10 July Friday

ഇതല്ല, ഇതിലും വലിയ ലോക്ക്‌ഡൗൺ ചാടിക്കടന്നവനാണീ ഇന്നസെന്റ്‌

എൻ എസ്‌ സജിത്‌Updated: Sunday Apr 26, 2020

ലോക്ക്‌ഡൗൺ കാലത്ത്‌ നേരമ്പോക്കും നർമവും അൽപ്പം ഗൗരവചിന്തകളും ചേർത്ത്‌ പുതിയ പുസ്‌തകമെഴുതുന്ന തിരക്കിലാണ് നടൻ ഇന്നസെന്റ്‌. മനുഷ്യൻ പ്രകൃതിയോടടുക്കുന്നതും കേരളം കൊറോണയെ ചെറുക്കുന്നതും പ്രതിപക്ഷത്തിന്റെ കുത്തിത്തിരിപ്പുകളുമെല്ലാം ഇന്നസെന്റിന്റെ ചിന്താവിഷയങ്ങളിൽപ്പെടുന്നു.  മുൻ എംപികൂടിയായ ഇന്നസെന്റ്‌ സംസാരിക്കുന്നു.

ലോക്ക്‌ഡൗണിനുമുമ്പുള്ള ഏതോ ഒരു ദിവസം.
 
ഞാനെന്റെ കൂട്ടുകാരെ വിളിക്കുന്നു. ആരായാലും  അവർ സ്‌നേഹത്തോടെ വിശേഷങ്ങൾ തിരക്കും. എന്നിട്ട്‌ പറയും, ഞാനിവിടെ കോഴിക്കോട്ട്‌ ഷൂട്ടിങ്ങിലാ. ഉടൻ അടുത്ത അന്വേഷണം. ഇന്നസെന്റിന് ഇപ്പം‌ അസുഖമൊന്നുമില്ലല്ലോ. ഇല്ലെന്നുപറഞ്ഞ്‌ ഞാൻ വിളിച്ച കാര്യം പറയാൻ തുടങ്ങുമ്പോൾ അവർ പറയും: ‘‘അയ്യോ ദാ അവർ ഷോട്ട്‌ റെഡി എന്ന് പറയുന്നു. ഞാൻ തിരിച്ചുവിളിക്കാം’’ ക്‌ണിം. ഫോൺ കട്ട്‌ ചെയ്യുന്ന ശബ്‌ദം.
 
അത്രയും തിരക്കിലാണ്‌. ഞാൻ  അയാളെ വിട്ട്‌ വേറൊരാളെ വിളിക്കും. നമുക്കിവിടെ പണിയുമില്ല. സുഖവുമില്ല. ധാരാളം സമയവും‌. കിട്ടിയ എന്തെങ്കിലും തമാശ പങ്കുവയ്‌ക്കാൻ പലരെയും വിളിക്കാറുണ്ട്‌. എന്നോട്‌ സ്‌നേഹമുള്ളതുകൊണ്ട്‌ പലരും ഷോട്ട്‌ റെഡി ആണെങ്കിലും എന്റെ നേരമ്പോക്ക്‌   കേട്ടിരിക്കും. എന്നാലും എപ്പോഴും തിരക്കായിരുന്നു പലർക്കും. 

ലോക്ക്‌ഡൗൺ കാലത്തെ ഒരു ദിവസം 

ഇപ്പോഴും ഞാൻ പലരെയും വിളിക്കും. വിളിക്കുമ്പോൾ ലൊക്കേഷനിലെ ഒച്ചപ്പാടൊന്നും കേൾക്കാനില്ല. എല്ലാം ശാന്തം. ഇപ്പോ സംസാരിച്ചുതുടങ്ങും. കാര്യങ്ങൾ ഒക്കെ കുറേ പറയും.  വേറൊന്നും ഇല്ലല്ലോ എന്നും പറഞ്ഞ്‌  ഫോൺ വയ്‌ക്കാൻ തുടങ്ങും. മറ്റേ തലയ്‌ക്കൽ നിന്ന്‌ പറയും, ഫോൺ  വയ്‌ക്കല്ലേ ഇന്നസെന്റേ എന്ന്‌. അങ്ങനെ വീണ്ടും സംസാരം. നമ്മുടെ സംസാരം കേൾക്കാൻ അയാൾക്കും എല്ലാർക്കും ഒരുപാട്‌ സമയമുണ്ട്‌. 

