23 January Thursday

"എന്‍റെ സിനിമയ്ക്ക് വേണ്ടത് തിയേറ്ററുകളാണ്,അതും മനുഷ്യര്‍ കയറുന്ന സമയത്ത്'..ഹസീന സുനീര്‍ സംസാരിയ്ക്കുന്നു

രശ്‌മി രാധാകൃഷ്ണന്‍Updated: Saturday May 4, 2019

ഹസീന സുനീര്‍

ദിനേശ് പ്രഭാകര്‍,അനഘ ജാനകി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതയായ ഹസീന സുനീര്‍ സംവിധാനം ചെയ്ത പ്രകാശന്റെ മെട്രോ എന്ന സിനിമ മേയ് മൂന്നിന് തിയേറ്ററുകളിലെത്തി.റിലീസിന് ദിവസങ്ങള്‍ക്ക് മുന്‍പ്  സ്വന്തം സിനിമയുടെ പോസ്റ്റര്‍ ഒട്ടിയ്ക്കുന്ന സംവിധായികയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.മികച്ച അഭിപ്രായം നേടിയിട്ടും  ചിത്രത്തിന് തിയേറ്റര്‍ ലഭിയ്ക്കാതെ ബുദ്ധിമുട്ടുന്ന അവസ്ഥയാണ്.സംവിധായിക ഹസീന സുനീര്‍ സംസാരിയ്ക്കുന്നു.

 “സ്വന്തം പടത്തിന്‍റെ പോസ്റ്റര്‍ ഒട്ടിച്ചത് പ്രഹസനമല്ല അവസ്ഥയാണ്.വളരെ കുറച്ച് ആര്‍ട്ടിസ്റ്റുകളെ വച്ച് ചെയ്ത ഒരു ലോ ബജറ്റ് സിനിമയാണ് പ്രകാശന്റെ മെട്രോ..സാധാരണക്കാരനായ ഒരു ഓട്ടോക്കാരന്റെ കഥയാണ്‌.വൈറ്റില മുതല്‍ ആലുവ വരെ നീളുന്ന ഒരു റോഡ്‌ മൂവിയാണ്.സ്റ്റാര്‍ വാല്യു ഇല്ലാത്തത് കൊണ്ട് വിതരണക്കാര്‍ ആരും ഏറ്റെടുത്തില്ല.ആര്‍ട്ടിസ്റ്റ് വാല്യുവുള്ള ഒരു സിനിമയെടുക്കൂ.ഞങ്ങള്‍ എടുക്കാം എന്നാണ് അവരൊക്കെ പറയുന്നത്.അത്യാവശ്യം ആര്‍ട്ടിസ്റ്റുകള്‍ ഉണ്ട് എന്നിട്ടാണ്.ആ ടെന്‍ഷനില്‍ നിര്‍മ്മാതാവ് തന്നെ ഡിസ്ട്രിബ്യൂഷന് തയ്യാറാവുകയായിരുന്നു.

ഓണ്‍ ഡിസ്ട്രിബ്യൂഷന്‍  ആയതുകൊണ്ട് റിലീസിന് രണ്ടുദിവസം മുന്‍പേ മാത്രമേ പോസ്റ്റര്‍ ഒട്ടിയ്ക്കൂ എന്ന് പറഞ്ഞിരുന്നു.എല്ലാവരും ചോദിച്ചുതുടങ്ങി പോസ്റ്റര്‍ ഒന്നും കാണുന്നില്ലല്ലോ എന്നൊക്കെ.ഞാന്‍ ഈ ഫീല്‍ഡില്‍ പുതിയ ആളാണ്‌.അതുകൊണ്ട് ഞാനും ഭര്‍ത്താവും ചില സുഹൃത്തുക്കളും ചേര്‍ന്ന് രാത്രി രണ്ടുമണി വരെ പോസ്റ്റര്‍ ഒട്ടിച്ചു.സുഹൃത്തുക്കളുടെ ഒരു ഗ്രൂപ്പില്‍ ഷെയര്‍ ചെയ്ത ഫോട്ടോ ആരോ പുറത്ത് ഷെയര്‍ ചെയ്യുകയായിരുന്നു.

ആദ്യം പബ്ലിഷ് ചെയ്തിരുന്നത് നീണ്ട തിയേറ്റര്‍ ലിസ്റ്റ് ആയിരുന്നു.അത് വച്ച്  കാണാന്‍ ചെന്നവരെല്ലാം
ഷോ ഇല്ലെന്നു പറഞ്ഞു വിളിയ്ക്കുകയാണ്.ആദ്യം അന്‍പത് തിയേറ്റര്‍ തരുമെന്നാണ് ഏജന്‍റ് പറഞ്ഞിരുന്നത്..
പിന്നെ അത് നാല്‍പ്പത്തിമൂന്നായി,മുപ്പത്തഞ്ചായി,മുപ്പതായി.ഇന്നലെ പത്തു തിയേറ്റര്‍ പോലും കൃത്യമായി കിട്ടിയില്ല.കിട്ടുന്നത് തന്നെ രാവിലെ ഒന്‍പതരയ്ക്ക് ഒക്കെ.ആരുപോയി കാണാനാണ് ആ സമയത്തൊക്കെ?അതും ഒരു പുതുമുഖ സംവിധായികയുടെ ആര്‍ട്ടിസ്റ്റ് വാല്യുവില്ലാത്ത ലോ ബജറ്റ് ചിത്രം.മാത്രമല്ല ലുലു മാളിലൊക്കെയാണ് തിയേറ്റര്‍ കിട്ടുന്നത്.പാര്‍ക്കിംഗ് ചാര്‍ജ്ജും കൊടുത്ത് എത്ര സാധാരണക്കാര്‍ പോകും? .

