18 February Monday

'നാടകം കളിച്ചു നടക്കാന്‍ വേണ്ടി ഇക്കണോമിക്‌സില്‍ എംഫില്‍ ചെയ്തു'; നാടക ജീവിതത്തെയും സിനിമയേയും കുറിച്ച് ജിംബ്രൂട്ടന്‍ ഗോകുലന്‍ സംസാരിക്കുന്നു

ഹര്‍ഷാദ് മാളിയേക്കല്‍ Updated: Saturday Dec 30, 2017

  "ജിംബ്രൂട്ടാാാാ.....'' ജോയ് താക്കോല്‍ക്കാരനൊപ്പം മലയാളികള്‍ ഒന്നടങ്കം ഏറ്റുവിളിക്കുകയാണിത്. പുണ്യാളന്‍ അഗര്‍ബത്തീസിലും പിന്നീട് പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിലും ജോയ് താക്കോല്‍ക്കാരന്റെ വലം കയ്യായി കൂടെ നിന്ന ജിംബ്രൂട്ടനെകുറിച്ച് പറയാന്‍ നല്ലത് മാത്രമേയുള്ളു. ചെയ്ത കഥപാത്രത്തിന്റെ പേര് സ്വന്തം പേരായി ചാര്‍ത്തി കിട്ടുന്നതിലുള്ള സന്തോഷം മറച്ചുവെക്കുന്നില്ല ഗോകുലന്‍.  അന്തര്‍മുഖനായിരുന്ന, അധികം ആരോടും സംസാരിക്കാതിരുന്ന യുവാവ് നാടകം കളിച്ചതും, നാടകം കളിച്ചു നടക്കുന്നതിനു വേണ്ടി എംഫില്‍ ചെയ്തതും അധികമാര്‍ക്കും അറിയാത്ത കഥ. തന്റെ സിനിമയെയും ജീവിതത്തേയും കുറിച്ച് ജിംബ്രൂട്ടന്‍ ഗോകുലന്‍ സംസാരിക്കുന്നു.


മലയാളികള്‍ക്ക് പ്രിയങ്കരനായ പുണ്യാളനിലെ ജിംബ്രൂട്ടനെകുറിച്ച്

  ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ ഒരു ഭാഗ്യമാണത്. ഒരു ദിവസം രഞ്ജിത്തേട്ടന്‍ വിളിച്ച് ഇങ്ങനെ ഒരു കഥാപാത്രം ഉണ്ടെന്ന് പറഞ്ഞു. ജോലിയൊന്നും ചെയ്യാതിരിക്കുന്ന അല്‍പം മടിയനായ ഒരു തൊഴിലാളിയുടെ കഥാപാത്രമാണെന്നു പറഞ്ഞു. ഷൂട്ട് തുടങ്ങി കുറച്ച് ദിവസം കഴിഞ്ഞ ശേഷമാണ് കഥാപാത്രത്തിന് പേരു വേണമെന്ന ചിന്ത വരുന്നത്. അങ്ങനെ ജയേട്ടന്‍ (ജയസുര്യ) ആണ് ജിംബ്രൂട്ടന്‍ എന്ന പേരിടുന്നത്. പിന്നെ ജിംബ്രൂട്ടന്‍ ഇങ്ങനെ സ്വീകരിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പേരും ക്യാരക്ടറും ഇഷ്ടമായതില്‍ സന്തോഷം.പ്രേക്ഷകര്‍ ഏറെ സ്വീകരിച്ച ജിംബ്രൂട്ടനെ വീണ്ടും അവതരിപ്പിക്കേണ്ടി വന്നത് വെല്ലുവിളി ആയിരുന്നോ?

