Deshabhimani

ചരിത്രം രചിച്ച് ഓൾ വി ഇമാജിൻ ആസ് ലൈറ്റ്; ഗോൾഡൻ ഗ്ലോബിൽ രണ്ട് നോമിനേഷൻ നേടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 09, 2024, 08:35 PM | 0 min read

ന്യൂഡൽഹി> ഗോൾഡൻ ഗ്ലോബിൽ രണ്ടു നോമിനേഷനുകൾ നേടി പായൽ കപാഡിയയുടെ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' (പ്രഭയായ് നിനച്ചതെല്ലാം) ചരിത്രത്തിലേക്ക്. മികച്ച ഇംഗ്ലിഷിതര ഭാഷാ ചിത്രം, മികച്ച സംവിധാനം എന്നീ വിഭാഗങ്ങളിലാണ് ചിത്രം നാമനിർദേശം ചെയ്യപ്പെട്ടത്.

ഇന്ത്യയിൽ നിന്ന് സംവിധാനത്തിനുള്ള ഗോൾഡൻ ഗ്ലോബ് നോമിനേഷൻ ലഭിക്കുന്ന ആദ്യ സംവിധായകയായി പായൽ കപാഡിയ മാറി. ഇത്തവണത്തെ കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ സ്പിരിറ്റ് ഓഫ് സിനിമ അവാർഡും കാൻ ചലച്ചിത്രമേളയിലെ ഗ്രാൻഡ് പ്രി ജേതാവ് കൂടിയായ പായൽ കപാഡിയയ്ക്കാണ്.

ടെലിവിഷൻ നടനും രാഷ്ട്രീയ പ്രവർത്തകനുമായ ഗജേന്ദ്ര ചൗഹാനെ പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നിയമിച്ച നടപടിക്കെതിരെ നടന്ന സമരത്തിന്റെ മുന്നണിപ്പോരാളികളിലൊരാളായിരുന്നു പായൽ കപാഡിയ. 139 ദിവസം നീണ്ടുനിന്ന സമരത്തെത്തുടർന്ന് പൊലീസ് അറസ്റ്റു ചെയ്ത 35 വിദ്യാർഥി കളിൽ 25-ാം  പ്രതിയായിരുന്നു പായൽ.

ഇതിനെത്തുടർന്ന് പായലിന്റെ സ്‌കോളർഷിപ്പ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് റദ്ദാക്കിയിരുന്നു. പായൽ സംവിധാനം ചെയ്ത എ നൈറ്റ് ഓഫ് നോയിംഗ് നത്തിംഗ് 2021ലെ കാൻ ചലച്ചിത്രമേളയിൽ മികച്ച ഡോക്യുമെന്ററിക്കുള്ള ഗോൾഡൻ ഐ പുരസ്‌കാരം നേടിയിരുന്നു. ചിത്രത്തിന്റെ ആദ്യപ്രദർശനം മേളയിലെ ഡയറക്ടേഴ്‌സ് ഫോർട് നൈറ്റ് വിഭാഗത്തിലായിരുന്നു. ടോറന്റോ ചലച്ചിത്രമേളയിൽ ആംപ്‌ളിഫൈ വോയ്‌സസ് അവാർഡും ഈ ഡോക്യുമെന്ററിക്ക് ലഭിക്കുകയുണ്ടായി. ബുസാൻ മേളയിൽ ഈ ചിത്രം സിനിഫൈൽ അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ടിരുന്നു.

1986 ൽ മുംബൈയിൽ ജനിച്ച പായൽ സെന്റ് സേവിയേഴ്‌സ് കോളേജ്, സോഫിയ കോളേജ് എന്നിവിടങ്ങളിൽ നിന്നായാണ് കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന്  ചലച്ചിത്രസംവിധാനം പഠിക്കാനായി പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. അവിടെ വിദ്യാർഥിയായിരിക്കെ സംവിധാനം ചെയ്ത ആഫ്റ്റർനൂൺ ക്‌ളൗഡ്‌സ് എന്ന ഹ്രസ്വചിത്രം കാൻ ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിലേക്കു തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മേളയിൽ സെലക്ഷൻ ലഭിച്ച ഏക വിദ്യാർഥിയായിരുന്നു അന്ന് പായൽ.



deshabhimani section

Related News

0 comments
Sort by

Home