സമയമില്ലായ്‌മയുടെ ഇന്നലെകൾ 

തൂവൽക്കൊട്ടാരം സിനിമയുടെ ഷൂട്ടിങ്‌ സമയത്തെ ഒരനുഭവം സത്യൻ അന്തിക്കാട്‌ ഈയിടെ പറഞ്ഞിരുന്നു. ലൊക്കേഷനിൽ കണ്ട ഇരുമ്പൻപുളി മരത്തിൽനിന്ന്‌ ഒരുപാട്‌ പുളി പറിച്ച ഒടുവിൽ ഉണ്ണിക്കൃഷ്‌ണന്റെ കഥ. ഒടുവിലിന്‌ അന്ന്‌ വലിയ തിരക്കാണ്‌. എല്ലാദിവസവും ഷൂട്ടിങ്. പരിപ്പും ഇരുമ്പൻപുളിയും തേങ്ങയരച്ച്‌ കറിവച്ചാലുള്ള രുചിയെക്കുറിച്ച്‌ പറഞ്ഞുകൊണ്ടാണ്‌ ഒടുവിൽ പുളി പറിച്ചത്‌. വേറെയും വിഭവങ്ങൾ ഉണ്ടാക്കാമെന്നൊക്കെ സത്യനോട്‌ ഷൂട്ടിങ്‌ സമയത്ത്‌ പറയുന്നുണ്ടായിരുന്നു. അങ്ങനെ കേരളശേരിയിലെ വീട്ടിൽ ചെന്ന്‌ പുളി നിറച്ച സഞ്ചി സന്തോഷത്തോടെ ഭാര്യ പത്‌മജത്തിന്‌‌ കൊടുത്തു. പിറ്റേന്ന്‌ വീടിന്റെ പിന്നിൽ ചെന്നപ്പോൾ കണ്ട കാഴ്‌ച കണ്ട്‌ ഒടുവിൽ അന്തംവിട്ടു. തലേന്ന്‌ കഷ്‌ടപ്പെട്ട്‌ കൊണ്ടുവന്ന ഇരുമ്പൻ പുളി ദാ കെട്‌ക്കുണൂ മുറ്റത്ത്‌! വിഷമത്തോടെ ഭാര്യയോട്‌ കാര്യം തിരക്കിയപ്പോൾ അവർ ചൂണ്ടിക്കാണിച്ചു കൊടുത്തു, പിന്നാമ്പുറത്ത്‌ നിറയെ കായ്‌ച്ചുനിൽക്കുന്ന രണ്ട്‌ ഇരുമ്പൻപുളി മരങ്ങൾ. ഒടുവിൽ ഉണ്ണിക്കൃഷ്‌ണൻ എന്തുകൊണ്ട്‌ പുളിമരം കണ്ടില്ല എന്നു ചോദിച്ചാൽ  തിരക്കുകൊണ്ട്‌ എന്നാണ്‌ ഉത്തരം.
 

