21 September Saturday

കാലത്തിന്റെ കഥ പറഞ്ഞ് ഇഷ്‌ക്; "ആണത്ത'ങ്ങള്‍ക്ക്‌ നേരെ ചൂണ്ടുന്ന വിരൽ

ഷംസുദ്ദീന്‍ കുട്ടോത്ത്Updated: Saturday May 18, 2019

നൂറ്റാണ്ടുകളായി രൂപപ്പെട്ടുവന്ന എല്ലാ 'ആണത്ത'ങ്ങള്‍ക്കും നേരെ വിരൽ ചൂണ്ടിയാണ്‌ 'ഇഷ്ക്' എന്ന സിനിമ അവസാനിക്കുന്നത്. തിയേറ്റര്‍ വിട്ടുപോരുമ്പോള്‍ പ്രേക്ഷകരുടെ മനസ്സിലേക്ക്‌ ചൂണ്ടിയ ആ വിരൽ അതുപോലെ നിൽക്കുന്നുണ്ട്‌. ആ പ്രഹരം ചെറുതല്ല. പുരുഷന്റെ നെഞ്ചിലേക്ക് മാത്രമല്ല അത്‌ ഉന്നം വെക്കുന്നത്, എല്ലാ ജീർണതകൾക്കും നേരെയാണ്‌.

തിയേറ്ററില്‍ നിന്നിറങ്ങിയ ശേഷമാണ് കാഴ്ച്ചക്കാരുടെ മനസില്‍ 'ഇഷ്ക്' സിനിമ വളരുന്നത്. കുറച്ചുകാലം നീണ്ടുനില്‍ക്കും ആ പ്രഹരത്തിന്റെ ഓര്‍മ. പേരില്‍ സൂചിപ്പിക്കുന്ന പോലെ പ്രണയത്തില്‍ തുടങ്ങി, അതിന്റെ കയറ്റിറക്കങ്ങളിലൂടെ തിരിച്ചറിവിലെത്തുന്ന സിനിമയാണ് ഇത്. ഒരു ഗസല്‍ പോലെ പതിഞ്ഞ് തുടങ്ങി, പിരിമുറുക്കത്തിലൂടെ വികസിക്കുന്ന ചിത്രം പുതിയ കാലത്തിനോട് നിര്‍ത്താതെ സംവദിച്ചുകൊണ്ടേയിരിക്കുന്നു.

അനുരാജ് മനോഹര്‍ എന്ന നവാഗതസംവിധായകന്റെ കൈയ്യൊപ്പ് ചിത്രത്തില്‍ ആവോളമുണ്ട്. മലയാള സിനിമയില്‍ തനിക്കും വ്യക്തമായ ഇടമുണ്ടെന്ന് അനുരാജ് ആദ്യ ചിത്രത്തിലൂടെ തന്നെ തെളിയിച്ചിരിക്കുന്നു. ഒറ്റവരിയില്‍ പറഞ്ഞു നിര്‍ത്താവുന്ന സംഗതിയെ ഹൃദയഹാരിയായി, എന്നാല്‍ വലിച്ചുനീട്ടാതെ പറയാന്‍ സംവിധായകനു കഴിഞ്ഞു. ചെറിയ സിനിമയിലൂടെ വലിയ കാര്യം പറയുമ്പോഴും കുടുംബ സമേതം ആസ്വദിക്കാവുന്ന മികച്ച എന്റര്‍ടൈയ്നര്‍ തന്നെയാണ് ഇഷ്ക്ക്. കൊച്ചിക്കാരനായ സച്ചിദാനന്ദനും കാമുകി കോട്ടയം കാരി വസുധയും തമ്മിലുള്ള പ്രണയത്തിലൂടെയാണ് സിനിമ തുടങ്ങുന്നത്. അവരുടെ ഒരു  പ്രണയ ദിനത്തിലെ നൈറ്റ് ഡ്രൈവും ഒരു ആശുപത്രി പാര്‍ക്കിങ് ഏരിയയില്‍ വെച്ചുണ്ടാകുന്ന മോറല്‍ പൊലീസിങ് അനുഭവവുമാണ് ഇഷ്ക്‌ പറയുന്നത്.