സ്റ്റാര്‍ വാല്യൂ ഇല്ല എന്നാണ് പറയുന്നത്. വലിയ ആര്‍ട്ടിസ്റ്റുകളെ ഞാനും സമീപിച്ചിരുന്നു.കഥ കേള്‍ക്കാന്‍ തയ്യാറാകുന്നവര്‍ പോലും ചുരുക്കം.ചിലര്‍ക്ക് 2028ലാണ് ഇനി ഡേറ്റുള്ളത്.അഭിനയശേഷിയുള്ള എത്രയോ ആളുകള്‍ പുറത്തുണ്ട്. അവരും ആര്‍ട്ടിസ്റ്റുകള്‍ തന്നെയാണ്.ചെറിയ സിനിമകള്‍ക്ക് ഇടമില്ലാതാകുന്നത് എന്തൊരു കഷ്ടമാണ്.
ഒപ്പം തിയേറ്ററുകളിലുള്ളത് വലിയ ആര്‍ട്ടിസ്റ്റുകളുടെ വലിയ സിനിമകളാണ്..അവര്‍ക്ക് ഏത്  സമയത്തെ ഷോയിലും ആള് കേറും.കൊച്ചു ചിത്രങ്ങളുടെ കാര്യം അങ്ങനെയല്ല.പറഞ്ഞും അറിഞ്ഞും ഒക്കെയേ ആള് കേറൂ.ഒരുപാട് സീറ്റുള്ള വലിയ തിയേറ്ററുകളില്‍ ഷോ തന്നിട്ട് പത്തോ പതിനഞ്ചോ പേര്‍ കേറി,അതുവച്ചിട്ട് ആളില്ല എന്ന് പറഞ്ഞു ഒഴിവാക്കുകയാണ്.

ആരെയും കുറ്റം പറയുന്നില്ല.വളരെ യാഥാസ്ഥിതികമായ ഒരു ചുറ്റുപാടില്‍ നിന്ന് ഒരുപാട് എതിര്‍പ്പുകളെ അതിജീവിച്ചാണ് സിനിമയിലേയ്ക്ക് എത്തുന്നത്.ഞാന്‍ സംവിധാനം കണ്ടോ കേട്ടോ പഠിച്ചിട്ടില്ല.കഥ എഴുതും.സെന്‍സ് എന്നൊരു ഷോര്‍ട്ട് ഫിലിം ചെയ്തിട്ടുണ്ട് മുന്‍പ്.ലൊക്കേഷനില്‍ പോയിട്ടില്ല.ആദ്യം കാണുന്ന സെറ്റ് എന്‍റെ സിനിമയുടെതാണ്.അതുകൊണ്ട് എന്‍റെ സിനിമയെക്കുറിച്ച് അവകാശവാദങ്ങളുമില്ല.ഒരു യാത്രയില്‍  ഞാന്‍ കണ്ടുമുട്ടിയ ഒരു സ്ത്രീയുടെ കഥയാണ്‌.വലിയ ക്യാന്‍വാസില്‍ പറഞ്ഞാല്‍ നന്നാവുമെന്ന് തോന്നി.അങ്ങനെ തുടങ്ങിയതാണ്‌.ഇരുപത്തഞ്ചുദിവസം എന്ന് പ്ലാന്‍ ചെയ്ത ഷൂട്ടിംഗ് അന്‍പത്തഞ്ച്‌ ദിവസങ്ങള്‍ കൊണ്ടാണ് പൂര്‍ത്തിയാക്കിയത്.എറണാകുളത്തെ തിരക്കേറിയ റോഡില്‍ ഒരേ സമയം ആറു കാമറകള്‍ വച്ചായിരുന്നു ഷൂട്ടിംഗ്.

സോഷ്യല്‍ മീഡിയ വഴി കിട്ടുന്ന സപ്പോര്‍ട്ടിന് നന്ദിയുണ്ട്.എല്ലാവരും ഈ കൊച്ചുസിനിമ തിയേറ്ററില്‍ പോയി കാണണം എന്ന് ആഗ്രഹമുണ്ട്. ഈ കഥ കൂടുതല്‍ മനുഷ്യരിലേയ്ക്ക് എത്തണം എന്ന് ആഗ്രഹമുണ്ട്.അതിന് മനുഷ്യര്‍ കാണുന്ന ടൈമില്‍ ഒരു തിയേറ്റര്‍ കിട്ടണം.എനിയ്ക്ക് ഒരു അവസരം തരണം.ബാക്കി പ്രേക്ഷകര്‍ തീരുമാനിയ്ക്കട്ടെ.


പ്രധാന വാർത്തകൾ
 Top