28 February Friday

ഇളയരാജാവ്...പുതിയ നായക വേഷത്തിന്റെ വിശേഷങ്ങളുമായി ഗിന്നസ് പക്രു

കെ വി രഞ‌്ജിത‌് ranjithdbi@gmail.comUpdated: Sunday Mar 17, 2019

22ന‌് തിയറ്ററുകളിലെത്തുന്ന  ഇളയരാജയുടെ വിശേഷങ്ങളുമായി ​ഗിന്നസ് പക്രു

 
ഗിന്നസ‌് പക്രു എന്ന അജയന്‍ നായകനായി വീണ്ടും വരുന്നു. തൃശൂർ നഗരപശ്ചാത്തലത്തിൽ ചെസ് കളിയുടെയും സാധാരണക്കാരായ കുറെ മനുഷ്യരുടെയും കഥ പറയുന്ന സിനിമയായ ഇളയരാജ 22ന‌് തിയറ്ററുകളിലെത്തും.  തൃശൂർ റൗണ്ടിൽ കപ്പലണ്ടിക്കച്ചവടം നടത്തുന്ന ചെസ് പ്രേമിയുടെ കഥ. മേൽവിലാസം, അപ്പോത്തിക്കിരി എന്നിവയ‌്ക്കുശേഷം മാധവ് രാംദാസ‌് സംവിധാനംചെയ്യുന്ന ചിത്രം അഭിനയജീവിതത്തിലെ വഴിത്തിരിവാകുമെന്ന ഉറപ്പുണ്ട് അജയനിലെ നടന്.
 

ഇളയരാജയുടെ ഗെറ്റപ‌്

കുറ്റിത്താടിയും മീശയും നരവീണ മുടിയും കട്ടിക്കണ്ണടയുമായി പുതിയ ഒരു അജയനെയാണ് രാംദാസ് കാട്ടിത്തരുന്നത്. അമ്പത്തിരണ്ടുകാരനായ വനജനെയാണ് അവതരിപ്പിക്കുന്നത‌്. അത്ഭുതദ്വീപ‌്, മൈ ബിഗ‌് ഫാദർ, സ്വന്തം കാര്യം സിന്ദാബാദ‌്, കുട്ടീംകോലും എന്നീ സിനിമകളില്‍ അജയന്‍ നായകതുല്യവേഷത്തില്‍ അഭിനയിച്ചിരുന്നു. മാധവ‌് രാംദാസ‌് കഥ പറഞ്ഞപ്പോൾത്തന്നെ ശരിക്കും ത്രില്ലടിച്ചെന്ന‌്  പക്രു പറയുന്നു. ഒന്നും മിണ്ടാൻ കഴിയാത്ത അവസ്ഥ. തന്റെ പിന്നിലുള്ള തലമുറയോട‌് നിർബന്ധമായും കാണാൻ പറയാവുന്ന, അവർ കണ്ടിരിക്കേണ്ട സിനിമയായിരിക്കുമിത‌്. തികച്ചും റിയലിസ്റ്റിക്കായ ചിത്രത്തിൽ ആദ്യമായാണ‌് ഇങ്ങനെയൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.- അജയന്റെ വാക്കുകളില്‍ അഭിമാനം.
 
സിനിമയില്‍ ഗണപതിയായെത്തുന്ന ഹരിശ്രീ അശോകന്റെ രൂപമാറ്റവും പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്. ഇളയരാജയിലെ ഗണപതി എന്ന തലക്കെട്ടോടെ ഞാൻതന്നെയാണ‌് ചിത്രം  ഫെയ്സ്ബുക്കിൽ  അവതരിപ്പിച്ചത‌്. കഷണ്ടി കയറിയ തലയും നരച്ച മുടിയും നരച്ച താടിയും പ്രത്യേകം തയ്യാറാക്കിയ പല്ലും അശോകേട്ടനെ  അടിമുടിമാറ്റി. മാധ്യമ പ്രവർത്തകനായ സുധീപ്‌ ടി ജോർജാണ്‌ തിരക്കഥ.
 