  പിന്നെ തീര്‍ച്ചയായും, വീണ്ടും ജിംബ്രൂട്ടനെ അവതരിപ്പിക്കാന്‍ കിട്ടിയത് ഭാഗ്യമായിട്ടാണ് കാണുന്നത്. നാലു വര്‍ഷം മുമ്പ് അവതരിപ്പിച്ച് സ്വീകാര്യത കിട്ടിയ ഒരു ക്യാരക്ടര്‍ വീണ്ടും അവതരിപ്പിക്കാന്‍ കിട്ടുന്നത് ഒരു പുതുമയുള്ള കാര്യമാണല്ലോ. ജിംബ്രൂട്ടനെ വീണ്ടും  അവതരിപ്പിക്കേണ്ടി വന്നപ്പോള്‍ ആശങ്കയുണ്ടായിരുന്നു. ആ കഥാപാത്രത്തിന്റെ ശരീരഭാഷയും മറ്റും ഓര്‍ത്തെടുക്കാന്‍ പുണ്യാളന്‍ അഗര്‍ബത്തീസിലെ ഭാഗങ്ങള്‍ വീണ്ടും കണ്ടു. ഷൂട്ടിംഗിന് എത്തിയപ്പോഴും ടെന്‍ഷന്‍ ഉണ്ടായിരുന്നു. എന്നാല്‍ ജോയ് താക്കോല്‍ക്കാരനും അഭയകുമാറും സുധാകരനുമെല്ലാം അതുപോലെ മുന്നില്‍ എത്തിയപ്പോള്‍ ഞാനും ജിംബ്രൂട്ടനായി മാറി. വളരെ സ്വാഭാവികമായിരുന്നു കഥാപാത്രത്തിലേക്കുള്ള ആ മാറ്റം. അത് ഞാന്‍ അറിയാതെ സംഭവിച്ചതായിരുന്നു.

പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡില്‍ ജിംബ്രൂട്ടനെ മികവുറ്റ രീതിയില്‍ അവതരിപ്പിക്കാന്‍ സാധിച്ചെന്ന് കരുതുന്നുണ്ടോ

  ഉറപ്പായും, പുണ്യാളന്‍ അഗര്‍ബത്തീസില്‍ നിന്നും പ്രൈവറ്റ് ലിമിറ്റഡില്‍ എത്തുമ്പോള്‍ ജിംബ്രൂട്ടന് കുറച്ച് കൂടി സ്‌ക്രീന്‍ സ്‌പേയ്‌സ് കിട്ടുന്നുണ്ട്. അത് കഥാപാത്രത്തെ മെച്ചപ്പെടുത്താന്‍ സാധിച്ചിച്ചുണ്ട്. ജോയ് താക്കോല്‍ക്കാരനോടുള്ള ജിംബ്രൂട്ടന്റെ സമീപനത്തില്‍ വന്ന മാറ്റവും കഥാപാത്രത്തിന് ഗുണകരമായാണ് സംഭവിച്ചത്. ആദ്യ ഭാഗത്തില്‍ മുതലാളിയോട് അല്‍പം പുച്ഛമുണ്ടായിരുന്ന, ജോലി ചെയ്യാന്‍ മടിയുള്ള ജിംബ്രൂട്ടനിപ്പോള്‍  മുതലാളിക്ക് ചങ്ക് പറിച്ചുകൊടുക്കാന്‍ പോലും തയ്യാറാണ്. ജിംബ്രൂട്ടന് മുതലാളിയെ ഇഷ്ടമാണ്. മുതലാളിയുടെ പ്രശ്‌നങ്ങളില്‍ അയാളും കൂടെ നില്‍ക്കുന്നു. ഈ മാറ്റം പ്രേക്ഷകരും സ്വീകരിച്ചു. അതുകൊണ്ടു തന്നെ പ്രേക്ഷകര്‍ക്കും ജിംബ്രൂട്ടനോടുള്ള ഇഷ്ടം കൂടിയിട്ടുണ്ട്.

അഭിനയത്തിലേക്കുള്ള കടന്നു വരവ്

  സിനിമയിലും നാടകത്തിലും ഞാന്‍ കടന്നു വരാന്‍ കാരണക്കാരയാത് മനോജ് കുമാര്‍, വിനോദ് കുമാര്‍ എന്നിവരാണ്. കോളേജ് തലത്തില്‍ നാടകങ്ങള്‍ അവതരിപ്പിക്കുമായിരുന്നു. അന്ന് നാടകങ്ങള്‍ പരിശീലിപ്പിച്ചിരുന്നത് ഇവരായിരുന്നു. അവരുടെ ശ്രമഫലമായിട്ടാണ് എനിക്ക് അഭിനയിക്കാന്‍ താല്പര്യം വരുന്നത്. ആദ്യം നാടകത്തിനോടാണ് ഇഷ്ടം വരുന്നത്. അത് കഴിഞ്ഞാണ് സിനിമയോട് ഒരു ഇഷ്ടമൊക്കൊ തോന്നുന്നത്.

