19 March Tuesday

'എല്ലാവരും മഴയെകുറിച്ച് മാത്രം സംസാരിച്ചപ്പോള്‍ ഞാന്‍ വെയിലിനെ ഇഷ്ടപ്പെട്ടു തുടങ്ങി'; തമിഴ് സംവിധായകന്‍ വസന്തബാലന്‍ സംസാരിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Dec 13, 2018

 'വെയില്‍' എന്ന ആദ്യചിത്രത്തിലൂടെ തന്നെ ദേശീയ പുരസ്‌കാരം നേടിയ സംവിധായകനാണ് വസന്തബാലന്‍. അങ്ങാടിതെരു, കാവ്യതലൈവന്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും സുപരിചിതനാണ് അദ്ദേഹം. തന്റെ പുതിയ ചിത്രത്തിന്റെ തിരക്കുകള്‍ക്കിടയിലും സുഹൃത്തായ പട്ടണം റഷീദിനെ കാണാനായി കേരളത്തിലെത്തിയ അദ്ദേഹം 'ദേശാഭിമാനി ഓണ്‍ലൈനിന്' അനുവദിച്ച അഭിമുഖത്തില്‍ നിന്ന്.

പുതിയ ചിത്രത്തെ കുറിച്ച്
  ജി വി പ്രകാശ് കുമാറിനെ നായകനാക്കി അണിയിച്ചൊരുക്കുന്ന 'ജയില്‍' അണ് പുതിയ ചിത്രം. സാധാരണക്കാരായ ഒരു പറ്റം മനുഷ്യരുടെ അതിജീവനത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ ഡബ്ബിങ് ജോലികള്‍ പുരോഗമിക്കുകയാണ്. ചിത്രം അടുത്ത വര്‍ഷം ഫെബ്രുവരിയോടെ തീയേറ്ററുകളിലെത്തിക്കാനുവെന്നാണ് പ്രതീക്ഷ.
 
സിനിമയിലേക്കുള്ള കടന്നു വരവ്
  സിനിമയിലേക്കുള്ള എന്റെ യാത്ര ശരിയായ ദിശയിലായിരുന്നു. അവിചാരിതമായിട്ടായിരുന്നു സിനിമയില്‍ എത്തിച്ചേര്‍ന്നത്. സൗണ്ട് എഫ്ക്ട്‌സ് മുരുകേശ് എന്റെ അയല്‍വാസിയായിരുന്നു. അദ്ദേഹം വഴിയാണ് സിനിമയിലെത്തുന്നത്. മുരുകേശ് മുഖാന്തരം എഡിറ്റിങ് അസിസ്റ്റന്റ് ആയിട്ടായിരുന്നു സിനിമാ പ്രവേശം. പിന്നീട് സംവിധായകന്‍ ശങ്കറിന്റെ സംവിധാന സഹായിയായി. വീട്ടില്‍ ടിവി പോലും ഇല്ലാതിരുന്ന കാലത്താണ് സിനിമയില്‍ എത്തിച്ചേര്‍ന്നത്. അതുമുതല്‍ സിനിമയെ അടുത്തറിയുകയായിരുന്നു. ആ സമയത്ത് എല്ലാ കാര്യങ്ങളും കണ്ടു മനസിലാക്കിയിരുന്നു. ഒരു ഷോട്ട് എങ്ങനെയെല്ലാം എടുക്കാം എന്നു പോലും നേരിട്ട് കണ്ടാണ് മനസിലാക്കിയത്.

