22 October Thursday

വരും തലമുറ നമ്മുടെ നിലപാട് ഏറ്റെടുക്കുക തന്നെ ചെയ്യും ; പാർവതിക്കും രേവതിക്കും പത്മപ്രിയയ്ക്കും ഐക്യദാർഢ്യം: ഗീതു മോഹൻദാസ്‌

വെബ് ഡെസ്‌ക്‌Updated: Friday Oct 16, 2020

താരസംഘടനയായ അമ്മയിൽ നിന്ന് രാജി വച്ച നടി പാർവ്വതിക്കും പരസ്യ പ്രതികരണം നടത്തിയ രേവതിക്കും പത്മപ്രിയക്കും പിന്തുണയുമായി സംവിധായികയും നടിയുമായ ഗീതു മോഹൻദാസ്. നമ്മൾ തിരഞ്ഞെടുത്ത വഴികൾ സുഗമമല്ല. ഇന്ന് നാം നടത്തുന്ന വിപ്ലവങ്ങൾ തിരിച്ചറിയപ്പെട്ടുകൊള്ളണമെന്നില്ല , എന്നാൽ വരും തലമുറ നമ്മുടെ നിലപാട് ഏറ്റെടുക്കുക തന്നെ ചെയ്യും. ​ഗീതു കുറിച്ചു.

"പ്രിയപ്പെട്ട പാർവ്വതി, രേവതിച്ചേച്ചി, പത്മപ്രിയ നിങ്ങൾക്ക് കൂടുതൽ ഊർജ്ജവും കരുത്തും ആശംസിക്കട്ടെ. നമ്മൾ തിരഞ്ഞെടുത്ത വഴികൾ സുഗമമല്ല. ഇന്ന് നാം നടത്തുന്ന വിപ്ലവങ്ങൾ തിരിച്ചറിയപ്പെട്ടുകൊള്ളണമെന്നില്ല , എന്നാൽ വരും തലമുറ നമ്മുടെ നിലപാട് ഏറ്റെടുക്കുക തന്നെ ചെയ്യും. ഇന്ന് സ്വസ്ഥരായിരിക്കുന്നവരുടെ സ്വാസ്ഥ്യം കെടുക തന്നെ ചെയ്യും. നമ്മളും നമ്മളുയർത്തിയ ശബ്ദങ്ങളും റദ്ദായിപ്പോവുകയില്ല. നിശബ്ദരാക്കപ്പെട്ടവരെയോ നിശബ്ദത പാലിക്കുന്നവരെയോ അല്ല നാം പിന്തുടരുന്നത്. ഇനിയും മനസാക്ഷി മരിച്ചിട്ടില്ലാത്തവരെ നമുക്ക് ആഘോഷിക്കാം."

അക്രമിക്കപ്പെട്ട നടിയെക്കുറിച്ച് നടൻ ഇടവേള ബാബു ഒരു അഭിമുഖങ്ങളിൽ നടത്തിയ വിവാ​ദ പരാമർശത്തെ തുടർന്നാണ് പാർവതി സംഘടനയിൽ നിന്ന് രാജി വച്ചത്.

2018ൽ എന്റെ സുഹൃത്തുക്കൾ A.M.M.Aയിൽ നിന്ന് പിരിഞ്ഞു പോയപ്പോൾ ഞാൻ സംഘടനയിൽ തന്നെ തുടർന്നത് തകർന്നുകൊണ്ടിരിക്കുന്ന സിസ്റ്റത്തിനകത്തു നിന്ന് കൊണ്ട് അതിനെ നവീകരിക്കാൻ കുറച്ചു പേരെങ്കിലും വേണം എന്നു തോന്നിയതു കൊണ്ടാണ്. പക്ഷെ A.M.M.A ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ അഭിമുഖം കണ്ടതിനു ശേഷം, സംഘടനയിൽ എന്തെങ്കിലും ഒരു മാറ്റം ഉണ്ടാകും എന്ന പ്രതീക്ഷ ഞാൻ ഉപേക്ഷിക്കുന്നു.

ഈ സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാൾ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകൾ ഒരിക്കലും തിരുത്താനാവില്ല. ആലങ്കാരികമായി പറഞ്ഞതല്ലേ എന്ന് Mr ബാബു കരുതുന്നുണ്ടാവും. പക്ഷെ അത് കാണിക്കുന്നത് അയാളുടെ അറപ്പുളവാക്കുന്ന മനോഭാവത്തെയാണ്. അയാളോട് പുച്ഛം മാത്രമാണ് ഉള്ളത് - രാജി അറിയിച്ചുള്ള കുറിപ്പിൽ പാർവതി കുറിപ്പിൽ വ്യക്തമാക്കുന്നു.

ഇടവേള ബാബുവിൻറെ പരാമർശത്തിൽ "അമ്മ' തുടരുന്ന മൗനത്തിനെതിരെയാണ് രേവതിയും പത്മപ്രിയയും തുറന്ന കത്തുമായി രംഗത്തെത്തിയത്. സംഘടനയുടെ നേതൃത്വ നിരയിലുള്ള മോഹൻലാൽ, മുകേഷ്, ഇന്ദ്രൻസ്, ജയസൂര്യ, ഹണിറോസ്, രചന നാരായണൻകുട്ടി, ജ​ഗദീഷ്, അജു വർ​ഗീസ്, ആസിഫ് അലി, ബാബുരാജ്, ശ്വേത മേനോൻ, സുധീർ കരമന, ടിനി ടോം, ഉണ്ണി ശിവപാൽ തുടങ്ങിയവർക്കാണ് രേവതിയും പദ്‌മപ്രിയയും കത്തെഴുതിയിരിക്കുന്നത്. ഈ വിഷയത്തിൽ സംഘടന നിലപാട് വ്യക്തമാക്കണമെന്നും പാർവ്വതിയുടെ രാജിക്ക് പിന്നാലെ നിലപാടെന്തെന്ന് തങ്ങളോട് ചോദിക്കുന്ന മാധ്യമങ്ങൾ ആ ചോദ്യം ചോദിക്കേണ്ടത് 'അമ്മ' നേതൃത്വത്തോടാണെന്നും കത്തിൽ ഇരുവരും ആവശ്യപ്പെട്ടിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top