21 March Thursday

ഗോള്‍ഡന്‍ ഗ്ലോബില്‍ ഇരട്ടനേട്ടം ; ബൊഹീമിയന്‍ റാപ്‌സൊഡി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 8, 2019

എഴുപത്താറാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍വംശജനായ ബ്രിട്ടീഷ് ഗായകന്‍ ഫ്രെഡി മെര്‍ക്കുറിയുടെ സംഭവബഹുലമായ ജീവിതത്തെ ആസ്പദമാക്കിയൊരുക്കിയ ബൊഹീമിയന്‍ റാപ്‌സൊഡി മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ടു. പോപ് സം​ഗീതശാഖയിലെ വ്യക്തിമുദ്രപതിപ്പിച്ച അനശ്വര​ഗായകന്‍ ഫ്രെഡി മെര്‍ക്കുറിയെ ചാരുതയോടെ അവതരിപ്പിച്ച റാമി മാലെക് മികച്ച നടനായി. ക്വീന്‍ എന്ന വിഖ്യാത സം​ഗീതബാന്‍ഡില്‍ എത്തിപ്പെട്ട ഫ്രെഡി മെര്‍ക്കുറിയുടെ ജീവിതമാണ്  സിനിമയില്‍  സംവിധായകന്‍ ബ്രയാന്‍ സിങര്‍ അവതരിപ്പിച്ചത്. പുരസ്കാരപ്രവചനങ്ങളെയെല്ലാം അപ്രസക്തമാക്കിയാണ് ചിത്രം ഇരട്ടപുരസ്കാരം നേടിയത്. ഇതോടെ അടുത്തമാസം പ്രഖ്യാപിക്കാനിരിക്കുന്ന ഓസ്കറിലും ചിത്രത്തിന് സാധ്യതയേറി.

വമ്പന്‍ ബോക്സ്ഓഫീസ് വിജയം നേടിയ ചിത്രം കേരളത്തിലടക്കം റിലീസ് ചെയ്തിരുന്നു. ചിത്രീകരണത്തിനിടെ സംവിധായകന്‍ ബ്രയാന്‍ സിങറും നടന്‍ മാലെകും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായതിനെ തുടര്‍ന്ന് മറ്റൊരു സംവിധായകനാണ് ചിത്രം പൂര്‍ത്തിയാക്കിയതെന്ന് വാര്‍ത്തകളുണ്ടായിരുന്നു. മികച്ച നടനുള്ള പുരസ്‌കാരം മാലെക് ഫ്രെഡി മെര്‍ക്കുറിക്ക് സമര്‍പ്പിച്ചു.

മെക്സിക്കന്‍ ചിത്രം റോമ ഒരുക്കി അല്‍ഫോണ്‍സോ കൗറോണ്‍ മികച്ച സംവിധായകനുള്ള ​ഗോള്‍ഡന്‍ ​​​ഗ്ലോബ് പുരസ്കാരം നേടി. മികച്ച വിദേശ ചിത്രമായും റോമ തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തിലെ അന്താരാഷ്ട്രചലച്ചിത്രോത്സവത്തിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.അഞ്ച് നാമനിര്‍ദേശം ലഭിച്ച സ്റ്റാന്‍ലി കൂപ്പറുടെ എ സ്റ്റാര്‍ ഈസ് ബോണ്‍ എന്ന ചിത്രത്തിന് മികച്ച ​ഗാനത്തിനുള്ള ഒറ്റ പുരസ്കാരംമാത്രമാണ് ലഭിച്ചത്.  ദ വൈഫ് എന്ന ചിത്രത്തിലൂടെ ഗ്ലെന്‍ക്ലോസ് മികച്ച നടിയായി.

മ്യൂസിക്കല്‍ കോമഡി വിഭാഗത്തില്‍ ഗ്രീന്‍ ബുക് മികച്ച ചിത്രമായി. ചിത്രത്തിലെ അഭിനയത്തിന് മഹേര്‍ഷല അലി മികച്ച സഹനടനായി. തിരക്കഥയ‌്ക്കുള്ള പുരസ്‌കാരവും ഗ്രീന്‍ബുക്കിനെ തേടിയെത്തി.


പ്രധാന വാർത്തകൾ
 Top