സംവിധായകന്‍ മണിരത്‌നം, ശങ്കര്‍ എന്നിവരോടൊപ്പം വസന്തബാലന്‍

സംവിധായകന്‍ മണിരത്‌നം, ശങ്കര്‍ എന്നിവരോടൊപ്പം വസന്തബാലന്‍


 
സിനിമ എങ്ങനെയായിരിക്കണം?
  സിനിമയില്‍ കഥാപാത്രത്തിന് ജീവന്‍ നല്‍കുന്നതിനാണ് പ്രാധാന്യം. ജീവസുറ്റ ഒരു കഥാപാത്രത്തെ സൃഷ്ടിച്ചെടുക്കുന്നതിലാണ് കാര്യം. സാങ്കേതിക വിദ്യ ഏറെ പുരോഗമിച്ച  ഈ കാലഘട്ടത്തില്‍ ഒരു ഷോട്ടോ സീനോ എങ്ങനെ വേണമെങ്കിലും എടുക്കാം. എന്നാല്‍, ആ സീനിന് ജീവന്‍ നല്‍കുന്നതിലാണ് ഒരു സംവിധായകന്റെ കയ്യൊപ്പ് വേണ്ടത്. സിനിമ പ്രേക്ഷനോട് സംവദിക്കുമ്പോള്‍ നമ്മള്‍ ആരുടെ പക്ഷത്താണെന്നുള്ളത് പ്രധാനമാണ്. നമ്മള്‍ സാധാരണക്കാരന്റെ കൂടെയാണോ അതോ കോര്‍പ്പറേറ്റുകള്‍ക്കൊപ്പമാണോ എന്നുള്ളത് വലിയൊരു ചോദ്യമാണ്.

രണ്ടു കാലഘട്ടങ്ങളിലെ സിനിമ
  അസിസ്റ്റന്റ് ഡയറക്ടറായി തുടങ്ങി സംവിധായകനായ വ്യക്തിയാണ് ഞാന്‍. 25 വര്‍ഷമായി ഈ മേഖലയില്‍ ഉണ്ട്. അത്രയും കാലം കൊണ്ടാണ് ഞാന്‍ ഒരു സംവിധായകനായി തീര്‍ന്നത്. ഇന്നത്തെ സാഹചര്യത്തില്‍ ഒരു അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് സംവിധായകനാകാന്‍ 25 വര്‍ഷത്തിന്റെ ആവശ്യം ഇല്ല. കൂടിയാല്‍ രണ്ടോ മൂന്നോ വര്‍ഷം മാത്രം മതിയാകും. അത് തന്നെയാണ് ടെക്‌നോളജിയുടെ മുന്നേറ്റവും കാലഘട്ടത്തിന്റെ മാറ്റവും.

ജീവിതത്തിലും സിനിമയിലും സാഹിത്യത്തിന്റെ സ്വാധീനവും ഇടപെടലും
  നാം വായിച്ചു വന്ന സാഹിത്യസൃഷ്ടികളെല്ലാം സംസാരിച്ചിരുന്നത് മഴയെ കുറിച്ചായിരുന്നു. നായകനും നായികയും മഴ നനയാന്‍ ഇഷ്ടപ്പെടുന്നു, മഴയില്‍ ഇറങ്ങി പ്രണയിക്കുന്നു... അങ്ങനെ അങ്ങനെ മഴ മാത്രം നിറഞ്ഞു നിന്നിരുന്നു. ആയിടയ്‌ക്കാണ് എസ് രാമചന്ദ്രന്‍ വെയിലിനെകുറിച്ച് എഴുതിയ 'വെയിലേ കൊണ്ട്‌വരേക്കള്‍' എന്ന കഥ വായിക്കാനിടയാകുന്നത്.  ആ പേരു തന്നെ  എന്നെ ഒരുപാട് സ്വാധീനിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന്റെ പുസ്തകങ്ങളെല്ലാം തിരഞ്ഞുപിടിച്ച് വായിക്കാന്‍ ആരംഭിച്ചു. വെയിലിനെകുറിച്ചുള്ള അദ്ദേഹത്തിന്റെ  കാഴ്ചപ്പാടുകള്‍ ഏറെ ഇഷ്ടപ്പെട്ടു. അതില്‍ നിന്നാണ് എന്റെ ആദ്യ ചിത്രം 'വെയില്‍' രൂപപ്പെടുന്നത്. ചിത്രം രണ്ടു മനുഷ്യര്‍ക്കിടയിലെ കഥയാണെങ്കിലും വെയിലിനേയും ചിത്രത്തില്‍ അടയാളപ്പെടുത്താന്‍ ഞാന്‍ ശ്രമിച്ചിരുന്നു.