സഹതാപം വേണ്ട

വെറുതെ കിനാവുമാത്രം കാണാതെ അധ്വാനിച്ച് ജീവിക്കുന്ന കൃഷിക്കാരന്റേതുപോലാണ‌് എന്റെ സിനിമാജീവിതം. പരിമിതികളെ വകവയ‌്ക്കാതെ ആർക്കുമുന്നിലും വളയാതെനിന്ന‌് എല്ലാവരെയും അംഗീകരിച്ചുകൊണ്ട‌് നേടിയ വിജയം. പരിമിതികൾ ഉണ്ടെങ്കിലും മറ്റുള്ളവരുടെ സഹതാപംകൊണ്ടൊന്നും നേടാനാകില്ലല്ലോ.  മികച്ച  വേഷങ്ങൾ ലഭിക്കാൻ കാരണമായത് പ്രേക്ഷകരാണ‌്. സ്വിച്ചിട്ടാൽ മുകളിലെത്തുന്ന ലിഫ്റ്റ് അല്ല വിജയം. മുകളിലെത്താൻ സ്വൽപ്പം പണിപ്പെടുക തന്നെവേണം‐-അജയന്‍ പറഞ്ഞു.
 
ഇളയരാജയിൽ ഗിന്നസ്‌ പക്രുവും ഹരിശ്രീ അശോകനും

ഇളയരാജയിൽ ഗിന്നസ്‌ പക്രുവും ഹരിശ്രീ അശോകനും

റെക്കോഡ‌് രാജ

 
ഗിന്നസ് ബുക്ക് റെക്കോഡ് കരസ്ഥമാക്കിയതിനാലാണ് ഗിന്നസ് പക്രു എന്ന പേര് വന്നത്. പിന്നീട് സിനിമയിൽ ഈ പേരിൽ അറിയപ്പെടാൻ തുടങ്ങി. വിനയൻ സംവിധാനം ചെയ്ത അത്ഭുതദ്വീപിലൂടെയാണ് ഏറ്റവും ഉയരം കുറഞ്ഞ നായകനുള്ള അം​ഗീകാരം തേടിയെത്തിയത്. പിന്നീട് ഈ ചിത്രം അർപ്പുതദ്വീപ‌് എന്ന പേരിൽ തമിഴിലേക്ക‌് റീമേക്ക് ചെയ്തു. കുട്ടീം കോലും എന്ന സിനിമയിലൂടെ ഏറ്റവും ഉയരംകുറഞ്ഞ സംവിധായകന്‍ എന്ന റെക്കോഡിനും ഉടമയായി.
 
 

തമിഴിലും രാജ

നിരവധി തമിഴ‌് സിനിമകളിലും തിളങ്ങിയ പക്രുവിന‌് തമിഴ‌്നാട്ടിലും ആരാധകർ ഒട്ടേറെയുണ്ട‌്. ശശികുമാർ സംവിധാനം ചെയ‌്ത ഡിഷ്യൂം എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുള്ള 2008ലെ തമിഴ‌്നാട‌് സർക്കാരിന്റെ പുരസ‌്കാരവും ലഭിച്ചു. ഏഴാം അറിവ‌്, കാവലൻ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധിക്കപ്പെട്ടു.
 

ഫാൻസി ഡ്രസിലൂടെ നിര്‍മാതാവ്

ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന ഫാൻസി ഡ്രസ‌് എന്ന ചിത്രത്തിലൂടെ നിർമാതാവിന്റെ മേലങ്കി അണിയുകയാണ് അജയന്‍. മകൾ ദീപ‌്ത കാർത്തികയുടെ പേരിലുള്ള സർവദീപ്ത പ്രൊഡക‌്ഷൻ കമ്പനിയുടെ ബാനറിലാണ് നിർമിക്കുന്നത്. സംവിധായകൻ  രഞ്ജിത‌് സക്കറിയ. ഹരീഷ‌് കണാരൻ, ഷാജോൺ, ശ്വേതാ മേനോൻ എന്നിവർക്കൊപ്പം പ്രധാനവേഷത്തിൽ നിർമാതാവും അഭിനയിക്കും.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top