ആദ്യ സിനിമ

 പിജിക്കു ഞാന്‍ പഠിച്ചത് കുസാറ്റിലാണ്. ആ സമയത്ത് ക്യാമ്പസില്‍ ഞങ്ങള്‍ ഒരുപാട് നാടകങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. നാടകത്തിന്റെ റിഹേഴ്‌സല്‍ ക്യാമ്പസിലെ പൊതു ഇടത്തില്‍ വെച്ചാണ് നടത്താറ്. ആ സമയത്ത് അവിടുത്തെ നിത്യ സന്ദര്‍ശകനായിരുന്നു കുടുംബശ്രീ ട്രാവല്‍സിന്റെ സംവിധായകന്‍ കിരണ്‍. അതുകൊണ്ട് തന്നെ അദ്ദേഹവുമായി പരിചയപ്പെടുകയും നാടകം കാണാന്‍ ക്ഷണിക്കുകയും ചെയ്തു. നാടകം കണ്ടതിനു ശേഷം അദ്ദേഹം ഞങ്ങളുമായുള്ള ഒരു സൗഹൃദ സംഭഷണത്തിലാണ് ഒരു പുതിയ ചിത്രം ചെയ്യുന്നുണ്ടെന്നും, അതില്‍  ചെറിയ ഒരു വേഷമുണ്ട് താല്‍പര്യമുണ്ടെങ്കില്‍ ചെയ്യാം എന്നു പറഞ്ഞു. അങ്ങനെയാണ് കുടുംബശ്രീ ട്രാവല്‍സില്‍ എത്തുന്നത്.ആമേനിലെ കഥാപാത്രം

ആമേനിന്റെ അസോസിയേറ്റ് സംവിധായകനായ രതീഷ് കുമാര്‍ മുഖാന്തരമാണ് ആ വേഷം ലഭിക്കുന്നത്. രതീഷ് കുമാര്‍ സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിമില്‍ ഞാന്‍ അഭിനയിച്ചിരുന്നു. അതു കണക്കിലെടുത്താണ് രതീഷ് എന്നെ ലിജോ ജോസ് പെല്ലിശ്ശേരിക്ക് പരിചയപ്പെടുത്തുന്നത്. അദ്ദേഹത്തെ കണ്ടു ക്യാരക്ടറിനെ കുറിച്ച് സംസാരിച്ചിരുന്നു. അങ്ങനെയാണ് ആമേനില്‍ എത്തിപ്പെടുന്നത്.