അഭിനേതാക്കളുടെ തെരഞ്ഞെടുപ്പാണ് ചിത്രത്തിന്റെ വലിയ പ്രത്യേകതകളില്‍ ഒന്ന്. ചെറുതും വലുതുമായ ഓരോ കഥാപാത്രത്തേയും അതത് അഭിനേതാക്കള്‍ മികവുറ്റതാക്കി. ഏതാനും രംഗങ്ങളില്‍ മാത്രം വന്നുപോകുന്ന മാലാ പാര്‍വതിയുടെ അമ്മ കഥാപാത്രമാണ് അതിന് ഒരുദാഹരണം.

ഷെയ്ന്‍ നിഗം, ആന്‍ ശീതള്‍ എന്നിവര്‍ സച്ചിയായും വസുവായും മികച്ചപ്രകടനമാണ് കാഴ്ചവെച്ചത്. ഷൈന്‍ ടോം ചാക്കോ, ജാഫര്‍ ഇടുക്കി, ലിയോണ ലിഷോയി എന്നിവരുടെ അതിഗംഭീര പ്രകടനത്തെ എടുത്തു പറഞ്ഞേ തീരൂ. തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകരെ ജാഗ്രതയോടെ സിനിമയിലേക്ക് വലിച്ചടുപ്പിക്കുന്ന തിരക്കഥാകൃത്ത് രതീഷ് രവി പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. ചിത്രത്തിന്റെ സത്ത കാഴ്ച്ചകാരിലേക്ക് എത്തിക്കുന്നതില്‍ ക്യാമറ കൈകാര്യം ചെയ്ത അന്‍സാര്‍ ഷാ വഹിച്ച പങ്കും എടുത്തു പറയേണ്ടതാണ്. വിഷയത്തിന്റെ ഗൗരവം ഒട്ടും ചോരാതെ എല്ലാം പാകത്തിന്  ഒതുക്കിവെച്ച എഡിറ്റര്‍ കിരണ്‍ദാസ് സിനിമയോട് നൂറു ശതമാനം കൂറു പുലര്‍ത്തി. ജേക്സ് ബിജോയ്യുടെ സംഗീതം ഇഷ്ക്കിന്റെ ഒഴുക്കിന് വലിയ പങ്കുവഹിച്ചു. ചിത്രത്തിന്റെ കഥാപരിസരങ്ങളെ അതിന്റെ തനിമ ഒട്ടും ചോരാതെ ശബ്ദസംവിധായകന്‍ ആവിഷ്കരിച്ചിട്ടുണ്ട്.

ഇ ഫോര്‍  എന്റര്‍ടെയ്ന്‍മെന്റ്സും എവിഎ പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മിച്ച ചിത്രം പറയുന്നത് സമകാലിക കേരള സമൂഹത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വിഷയമാണെന്നത് ഇഷ്കിനെ കൂടുതല്‍ പ്രസക്തമാക്കുന്നു. മലയാള സിനിമയില്‍ അടുത്ത കാലത്ത് വന്ന ഗുണപരമായ മാറ്റത്തിന്റെ തുടര്‍ച്ചയാണ് അനുരാജ് മനോഹര്‍ എന്ന സംവിധായകനും എന്ന് ആദ്യന്തം ചിത്രത്തിന്റെ ഓരോ ദൃശ്യവും വിളിച്ചു പറയുന്നു. സാമൂഹിക മാറ്റത്തിന്റെ ഏറ്റവും ഫലപ്രദമായ ഉപാധിയെന്ന തരത്തില്‍ സിനിമ  നമ്മുടെ സമൂഹത്തെ ഏറെ സ്വാധീനിക്കുന്ന കാലത്ത് തീര്‍ച്ചയായും കാണേണ്ട ചിത്രമാണ് ഇഷ്ക്. കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകന്റേയും ഉള്ളില്‍ ഒരു പൊള്ളലായി ഈ ചിത്രം ശേഷിക്കുമെന്ന് ഉറപ്പ്.                                    
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top