തിരക്കുകളില്ലാത്ത ഞാൻ 

ഞാൻ  ഷൂട്ടിങ്ങിന്റെ തിരക്കുള്ള കാലത്ത് വല്ലാതെ തിരക്കുകൂടിയാൽ‌ അവധിയെടുത്ത്‌ വീട്ടിലിരിക്കും. പിന്നെ കുടുംബത്തോടൊപ്പം എവിടേക്കെങ്കിലുമൊക്കെ പോകും. അസുഖമുള്ള സമയത്ത്‌ കുറേനാൾ വീട്ടിലിരിക്കേണ്ടിവന്നു. ഇതിലും വലിയ ലോക്ക്‌ഡൗൺ. അതുകൊണ്ട്‌ ഈ ലോക്ക്‌ഡൗണൊന്നും എന്നെ അങ്ങനെ ബാധിക്കില്ല. വീടിന്റെ ചുറ്റമുള്ള ചെടികളും വാഴയുമൊക്കെ ഞാൻ ശ്രദ്ധിക്കും. അവ എന്നെയും ശ്രദ്ധിക്കും.  ഇപ്പോഴാണെങ്കിൽ ചക്ക പൊട്ടിക്കുന്ന കാലം. ഏതൊക്കെ മൂത്തു ഏതൊക്കെ പഴുത്തു എന്നൊക്കെ നോക്കിനടക്കുകയാണ്‌. പ്രകൃതിയുമായി നല്ല അടുപ്പമൊക്കെ വന്നു. എല്ലാത്തിനും കൊറോണയെ കുറ്റം പറയാൻ ഞാനില്ല. ഇപ്പോഴിതാ എന്റെ മകന്റെ മകൾ  അന്ന ഒരു പാത്രം നിറയെ സവാള ചെറുതായി അരിഞ്ഞുവച്ചിരിക്കുന്നു. പത്താംക്ലാസുകാരിയാണവൾ. വീട്ടിൽ ആദ്യമായി ചെയ്യുന്ന ഒരു പണിയാണത്‌. മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ടാണ്‌. കൊറോണ വന്നതുകൊണ്ട്‌ ഇങ്ങനെയും ചില ഗുണങ്ങളുണ്ട്‌. 

കൊറോണ കൊടുത്ത പണി 

നാട്ടിലൊരു പ്രശ്‌നമുണ്ടായാൽ, അടിപിടിയും കത്തിക്കുത്തും  കൊലപാതകവും ലഹളയുമൊക്കെ ഉണ്ടായാൽ കാശുള്ളവനൊരു ഗമയുണ്ട്‌. ഏതു കേസിൽപ്പെട്ടാലും അടുത്ത വിമാനം പിടിച്ച്‌ ഏതെങ്കിലും വിദേശരാജ്യത്തേക്ക്‌ കടക്കാം. തൽക്കാലത്തേക്ക്‌ രക്ഷപ്പെടാം. ഇവിടെ പ്രശ്‌നങ്ങളൊക്കെ തണുക്കുമ്പോൾ തിരിച്ചുവന്നാൽ മതിയല്ലോ. പക്ഷേ കൈയിൽ കാശുണ്ടെങ്കിലും കാര്യമില്ല എന്ന്‌ കൊറോണ നമ്മെ ബോധ്യപ്പെടുത്തി. മറ്റ്‌ പല അസുഖങ്ങളും പണമുണ്ടെങ്കിൽ നമുക്ക്‌ ഭേദപ്പെടുത്താം. ഇവിടെയൊക്കെ കൊറോണയാണ്‌. എന്നാൽ, പിന്നെ അമേരിക്കയിലേക്ക്‌ പോകാമെന്നും വിചാരിക്കാൻ പറ്റില്ല. അവിടെയും കൊറോണയാണ്‌.
 

അമേരിക്കയിലെ കൊറോണ 

എന്റെ ചേട്ടന്റെ മകൻ ഡോ. വെസ്‌ലി അമേരിക്കയിൽനിന്ന്‌ മുമ്പൊക്കെ  വിളിക്കുമ്പോൾ പറയാറുണ്ട്‌. അമേരിക്ക എന്ന നാടുമായി തട്ടിച്ചുനോക്കുമ്പോൾ കേരളം ഒന്നുമല്ലെന്ന്‌. ഇപ്പോ ഴവൻ മാറ്റി പറയുകയാണ്‌. നമ്മുടെ നാട്ടുകാർ എത്ര ബുദ്ധിശാലികളും മിടുക്കന്മാരുമാണെന്ന്‌. രോഗത്തെ എങ്ങനെ നേരിടണമെന്ന്‌ മനസ്സിലാക്കി ജനങ്ങൾ അങ്ങനെ പെരുമാറുന്നത്‌ കാണുമ്പോൾ ന്യൂയോർക്കിലുള്ള അവൻ ഞെട്ടിപ്പോയി. ഫ്‌ളോറിഡയിലെ ബന്ധുക്കളും വിളിക്കാറുണ്ട്‌. നേരത്തെ ഫ്‌ളോറിഡക്കാരൊക്കെ രോഗത്തെ അത്ര കാര്യമാക്കിയിരുന്നില്ല. ഇപ്പോ ഴാണ്‌ അവിടത്തുകാർ ശ്രദ്ധിക്കാൻ തുടങ്ങിയത്‌. 