ഒരു സാധാരണ ഫ്രെയിമിനെ കാവ്യാത്മകമായൊരു ഫ്രെയിമാക്കി മാറ്റാന്‍ സാഹിത്യത്തിന് സാധിക്കും. സാഹിത്യത്തെ അറിയാതെയും മനസിലാക്കാതെയും ഒരു സിനിമയെടുക്കുകയാണെങ്കില്‍ അതിന് ഒരു ജീവന്‍ ഉണ്ടാകില്ല.

വസന്തബാലന്‍ സംവിധാനം ചെയ്ത 'അങ്ങാടിതെരു' എന്ന ചിത്രത്തിലെ ഒരു രംഗം

വസന്തബാലന്‍ സംവിധാനം ചെയ്ത 'അങ്ങാടിതെരു' എന്ന ചിത്രത്തിലെ ഒരു രംഗംഷങ്കര്‍ ചിത്രങ്ങളുടെ പാത പിന്തുടരാഞ്ഞതെന്തുകൊണ്ടാണ്

  ഷങ്കര്‍ സാറിന്റെ ചിത്രങ്ങള്‍ ഹോളിവുഡ് പാറ്റേണിലുള്ള ചിത്രങ്ങളാണ്. നമ്മള്‍ കാണുന്ന ഒരു സ്വപ്നത്തെ ചിത്രീകരിക്കുകയാണ്. ഹോളിവുഡ് ആണ് നമുക്ക് ആ ശൈലി സമ്മാനിച്ചത്. ജീവിതത്തിന് മുകളിലുള്ള ചിത്രങ്ങളാണ് അദ്ദേഹത്തിന്റേത്. വലിയ ക്യാന്‍വാസിലും വലിയ ബഡ്ജറ്റിലുമൊരുങ്ങുന്നവയാണത്. എന്നാല്‍,  എന്റേത് ചെറു ചിത്രങ്ങളാണ്. യഥാര്‍ഥ ജീവിതത്തിന്റെ നേര്‍പതിപ്പുകളാണവ. പച്ചമനുഷ്യരുടേയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടേയും കഥയാണ് അവ പറയുന്നത്. റോള്‍സ് റോയ്‌സ് കാറില്‍ സഞ്ചരിക്കുന്നവര്‍ എനിക്ക് വിഷയമാകാറില്ല. അതേസമയം, മദ്യപിച്ച് ഒരാള്‍ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ കിടക്കുകയാണെങ്കില്‍ അയാളെപ്പറ്റി ഞാന്‍ ചിന്തിക്കും. അയാള്‍ എന്തുകൊണ്ടാണ് അങ്ങനെ കിടക്കുന്നതെന്നായിരിക്കും എന്റെ ചിന്ത. അങ്ങനെ സാധാരണ മനുഷ്യരുടെ പ്രശ്‌നങ്ങള്‍, വിഷമങ്ങള്‍, സന്തോഷങ്ങള്‍, പ്രണയം എന്നിവയെകുറിച്ചായിരിക്കും എന്റെ സിനിമ സംസാരിക്കുക.

മലയാള സിനിമയുടെ സ്വാധീനം
  മലയാള സിനിമകള്‍ ഏറെ കാണാറുണ്ട്. മനുഷ്യരുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പറയുന്നതില്‍ മലയാള സിനിമകള്‍ സ്വാധീനിച്ചിട്ടുണ്ട്. എംടി, സിബി മലയില്‍, ലോഹിത ദാസ്, മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരുടെ ചിത്രങ്ങള്‍ ഏറെയിഷ്ടമാണ്. 'തനിയാവര്‍ത്തനം', 'ചെങ്കോല്‍', 'സദയം', 'ഭരതം' എന്നീ ചിത്രങ്ങള്‍ മികച്ച സൃഷ്ടികളാണ്. മികച്ച കഥകളാണ് ആ ചിത്രങ്ങള്‍ പറയുന്നത്.  ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്ന, ആഴമുള്ള കഥകളാണ് അവയില്‍ പറഞ്ഞതെല്ലാം.

മലയാളത്തേയും തമിഴിനേയും താരതമ്യം ചെയ്യുമ്പോള്‍
  മലയാളത്തെ അപേക്ഷിച്ച് തമിഴില്‍ അതിശയോക്തി കൂടുതലാണ്. ഒരു ചെറിയ കാര്യത്തിനോ വാക്കിനോ പോലും അത് ആവശ്യമായി വരുന്നു.

