17 August Wednesday

പെങ്ങൾ തങ്ക കഥ തുടരുന്നു

ഷംസുദ്ദീൻ കുട്ടോത്ത്‌Updated: Sunday Dec 5, 2021

ഗീതി സംഗീത

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനംചെയ്‌ത ചുരുളി  ഒടിടിയിൽ വിജയകരമായി മുന്നേറുമ്പോൾ ഗോവയിലെ ഇന്ത്യൻ അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലിൽ  സിനിമ കാണുന്ന തിരക്കിലായിരുന്നു പെങ്ങൾ തങ്ക. ചുരുളിയിലെ ആ  കഥാപാത്രത്തെക്കുറിച്ച്  ആസ്വാദകരുടെ ചോദ്യങ്ങളായിരുന്നു ഗീതി സംഗീത എന്ന പാലക്കാട്ടുകാരി  ഫെസ്റ്റിവൽ നാളിൽ കൂടുതലും നേരിട്ടത്‌.  സിനിമയെ ജീവശ്വാസംപോലെ കാണുന്ന ഗീതി  കലാജീവിതത്തെക്കുറിച്ച്:

സിനിമ എന്നും സ്വപ്‌നം

കുട്ടിക്കാലംമുതൽ സിനിമാ ഭ്രാന്ത്‌ കൂടെയുണ്ട്‌.   പഠനകാലത്ത്  നാടകങ്ങളിൽ അഭിനയിച്ചു. ജോലിക്കിടയിലും നാടകത്തിന്റെ ഭാഗമായി. ഗോപൻ ചിദംബരത്തിന്റെ തുറമുഖം എന്ന നാടകത്തിൽ അഭിനയിച്ചത് വഴിത്തിരിവായി. അഭിനയത്തെക്കുറിച്ചും നാടകത്തെക്കുറിച്ചുമൊക്കെ കൂടുതൽ പഠിക്കാൻ അക്കാലത്ത് കഴിഞ്ഞു. ആദ്യം അഭിനയിച്ച സിനിമയായ ക്യൂബൻ കോളനിയുടെ പോസ്റ്ററിൽ എന്റെ ലുക്ക്  കണ്ടിട്ടാണ് ചുരുളിയിലേക്ക് വിളിച്ചത്.

ചുരുളി

ഓഡിഷനൊന്നും നടത്തിയിരുന്നില്ല. വളരെ ശക്തയായ കഥാപാത്രമാണ് പെങ്ങൾ തങ്ക.  നാടകാനുഭവങ്ങൾ തങ്കമായി മാറാൻ ഏറെ സഹായിച്ചു.  ചില നാടകത്തിൽ അമ്മ വേഷങ്ങൾ ചെയ്‌തിരുന്നു. നല്ല എനർജി ആവശ്യമായ കഥാപാത്രങ്ങൾ. ചുരുളിക്ക്‌ ആധാരമായ വിനോയ് തോമസിന്റ  ‘കളിഗെമിനാറിലെ കുറ്റവാളികൾ' എന്ന കഥ നേരത്തെ വായിച്ചിരുന്നു. സെറ്റിൽ നിന്നാണറിഞ്ഞത് യഥാർഥ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കഥ എഴുതിയതെന്ന്.

'ചുരുളി'യില്‍ ഗീതി സംഗീത

'ചുരുളി'യില്‍ ഗീതി സംഗീത

ശബ്‌ദം

ഡബ്ബിങ് കഴിഞ്ഞപ്പോൾ സംവിധായകൻ വിളിച്ച് നരേഷന് ശബ്‌ദം കൊടുക്കാമോ എന്നു ചോദിച്ചു. സിനിമയിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്നത് ആ നരേഷനാണ്. ഞാൻ ചെയ്‌താൽ നന്നാകുമെന്ന് സാറിന് തോന്നിയതുകൊണ്ടാകാം ചോദിച്ചത്. ട്രെയിലർ പുറത്തിറങ്ങിയപ്പോൾത്തന്നെ നരേഷൻ ശ്രദ്ധിക്കപ്പെട്ടു. ശബ്‌ദത്തിന്റെ ഉടമയെ പലരും അന്വേഷിച്ചു, അഭിനന്ദിച്ചു. അതിന്റെ എല്ലാ ക്രെഡിറ്റും ലിജോ സാറിനാണ്.

വിവാദം

വിവാദങ്ങൾ അനാവശ്യമായാണ് തോന്നിയത്. പലരും സിനിമ കാണാതെയാണ് കുറ്റം പറഞ്ഞത്. പശ്ചാത്തലത്തെക്കുറിച്ചും കഥാപാത്രങ്ങളക്കുറിച്ചും അറിഞ്ഞാൽ വിവാദങ്ങൾ അനാവശ്യമാണെന്നു മനസ്സിലാകും. സ്‌ത്രീകൾ തെറിവിളിക്കുന്നത് ഒട്ടും താങ്ങാൻ പൊതുസമൂഹത്തിനു പറ്റില്ല.  നടപ്പുശീലങ്ങളിൽനിന്ന് വഴിമാറി നടക്കുന്നത് പലരെയും പ്രകോപിപ്പിക്കും. പലപ്പോഴും ഭർത്താക്കന്മാർ കുട്ടികളുടെ മുന്നിൽവച്ച് ഭാര്യമാരെ തെറി പറയാറുണ്ട്. തിരിച്ച് സ്‌ത്രീകൾ അങ്ങനെ പറയുന്നത് അപൂർവമാണ്. അതേസമയം, ചിലപ്പോൾ അവർ മനസ്സിൽ പറയുന്നുണ്ടാകാം. സ്‌ത്രീകൾ അവരുടെ വികാരം പ്രകടിപ്പിക്കുന്നത് പലപ്പോഴും സമൂഹത്തെ ചൊടിപ്പിക്കാറുണ്ട്. ഏതായാലും ഇത്തരം ചർച്ചയ്‌ക്ക് ചുരുളി കാരണമായതിൽ സന്തോഷം.

പുതിയ ചിത്രങ്ങൾ

രാജീവ് രവിയുടെ തുറമുഖം. ഇത് നാടകമാക്കിയപ്പോൾ അതിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സിദ്ധാർഥ് ഭരതന്റെ ചതുരം, ഷെയ്ൻ നിഗം നായകനാകുന്ന വെയിൽ, വി കെ പ്രകാശിന്റെ ഒരുത്തി, മിഥുൻ മാനുവൽ തോമസിന്റെ പുതിയ ചിത്രം എന്നിവ ഇറങ്ങാനുണ്ട്. എം ടി തിരക്കഥ എഴുതിയ ഒരു ചിത്രത്തിൽ അഭിനയിക്കുന്നു എന്നതാണ് ഈവർഷത്തെ മറ്റൊരു വലിയ സന്തോഷം. നെറ്റ് ഫ്ലിക്‌സിനു വേണ്ടിയുള്ള ആന്തോളജിയിൽ പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്.  എഴുത്തിന്റെ  പെരുന്തച്ചൻ എഴുതിയ ഒരു സംഭാഷണം പറയാൻ കഴിയുക എന്നതുതന്നെ മഹാഭാഗ്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top