പണത്തിനോടുപോലും പുച്ഛം 

ഞാനടക്കം എല്ലാവർക്കും പണം കിട്ടുമ്പോഴും അത്‌ എണ്ണി നോക്കുമ്പോഴും അൽപ്പമൊക്കെ മിച്ചം പിടിക്കുമ്പോഴുമൊക്കെ ഒരു സന്തോഷമാണ്‌. പണമുള്ളവർക്ക്‌ ഷെൽഫ്‌ തുറന്ന്‌ അത്‌ എണ്ണി നോക്കുമ്പോൾ ഒരു മനഃസമാധാനമാണ്‌. പണം ബാങ്കിലിട്ടവർക്ക്‌ അതിന്റെ റസീറ്റ്‌ കാണുമ്പോൾ ഒരു സംതൃപ്‌തിയാണ്‌. ചായ കുടിക്കുമ്പോൾ അയാളുടെ മുഖത്ത്‌ ഒരു പുഞ്ചിരിയൊക്കെയുണ്ടാകും. അത്‌ മനുഷ്യന്റെ സ്വഭാവത്തിലുള്ള കാര്യമാണ്‌. പക്ഷേ ഇന്ന്‌ ഈ കൊറോണക്കാലത്ത്‌ കാശ്‌ കാണുമ്പോൾ ഒരു വികാരവും തോന്നില്ല. ഷെൽഫ്‌ തുറന്നാൽ മനസ്സിൽ പറയും, നീയൊക്കെ ഇവിടെയുണ്ടായിട്ടും ഒരു കാര്യവുമില്ലല്ലോ. അതും പറഞ്ഞ്‌ ഷെൽഫ്‌ ഒരൊറ്റ അടയ്‌ക്കലാണ്‌. 

കിടപ്പുമുറിയിലെ രാജവെമ്പാല 

നമുക്കിവിടെ ഒരു പ്രതിപക്ഷമുണ്ട്‌. സർക്കാരിന്‌ എന്തെങ്കിലും തെറ്റുപറ്റിയാൽ അവരത്‌ ചൂണ്ടിക്കാട്ടണം, വിമർശിക്കണം. അത് ജനാധിപത്യത്തിന്റെ രീതി.  പക്ഷേ നമ്മുടെ കിടപ്പുമുറിയിൽ രാജവെമ്പാല പത്തി വിടർത്തി നിൽക്കുകയാണ്‌. അതിനെ ഓടിക്കാൻ വടിയെടുക്കാനായി നമ്മൾ പുറത്തേക്ക്‌ ഓടുകയാണ്‌. അതിനിടയിലാണ്‌ അയൽവാസി വേലിക്കരികിൽവന്ന്‌ ചോദിക്കുന്നു, ഇന്നലെ വൈകുന്നേരം ഇവിടെനിന്ന്‌ എന്റെ മകനെ ചീത്തപറഞ്ഞത്‌ എന്തിനാണെന്ന്‌. ഇങ്ങനെ ഒരു ചോദ്യംചോദിക്കാൻ പറ്റിയ സമയമാണോ ഇത്‌. അത്‌ തെറ്റാണെന്ന്‌ മനസ്സിലാക്കാൻ സാമാന്യവിജ്‌ഞാനം വേണം. എപ്പോഴാണ്‌ ചോദിക്കേണ്ടത്‌ എപ്പോഴാണ്‌ പറയേണ്ടത്‌ എന്നൊന്നും അറിയാനുള്ള ബോധം  കോളേജിൽ പോയാലൊന്നും കിട്ടില്ല. വളരെ ബാലിശമാണിത്‌. പ്രതിപക്ഷമാണെങ്കിലും രാഷ്‌ട്രീയമില്ലാത്തവരാണെങ്കിലും ഈ രോഗത്തെ എങ്ങനെ നേരിടാമെന്ന കാര്യത്തിൽ നമുക്കറിയാവുന്ന കാര്യങ്ങളാണ്‌ പറയേണ്ടത്‌. സഹായിക്കാനുള്ള ഒരു മനസ്സാണ്‌ നമുക്ക്‌ വേണ്ടത്‌. നല്ല കാര്യങ്ങൾ ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കാനുള്ള മനസ്സ്‌.‌  ഇവിടെ കൊറോണ ബാധിച്ച്‌ ഒരാൾപോലും മരിക്കരുത്‌  എന്നല്ലേ ചിന്തിക്കേണ്ടത്‌.  ഒരാവശ്യവുമില്ലാതെ ഇനി സർക്കാരിന്റെമേൽ കുതിരകയറാൻ അവസരം നോക്കി നടക്കുകയാണ്‌ പ്രതിപക്ഷം. ചാനലിലൊക്കെ കയറിയിരുന്ന്‌ എന്താ ചീത്തവിളി. ഈ ദുരന്തകാലം കഴിഞ്ഞിട്ടുപോരേ ഇതൊക്കെ. അമേരിക്കയിലെ മലയാളി ഡോക്‌ടറുടെ ആശുപത്രിക്ക്‌ മൂന്നരക്കോടി ഇന്ത്യൻ രൂപയ്‌ക്കു തുല്യമായ തുകയാണ്‌ ഗവൺമെന്റ്‌ നൽകിയത്‌. ജോലിക്കാർക്ക്‌ ശമ്പളം കൊടുക്കാനാണത്രെ. അത്‌ കേൾക്കുമ്പോൾ വേണമെങ്കിൽ ചോദിക്കാം ഈ സർക്കാർ ജനങ്ങൾക്ക്‌ എന്താണ്‌ കൊടുത്തത്‌, പൊതിച്ചോറോ എന്നൊക്കെ.  ഇങ്ങനെയൊക്കെ പുറത്തുനിന്ന്‌ പറയാൻ എളുപ്പമാണ്‌. നമ്മുടെ അതിഥി ത്തൊഴിലാളികൾക്ക്‌ ഭക്ഷണവും താമസവും ഉറപ്പാക്കിയതിനെ പ്രോത്സാഹിപ്പിക്കുകയല്ലേ വേണ്ടത്‌. ഒരു പ്രതിസന്ധിയിൽ എല്ലാം ഇട്ടെറിഞ്ഞ്‌ പോകാൻ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പറ്റില്ല.
 