കാവ്യതലൈവന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ പൃഥ്വിരാജിന് നിര്‍ദേശം നല്‍കുന്ന വസന്തബാലന്‍

കാവ്യതലൈവന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ പൃഥ്വിരാജിന് നിര്‍ദേശം നല്‍കുന്ന വസന്തബാലന്‍വലിയ ചിത്രങ്ങള്‍ക്കിടയില്‍ താങ്കളുടെ ചിത്രങ്ങളുടെ ഇടം

  സിനിമ ഇന്‍ഡസ്ട്രിയില്‍ തമിഴ് സിനിമയ്ക്ക് വലിയൊരു ഇടമുണ്ട്. അത് സത്യമാണ്. എന്നാല്‍ ചെറു ചിത്രങ്ങള്‍ക്കും ആ ചിത്രത്തിന്റേതായ ഒരു കൊച്ചു സ്‌പേസ് ഉണ്ട്. അത് നേടിയെടുക്കുകയാണ്  ചെയ്യുന്നത്. നമ്മുടെ ചിത്രങ്ങള്‍ക്ക് സ്വീകാര്യത കിട്ടിയാല്‍ മാത്രം മതിയാകും.

നവതമിഴ് ചിത്രങ്ങള്‍

  ഏത് ചിത്രം വന്നാലും സിനിമ നന്നായാല്‍ പ്രേക്ഷകര്‍ സ്വീകരിക്കും. ഇപ്പോള്‍ തന്നെ 'പരിയേറും പെരുമാള്‍' ഒരു ഗ്രാമാന്തരീക്ഷത്തിലുള്ള ചിത്രമാണ്, '96' ഒരു പ്രണയ ചിത്രം, 'രാക്ഷസന്‍' ക്രൈം  ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്നു. മൂന്ന് ജോണറിലുള്ള  ഈ ചിത്രങ്ങള്‍ പ്രേക്ഷകര്‍ സ്വീകരിക്കുന്നു. ചിത്രം ഏത് ജോണറിലുള്ളതാണെന്ന് വിഷയമല്ല, ചിത്രത്തില്‍ സത്യമുണ്ടെങ്കില്‍ അത് വിജയിക്കും.

കാവ്യതലൈവനിലേക്ക് പൃഥിരാജ് എത്തിയത്
  പൃഥ്വിരാജിനെ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ സിനിമകള്‍ കാണാറുണ്ട്. അഭിനയവും ശ്രദ്ധിക്കാറുണ്ട്. സിദ്ധാര്‍ഥിനൊപ്പം അഭിനയിക്കാന്‍, അദ്ദേഹത്തോട് എല്ലാതരത്തിലും ഒപ്പം നില്‍ക്കുന്ന ഒരാള്‍ എന്ന നിലയ്ക്കാണ് പൃഥ്വിരാജിലേക്ക് എത്തിയത്.

തമിഴ് സിനിമയും രാഷ്ട്രീയവും
  തമിഴ് സിനിമയേയും രാഷ്ട്രീയത്തേയും തമ്മില്‍ വേര്‍തിരിക്കാനാവില്ല. കരുണാനിധിയുടേയും എംജിആറിന്റേയും ചിത്രങ്ങള്‍ സംസാരിച്ചിരുന്നത് കോണ്‍ഗ്രസ് കക്ഷിക്കെതിരായ ദ്രാവിഡ മുന്നേറ്റത്തെകുറിച്ചായിരുന്നു. രാഷ്ട്രീയവും സിനിമയും എല്ലാകാലത്തും ബന്ധപ്പെട്ടിരുന്നു.  കാലക്രമേണ സിനിമയില്‍ തന്നെ രജനി ജയലളിതയ്‌ക്കെതിരെ ഡയലോഗ് പറയുമ്പോള്‍ അതിനു വരെ കയ്യടി കിട്ടാന്‍ ആരംഭിച്ചു. ഇത് പോലും ഒരു രാഷ്ട്രീയ ഇടപെടലിന്റെ ഭാഗമാണ്.

രജനിയുടേയും കമല്‍ഹാസന്റേയും രാഷ്ട്രീയ പ്രവേശം
  ഇരുവരുടേയും രാഷ്ട്രീയ പ്രവേശവും പാര്‍ടിയും പ്രതീക്ഷ നല്‍കുന്നതാണ്.

