06 August Thursday

കാഴ്‌ചയുടെ ഉത്സവത്തിന്‌ വെള്ളിയാഴ്‌ച തിരിതെളിയും

സ്വന്തം ലേഖകൻUpdated: Thursday Dec 5, 2019

തിരുവനന്തപുരം >  കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് വെള്ളിയാഴ്‌ച തുടക്കമാകും. വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നടി ശാരദയാണ് ചടങ്ങിൽ വിശിഷ്ടാതിഥി. ടർക്കിഷ്‌ ചിത്രം പാസ്‌ഡ്‌ ബൈ സെൻസർ ആണ്‌ ഉദ്‌ഘാടന ചിത്രം.

 വിവിധ വിഭാഗങ്ങളിലായി 73 രാജ്യങ്ങളിൽനിന്നുള്ള 186 ചിത്രം പ്രദർശിപ്പിക്കും. സിനിമകൾ റിസർവ്‌ ചെയ്യാൻ മൊബൈൽ ആപ്ലിക്കേഷനും ഓൺലൈൻ സൗകര്യവും ഒരുക്കി. നഗരത്തിലെ 14 തിയറ്ററിൽ രാവിലെ 10 മുതൽ പ്രദർശനം തുടങ്ങും. 8998 സീറ്റുകൾ മേളയ്‌ക്കായി സജ്ജമാണ്‌. 3500 സീറ്റുള്ള ഓപ്പൺ തിയറ്ററായ നിശാഗന്ധിയാണ്‌ ഏറ്റവും വലിയ പ്രദർശന വേദി.  ഡോർലോക്ക് ഉൾപ്പടെ പ്രധാന ചിത്രങ്ങൾ ഇവിടെ പ്രദർശിപ്പിക്കും.മേളയുടെ നാലാം ദിനം രാത്രി 12 നാണ് ചിത്രത്തിന്റെ പ്രദർശനം നടക്കുക.

 അന്താരാഷ്ട്ര  മത്സര വിഭാഗത്തിൽ ഈജിപ്ഷ്യൻ സംവിധായകൻ ഖൈറി ബെഷാറയാണ്‌ ജൂറി ചെയർമാൻ.  ഇറാനിയൻ നടി ഫാത്തിമ മൊദമ്മദ് ആര്യ, കസാഖ് സംവിധായകൻ അമീർ കരാക്കുലോവ്, സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് മേനോൻ, മറാത്തി സംവിധായകൻ നാഗരാജ് മഞ്ജുളെ എന്നിവരാണ് ജൂറി അംഗങ്ങൾ.

  സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങൾക്ക്‌ ക്യാമറയെ സമരായുധമാക്കിയ അർജന്റീനിയൻ സംവിധായകൻ ഫെർണാണ്ടോ സൊളാനസിനാണ്‌ സമഗ്ര സംഭാവനാ പുരസ്‌കാരം. സൊളാനസിന്റെ അഞ്ച്‌ ചിത്രം മേളയിൽ പ്രദർശിപ്പിക്കും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top