത്യലോകത്തിന് ഭീഷണിയായ വില്ലനെ തേടിപ്പിടിച്ച് നശിപ്പിക്കുന്നതാണ് മിക്ക ബോണ്ട് ചിത്രങ്ങളുടെയും സ്ഥിരം പ്രമേയം. എന്നാല്‍, സ്‌തോഭകരമായ ആക്‌ഷനും നാടകീയതയും ബോണ്ട് കഥാപാത്രത്തിന്റെ പ്രത്യേകതകളുമാണ് സിനിമയ്‌ക്ക് ലോകമെങ്ങും ആരാധകരെ നേടിക്കൊടുത്തത്.

ബ്രിട്ടന്റെ എംഐ എന്ന ചാരസംഘടനയില്‍നിന്ന്‌ വിരമിച്ച ബോണ്ടിനെയാണ് പുതിയചിത്രത്തില്‍ കാണിക്കുന്നത്. എന്നാല്‍, പുത്തന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ലോകത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന പുതിയ വില്ലനെ നേരിടാന്‍ സിഐഎ ബോണ്ടിനെ തേടിയെത്തുകയാണ്. ഫ്രെഡിമെര്‍ക്കുറി എന്ന പോപ് രാജാവിനെ വെള്ളിത്തിരയില്‍ പുനരാവിഷ്‌കരിച്ചതിലൂടെ മികച്ച നടനുള്ള ഓസ്‌കര്‍നേടിയ റെമി മാലേക്കാണ് വില്ലന്‍. ഫ്രഞ്ച് നടി ലെ സെദോക്‌സാണ് ബോണ്ടിന്റെ പ്രേമഭാജനായി എത്തുന്നത്.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top