കമല്‍ ഹാസനും രജനീകാന്തും

കമല്‍ ഹാസനും രജനീകാന്തുംശബരിമല വിഷയം

  രാഷ്ട്രീയ താല്‍പര്യത്തിനുമേല്‍ നടക്കുന്ന ഒന്നാണത്. ജനങ്ങളുടെ മനസ് മാറ്റാന്‍ വേണ്ടിയാണത്. ടി വി ചാനലുകള്‍ മുഴുവന്‍ ചര്‍ച്ച ചെയ്യുന്നത് ശബരിമല വിഷയത്തെകുറിച്ചാണ്. ഒരാവശ്യമുമില്ലാതെ വിഷയമാക്കുകയാണ്. കേരളത്തിലായാലും തമിഴ് നാട്ടിലായാലും ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ വേറയുണ്ട്.

നവ മലയാള-തമിഴ് സിനിമകള്‍
  മലയാളത്തില്‍ മികവുറ്റ ചിത്രങ്ങള്‍ ഇറങ്ങുന്നുണ്ട്. 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും', 'ചാര്‍ളി', 'ഉസ്താദ് ഹോട്ടല്‍', 'ടേക്ക് ഓഫ്' തുടങ്ങി നിരവധി ചിത്രങ്ങള്‍. 'അങ്കമാലി ഡയറീസ്' 'എന്നു നിന്റെ മൊയ്തീന്‍' എന്നിവയുടെ ക്യമാറ മനോഹരമായിരുന്നു. ഫഹദ്, ദുല്‍ഖര്‍, നിവിന്‍ പോളി എന്നിവരുടെ ചിത്രങ്ങള്‍ കാണാറുണ്ട്.

തമിഴ് സിനിമയ്ക്ക് മോശം കാലഘട്ടമാണിത്. 2000 മുതല്‍ 2010 വരെ മികവുറ്റ ചിത്രങ്ങള്‍ തമിഴില്‍ പുറത്തിറങ്ങിയിരുന്നു. എന്നാല്‍ പിന്നീട് സ്ഥിതി മോശമായി. അതേസമയം ഈ വര്‍ഷം '96', 'പരിയേറും പെരുമാള്‍' മുതലായി മികവുറ്റ ചിത്രങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്.

തമിഴ് സിനിമ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍
  തമിഴ് സിനിമാ മേഖലയ്ക്ക് സര്‍ക്കാര്‍ പിന്തുണ നല്‍കുന്നില്ല. മലയാള സിനിമിയ്ക്ക് ഈ നാട്ടിലെ സര്‍ക്കാര്‍ വലിയ പിന്തുണ നല്‍കുന്നുണ്ട്. ചിത്രീകരണത്തിന് പൊലീസ് സ്റ്റേഷന്‍ ഉള്‍പ്പെടെ വിട്ടു നല്‍കാന്‍ ഇവിടുത്തെ സര്‍ക്കാര്‍ തയ്യാറാകുന്നു. തമിഴ് നാട്ടില്‍ ചെന്നൈയില്‍ പകല്‍ ഷൂട്ട് ചെയ്യാന്‍ പോലും അനുമതി ലഭിക്കില്ല. പല രംഗങ്ങളും രാത്രിയിലാണ് ചിത്രീകരിക്കുന്നത്. ഇതൊക്കെ സിനിമയെ സാരമായി ബാധിക്കും.

പുതിയ ചിത്രം 'ജയില്‍'

പുതിയ ചിത്രം 'ജയില്‍'കുടുംബവും വീടും
 
രണ്ടു കുട്ടികള്‍ ഉള്‍പ്പെടുന്ന ഒരു ചെറിയ കുടുംബമാണെന്റേത്. മധുരയിലെ വിരുധ നഗര്‍ ആണ് സ്വദേശം. പഠിച്ചതും വളര്‍ന്നതുമെല്ലാം അവിടെയാണ്. ബിഎസ്‌സി ബോട്ടണിക്ക് ശേഷം സിനിമയിലെത്തിച്ചേരുകയായിരുന്നു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top