19 January Wednesday

നീയുമില്ല, ഞാനുമില്ല നമ്മളാകണം; ജയ്‌ ഭീമിലെ സെങ്കിണിയും സഖാക്കളും ഇവിടെയുണ്ട്‌

ഇ എൻ അജയകുമാർUpdated: Monday Nov 15, 2021

ചെന്നെെ > ‘‘കച്ചി കടശിവരെ പാതുകാപ്പായിരുന്തത്‌’’ താഴ്‌ന്ന ജാതിക്കാരനായതിന്റെ പേരിൽ പൊലീസ്‌ തല്ലിച്ചതച്ചുകൊന്ന രാജാക്കണ്ണിന്റെ ഭാര്യ പാർവതി അമ്മാളിന്റെ ഈ വാക്കുകളിലുണ്ട്‌ അവർക്ക്‌ ആരായിരുന്നു സിപിഐ എം എന്ന്‌.  ജനിച്ച നാട്ടിൽ മനുഷ്യരായി അംഗീകരിക്കപ്പെടാൻ ഒരു വിഭാഗം നടത്തിയ, ഇന്നും തുടരുന്ന പോരാട്ടത്തിലെ എടുത്തുമാറ്റാനാകാത്ത പേരായി സിപിഐ എം എഴുതിച്ചേർക്കപ്പെടുന്നതും അങ്ങനെതന്നെ.

അടിച്ചമർത്തപ്പെടുന്നവരുടെ അവകാശത്തിനും നീതിക്കുംവേണ്ടി സിപിഐ എം നേതൃത്വം നൽകിയ അനേകം പോരാട്ടങ്ങളിൽ ഒന്നുമാത്രമാണ്‌ 1993ൽ കടലൂരിലെ കമ്മാപുരം, മുദനൈ ഗ്രാമത്തിലുണ്ടായത്‌. മോഷണക്കുറ്റം ആരോപിച്ച്‌ കസ്റ്റഡിയിലെടുക്പ്പെട്ട രാജാക്കണ്ണ്‌ അതിക്രൂരമർദനത്തിനിടെ ലോക്കപ്പിൽ കൊല്ലപ്പെട്ടു. മൃതദേഹം ദൂരെ മറ്റൊരു ജില്ലയിൽ തള്ളി. ഇതിനെതിരെ രാജാക്കണ്ണിന്റെ ഭാര്യ നടത്തിയ നിയമപോരാട്ടമാണ്‌  ‘ജയ്‌ഭീം’. സിനിമയിലെ ‘സെങ്കിണി’  ‘പാർവതി അമ്മാളാ’ണ്‌.

