Deshabhimani

ഐഎഫ്എഫ്കെ: പെൺനോട്ടങ്ങളുമായി ഫിമെയ്ൽ ഗേസ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 04, 2024, 09:37 PM | 0 min read

തിരുവനന്തപുരം> കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ വനിതാ സംവിധായകർക്കും അവരുടെ കലാസൃഷ്ടികൾക്കും ഊന്നൽ നൽകുന്ന ഫീമെയിൽ ഗെയ്‌സ് വിഭാഗത്തിൽ ഏഴു  ചിത്രങ്ങൾ പ്രദർശിപ്പിക്കും. വെൻ ദി ഫോൺ റാങ്, ഡസേർട്ട് ഓഫ് നമീബിയ, ലവബിൾ, മൂൺ, ഹോളി കൗ, സിമാസ് സോങ്, ഹനാമി എന്നീ ചിത്രങ്ങളാണ് പ്രദർശനത്തിനെത്തുന്നത്.

ഒരു ഫോൺ കോളിന് ശേഷം ഒരു കുടുംബത്തിലുണ്ടാകുന്ന വൈകാരികവും മാനസികവുമായ പ്രത്യാഘാതങ്ങൾ പ്രതിപാദിക്കുന്ന സെർബിയൻ ചിത്രമാണ് വെൻ ദി ഫോൺ റാങ്. ഇവ റാഡിവോജെവിച്ച് ആണ് സംവിധായിക. സംവിധായികയുടെ ജീവിതകഥ കൂടിയാണ് ഈ സിനിമ. കെയ്‌റോ, ഹെൽസിങ്കി തുടങ്ങിയ അന്താരാഷ്ട്ര ചലച്ചിത്രമേളകളിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട ചിത്രം 2024 ലെ ലൊകാർണോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രത്യേക പരാമർശവും നേടി.

യോക്കോ യമനാക്കയുടെ ഡെസേർട്ട് ഓഫ് നമീബിയ ജപ്പാനിലെ സാറ്റ്സുക്കി എന്ന പെൺകുട്ടി പ്രായപൂർത്തിയാകുന്ന ഘട്ടത്തിലെ അനുഭവങ്ങളും അവളുടെ സ്വതന്ത്ര ജീവിതവും പ്രമേയമാക്കുന്നു. കാൻ ചലച്ചിത്രമേളയിൽ ഫിപ്രെസ്കി അവാർഡും ബാങ്കോക് ചലച്ചിത്ര മേളയിൽ ലോട്ടസ് അവാർഡും നേടിയ ചിത്രമാണിത്.

ഒരു അമ്മയുടെയും നാലു മക്കളുടേയും ജീവിതനേർക്കാഴ്ചകളാണ് ലിൽജ ഇൻഗോൾഫ്‌സ്‌ഡോട്ടിറിന്റെ ലവബിൾ എന്ന ചിത്രത്തിന്റെ ഇതിവൃത്തം. കോർക്ക് ഫിലിം ഫെസ്റ്റിവലിൽ ശ്രദ്ധാകേന്ദ്രമായ ചിത്രമാണിത്. ഓസ്ട്രിയൻ ചിത്രമായ മൂൺ, പശ്ചിമേഷ്യയിലെ ഒരു സമ്പന്ന കുടുംബത്തിലെ മൂന്ന് സഹോദരിമാരെ ആയോധന കല അഭ്യസിപ്പിക്കാൻ വരുന്ന മുൻ മാർഷ്യൽ ആർട്ടിസ്റ്റായ സാറ നേരിടുന്ന സംഘർഷങ്ങളെ പ്രമേയമാക്കുന്നു. കുർദ്വിൻ അയൂബ് ആണ് സംവിധായിക.

കൗമാരക്കാരനായ ടോട്ടന്റെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള ഫ്രഞ്ച് സിനിമയാണ് ലൂയ്സ് കർവോയ്‌സിയർ സംവിധാനം ചെയ്ത ഹോളി കൗ.  പിതാവിന്റെ മരണശേഷം ഏഴു വയസുകാരിയായ സഹോദരിയെ സംരക്ഷിക്കാൻ വേണ്ടി പ്രയത്നിക്കുന്ന ടോട്ടന്റെ ജീവിതമാണ് ചിത്രത്തിന്റെ പശ്ചാത്തലം.



deshabhimani section

Related News

0 comments
Sort by

Home