ഇതേ കോൺഗ്രസിലെ ഒരു നേതാവ്‌ തന്നെയല്ലേ, വിവാഹ വാർഷികാഘോഷത്തിന്‌ കരുതിവച്ച  പണമെടുത്ത്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നൽകിയത്‌. അങ്ങനെ രാഷ്‌ട്രീയം മാറ്റിവച്ചുകൊണ്ട്‌ പ്രതിരോധപ്രവർത്തനത്തിൽ അണിചേരുകയാണ്‌ വേണ്ടത്‌. അമേരിക്കയിലെ ചിക്കാഗോയിൽവച്ച്‌ സംവിധായകൻ സിദ്ദിഖ്‌ നമ്മുടെ മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും അഭിനന്ദിക്കുമ്പോൾ നമുക്ക്‌ അഭിമാനം തോന്നുകയാണ്‌. എല്ലാ ഭിന്നതകളും മറന്നുകൊണ്ട്‌ സർക്കാരുകളെ പിന്തുണയ്‌ക്കുകയാണ്‌ വേണ്ടത്‌. ഇതൊരു യുദ്ധമാണ്‌. അതിൽ ജയിച്ചിട്ടുമതി തർക്കങ്ങളും പരസ്‌പരമുള്ള പോരടിക്കലുമൊക്കെ. ഇതൊന്നു കഴിഞ്ഞിട്ടുപോരേ   ഇതുവരെയുള്ള സർക്കാരിന്റെ നടപടികളുടെ കണക്കെടുപ്പ്‌. കഴിഞ്ഞ ദിവസം എന്റെ അടുത്ത സുഹൃത്തായ കോൺഗ്രസ്‌ നേതാവ്‌ വിളിച്ചു. പേരിവിടെ പറയുന്നില്ല. പ്രതിപക്ഷനേതാവിന്റെ ചെയ്‌തികളെക്കുറിച്ചാണ്‌ അങ്ങേർക്ക്‌ വിഷമം. തന്റെ പാർടിയിലെ പലർക്കും പ്രതിപക്ഷനേതാവിന്റെ പ്രവൃത്തികളോട്‌ വെറുപ്പാണെന്ന്‌ പറഞ്ഞാണ്‌ സംഭാഷണം അവസാനിപ്പിച്ചത്‌. 

