05 April Sunday

ആരാണ് ട്രാൻസിലെ വില്ലൻ സോളമൻ ?

വെബ് ഡെസ്‌ക്‌Updated: Monday Feb 24, 2020

ആരാണ് ട്രാൻസിലെ വില്ലൻ സോളമൻ. തെന്നിന്ത്യൻ സിനിമാപ്രേമികൾക്കെല്ലാം പേരുകൊണ്ടുതന്നെ അറിയാം. ഗൗതം വാസുദേവ് മേനോൻ. തിരക്കഥാകൃത്ത്, സംവിധായകൻ, നിർമാതാവ് എന്നീ നിലകളിലെല്ലാം തെന്നിന്ത്യൻ യുവതയ്ക്ക് പ്രിയപ്പെട്ട ചലച്ചിത്രപ്രതിഭ. സംവിധാനംചെയ്യുന്ന മിക്ക സിനിമകളിലും തലകാണിച്ചുപോകാറുണ്ടെങ്കിലും ഗൗതം മേനോൻ മുഴുനീള കഥാപാത്രമായി മലയാളത്തിൽ എത്തുന്നത് ആദ്യം. ഫഹദിനെ വെല്ലുന്ന സ്റ്റൈലിഷ് ലുക്കിൽ വരുന്ന വില്ലൻ. രണ്ടുദശകം പിന്നിടുന്ന ഗൗതം വാസുദേവ് മേനോന്റെ ചലച്ചിത്ര ജീവിതത്തിൽ ട്രാൻസ് പുതിയ വഴിത്തിരിവാകുന്നു.


 

അഭിനയിക്കാൻ മടിയുള്ള ആളാണെങ്കിലും, ട്രാൻസിന്റെ പിന്നണിപ്രവർത്തകർക്ക് ഒപ്പം നിൽക്കാനുള്ള ആവേശം കൊണ്ടാണ് അഭിനയിച്ചതെന്ന് ഗൗതം പറയുന്നു. "ഫഹദ് ആണ് ഒരിക്കൽ പറഞ്ഞത് അൻവർ റഷീദ് കാണാൻ വരുമെന്ന്. അദ്ദേഹത്തിന്റെ സിനിമകളെ കുറിച്ച് എനിക്കറിയാം. അമൽ നീരദാണ് ക്യാമറ. ഫഹദ് അഭിനയിക്കുന്നു. ആ ടീം എങ്ങനെ പ്രവർത്തിക്കുന്നു എന്ന്‌ മനസ്സിലാക്കാനുള്ള ആവേശം കൊണ്ടാണ് അഭിനയിക്കാമെന്നേറ്റത്. ട്രാൻസിലെ അഭിനയം എനിക്ക് വലിയ പാഠങ്ങൾ പകർന്നുനൽകി.' രാജ്യാന്തരനിലവാരം അവകാശപ്പെടാവുന്ന മലയാള സിനിമയാണെന്നും അദ്ദേഹം പറഞ്ഞു. ഗോലിസോഡ രണ്ടിൽ പൊലീസ് ഓഫീസറായാണ് അവസാനം ക്യാമറയ്‌ക്ക് മുന്നിൽ ഗൗതമിനെ കണ്ടത്. അശോക് സെൽവന്റെ ഓ മൈ കടവുളേയിൽ അതിഥിവേഷത്തിലും എത്തുന്നുണ്ട്.

കാക്ക കാക്ക, വിണ്ണൈ താണ്ടി വരുവായ എന്നിങ്ങനെ തെന്നിന്ത്യയിൽ സൂപ്പർഹിറ്റുകളൊരുക്കിയ സംവിധായകന് സമീപകാലത്തൊന്നും പുതിയ സിനിമ റിലീസ് ചെയ്യാൻ സാധിച്ചിട്ടില്ല. ഒന്നിലേറെ സിനിമകൾ പകുതിവഴിയിലാണ്. വർഷങ്ങൾക്കുമുമ്പ് ഇറങ്ങേണ്ട "എന്നെ നോക്കി പായും തോട്ട' ആണ് അവസാന റിലീസ്. വിക്രം ചിത്രം ‘ധ്രുവനക്ഷത്രം' റിലീസ് ഉടൻ ഉണ്ടായേക്കും.  "ജോഷ്വ ഇമൈ പോൽ കാക്ക' എന്ന പുതിയ ചിത്രം ഈ വർഷം പ്രഖ്യാപിച്ചു. വെബ്‌സീരീസ് മേഖലയിലേക്കും അദ്ദേഹം ചുവട് വച്ചുകഴിഞ്ഞു. 


പ്രധാന വാർത്തകൾ
 Top