‘‘രാജ്‌മോഹൻ വീട്ടിലെയും ഗോവിന്ദൻ വീട്ടിലെയും മാസങ്കൾ തങ്കിനോം, കച്ചിയിൻ പാതുകാപ്പ്‌ ഇല്ലേനാ, ഉയരുകൂടെ മിഞ്ചാത്‌’’ (രാജ്‌മോഹന്റെയും ഗോവിന്ദന്റെയും വീട്ടിൽ മാസങ്ങളോളം താമസിച്ചു. പാർടി ഇല്ലായിരുന്നെങ്കിൽ ജീവൻപോലും ബാക്കിയുണ്ടാകില്ലായിരുന്നു). സിനിമ കണ്ടില്ലെങ്കിലും അതിനെക്കുറിച്ച്‌ പറഞ്ഞുകേട്ടു, അതിലുമേറെയുണ്ട്‌ സത്യാനുഭവങ്ങൾ. രാജാക്കണ്ണിന്റെ കൈകൾ തലയ്‌ക്കുമുകളിൽ കെട്ടിവച്ച്‌ ശരീരം ജനലിൽ കെട്ടിയിട്ടാണ്‌ മർദിച്ചത്‌. മുറി മുഴുവൻ രക്തമായിരുന്നു. മക്കളായ മാരിയപ്പനും രവിക്കും പൊലീസ്‌ മർദനത്തിൽ മാനസികനില തെറ്റി. മൂന്നുവയസ്സുകാരനായ മൂന്നാമത്തെ മകൻ അകാലത്തിൽ മരിച്ചു. സഹിക്കവയ്യാതെ സിപിഐ എം ഓഫീസിലറിയിച്ചു. അറസ്റ്റ്‌ ചെയ്യാതിരിക്കാൻ ഒളിവിൽ പാർപ്പിച്ചത്‌ പാർടിയാണ്‌. അന്നത്തെ പാർടി കടലൂർ ജില്ലാ സെക്രട്ടറി കെ ബാലകൃഷ്‌ണൻ പറഞ്ഞതനുസരിച്ച്‌ താലൂക്ക്‌ സെക്രട്ടറി രാജ്‌മോഹൻ, ലോക്കൽ സെക്രട്ടറി ഗോവിന്ദൻ എന്നിവർക്കൊപ്പം വെങ്കിട്ടരാമൻ വക്കീലിനെ കണ്ടു. പിന്നീട്‌ ഹൈക്കോടതിയിൽ പോയപ്പോഴാണ്‌ ജി രാമകൃഷ്‌ണൻ പറഞ്ഞപ്രകാരം ചന്ദ്രുവക്കീൽ കേസ്‌ ഏറ്റെടുത്തത്‌. എന്തിനും ഏതിനും സഹായവുമായി കൂടെയുണ്ടായിരുന്നതും സംരക്ഷിച്ചതും പാർടിയും പാർടി നേതാക്കളുമായിരുന്നു.’’ അവർ പറഞ്ഞുനിർത്തി.

ആ ദുഃഖപുത്രി ഇവിടുണ്ട്‌

ജയ്‌ഭീമിൽ സകലരുടെയും കണ്ണുനിറച്ച  ‘സെങ്കിണി’ ചെന്നൈക്കും കാഞ്ചീപുരം ജില്ലയ്‌ക്കും ഇടയിൽ മുകുളിവാക്കം കുണ്ടുമേട്ടിലാണ്‌ താമസിക്കുന്നത്‌. ചുറ്റും അഴുക്കുചാൽ നിറഞ്ഞ പ്രദേശത്ത്‌ കാൽസെന്റിൽ 20 ചതുരശ്ര അടിയിൽ പ്ലാസ്റ്റിക്‌ ഷീറ്റും ഓലയും മറച്ച കുടിലിലാണ്‌ പാർവതി അമ്മാളെന്ന എഴുപത്താറുകാരിയുടെ ജീവിതം. മകൾ ചിന്നപെണ്ണും ഭർത്താവും മൂന്നു മക്കളും അടങ്ങിയ കുടുംബത്തിനൊപ്പം. കോടതി അനുവദിച്ച നഷ്ടപരിഹാരം മൂന്നു മക്കളുടെയും തന്റെയുംപേരിൽ ബാങ്കിൽ നിക്ഷേപിച്ചിരിക്കുകയാണ്‌ പാർവതി അമ്മാൾ. മൂന്നുവർഷംമുമ്പുവരെ പാടത്ത്‌ പണിക്കുപോയിരുന്നു.

സംസാരത്തിനിടെ ഫോൺ ബെല്ലടിച്ചു. മറുതലയ്‌ക്കൽ സിപിഐ എം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്‌ണൻ. കുടുംബക്കാരനോടെന്നപോലെ അവർ ജീവിതസാഹചര്യങ്ങൾ സഖാവിനോട്‌ വിവരിച്ചു. വീടുണ്ടാക്കാനും സർക്കാരിൽനിന്നും നടൻ സൂര്യയിൽനിന്നും സഹായം വാങ്ങിത്തരാമെന്നുമുള്ള സഖാവിന്റെ മറുപടിയുടെ ആശ്വാസം പാർവതി അമ്മാളിന്റെ മുഖത്തുണ്ടായിരുന്നു. നടൻ ലോറൻസും സഹായവാഗ്‌ദാനം നൽകിയതായി അവർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top