കർശനമാക്കണം, ആദരിക്കണം 

നിയന്ത്രണങ്ങൾ ഇതൊന്നും പോരാ. നമുക്ക്‌ ജീവിക്കാൻ വേണ്ടിയല്ലേ അതൊക്കെ. അതിനിയും കർശനമാക്കണം. പൊലീസിനെ പറ്റിച്ച്‌ പുറത്തിറങ്ങി നടക്കുന്നത്‌ കേമത്തമാണെന്ന്‌ ധരിക്കുന്നുണ്ട്‌ പലരും. പൊലീസിന്റെ സേവനത്തിന്റെ മൂല്യം ഇപ്പോഴാണ്‌ നമ്മൾ ശരിക്കും തിരിച്ചറിയുന്നത്‌. ഈ കൊടുംചൂടിൽ‌ കാക്കി പാന്റും ഷർട്ടും തൊപ്പിയും ബെൽറ്റും ബൂട്ടും ഇപ്പോൾ പോരാത്തതിന്‌ മാസ്‌കും ധരിച്ച്‌ നടുറോഡിൽ നിൽക്കുന്നതിന്റെ വിഷമം പറഞ്ഞാൽ മനസ്സിലാകില്ല. ആശുപത്രിയിൽ ഡോക്‌ടർമാരും നേഴ്‌സുമാരുമൊക്കെചെയ്യുന്ന സേവനങ്ങളെ എത്ര ആദരിച്ചാലാണ്‌ മതിയാകുക. 

മാസ്‌ക്‌ ധരിച്ച ക്രിസ്‌തു 

ഈ ലോക്ക്‌ഡൗൺ കാലത്ത് ധാരാളം പാട്ടുകേൾക്കാനും സിനിമ കാണാനുമൊക്കെ കഴിയുന്നുണ്ട്‌. ഞാൻ കാണാത്ത എന്റെതന്നെ സിനിമകൾ കാണുന്നു. തിളക്കം കണ്ടിരുന്നില്ല. പത്താംനിലയിലെ തീവണ്ടി എന്ന സിനിമ തിയറ്ററിൽ പോയി കണ്ടിരുന്നില്ല. മണിച്ചിത്രത്താഴും വിയറ്റ്‌നാം കോളനിയും ചന്ദ്രലേഖയും കാബൂളിവാലയും ഒക്കെ വീണ്ടും കണ്ടു. 
 
ഈ സമയത്തുള്ള എന്റെ നേരമ്പോക്കുകൾ ഒരു പുസ്‌തകമാക്കുന്നു.  ‌ഞാൻ കാണുന്ന സ്വപ്‌നത്തിൽ,  എന്റെ ധ്യാനങ്ങളിൽ കടന്നുവരുന്നത്‌ ക്രിസ്‌തുവാണ്‌. എന്റെ അടുത്ത്‌ പ്രത്യക്ഷപ്പെടുന്നത്‌ മാസ്‌ക്‌ ധരിച്ചിട്ടാണ്‌. ഹിന്ദുവിന്റെയും മുസ്ലിമിന്റെയും ക്രിസ്‌ത്യാനിയുടെയും ദൈവങ്ങൾ വിശ്വാസികളുടെ സ്വപ്‌നങ്ങളിൽ  മാസ്‌ക്‌ ധരിച്ചു വരുമ്പോൾ ചിലപ്പോൾ അവരെ നമുക്ക്‌ മനസ്സിലായില്ലെന്നു വരാം. അപ്പോൾ ആ ദൈവങ്ങളെ ചീത്ത പറയരുത്‌. പതുക്കെ മാസ്‌ക്‌ ഒന്ന്‌ മാറ്റാൻ പറയണം. അപ്പോ നമുക്ക്‌ അവരെ മനസ്സിലാകും. അതിനെക്കുറിച്ചാണ്‌ പുസ്‌തകം.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top