22 July Monday

കുട്ടികളുടെ ചലച്ചിത്രമേള ഇന്ന‌് തുടങ്ങും; അ‍ഞ്ച് വിഭാ​ഗങ്ങളിലായി 80 ചിത്രം മേളയിൽ പ്രദർശിപ്പിക്കും

വെബ് ഡെസ്‌ക്‌Updated: Friday May 10, 2019

മേളയിൽ പ്രദർശിപ്പിക്കുന്ന ഇറാനിയൻ ചിത്രം വൈറ്റ‌് ബലൂണിലെ രംഗം

തലസ്ഥാന ന​ഗരിയില്‍ വെള്ളിയാഴ്ചമുതല്‍ സിനിമാപ്രേമികളായ കുട്ടികള്‍ നിറയും. രണ്ടാമത് കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രമേള ടാ​ഗോർ തിയറ്ററിൽ പകൽ രണ്ടിന‌് മന്ത്രി എ കെ ബാലൻ ഉദ‌്ഘാടനം ചെയ്യും. "അരുമകളാണ് മക്കൾ, അവരുടെ സംരക്ഷണവും സുരക്ഷയും സമൂഹത്തിന്റെ കടമയാണ്' എന്ന സന്ദേശം ഉയർത്തിയാണ് മേള സംഘടിപ്പിക്കുന്നത്. 16ന‌് സമാപിക്കും.

അന്താരാഷ്ട്രസിനിമ, അന്താരാഷ്ട്ര ഹ്രസ്വചിത്രം, ഇന്ത്യൻ സിനിമ, മലയാളം സിനിമ, ക്ലാസിക്ക് സിനിമ എന്നീ അ‍ഞ്ച് വിഭാ​ഗങ്ങളിലായി 80 ചിത്രം മേളയിൽ പ്രദർശിപ്പിക്കും. കുട്ടികൾ ഒരുക്കിയ അഞ്ച് ചിത്രങ്ങളും മേളയുടെ ഭാ​ഗമാണ്. അനിമേഷൻ, സ്വപ്നം, കുടുംബം, സൗഹൃദം തുടങ്ങി  ഏഴ് വിഭാ​ഗങ്ങളിലായാണ് ഹ്രസ്വചിത്രങ്ങൾ. മലയാളചിത്രം ഉയരെയാണ് ഉദ്ഘാടനസിനിമ.  കൈരളി, ശ്രീ, നിള, കലാഭവൻ, ടാഗോർ തിയറ്ററുകളിലും നിശാഗന്ധി ഓഡിറ്റോറിയത്തിലുമാണ് പ്രദർശനം. വഴുതക്കാട്‌ ടാഗോർ തിയേറ്ററിൽ  വൈകിട്ട‌് 6.30ന്‌ നടക്കുന്ന പ്രദർശനം പൊതുജനങ്ങൾക്ക് സൗജന്യമായി കാണാം. മുതിർന്ന സിനിമാപ്രവർത്തകർ, പ്രഗത്ഭരായ ബാലചലച്ചിത്ര സംവിധായകർ, ബാലതാരങ്ങൾ, പിന്നണിപ്രവർത്തകർ എന്നിവർ കുട്ടികളോട് സംവദിക്കുന്ന ഓപ്പൺ ഫോറം ദിവസവും വൈകിട്ട് അഞ്ചിന് കൈരളി തിയറ്റിൽ നടക്കും.

കുട്ടികളുടെ മത്സരവിഭാ​ഗത്തില്‍ ലഭിച്ച 17 ഹ്രസ്വചിത്രങ്ങളിൽനിന്ന് തെരഞ്ഞെടുത്ത അഞ്ച് ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. കുട്ടികൾ തന്നെ അം​ഗമായ ജൂറിയാണ് സിനിമകൾ തെരഞ്ഞെടുത്തത്. മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് ജേതാവ് ആദിഷ്‌ പ്രവീൺ, സംസ്ഥാന പുരസ‌്കാര ജേതാക്കളായ അഭിനന്ദ്, അബനി ആദി എന്നിവരാണ്  ജൂറി അം​ഗങ്ങൾ. മികച്ച നടൻ, നടി, സിനിമ, സംവിധാനം എന്നിവയ്ക്കും പുരസ്കാരം മേളയിൽ നൽകും.

കേരള ചലച്ചിത്ര അക്കാദമി, ചലച്ചിത്ര വികസന കോർപറേഷൻ എന്നിവയുടെ സഹകരണത്തോടെ സംസ്ഥാന ശിശുക്ഷേമ സമിതിയാണ് മേള സംഘടിപ്പിക്കുന്നത്.


പ്രധാന വാർത്തകൾ
 Top