നാടകത്തിലെ അനുഭവങ്ങള്‍

ഞാന്‍ അധികം സംസാരിക്കാതെയും ഇടപെടാതെയും ജീവിക്കുന്ന ഒരാളായിരുന്നു. പഠനകാലത്ത് ചെറിയതോതില്‍ വിക്കലുണ്ടായിരുന്നു. ഈ കാരണത്താല്‍ നമ്മുടേതായ ഒരു സൗഹൃദ വലയത്തില്‍ മാത്രമായിരുന്നു എന്റെ ഇടപെടല്‍. കോളേജില്‍ പഠിക്കുന്ന സമയത്ത് എന്നെ വളരെ നിര്‍ബന്ധിച്ചിട്ടാണ് നാടകത്തില്‍ അഭിനയിപ്പിക്കുന്നത്. അവിടെ വെച്ചാണ് എനിക്ക് നാടകം ചെയ്യാന്‍ സാധിക്കും എന്നൊരു ആത്മവിശ്വാസം ലഭിക്കുന്നത്. അതിന് പ്രധാന കാരണക്കാര്‍ മനോജ് കുമാര്‍, വിനോദ് കുമാര്‍ എന്നിവരാണ്. അവരാണ് നിനക്ക് വിക്കലൊന്നും ഇല്ല നിനക്കിത് സാധിക്കും എന്നും പറഞ്ഞ് പ്രോത്സാഹിപ്പിച്ചത്. അവര്‍ നേതൃത്വം നല്‍കുന്ന സെലിബ്രേഷന്‍ നാടകഗ്രൂപ്പും മറ്റു ചെറിയ കൂട്ടായ്മകളുമാണ് എന്റെ നാടകലോകം. അവിടം മുതല്‍ നാടകങ്ങളെ സ്‌നേഹിച്ച് തുടങ്ങി. പഠനസമയത്ത് നിരന്തരം നാടകങ്ങള്‍ അവതരിപ്പിച്ചു കൊണ്ടിരുന്നു. ഇപ്പോഴും അവതരിപ്പിക്കുന്നുണ്ട്. സത്യം പറഞ്ഞാല്‍ നാടകം കളിക്കാന്‍ വേണ്ടിയാണ് ഞാന്‍ എംഫില്‍ ചെയ്തതു തന്നെ.

ഇതുവരെ ഏറ്റെടുത്തു ചെയ്ത വേഷങ്ങളെ എങ്ങനെ നോക്കിക്കാണുന്നു?

ചെയ്ത വേഷങ്ങള്‍  ചെറുതാണെങ്കിലും അഭിമാനവും സന്തോഷവുമുണ്ട്. ചിത്രത്തില്‍ അത് പ്രധാനപ്പെട്ട ക്യാരക്ടര്‍  അല്ലെങ്കിലും എനിക്ക് അതെല്ലാം പ്രധാനപ്പെട്ടവയാണ്. ആമേനിലെ തെങ്ങുകയറ്റക്കാരനായാലും, പുണ്യാളനിലെ ജിംബ്രൂട്ടനായാലും സപ്തമശ്രീ തസ്‌കരയിലെ വെല്‍ഡറായാലും, ഇടിയിലെ നാട്ടിന്‍ പുറത്തെ കള്ളനായാലും എനിക്കിവയെല്ലാം പ്രിയപ്പെട്ടവയാണ്.

വീട്,പഠനം, കുടുംബം

ഞാന്‍ എറണാകുളം കാക്കനാട് സ്വദേശിയാണ്. അച്ഛനും അമ്മയും മൂന്ന് ചേട്ടന്‍മാരും ഒരു അനിയത്തിയും ഉള്‍പ്പെടുന്നതാണ് കുടുംബം. ബാക്കി എല്ലാവരും സെറ്റില്‍ഡ് ആണ്. ഞാന്‍ ഇപ്പോഴും ബാച്ച്‌ലര്‍ ലൈഫ് ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്. പഠനം, സ്‌കൂള്‍ വിദ്യാഭ്യാസം  എറണാകുളം ജഡ്ജിമുക്കിലെ കാര്‍ഡിനല്‍ സ്‌കൂളിലായിരുന്നു. ഡിഗ്രി കക്കാനാട് ഭാരത് മാതാ കോളേജില്‍ ബി കോം. പിന്നീട് പിജി കുസാറ്റില്‍ എംഎ ബിസിനസ് ഇക്കോണമിക്‌സ്. ശേഷം എംഫില്‍ ചെയ്തു. ഇപ്പോള്‍ ഒരു പിഎച്ച്ഡി ചെയ്യാന്‍ ആലോചനയുണ്ട്. കുടുംബശ്രീ ട്രാവല്‍സില്‍ നിന്ന് പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡില്‍ എത്തിനില്‍ക്കുമ്പോള്‍ എന്താണ് തോന്നുന്നത്

സംവിധായകനും തിരക്കഥാകൃത്തും യഥാര്‍ഥത്തില്‍  ആഗ്രഹിച്ചത് നല്‍കാന്‍ പറ്റി എന്നുതന്നെയാണ് വിശ്വസിക്കുന്നത്. ഓരോ സീനിനു ശേഷവും അവര്‍ ഉദ്ദേശിച്ചത് തന്നെയാണ് ലഭിച്ചതെന്നു ഉറപ്പു വരുത്തുമായിരുന്നു. പിന്നെ, വര്‍ഷങ്ങളുടെ മാറ്റം എല്ലാ തരത്തിലും നമ്മളെയും ബാധിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇപ്പോള്‍ കഥാപാത്രങ്ങളെ തെരഞ്ഞെടുക്കാനുള്ള ഒരവസരം എനിക്ക് മുമ്പില്‍ തുറന്ന് കിട്ടിയിട്ടുണ്ട്.  കൂടാതെ ക്യാരക്ടര്‍ റോളുകള്‍ ചെയ്യാന്‍ ഇപ്പോള്‍ ഇന്‍ഡസ്ട്രിയില്‍ നല്ല ആക്ടേസ് ഉണ്ട്. അവരോടൊപ്പം പോകാന്‍ നമ്മള്‍ ഒരല്‍പ്പം ഹാര്‍ഡ് വര്‍ക്ക് ചെയ്യേണ്ടതുണ്ട്. അത് ആരോഗ്യപരമായ ഒരു മത്സരമാണ്. അത് തീര്‍ച്ചയായും ഞാന്‍ ആസ്വദിക്കുന്നുണ്ട്. കാരണം 'എന്‍ജോയ് ചെയ്ത് ഏണ്‍' ചെയ്യണമെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍.

അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ഒരു കഥാപാത്രം

എന്റെ ജീവിതത്തില്‍ വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യമാണുള്ളത്. കാരണം ഞാന്‍ എല്ലായ്‌പ്പോഴും എന്തെങ്കിലുമൊക്കെ പഠിക്കാന്‍ ആഗ്രഹിക്കും. ഡിഗ്രിയും പിജിയും എംഫിലുമായി ഞാന്‍ ഒരു 6-7 വര്‍ഷം കോളേജ് ക്യാമ്പസുകളില്‍ ചെലവഴിച്ചിട്ടുണ്ട്. ഒരു ക്യാമ്പസിന്റെ പള്‍സ് എന്താണെന്ന് എനിക്ക് കൃത്യമായി മനസിലാക്കാന്‍ പറ്റും. അതുകൊണ്ട് തന്നെ എനിക്കൊരു ക്യാമ്പസ് ചിത്രത്തില്‍ ഒരു ക്യാരക്ടര്‍ ചെയ്‌താല്‍  കൊള്ളാമെന്നുണ്ട്.  ഒരു ക്യാമ്പസ് സിനിമയില്‍ ഒരു വിദ്യാര്‍ഥിയായി അഭിയിക്കുക എന്ന വിദൂരമായ ഒരാഗ്രഹം.

പുതിയ പ്രൊജക്ടുകള്‍

  പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ബിജു ബെര്‍ണാഡ് സംവിധാനം ചെയ്യുന്ന 'ലാലിബേല'യാണ്. ഇതുവരെ  ചെയ്യാത്ത തരത്തിലുള്ള ഒരു കഥാപാത്രമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഏറെ അഭിനയ സാധ്യതയുള്ള ചിത്രം ഒരു ആര്‍ട്ട് ഫിലിം സ്‌ട്രക്‌ച്ചറിലാണ് ഒരുങ്ങുന്നത്.  വിനയന്‍ സാറിന്റെ 'ചാലക്കുടിക്കാരന്‍ ചങ്ങാതി', പ്രിന്‍സ് സംവിധാനം ചെയ്യുന്ന 'അയ്യപ്പന്റെ ശകടം', ലാല്‍ ബഹാദുര്‍ ശാസ്ത്രി സിനിമയുടെ സംവിധായകന്‍ രജീഷ് മിഥിലയുടെ രണ്ടാമത്തെ ചിത്രം, ജോഷി മാത്യു സാറിന്റെ സിനിമ എന്നിങ്ങനെ കുറച്ചു പ്രൊജക്ടുകളാണ് ഇനി വരാനുള്ളത്. 'വാരിക്കുഴിയിലെ കൊലപാതകം' എന്ന ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. 

പ്രധാന വാർത്തകൾ
 Top